കണ്ണുർ: പയ്യാമ്പലത്തെ ഹോട്ടൽ ഉടമ തായത്തെരു കലിമയിൽ പള്ളിക്കണ്ടി ജസീറിനെ (35)ആയിക്കരയിൽ വെച്ചു കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയിൽ വിട്ടു.കണ്ണൂർ സബ് ജയിലിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ നേരത്തെ ആദികടലായിയിലും ഇപ്പോൾആയിക്കരയിലെ താമസക്കാരനുമായ റബീഹ്, ഉരുവച്ചാൽ സ്വദേശി ഹനാൻ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്.

തിങ്കളാഴ്‌ച്ച രാവിലെ 11-ഓടെയാണ് പ്രതികളെ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ടേറ്റ് രണ്ട് കോടതിയിൽ ഹാജരാക്കിയത്. കേസന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷ പരിഗണിച്ച കോടതി ചൊവ്വാഴ്‌ച്ച വൈകീട്ട് അഞ്ചു വരെയാണ് കസ്റ്റഡിയിൽ വിട്ടു കൊടുത്തത്. ഇരുവരെയും സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുക്കുമെന്ന് സിറ്റി സിഐ ഇന്ന് അറിയിച്ചു.

പയ്യാമ്പലത്തെ സുഫിമക്കാൻ ഹോട്ടൽ ഉടമ തായത്തെരു കലിമയിൽ പള്ളിക്കണ്ടി ജസീറിനെ(35) യാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ച അർധരാത്രി കുത്തി കൊലപ്പെടുത്തിയത്.പ്രതി ഉപയോഗിച്ചെന്ന് കരുതുന്ന ആയുധം നേരത്തെ കണ്ടെത്തിയിരുന്നു. ഇത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ജസീറിന്റെ കൊലപാതകത്തെ തുടർന്ന് കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലഹരി മാഫിയക്കെതിരെ പൊലിസ് നടപടി ശക്തമാക്കിയിട്ടുണ്ട്.