- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തരൂരിന്റെ ടൈമിങ് തെറ്റി; ടോണി ചമ്മിണി വാളെടുത്തു; കൊച്ചിയിൽ കോൺഗ്രസ് സമരം കൊടുമ്പിരി കൊള്ളുമ്പോൾ മുഖ്യമന്ത്രിയുടെ പ്രൊഫഷണലിസത്തെ വാഴ്ത്തി തരൂരിന്റെ ട്വീറ്റ്; വിശ്വപൗരൻ ആണെന്നതിൽ സന്തോഷം..പോരാട്ട വീര്യം കെടുത്തരുതെന്ന് മുന്മേയർ
തിരുവനന്തപുരം: മോഫിയ പർവീണിന് നീതി തേടിയുള്ള മൂന്ന് ദിവസത്തെ സമരം ഉജ്ജ്വല വിജയം കണ്ടതിന്റെ ആഹ്ലാദത്തിലാണ് കോൺഗ്രസുകാർ. ആദ്യം നടപടി എടുക്കാതിരുന്ന സർക്കാരിനെ കൊണ്ട് ആലുവ സിഐയെ സസ്‌പെൻഡ് ചെയ്യിക്കാൻ കഴിഞ്ഞത് കോൺഗ്രസ് തെരുവിൽ കാട്ടിയ സമരവീര്യത്തിന്റെ ഫലം കൂടിയാണ്. എന്നാൽ, ഇതിനിടയിൽ ശശി തരൂർ എംപിയുടെ ഒരു ട്വീറ്റ് കല്ലുകടി ആയില്ലേ എന്ന് കോൺഗ്രസുകാർക്ക് ന്യായമായ സംശയം. പിണറായി വിജയനും ആയുള്ള കൂടിക്കാഴ്ചയെ കുറിച്ചും അദ്ദേഹത്തിന്റെ വികസന കാര്യങ്ങളോടുള്ള പ്രൊഫഷണൽ സമീപനതെത കുറിച്ചുമാണ് പോസ്റ്റിൽ പറയുന്നത്.
'കേരള മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഒരുപാട് കാര്യങ്ങൾ അനൗപചാരികമായി സംസാരിച്ചു. വിശേഷിച്ചും ദേശീയ പ്രശ്‌നങ്ങൾ. അദ്ദേഹവുമായി ഇടപഴകുന്നതും, വികസന കാര്യങ്ങളിൽ അദ്ദേഹത്തിന്റെ പ്രൊഫഷണൽ സമീപനം പഠിക്കുന്നതും സന്തോഷമുള്ള കാര്യമാണ്'-ഇതാണ് തരൂരിന്റെ ട്വീറ്റ്. അനൗപചാരിക സംഭാഷണം എന്ന് പ്രത്യേകം പറഞ്ഞിട്ടുമുണ്ട്. എന്നാൽ, ടൈമിങ് തെറ്റിപ്പോയി എന്നാണ് ടോണി ചമ്മണിയെ പോലെ ഒരുവിഭാഗം കോൺഗ്രസ് നേതാക്കളുടെ വിമർശനം.
കാര്യംശരിയാണ്. പിണറായിയെ തരൂർ വാഴ്‌ത്തിയിരിക്കുകയാണ്. മറ്റൊരു പോസ്റ്റിൽ അദ്ദേഹം ഉമ്മൻ ചാണ്ടിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും പറയുന്നുണ്ട്. സമകാലിക രാഷ്ടീയ സംഭവ വികാസങ്ങളിൽ ചർച്ച ചെയ്‌തെന്നും, ജനങ്ങളുമായി ഇത്രയടുപ്പമുള്ള നേതാവ് വേറെ ഏതുമില്ലെന്നും, രാഷ്ട്രീയ ഗതിവിഗതികൾ അദ്ദേഹത്തെ പോലെ മനസ്സിലാക്കുന്ന മറ്റൊരാളില്ലെന്നും തരൂർ ട്വീറ്റ് ചെയ്യുന്നു.
എന്നാൽ, തരൂരിന്റെ പിണറായി സ്തുതിയാണ് ടോണി ചമ്മണിയെ പോലുള്ളവർക്ക് പിടിക്കാത്തത്. അത് തുറന്ന് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിശദമാക്കുകയും ചെയ്തു.
വിശ്വപൗരൻ ആണെന്നതിൽ സന്തോഷം. കേരളം ഈ ദിവസങ്ങളിൽ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന നിർഭാഗ്യകരവും ദാരുണവും അതിവൈകാരികവുമായ സംഭവവികാസങ്ങളും അതിന്മേൽ നമ്മുടെ മുഖ്യമന്ത്രിയുടെ പ്രൊഫഷണലായ ഇടപെടലുകളും അങ്ങ് കോംപ്ലിമെന്റ് ചെയ്യുമായിരിക്കുമല്ലേ! ഒരു എംപിയും നാല് എംഎൽഎമാരും ഒരു നാടും നീതിക്കായി മൂന്ന് ദിവസമായി പൊലീസ് സ്റ്റേഷൻ വരാന്തയിൽ ഊണും ഉറക്കവുമില്ലാതെ പോരാടുകയാണ്. അവരുടെ പോരാട്ടവീര്യം കെടുത്തരുത്!
അപേക്ഷയാണ്..
ടോണി ചമ്മിണി തുറന്നടിച്ചത് നന്നായെന്ന് ഒരു കൂട്ടരും, എന്നാൽ, അതുവേണ്ടിയിരുന്നില്ലെന്ന് വേറൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. തരൂരിനെ ഒന്നു ഫോൺ ചെയ്താൽ അദ്ദേഹം പോസ്്റ്റ് ഡിലീറ്റ് ചെയ്യുമായിരുന്നല്ലോ, എന്നും, കോൺഗ്രസിൽ തമ്മിലടിയാണ് എന്ന് പറയിക്കേണ്ടിയിരുന്നില്ലെന്നും ഒരു വിഭാഗം. എന്നാൽ, ടോണി പ്രതികരിച്ചതിൽ ഒരു തെറ്റും ഇല്ലെന്ന് മറുപക്ഷവും തകർക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ