സുനന്ദയും താനും തമ്മിൽ ചെറിയ തെറ്റിധാരണകളുണ്ടായിരുന്നതായി ശശി തരൂർ പൊലീസിന് മൊഴി നൽകിയതായി ഒരു ദേശീയ പത്രത്തിൽ റിപ്പോർട്ട്. സുനന്ദ പുഷ്‌കർ മരിച്ച് രണ്ടുദിവസങ്ങൾക്ക് ദിവസങ്ങൾക്ക് ശേഷം നടന്ന പൊലീസ് ചോദ്യം ചെയ്യലിലാണ് തരൂർ പൊലീസിനോട് തങ്ങൾ തമ്മിൽ ചെറിയ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും എന്നാൽ വിവാഹജീവിതം സന്തോഷകരമായിരുന്നു എന്നും മൊഴി നൽകിയിരിക്കുന്നത്.

സുനന്ദയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ഇൻസൊംനിയ ബാധിച്ച് ഉറക്കമില്ലാത്തതിനാൽ അൽപ്രാക്‌സ് മരുന്നുകഴിച്ചാണ് ഉറങ്ങിയിരുന്നതെന്നും തരൂർ പറയുന്നു. മരിക്കുന്നതിന് രണ്ടുദിവസം മുമ്പുമുതൽ സുനന്ദ ആഹാരം കഴിച്ചില്ലെന്ന് തരൂർ പറഞ്ഞതായും മൊഴിയിലുണ്ട്. ചാണക്യപുരിയിലെ ഹോട്ടൽ ലീലാ പാലസിൽ സുനന്ദയെ ജനുവരി 17ന് മരിച്ച നിലയിൽ കണ്ടെത്തിയ ശേഷം ജനുവരി 19ന് തരൂരിനെ ചോദ്യം ചെയ്തതിന്റെ റിപ്പോർട്ടുകളാണ് സുനന്ദയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് റിപ്പോർട്ടിനെ തുടർന്ന് ഇപ്പോൾ ദേശീയ പത്രം പുറത്തുവിട്ടിരിക്കുന്നത്.

തരൂരിനെ പൊലീസ് എത്രയും വേഗം ചോദ്യം ചെയ്യുമെന്നാണ് സൂചന. തരൂരിന്റെ പരിചാരകൻ നാരായൺ സിംഗിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാകും തരൂരിനെ ചോദ്യം ചെയ്യുക. തരൂരും സുനന്ദയും തമ്മിൽ മരിക്കുന്നതിന് മുമ്പ് വഴക്കു നടന്നതായും സുനന്ദയെ കാണാൻ സുനിൽ തക്രു എന്നൊരാൾ വന്നിരുന്നതായുമെല്ലാമാണ് നാരായണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്.

വിവാഹജീവിതം സന്തോഷകരമായിരുന്നു. ചെറിയ തെറ്റിധാരണകൾ തിരുത്തിയാണ് മുന്നോട്ട് പോയത്. ഒരു വലിയ വഴക്ക് ഇടയ്ക്ക് നടന്നിരുന്നു. ഉച്ചത്തിൽ സുനന്ദ വഴക്കിട്ടെങ്കിലും വളെരെ പെട്ടെന്ന് തണുക്കുകയും സാധാരണപോലെ സംസാരം തുടരുകയുമായിരുന്നു എന്നും തരൂരിന്റെ മൊഴിയിൽ പറയുന്നു.

രാത്രി ഉറങ്ങാൻ കഴിയാതെ സുനന്ദ ബുദ്ധിമുട്ടിയിരുന്നു. അൽപ്രാക്‌സാണ് സുനന്ദ ഉറങ്ങാൻ വേണ്ടി കഴിച്ചിരുന്നത്. മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് മുതൽ സുനന്ദ കാര്യമായി ഒന്നും കഴിച്ചിരുന്നില്ല. തലേ ദിവസം ഒരു മഷ്‌റൂം സൂപ്പും തന്റെ കൈ കൊണ്ട് നൽകിയ ഉച്ചഭക്ഷണവും മാത്രമാണ് കഴിച്ചത്. കരിക്കിൻ വെള്ളവും കുടിച്ചു. ഭക്ഷണ കാര്യം പറയുമ്പോഴെല്ലാം ഛർദ്ദിക്കാൻ തൊന്നുമെന്ന് സുനന്ദ പറഞ്ഞതായും മൊഴിയിലുണ്ട്.

സുനന്ദ മരിച്ച ശേഷം ഹോട്ടൽ റൂമിൽ നടന്ന പരിശോധനയിൽ പൊലീസ് രണ്ടു ശൂന്യമായ അൽപ്രാക്‌സ് ഗുളികയുടെ സ്ട്രിപ്പുകൾ കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ആദ്യം സുനന്ദയുടെ മരണം മരുന്നിന്റെ ഓവർഡോസിനാലാണെന്നാണ് പൊലീസ് കരുതിയത്. എന്നാൽ എയിംസിൽ നടന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സുനന്ദയുടെ ശരീരത്തിൽ മരുന്നിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. സുനന്ദയുടെ മൃതദേഹത്തിനരികിൽ ആരെങ്കിലും അൽപ്രാക്‌സ് ഗുളികയുടെ ഒഴിഞ്ഞ സ്ട്രിപ്പുകൾ ഉപേക്ഷിച്ചതാകാമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

''പ്രിയേ, നിനക്ക് എങ്ങനെയുണ്ട്?'' എന്നു ചോദിച്ചാണ് കട്ടിലിൽ കിടന്ന സുനന്ദയുടെ അരികിൽ താനെത്തിയതെന്നു തരൂരിന്റെ മൊഴിയിലുണ്ട്. എന്നാൽ സുനന്ദ പ്രതികരിച്ചില്ല. അതിൽ പന്തികേടു തോന്നിയ താൻ സുനന്ദയുടെ ശരീരത്തിൽ സ്പർശിച്ചപ്പോൾ തണുത്തുറഞ്ഞതായി കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ പൊലീസിൽ അറിയിക്കുകയും ചെയ്തുവെന്നാണ് തരൂരിന്റെ മൊഴി.

മരിക്കുന്നതിന് ഒരാഴ്ച മുമ്പ് കിംസ് ആശുപത്രിയിൽ സുനന്ദയെ പ്രവേശിപ്പിച്ച കാര്യവും തരൂരിന്റെ മൊഴിയിലുണ്ട്. ഡിസംബർ 15ന് ഡൽഹിയിലെത്തിയ തരൂരും സുനന്ദയും വീട്ടിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഹോട്ടലിൽ താമസിച്ചത് എന്നും തരൂർ മൊഴിനൽകി.