തിംഫു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ബിജെപിക്കുമെതിരെ രൂക്ഷ വിമർശനമാണ് കോൺഗ്രസ് എംപി ശശി തരൂർ അഴിച്ചുവിട്ടത്.രാഷ്ടീയ അജൻഡ നിശ്ചയിക്കുന്നതിനുള്ള ആയുധമായി ചരിത്രത്തെ ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് തരൂർ പറഞ്ഞു.

ഭൂട്ടാൻ തലസ്ഥാനമായ തിംഫുവിൽ നടക്കുന്ന മൗണ്ടൻ എക്കോസ് സാഹിത്യോൽസവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ചരിത്രമെന്നത് രാഷ്ട്രീയ പോരിനുള്ള ആയുധമായി മാറിയിരിക്കുകയാണ്.ചരിത്രത്തിലെ പ്രതിസന്ധികൾക്കും പ്രശ്‌നങ്ങൾക്കും പുതിയ കാലത്ത് പകരം ചോദിക്കുന്ന രീതിയുടെ തുടക്കം അയോധ്യയിലെ രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ടാണെന്നും തരൂർ ചൂണ്ടിക്കാട്ടി.വർഷങ്ങൾക്കു മുൻപ് സംഭവിച്ച കാര്യങ്ങൾക്ക് പുതിയ ഭാഷ്യം ചമയ്ക്കുന്നതും അതിന്റെ പേരിൽ നിഷ്‌കളങ്കരായ ആളുകളെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ശരിയല്ലെന്നും തരൂർ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ സംഘർഷങ്ങൾ നടക്കുന്നത് ഇന്നാണെങ്കിലും, ചരിത്രത്തെ അതിനുള്ള ആയുധമായി ഉപയോഗിക്കാനുള്ള ശ്രമം വ്യാപകമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

200 വർഷം നീണ്ട വൈദേശികാധിപത്യത്തെക്കുറിച്ച് താൻ സംസാരിക്കുമ്പോൾ, 1,200 വർഷം പഴക്കമുള്ള വൈദേശികാധിപത്യത്തെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതെന്ന് തരൂർ പറഞ്ഞു. ഇന്ത്യയിൽ വന്ന് കോളനി സ്ഥാപിച്ച് നമ്മെ ഭരിച്ചു നശിപ്പിച്ച ബ്രിട്ടീഷുകാരെക്കുറിച്ചാണ് ഞാൻ പറയുന്നത്. എന്നാൽ, ഇന്ത്യയിലേക്ക് വന്ന് ഇവിടെ വാസമുറപ്പിക്കുകയും നമ്മെ ഭരിക്കുകയും ചെയ്ത മുസ്‌ലിം ഭരണാധികാരികളെ വിദേശികളായി കാണാനും അവരുടെ ഭരണത്തെ വൈദേശികാധിപത്യമായി കാണാനുമാണ് പ്രധാനമന്ത്രി മോദിക്കു താൽപര്യം.

ബ്രീട്ടീഷുകാർ അവരുടെ രാജ്യത്തിന്റെ ഉന്നമനത്തിനായി നമ്മുടെ രാജ്യം കൊള്ളയടിക്കുകയായിരുന്നു. ആ പണം അത്രയും അവർ അവരുടെ നാട്ടിലാണ് ചിലവഴിച്ചത്. എന്നാൽ മുസ്ലിം ഭരണാധികാരികളെയും ഇത്തരത്തിലുള്ള വിദേശ ശക്തിയായാണ് നരേന്ദ്ര മോദി കണക്കാക്കുന്നത്. ഞാൻ മുസ്ലിം ഭരണത്തെ അത്തരത്തിൽ കാണുന്നില്ല. മുസ്ലിം ഭരണാധികാരികൾ രാജ്യം കൊള്ളയടിച്ച് ആ പണമത്രയും ഇന്ത്യയിൽ തന്നെയാണ് ചിലവഴിച്ചത്.