കൊച്ചി: വാഹനം ഇടിച്ച് ചിന്നിച്ചിതറിയ മൃതദേഹങ്ങൾ വാരിയെടുക്കുകയും അനാഥ മൃതദേഹങ്ങൾ ഉത്തരവാദിത്തത്തോടെ മറവ് ചെയ്യുകയും ചെയ്തു വരുന്ന ആംബുലൻസ് ഡ്രൈവർ അശോകപുരം പാടത്ത് പുരുഷോത്തമന്റെ മകൻ വിനു (35) വിവാഹിതനായി. നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്യുന്ന അത്താണി സ്വദേശിനി വിൻസിയെയാണ് വിനും വിവാഹം കഴിച്ചത്. വിനു ചെയ്യുന്ന ജോലിയോടുള്ള വെറുപ്പ് മൂലം വിവാഹം നടക്കാതെ വരികയും പിന്നീട് ഒരു വിവാഹം കഴിച്ചപ്പോൾ ശവം വാരിയാണ് എന്ന ഒറ്റക്കാരണത്താൽ ആ ബന്ധം തകർന്നു. ഇതോടെ വിവാഹം എന്ന സ്വപ്നം മാറ്റി വച്ച് കഴിയുമ്പോഴാണ് മറുനാടനിലൂടെ വിനുവിന്റെ കഥ അറിഞ്ഞ വിൻസി അടുപ്പമാകുന്നതും പിന്നീട് വിവാഹത്തിലേക്ക് എത്തിയതും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹം.

ആംബുലൻസ് ഡ്രൈവർ എന്നതിലുപരി ഒരു മനുഷ്യസ്നേഹികൂടിയായ വിനു ആലുവ സെന്റ് മേരീസ് ഹൈസ്‌കൂൾ വിദ്യാർത്ഥിയായിരിക്കെ പതിനഞ്ചാമത്തെ വയസ്സിലാണ് ആദ്യമായി മൃതദേഹം വാരി എടുത്തത്. സ്‌കൂളിലെ സഹപാഠി തടിക്കക്കടവ് പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു. അതായിരുന്നു ആദ്യ രക്ഷാ ദൗത്യം. അങ്ങനെയാണ് ഈ ജോലിയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് പലപ്പോഴും മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിൽ എത്തിക്കുമ്പോൾ അവിടെയും മൃതദേഹം എടുത്ത് ടേബിളിൽ കയറ്റാനോ മറ്റും ആരും സഹായത്തിനില്ല എന്നറിഞ്ഞതോടെ അവിടെയും സഹായിയായി. പിന്നീട് ആംബുലൻസ് ഡ്രൈവർ എന്ന ജോലിയിലേക്ക് എത്തിപ്പെട്ടു. ഇതിനിടയിൽ സുഹൃത്തുക്കളും ബന്ധുക്കളും വിനുവിനെ ഒറ്റപ്പെടുത്തി. പലരും ശവം വാരി എന്ന ഒറ്റക്കാരണത്താൽ മാറ്റി നിർത്തി. അങ്ങനെയാണ് നാലുമാസം മുൻപ് മറുനാടൻ വിനുവിനെ പറ്റി അറിയുകയും വിനുവിന്റെ കണ്ണീരണിയിക്കുന്ന വാർത്ത ചെയ്യുകയും ചെയ്തു.

ഏറ്റെടുക്കാൻ അവകാശികളില്ലാത്ത അനാഥ ജഡങ്ങൾ സ്വന്തം കൈകളിൽ കോരിയെടുത്തു വാടക ആംബുലൻസിൽ കയറ്റി മോർച്ചറിയിലും ശ്മശാനത്തിലും എത്തിക്കുകയും കൂടപ്പിറപ്പിനെപ്പോലെ നിന്ന് അന്ത്യകർമങ്ങൾ നടത്തി സംസ്‌കരിക്കുകയും ചെയ്യുന്ന വിനുവിന്റെ കഥ അങ്ങനെ മലയാളി അറിഞ്ഞത് മറുനാടൻ മലയാളിയിലൂടെയാണ്. മറുനാടനിലൂടെ വിനുവിന്റെ ജീവിതം അറിഞ്ഞ കനേഡിയൻ മലയാളി അനന്തലക്ഷ്മി നായർ വിനുവിനു സമ്മാനിച്ചതു 3 ആംബുലൻസുകളാണ്. രണ്ടെണ്ണം കരയിലും ഒന്നു വെള്ളത്തിലും ഓടിക്കാം. അപകടസ്ഥലങ്ങളിൽ പെട്ടെന്ന് എത്തിച്ചേരാൻ സഹായകമായ ഓമ്‌നി ആംബുലൻസ്, ഫ്രീസറും ഓക്‌സിജൻ സംവിധാനവുമുള്ള ട്രാവലർ ആംബുലൻസ്, പുഴയിലും കായലിലും കടലിലും സഞ്ചരിക്കാവുന്ന ആറര എച്ച്പി മോട്ടർ ഘടിപ്പിച്ച വാട്ടർ ആംബുലൻസ് എന്നിവയാണു ലഭിച്ചത്.

മൃതദേഹം കേടു കൂടാതെ വയ്ക്കാനുള്ള മൊബൈൽ ഫ്രീസറും ജനറേറ്ററും ഇവ സൂക്ഷിക്കാനുള്ള മുറിയും സൗജന്യമായി നൽകി. 46 വർഷമായി കാനഡയിൽ ജീവിക്കുന്ന, അറുപത്തെട്ടുകാരിയായ റിട്ട. ഉദ്യോഗസ്ഥ എന്നല്ലാതെ അനന്തലക്ഷ്മി നായരാണ് എല്ലാം നൽകുന്നത്. ഈ വ്യക്തിയെ കുറിച്ചു കൂടുതലൊന്നും വിനുവിന് അറിയില്ല. വാർത്ത വന്നതിന് ശേഷം വിനുവിന് അപ്രതീക്ഷിതമായി ഒരു ഇന്റർനെറ്റ് കോൾ എത്തി. അനന്തലക്ഷ്മിയായിരുന്നു മറുതലയ്ക്കൽ.

ആംബുലൻസ് വേണമെന്ന ആഗ്രഹം അറിഞ്ഞെന്നും താൻ നിർദ്ദേശിക്കുന്ന സ്ഥലത്തെത്തി അതു കൈപ്പറ്റണമെന്നുമായിരുന്നു സന്ദേശം. അവിശ്വസനീയമായി തോന്നിയെങ്കിലും പോയി. അവിടെ ചെന്നപ്പോൾ കണ്ണു നിറഞ്ഞു. ഒരു ആംബുലൻസ് ആഗ്രഹിച്ച സ്ഥാനത്തു മൂന്നെണ്ണം-വിനു തന്നെ പറയുന്നു. അപകടങ്ങളിൽ ചിന്നിച്ചിതറിയതും ചീഞ്ഞളിഞ്ഞതുമായ മൃതദേഹങ്ങൾ എടുക്കാൻ പൊലീസിനും ഫയർ ഫോഴ്‌സിനും ആർപിഎഫിനും തുണയാണ് വിനു. വിനുവിന്റെ കഥ വിശദമായി മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. വിനുവിനെക്കുറിച്ച് സർക്കാർ വകുപ്പുകളിലെ സുഹൃത്തുക്കളോട് അന്വേഷിച്ച ശേഷമാണ് അനന്തലക്ഷ്മി ആംബുലൻസുകൾ കൈമാറിയത്.

20 വർഷത്തിനിടെ എഴുനൂറോളം മൃതദേഹങ്ങൾ സ്വന്തം കൈകളിൽ എടുത്തിട്ടുണ്ടെന്നു വിനു പറയുന്നു. ഇതിൽ 80 ശതമാനവും ഉറ്റവർ ഇല്ലാത്തവരുടേതാണ്. അനാഥ ജഡങ്ങൾ ഇൻക്വസ്റ്റും മറ്റും നടത്തുന്നതു പൊലീസാണെങ്കിലും ചെലവുകൾ വഹിക്കേണ്ടത് അതതു തദ്ദേശഭരണ സ്ഥാപനങ്ങളാണ്. വാടകയും മറ്റും യഥാസമയം കൊടുക്കാത്തതിനാൽ സ്വകാര്യ ആംബുലൻസുകൾ കിട്ടാൻ ബുദ്ധിമുട്ടായ സാഹചര്യത്തിലാണു സ്വന്തം ആംബുലൻസ് ഉണ്ടായിരുന്നെങ്കിൽ എന്നു വിനു മറുനാടനോട് ആഗ്രഹം പ്രകടിപ്പിച്ചത്.

ആലുവ സ്റ്റേഷനിലെ 2 പൊലീസുകാർ ജാമ്യം നിന്നു ബാങ്ക് വായ്പയെടുത്തു വിനുവിന് ആംബുലൻസ് വാങ്ങി നൽകിയിരുന്നു. എന്നാൽ വായ്പയുടെ തിരിച്ചടവു മുങ്ങിയതിനെ തുടർന്ന് ആ ആംബുലൻസ് വിറ്റു. ഇതിനിടെ സഹോദരന്റെ ചികിത്സയ്ക്കു വന്ന ഭാരിച്ച ചെലവ് വിനുവിനെ കടക്കെണിയിലാക്കി. കൂടാതെ അനാഥ മൃതദേഹങ്ങൾ സംസ്‌ക്കരിച്ചതിന്റെ ചിലവുകളായ ലക്ഷം രൂപ ആലുവ നഗരസഭ വിനുവിന് ഇതുവരെ നൽകിയിട്ടില്ല. മൃതദേഹങ്ങൾ സംസ്‌ക്കരിക്കാൻ ഉപയോഗിക്കുന്ന തുണികളും മറ്റവശ്യ വസ്തുക്കളും വാങ്ങിയ വകയിലാണ് തുക നൽകാനുള്ളത്. ജി.എസ്.ടി ബിൽ ഇല്ലാ എന്ന കാരണത്താലാണ് തുക നൽകാത്തത്. ചോദിച്ച് മടുത്ത വിനും ഇപ്പോൾ ആ പണം വേണ്ട എന്ന് തീരുമാനിച്ചു. താൻ നേരിടുന്ന അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ കവിതയായി കുറിച്ചിടാറുണ്ട് വിനു. ആദ്യകാല കവിതകൾ 'നടന്ന വഴികൾ' എന്ന പേരിൽ പുസ്തകമാക്കി.

ഇതിനിടയിലാണ് വിനുവിനെ പൂർണ്ണമായി മനസ്സിലാക്കി വിൻസി എത്തുന്നത്. ആദ്യം വിനു തന്റെ ജോലിയെപറ്റിയും മറ്റുള്ളവർ തന്നെ അറപ്പോടെയാണ് കാണുന്നതെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ വിനുവിന്റെ നന്മനിറഞ്ഞ മനസ്സ് മനസ്സിലാക്കിയ വിൻസി പിന്മാറാൻ തയ്യാറായില്ല. അങ്ങനെ വിനുവിന്റെ ജീവിത സഖിയായി. വിവാഹ ശേഷം വിനു മറുനാടനോട് പറഞ്ഞത് ഇങ്ങനെയാണ്. 'എനിക്ക് ഇനി തിരിച്ചു പറയാം എനിക്കും നിങ്ങളെ പോലെ സ്വപ്നം കാണാൻ കഴിയും'. അതെ വിനു നീയാണ് ഹീറോ... അവൾ ഹീറോയിനും..