തിരുവനന്തപുരം: തസ്‌നിയയുടെ മരണം തീരാദുരന്തമെന്ന് ആർക്കും സംശയമില്ല. ഒരു സംഘം കുട്ടികളുടെ ഓണാഘോഷം അതിരുവിട്ടപ്പോൾ പൊളിഞ്ഞതു ഒരു പാവപ്പെട്ട പെൺകുട്ടിയുടെ ജീവിതമായിരുന്നു. ഇത്തരം ആഘോഷങ്ങൾ അതിരുകടക്കുമ്പോൾ ഉണ്ടാകുന്ന ദുരന്തത്തിൽ പകച്ച് നിൽക്കുകയാണ് കേരളം. എന്നാൽ ജനവികാരത്തിന്റെ പേരിൽ ഒരാളെ നിയമത്തിന് മുമ്പിൽ തളച്ചിടുന്നത് അസത്യം പറഞ്ഞോ എന്ന ചോദ്യമാണ് ജീപ്പോടിച്ചിരിക്കുന്ന ബൈജുവിനെതിരെ പൊലീസ് കേസ് ചുമത്തിയപ്പോൾ ഉയർന്നത്. തസ്‌നിയുടെ മരണ കൊലപാതകമാക്കി മാറ്റിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആ ചാർജ്ജ് നിലനിൽക്കാനായി പൂർവ്വ വൈരാഗ്യം തീർക്കാനായി ബൈജു തസ്‌നിയെ വണ്ടി ഇടിച്ചു കൊന്നു എന്നാണ് പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

കോളജ് ഓഫ് എൻജിനീയറിങ്ങിൽ തസ്‌നി ബഷീർ ജീപ്പിടിച്ചു മരിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ കുറ്റകരമായ നരഹത്യയ്ക്കു പൊലീസ് കേസെടുത്തത്. നേരത്തേ കൊലപാതക ശ്രമത്തിനായിരുന്നു കേസ്. എന്നാൽ വിദ്യാർത്ഥിനിയെ മനപ്പൂർവം ജീപ്പിടിച്ചു കൊലപ്പെടുത്തിയതാണെന്ന് അടുത്ത ബന്ധു ഇന്നലെ മൊഴി നൽകിയതോടെ ഐപിസി 304 വകുപ്പു പ്രകാരം കേസെടുത്തു കോടതിക്കു റിപ്പോർട്ട് നൽകി. ഇതിന് പിന്നിലുള്ളത് കള്ളക്കളിയാണെന്ന് വ്യക്തമാണ്. തസ്‌നിയെ മനപ്പൂർവ്വം കൊല്ലാൻ ബൈജു ശ്രമിച്ചിട്ടില്ല. എന്നാൽ ആഘോഷം അതിരുവിട്ടപ്പോൾ ദുരന്തം സംഭവിക്കുകയായിരുന്നു. ഇത് മനപ്പൂർവ്വമല്ലാത്ത നരഹത്യയാണ്. അതെങ്ങനെ കുറ്റകരമായ നരഹത്യയാകുമെന്നതാണ് ഉയരുന്ന ചോദ്യം. ഇത് വിവാദമായതോടെ പുതിയ കഥകളും മെനയേണ്ടി വന്നു.

ആകെ 12 പ്രതികളാണുള്ളത്. ഇതിൽ എട്ടുപേർ ജീപ്പിലുണ്ടായിരുന്നവർ. ജീപ്പ് ഓടിച്ചിരുന്ന ഒന്നാം പ്രതിയും ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയുമായ കണ്ണൂർ മണ്ണാട് കല്യാശേരി കൊള്ളിയിൽ വീട്ടിൽ ബൈജു(21)വിനെ 11 ദിവസത്തേക്കു കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. എന്നാൽ മനപ്പൂർവ്വമല്ലാത്ത നരഹത്യയായിരുന്നു കേസ് എങ്കിൽ പ്രതിക്ക് ജാമ്യം കിട്ടുമായിരുന്നു. ഈ സാഹചര്യമൊഴിവാക്കാനാണ് പുതിയ വകുപ്പുകൾ ചേർത്തുകൊലക്കുറ്റമായത്. ഇതോടെ തസ്‌നിയോട് ബൈജുവിന് മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന കഥയെത്തി. ഇതിന്റെ പ്രതികാരം തീർക്കാൻ തസ്‌നിയെ ജീപ്പിടിച്ചു കൊന്നുവെന്നും ആരോപണമെത്തി. എന്നാൽ സംഭവത്തെ കുറിച്ച് എഞ്ചിനിയറിങ് കോളേജ് അധികൃതർ ആരും വ്യക്തമായ ചിത്രം പൊലീസിന് നൽകിയിട്ടില്ല. താൽകാലിക ജീവനക്കാരനായ വാച്ച് മാൻ മാത്രമാണ് മൊഴി കൊടുത്തത്. അദ്ദേഹവും വൈരാഗ്യകഥ പറഞ്ഞിരുന്നില്ല. അതുകൊണ്ടാണ് ബന്ധുവിൽ നിന്ന് മൊഴിയെടുത്ത് പുതിയ ആക്ഷേപത്തിലേക്ക് കാര്യങ്ങളെത്തിച്ചത്.

അതിനൊപ്പം അന്വേഷണത്തിന് വേഗത പോരെന്ന ആരോപണവും ശക്തമാണ്. ഇത് മറയ്ക്കാനാണ് ബൈജുവിനെതിരെ കൊലക്കുറ്റം ചേർത്തത്. പ്രധാന പ്രതി ബൈജു അങ്ങോട്ട് ചെന്നതിനാൽ അറസ്റ്റ് ചെയ്തു. നാലു ദിവസം കഴിഞ്ഞിട്ടും ശേഷിക്കുന്ന പ്രതികളെ കണ്ടെത്താൻ പൊലീസിനായില്ല. അവസാന വർഷ വിദ്യാർത്ഥികളായ ഏഴു പേരെയാണ് രണ്ടു മുതലുള്ള പ്രതികളാക്കിയത്. ഇവർക്കെതിരെ പ്രേരണക്കുറ്റമാണ് ഇവർക്കെതിരെയുള്ളത്. എറണാകുളം മുതൽ വടക്കോട്ടുള്ള ജില്ലകളിൽ നിന്നുള്ളവരാണിവർ. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ വിഭാഗങ്ങളിൽ പഠിക്കുന്നവരാണ്. പാലക്കാട്ടും കോഴിക്കോട്ടുമുള്ള രണ്ടു പേരുടെ വീട്ടിൽ പൊലീസ് എത്തിയപ്പോൾ പൂട്ടിക്കിടക്കുന്നതാണ് കണ്ടത്. മറ്റുള്ളവരുടെ വീടുകളിൽ ആളുണ്ടായിരുന്നെങ്കിലും കുട്ടികൾ എവിടെയെന്ന് അറിയില്ല.

മൊബൈൽ ടവർ കേന്ദ്രീകരിച്ചും അയൽ സംസ്ഥാനങ്ങളിലുമായാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇവർ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലും ബന്ധുവീടുകളിലും പരിശോധന നടത്തുകയാണ്. മൊബൈൽ സിഗ്‌നൽ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ട്. ഇവർ പൊലീസിൽ കീഴടങ്ങാൻ തയാറാണെന്ന് ഇടനിലക്കാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. അതേസമയം ചിലരെ കേസിൽ നിന്നൊഴിവാക്കാനും സമ്മർദം അരങ്ങേറുന്നുണ്ട്. ഒളിവിൽ പോയവരെ പൊലീസ് ഇനി കണ്ടെത്തിയാലും 48 മണിക്കൂർ കഴിഞ്ഞതിനാൽ പ്രതികൾ സംഭവ സമയത്ത് മദ്യപിച്ചിരുന്നാലും മദ്യപിച്ചു എന്നു തെളിയിക്കാനാവില്ല. തസ്‌നിയെ ഇടിച്ചു വീഴ്‌ത്തുന്നത് സി.സി. ടി.വിയിൽ പതിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത. ഈ സാഹചര്യത്തിലാണ് കേസിൽ ഒത്തുകളി ആരോപണം ഒഴിവാക്കാൻ വേണ്ടി മാത്രം കൊലക്കുറ്റം ചുമത്തുന്നതെന്നാണ് സൂചന.

ഡിസിപി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ഉന്നതപൊലീസുദ്യോഗസ്ഥർ അറസ്റ്റിലായ ബൈജുവിനെ ചോദ്യംചെയ്തിരുന്നു. വിദ്യാർത്ഥിനിയെ ഇടിക്കുന്ന സമയത്ത് ജീപ്പ് ഓടിച്ചിരുന്നത് താനാണെന്ന് ബൈജു പൊലീസിനോട് സമ്മതിച്ചു. എന്നാൽ മനപ്പൂർവ്വമല്ലിത് ചെയ്തതെന്നും വ്യക്തമാക്കി. ഈ മൊഴിയും പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. കോടതിയിലും ഇതേ കാര്യമാണ് ബൈജു അറിയിച്ചത്. ഈ സാഹചര്യത്തിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാനുള്ള സാധ്യയുണ്ട്. അതുകൊണ്ട് കൂടിയാണ് ബൈജുവിനെതിരെ പുതിയ ആരോപണങ്ങളെത്തുന്നത്. കൂടുതൽ പ്രതികൾക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് ഒഴിവാക്കാനും കഴിയും.

ബൈജുവിന്റെ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. ഇതറിഞ്ഞ ബൈജു ശനിയാഴ്ച രാത്രി രണ്ടുമണിയോടെ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവശേഷം താൻ തമിഴ്‌നാട്ടിലെ കൊടൈക്കനാലിൽ ഒളിവിലായിരുന്നെന്നാണ് ബൈജു പൊലീസിന് നൽകിയ മൊഴി. അപകടം നടന്ന ഉടനെ ജീപ്പ് കാര്യവട്ടത്തുകൊണ്ടുവന്ന് ഉപേക്ഷിച്ച് ശേഷം സുഹൃത്തിന്റെ ഫൽറ്റിൽ എത്തി വസ്ത്രം മാറിയശേഷം മറ്റൊരു സുഹൃത്തിന്റെ മോട്ടോർ ബൈക്കിൽ കൊടൈക്കനാലിലേക്ക് പോയെന്ന മൊഴിയാണ് ബൈജു പൊലീസിൽ നൽകിയിരിക്കുന്നത്. എന്നാൽ ബൈജു കൊല്ലത്ത് ഒളിവിലായിരുന്നെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

തസ്‌നിയെ ഇടിച്ച ജീപ്പിൽ നിന്നും ഇരുന്നും യാത്ര ചെയ്തിരുന്ന ഒമ്പതുപേരിൽ ആറുപേരെ പൊലീസ് തിരിച്ചറിഞ്ഞു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ സഹപാഠികളെ ചോദ്യം ചെയ്താണ് പൊലീസ് ഇവരെ തിരിച്ചറിഞ്ഞത്. അതിനിടെ ഹോസ്റ്റൽ യൂണിയനിലും സംഘത്തിലുംപെട്ട നൂറോളം വിദ്യാർത്ഥികളെ കൂട്ടി കോളേജിനുള്ളിലേക്ക് ഓടിച്ചുകയറ്റിയ ചെകുത്താൻ എന്ന് ബോർഡെഴുതി വച്ച ലോറിയും പൊലീസ് കഴക്കൂട്ടത്തിനടുത്ത് ആറ്റിപ്രയിൽനിന്ന് കസ്റ്റഡിയിലെടുത്തു. തസ്‌നിയെ ഇടിച്ച ജീപ്പും പൊലീസ് കസ്റ്റഡിയിലാണുള്ളത്.