ന്യൂഡൽഹി: കെ റെയിൽ പദ്ധതി സംബന്ധിച്ച യുഡിഎഫ് എംപിമാരുടെ നിവേദനത്തിൽ താൻ ഒപ്പുവയ്ക്കാത്തതിൽ വിശദീകരണവുമായി ശശി തരൂർ. താൻ ഒപ്പു വയ്ക്കാത്തത് പലവിധ അഭ്യൂഹങ്ങൾക്കും വഴിവച്ചു. പദ്ധതി കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം താൻ നേരത്തെ പറഞ്ഞിരുന്നു. അതുകൊണ്ട്, പദ്ധതിക്ക് അനുകൂലമാണ് താൻ എന്നതിന് അർത്ഥമില്ല എന്ന് തരൂർ വ്യക്തമാക്കി.

ഈ വിഷയം കൃത്യമായും പഠിക്കാനും, ചർച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കണമെന്ന് തരൂർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഫോറത്തിൽ സർക്കാർ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അഡ്‌മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയിൽ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചർച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ എന്നും തരൂർ ഫേസ് ബുക്ക് പോസ്റ്റിൽ ആവശ്യപ്പെട്ടു.

തരൂരിന്റെ പോസ്റ്റ് ഇങ്ങനെ:

തിരുവനന്തപുരം കാസർഗോഡ് സെമി ഹൈ സ്പീഡ് റെയിൽ (സിൽവർ ലൈൻ) പദ്ധതി സംബന്ധിച്ച കേരളത്തിലെ യുഡിഎഫ് എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ ഞാൻ ഒപ്പ് വെച്ചിട്ടില്ല എന്നത് പല ഊഹാപോഹങ്ങൾക്കും വഴിവെച്ചിട്ടുണ്ട് എന്നത് മലയാളം വാർത്താ മാധ്യമ സുഹൃത്തുക്കൾ മുഖേന അറിയാൻ കഴിഞ്ഞു.

ഈ പദ്ധതി സംബന്ധിച്ച് കൃത്യമായി പഠിക്കേണ്ടതുണ്ടെന്നും പ്രത്യേകിച്ചും അതിന്റെ സങ്കീർണമായ വിവിധ വശങ്ങൾ മൂലം സംസ്ഥാനത്തിനും ജനങ്ങൾക്കും എന്ത് നേട്ടം എന്ത് നഷ്ടം എന്നതിനെക്കുറിച്ചു പഠിക്കാൻ സമയം വേണമെന്നുമുള്ള അഭിപ്രായം ഞാൻ നേരത്തെ പറഞ്ഞിരുന്നു.അതു കൊണ്ടു തന്നെ ഈ നിവേദനത്തിൽ ഒപ്പ് വെച്ചില്ല എന്നതുകൊണ്ട് കെ റെയിൽ പദ്ധതിക്ക് ഞാൻ നിലവിൽ അനുകൂലമാണ് എന്നതല്ല അർത്ഥം. മറിച്ച് ഈ പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്.

എന്റെ സുഹൃത്തുക്കളായ എം പി മാർ ഒപ്പ് വെച്ച നിവേദനത്തിൽ നിന്ന് (ഇതിന് മുൻപ് ഞാൻ അത് കണ്ടിട്ടില്ലായിരുന്നു) വ്യക്തമാകുന്നത് ഈ പദ്ധതിയെക്കുറിച്ചുള്ള വളരെ പ്രസക്തമായ ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്. പ്രത്യേകിച്ചും ഇതിന്റെ സാമൂഹ്യ പ്രശ്‌നങ്ങൾ (തദ്ദേശവാസികളെ ബാധിക്കുന്നവ), പരിസ്ഥിതി പ്രശ്‌നങ്ങൾ (പ്രത്യേകിച്ചും പരിസ്ഥിതി ലോലപ്രദേശങ്ങളിലെ ആഘാതം), അത് പോലെ തന്നെ ഈ പദ്ധതി വരുത്തി വെക്കുന്ന സാമ്പത്തിക ബാധ്യത (പ്രത്യേകിച്ചും ഈ പദ്ധതിയുടെ ഫണ്ടിങ്ങ്, ഈ പദ്ധതി അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ബാധ്യത, യാത്രയുടെ ചെലവ്), തുടങ്ങിയവ.

ഇതെല്ലാം കൂടുതൽ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്‌നങ്ങളാണ്. അതുകൊണ്ട് തന്നെ ഞാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുന്നത് ഈ വിഷയം കൃത്യമായും പഠിക്കാനും, ചർച്ച ചെയ്യാനും ഒരു ഫോറം രൂപീകരിക്കേണ്ടതുണ്ട് എന്നതാണ്. പ്രസ്തുത ഫോറത്തിൽ സർക്കാർ പ്രതിനിധികളോടൊപ്പം, സാങ്കേതികരംഗത്തും അതെ പോലെ അഡ്‌മിനിട്രേറ്റിവ് രംഗത്തുമുള്ള കെ റെയിൽ പദ്ധതിയുടെ വിദഗ്ധരും, ജനപ്രതിനിധികളും, പദ്ധതി ബാധിക്കുന്നവരുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഓരോരുത്തരും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾ ഒരു തുറന്ന പഠനത്തിനും കൂടിയാലോചനക്കും ചര്ച്ചക്കും വിധേയമാക്കിയ ശേഷം മാത്രമേ മുന്നോട്ട് പോകാൻ പാടുള്ളൂ.

അത്തരമൊരു പ്രക്രിയയിലൂടെ മാത്രമേ സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുകയുള്ളൂ. മാത്രവുമല്ല അതിലൂടെ നമുക്ക് ഈ സങ്കീർണ്ണവും, അതേ സമയം പ്രധാനപ്പെട്ടതുമായ വികസന പദ്ധതിയുടെ കാര്യത്തിൽ കൃത്യമായ ഒരു തീരുമാനത്തിലെത്താൻ കഴിയുകയും ചെയ്യും.

യുഡിഎഫിന്റെ മറ്റ് പതിനെട്ട് എംപിമാർ മാത്രമാണ് നിവേദനത്തിൽ ഒപ്പുവച്ചത്. പുതുച്ചേരി എംപിയും നിവേദനത്തിൽ ഒപ്പിട്ടു.ശശി തരൂർ ഇടഞ്ഞുനിൽക്കുന്നതോടെ, കെ റെയിലിൽ ഒറ്റക്കെട്ടായ പ്രതിഷേധം എന്ന യുഡിഎഫ് എംപിമാരുടെ നീക്കം പൊളിഞ്ഞു. നേരത്തെ റെയിൽവെ മന്ത്രിയുമായി കോൺഗ്രസ് എംപിമാർ കൂടിക്കാഴ്ച നടത്തിയിരുന്നു.

കെ റെയിലുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിലപാടാണ് ശശി തരൂർ സ്വീകരിച്ചത്. പദ്ധതി നടപ്പാക്കരുതെന്നാണ് യുഡിഎഫ് എംപിമാരുടെ ആവശ്യം. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നും പദ്ധതിയെ കൊണ്ട് കേരളത്തിന് ഉപകാരമില്ലെന്നും പദ്ധതിയുടെ ചെലവ് തുക താങ്ങാനാവില്ലെന്നും പദ്ധതി നിർത്തിവെക്കാൻ നിർദ്ദേശിക്കണമെന്നുമാണ് നിവേദനത്തിലെ ആവശ്യം. പദ്ധതിയുമായി കേന്ദ്രസർക്കാർ ഒരു തരത്തിലും സഹകരിക്കരുതെന്നും ആവശ്യമുണ്ട്. എന്നാൽ വിഷയത്തിൽ കൂടുതൽ പഠനം വേണമെന്നാണ് ശശി തരൂർ എംപിയുടെ നിലപാട്. അതിനാലാണ് അദ്ദേഹം പദ്ധതിക്കെതിരായ നിവേദനത്തിൽ ഒപ്പിടാതിരുന്നത്.

കെ- റെയിൽ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷത്തിന്റെ പ്രതിഷേധം കനക്കുമ്പോഴും സംസ്ഥാന സർക്കാർ തീരുമാനത്തിൽ ഉറച്ചിരിക്കുകയാണ്. പദ്ധതിക്ക് അന്തിമാനുമതി ഉടൻ നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അനുമതി ലഭ്യമാക്കാൻ പ്രധാനമന്ത്രി വ്യക്തിപരമായി ഇടപെടണം. കേരളത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഗുണകരമാകുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി കത്തിൽ പറഞ്ഞു. സാമ്പത്തിക വളർച്ചയ്ക്കും ജനങ്ങളുടെ ജീവിത നിലവാരം ഉയരാനും പദ്ധതി കാരണമാകും. സംസ്ഥാന സർക്കാർ ഇതിനോടകം തന്നെ പദ്ധതിയുടെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി, റെയിൽവെ മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരുന്നെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.