തിരുവനന്തപുരം: എന്താണ് ശശി തരൂർ ഉദ്ദേശിക്കുന്നതെന്ന് ആർക്കും വ്യക്തമാകുന്നില്ല. ഒന്നുറപ്പ്. മോദിസ്തുതിയുടെ പേരിലെ കോൺഗ്രസ് ശാസന ഏറ്റു. മഹാരാഷ്ട്രയിലും ഹരിയാനയിലും മോദി തരംഗത്തിൽ ബിജെപി ജയിക്കുമ്പോൾ ട്വിറ്ററിൽ കോൺഗ്രസിന്റെ വിജയം ആഘോഷിക്കുകയാണ് തരൂർ. നല്ല ഇംഗീഷിലെ കളിയാക്കലാണോ ട്വീറ്റെന്നും വ്യക്തമല്ല. എന്തായാലും മഹാരാഷ്ട്രാ തെരഞ്ഞെടുപ്പ് ട്വീറ്റിന്റെ പേരിൽ കോൺഗ്രസിൽ ആരും തരൂരിനെ ശാസിക്കില്ല.

ടിവി ചാനലുകളിലെ തെരഞ്ഞെടുപ്പ് ചർച്ചകളിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ വിയർക്കുകയായിരുന്നു. ബിജെപി നേട്ടത്തെ അഭിനന്ദിക്കാൻ കെ വി തോമസ് പോലും ചാനലുകളിൽ മടികാണിച്ചില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി ഉണ്ടായെന്ന് എല്ലാവരും പറഞ്ഞു. എന്നാൽ ശശി തരൂരിന്റെ ട്വിറ്ററിലൂടെ പോകുന്നവർ മഹാരാഷ്ട്രയിൽ നേട്ടമുണ്ടാക്കിയത് കോൺഗ്രസാണെന്ന് തോന്നും. പാർട്ടിയെ നേട്ടത്തിലെത്തിച്ചതിന് പൃഥ്വിരാജ് ചൗഹാന് അഭിനന്ദനവുമുണ്ട്. പിന്നെ കോൺഗ്രസ് നേതൃത്വത്തിനായി ഉപദേശവും.

ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു ആദ്യ ട്വീറ്റ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ 23 ശതമാനം രാഷ്ട്രീയ വളർച്ച മഹാരാഷ്ട്രയിൽ കോൺഗ്രസ് നേടിയെന്നാണ് ട്വീറ്റ്. പാർട്ടിയുടെ ഉയർച്ച തുടങ്ങുകയാണ്. 2019ന് നമ്മൾ തയ്യാറാകണമെന്നും ആശ്ചര്യത്തോടെ ശശി തരൂർ പറയുന്നു. മഹാരാഷ്ട്രയിലെ ചതുഷ്‌കോണ മത്സരത്തെ കുറിച്ച് പറയാതെയാണ് ഈ അഭിന്ദന ട്വീറ്റ്.

തൊട്ടുപിറകേ അടുത്തതുമെത്തി. പൃഥ്വിരാജ് ചൗഹാനുള്ള അഭിനന്ദനമായിരുന്നു അത്. മൂല്യാധിഷ്ഠിത രാഷ്ട്രീയവും ഇംഗ്ലീഷ് ഭാഷാ പഠനവുമുള്ളവർക്കും തെരഞ്ഞെടുപ്പിൽ ജയിക്കാമെന്ന് പൃഥ്വിരാജ് തെളിയിച്ചെന്നായിരുന്നു അത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ നിയമസഭയിലേക്കുള്ള വിജയത്തിനുള്ള അഭിനന്ദനമായി അത്.

അവസാനമായി ഒരു വ്യക്തത. 2019ലെ പൊതു തെരഞ്ഞെടുപ്പിനായി ഇപ്പോഴെ പാർട്ടി തയ്യാറാകണം. അതിനുള്ള ഒരുക്കങ്ങൾ 2014ലെ തുടങ്ങണമെന്നായിരുന്നു അത്.

മോദിസ്തുതിയിൽ വിമർശിക്കപ്പെട്ടപ്പോഴും നല്ലത് കണ്ടാൽ പറയുമെന്ന് ട്വിറ്ററിൽ ശശി തരൂർ കുറിച്ചിരുന്നു. മോദിയുടെ അമേരിക്കൻ സന്ദർശനത്തേയും പുകഴ്‌ത്തി. മോദിയുടെ ഇന്ത്യാ ശുചീകരണ പദ്ധയിൽ കൈകോർത്തതോടെ കെപിസിസി നിലപാട് കടുപ്പിച്ചു. കോൺഗ്രസ് അച്ചടക്ക സമിതി ശാസിക്കുകയും ചെയ്തു. ഈ സാഹചര്യത്തിൽ മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിയുണ്ടാക്കിയ നേട്ടത്തോടും കോൺഗ്രസിന്റെ തിരിച്ചടിയോടും ട്വിറ്ററിൽ എങ്ങനെ തരൂർ പ്രതികരിക്കുമെന്ന് സൈബർ ലോകവും ഉറ്റുനോക്കി.

രാഹുൽ ഗാന്ധിയെ കാണാനില്ലെന്ന ട്വീറ്റുകൾ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ സജീവമാകുമ്പോഴാണ് അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണ് താനെന്ന് തെളിയിച്ച് തരൂരിന്റെ ട്വീറ്റ്. ഹൈക്കമാണ്ട് ശാസന തൽക്കാലമെങ്കിലും ഫലിച്ചു. തിരുവനന്തപുരം എംപി അങ്ങനെ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി.