ലണ്ടൻ: ഓർഗാനിക് ഉത്പന്നങ്ങളോടു ജനങ്ങൾക്കു പ്രിയം വർധിച്ചുവരുന്ന കാലമാണ്. കീടവും കളയും ഒഴിവാക്കാനും മികച്ച വിളവ് ഉറപ്പുവരുത്താനും കർഷകർ അമിതമായി വളവും കീടനാശിനികളും ഉപയോഗിക്കുന്നുണ്ടെന്ന ധാരണയാണ് ഓർഗാനിക് പഴങ്ങളോടും പച്ചക്കറികളോടും ജനത്തിനു താത്പര്യം വർധിപ്പിക്കുന്നത്. ഓർഗാനിക് അല്ലാത്ത പച്ചക്കറിയുടേതിനേക്കാൾ ഉയർന്ന വില ഉത്പാദകരും കച്ചവടക്കാരും ഓർഗാനിക് ഉത്പന്നങ്ങൾക്ക് ഈടാക്കുന്നുണ്ട്.

ഓർഗാനിക്കും ഓർഗാനിക് അല്ലാത്തതും തമ്മിൽ വേർതിരിക്കുന്നത് വളരെ പാടുള്ള കാര്യമാണ്. ചില പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നേടിയാണ് കർഷകർ തങ്ങളുടെ ഉത്പന്നങ്ങൾ ഓർഗാനിക് ആണെന്ന് അവകാശപ്പെടുന്നത്. എന്നാൽ ഓർഗാനിക് ആണെന്നുവച്ച് പഴം-പച്ചക്കറികൾക്ക് ഗുണമേന്മ കൂടില്ലെന്നാണ് ഗവേഷകർ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ചില കാർഷിക ഉത്പ്പനങ്ങൾ ഓർഗാനിക് തന്നെ വാങ്ങിച്ചു പണം കളയേണ്ടതില്ലെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. നമ്മുടെ ഭക്ഷണത്തിൽ സാധാരണ ഉൾപ്പെടുന്ന ഉള്ളി, കാബേജ്, കൈതച്ചക്ക, മാങ്ങ, പപ്പായ, വഴുതനങ്ങ, മത്തങ്ങ തുടങ്ങി 15 കാർഷിക ഉത്പന്നങ്ങളാണ് വിദഗ്ദർ ഇങ്ങനെ മാറ്റിനിർത്തിയിരിക്കുന്നത്. ഈ പച്ചക്കറികളും പഴങ്ങളും പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കപ്പെട്ടാലും കാര്യമായ ദോഷഫലങ്ങൾ അടങ്ങിയിരിക്കില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കയിലെ എൻവയോൺമെന്റൽ വർക്കിങ് ഗ്രൂപ്പ്(ഇഡബ്ല്യുജി) ആണ് 15 ഇന പഴം-പച്ചക്കറികളുടെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. അവോകേഡോ, സ്വീറ്റ് കോൺ, കൈതച്ചക്ക, കാബേജ്, ഫ്രോസൺ സ്വീറ്റ് പീസ്, ഉള്ളി, ശതാവരി, മാങ്ങ, പപ്പായ, കിവിപ്പഴം, വഴുതന, മത്തങ്ങ, ചെറു മധുരനാരങ്ങ, കാന്റലോപ്(ഒരിനം മത്തങ്ങ), കോളീഫ്‌ളവർ എന്നിവയാണ് ഓർഗാനിക് അല്ലെങ്കിലും കാര്യമായ വിഷാംശം ഉൾക്കൊള്ളാത്ത ഇനങ്ങൾ.

കൂടുതൽ പണം മുടക്കി ഓർഗാനിക് ഉത്പന്നങ്ങൾ വാങ്ങിക്കാൻ കഴിയാത്തവർക്കും താത്പര്യമില്ലാത്തവർക്കും ഏറെ പ്രതീക്ഷ നല്കുന്ന കണ്ടെത്തലാണ് ഗവേഷകർ നടത്തിയിരിക്കുന്നത്. ഉത്പന്നങ്ങൾ ഓർഗാനിക് അല്ലെങ്കിലും പോഷക മികവിൽ പിന്നിലല്ലെന്നും വിഷാംശം കുറവാണെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ട് പച്ചക്കറി കടയിൽപ്പോയി ധൈര്യമായി ഓർഗാനിക് അല്ലാത്ത ഉത്പ്പന്നങ്ങളും വാങ്ങാം.