കൊച്ചി: സീറോ-മലബാർ സഭയ്ക്ക് കോടികളുടെ നഷ്ടം വരുത്തിവച്ച ഭൂമി ഇടപാടിൽ, പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ തന്റെ ജീവിതവും തൊഴിലും ക്ലീനാണെന്ന അവകാശവാദവുമായി വസ്തുബ്രോക്കർ സാജുവർഗീസ് രംഗത്തെത്തി. സഭയുടെ ഭൂമി ഇടപാടിലെ ബ്ലോക്കറായ സാജു വർഗീസിനെ പ്രതിയാക്കി മാർട്ടിൻ അയ്യമ്പിള്ളി ഐജിക്കു നൽകിയ പരാതിയാണ് അന്വേഷണത്തിനായി എസിപി കെ ലാൽജിക്ക് കൈമാറിയിരിക്കുന്നത്. തുടർന്ന് ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി. സഭാവിശ്വാസി എന്ന പേരിലാണ് മാർട്ടിൻ പയ്യപ്പിള്ളി പരാതി നൽകിയത്. എന്നാൽ, മാർട്ടിൻ പയ്യപ്പിള്ളി കർദിനാൾ അനുകൂലിയാണെന്നും അന്വേഷണം ദല്ലാളിൽ മാത്രമൊതുക്കി മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പരാതിയെന്നും മറുവിഭാഗം ആരോപിക്കുന്നു.അതിനിടെയാണ് സാജുവർഗീസ് തന്റെ ഭാഗം മറുനാടൻ മലയാളിയോട് വിശദീകരിച്ചത്.

സഭാ വക്താവായ ഫാ.പോൾ കരേടനാണ് സാജുവർഗീസിനെതിരെ ആരോപമം ഉന്നയിച്ചത്. മാർ ആലഞ്ചരി പിതാവ് സാജുവർഗീസിന്റെ വാക് ചാതുരിയിൽ വീണുപോയതാണ് സഭയെ പിടിച്ചുകുലുക്കിയ വിവാദത്തിലേക്ക് നയിച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്.സഭയ്ക്ക് പിഴവ് പറ്റിയെന്നും, കബളിപ്പിച്ചത് ഇടനിലക്കാരൻ സാജു വർഗീസാണെന്നും ഫാ.പോൾ കരേടൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അതിരൂപതയെ 90 കോടിയുടെ കടക്കെണിയിലാക്കിയ വില്ലൻ താനാണെന്ന് കുമളി അണക്കര സ്വദേശിയായ സാജു വർഗീസ് സമ്മതിക്കുകയില്ല.വസ്തുകച്ചവടത്തിൽ തനിക്ക് നേരിട്ട് ബന്ധമില്ലെന്ന് അദ്ദേഹം ആണയിടുന്നുണ്ടെങ്കിലും മൂന്നുനാലുപേരെ താൻ പരിചയപ്പെടുത്തിയെന്ന് സമ്മതിക്കുന്നുമുണ്ട്.

സാജുവിനും പറയാനുണ്ട്..

തന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് സാജു പറയുന്നു.'എന്റെ ആസ്തി പരിശോധിക്കാൻ ഏത് ഏജൻസി വന്നാലും കുഴപ്പമില്ല.വസ്തുകച്ചവടത്തിന്റെ പേരിൽ ഇതുവരെ കേസുകളിൽ പെട്ടിട്ടില്ല. ചെറിയ കരാർ ജോലികൾ ചെയ്തിരുന്നു. ഇപ്പോഴും ചെയ്യുന്നുമുണ്ട്.രൂപതയുടെ ഭൂമി വിൽപ്പനയിൽ നഷ്ടമുണ്ടായിട്ടില്ല. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ചർച്ചചെയ്താൽ ഇക്കാര്യം എല്ലാവർക്കും ബോദ്ധ്യമാവും.'

'മാർട്ടിൻ അയ്യമ്പിള്ളി എന്നൊരാൾ എനിക്കെതിരെ പൊലീസിൽ പരാതി കൊടുത്തു. പിറ്റേന്ന് അത് പിൻവലിച്ചതായും അറിഞ്ഞു. ഈ കേസിൽ പൊലീസ് വിളിപ്പിച്ച പ്രകാരം സ്റ്റേഷനിലെത്തി മൊഴി നൽകി.ഈ സംഭവത്തിൽ എന്നെ പ്രതി സ്ഥാനത്ത് നിർത്തുന്നത് എന്തിനെന്ന് ഇപ്പോഴും വ്യക്തമല്ല.'

'ഞാൻ ആരുമായും കരാറിൽ എർപ്പെട്ടില്ല.വസ്തുവാങ്ങാനെത്തുന്നവരെ തിരിച്ചറിഞ്ഞ് അവരെക്കുറിച്ചുള്ള കാര്യങ്ങൾ അറിയിക്കാൻ പിതാവ് ചുമതലപ്പെടുത്തിയതായി കാണിച്ചുള്ള കരാർ മാത്രമാണ് ഈ ഇടപാടിൽ എന്നേ ബന്ധിപ്പിക്കുന്നത്.ഏൽപ്പിച്ച കാര്യം ഭംഗിയായി ചെയ്തിട്ടുണ്ട്.ഇക്കാര്യത്തിൽ പരാതിയുണ്ടെങ്കിൽ പരിഹരിക്കാനും തയ്യാറാണ്.'

'ഞാൻ വിശ്വാസി മാത്രമാണ്. പള്ളിയിലെത്തി പ്രാർത്ഥിച്ച് മടങ്ങും.ഇവിടെ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ എനിക്ക് അവകാശമില്ല.ഞാനതിന് ആളുമല്ല.ആത്മീയ കാര്യങ്ങളിൽ സഭയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്.അതിൽ സാധാരണക്കാരനായ എനിക്ക് ഒന്നും ചെയ്യാനില്ല.സത്യസ്ഥിതി ഇതായിരിക്കെ എന്റെ മേൽ പഴിചാരുന്നവരുടെ ലക്ഷ്യം ഇപ്പോഴും മനസിലായിട്ടില്ല. ഈ വിഷയത്തെക്കുറിച്ച് ്ഇപ്പോഴും കൃത്യമായി ഒന്നുമറിയില്ല.ഇക്കാര്യത്തിൽ പിഴവ് സംഭവിച്ചിട്ടില്ല എന്ന ഉത്തമ വിശ്വാസം എനിക്കുണ്ട്.'

'ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദത്തിൽ കഴമ്പില്ല.ഓരോ ദിവസവും ഓരോന്നാണ് കേൾക്കുന്നത്.ഇതിന്റെ പേരിൽ ഒരു പിതാവിനോടും ദേഷ്യമില്ല. എല്ലാവരും എന്നേക്കാൾ അറിവും പഠിപ്പുമുള്ളവരാണ്.കുറച്ച് പേർ ചേർന്ന് സൃഷ്ടിച്ചെടുത്ത സംഭവമാണിത്.അത് ഇപ്പോൾ എല്ലാവർക്കും ബോദ്ധ്യമായിട്ടുണ്ട്.

സാജുവിന്റെ ജീവിതം

'ചെറിയ കരാർ ജോലിയിൽ നിന്നാണ് തുടക്കം.അത് ഇപ്പോഴും തുടരുന്നുണ്ട്. ചെന്നൈയിലും മറ്റും വസ്തുക്കച്ചവടവുമായി ബന്ധപ്പെട്ട് പലപ്പോഴും പോകാറുണ്ട്. ഇപ്പോഴും പോകുന്നുണ്ട്. പത്ത് വർഷത്തോളമായി വസ്തുവിൽപ്പനയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.ഇതുവരെ ഒരു പരാതിക്കും ഇട നൽകിയിട്ടില്ല.ഗുണ്ടായിസത്തിനും പോയിട്ടില്ല.ഒരു പൊലീസ് കേസിൽ പെട്ടിട്ടുമില്ല.വിവരാവകാശം വഴി ആർക്കും ഇക്കാര്യം മനസിലാക്കാനാവും.

'എന്റെയും കുടുമ്പത്തിന്റെയും ആസ്തി ആർക്കും പരിശോധിക്കാം.കോടികളുടെ കണക്ക് പലരും പറയുന്നുണ്ട്.യഥാർത്ഥ വസ്തുത ഇതല്ല.രാവിലെ വീട്ടിൽ നിന്നിറങ്ങിയാൽ തിരിച്ചെത്തുന്നത് രാത്രി 12 മണിയും ചിലപ്പോഴൊക്കെ ഇതിന് ശേഷവുമാവും.ഇപ്പോൾ ഫോൺ ഓണാക്കിയാൽ ഈ വിഷയത്തെക്കുറിച്ചറിയാൻ നിരവധി പേർ വിളിക്കുന്നുണ്ട്. ഇവരിൽ ആരും നേരിൽ വന്ന് കാര്യങ്ങൾ ബോദ്ധ്യപ്പെടാൻ ഒരുക്കമല്ല.'

'വിവരങ്ങൾ തിരക്കി മാധ്യപ്രവർത്തകർ വിളിക്കാറുണ്ട്.വാർത്ത കാണുമ്പോൾ പറഞ്ഞതിനേക്കാൾ കൂടുതൽ പറയാത്ത കാര്യങ്ങളാണ് കണ്ടുവരുന്നത്.അതിനാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ ഇപ്പോൾ കരുതലോടെയാണ് നീങ്ങുന്നത്.ആരെയും കുടുക്കാനല്ല,പറഞ്ഞതിനപ്പുറമുള്ള കാര്യങ്ങൾ പുറത്ത് വരുമ്പോൾ പിടിച്ചുനിൽപ്പിന് എന്റെ മുന്നിൽ ഇത് മാത്രമാണ് വഴി, സജി വ്യക്തമാക്കി.'

ഭൂമി ഇടപാടിന്റെ ചെറുചരിത്രം

അതിരൂപതയുടെ കടംതീർക്കാൻ ഭൂമി വിറ്റപ്പോൾ കടം മൂന്നിരട്ടിയായി. അഞ്ചിടത്താണ് സ്ഥലം വിറ്റത്. തൃക്കാക്കര ഭാരതമാതാ കോളജിനു മുന്നിലുള്ള സ്ഥലം, കരുണാലയം, കുസുമഗിരി, നൈപുണ്യ തുടങ്ങിയ സ്ഥലങ്ങൾ മുറിച്ചുവിറ്റത് 36 ആധാരങ്ങളായാണ്. കരുണാലയത്തിൽ 14 പ്ലോട്ടുകളും കുസുമഗിരിയിൽ രണ്ടു പ്ലോട്ടുകളും നൈപുണ്യയിൽ ഒമ്ബതു പ്ലോട്ടുകളുമായാണു തിരിച്ചത്. ബാങ്ക് കാര്യങ്ങളിൽ ഒപ്പിടാനുള്ള അവകാശം കർദിനാളിനും അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവെച്ചത്. എന്നാൽ, ഭൂമി സംബന്ധിച്ചു പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിനെപ്പറ്റി ഇവർക്കു മറുപടിയില്ല. ഫിനാൻസ് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല.

2016 ലാണ് ഇടപാടിന്റെ തുടക്കം. അന്നുമുതൽ കർദിനാളിനു മുന്നറിയിപ്പു നൽകിയതാണെന്നു വൈദികർ പറയുന്നു.ഇടപാടുകാരനുമായുള്ള കരാർ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ചുനൽകാൻ പാടില്ല. എന്നാൽ, ഈ നിബന്ധന ലംഘിച്ചാണു 36 പേർക്കു സ്ഥലങ്ങൾ വിറ്റത്.
36 ആധാരങ്ങളിലായി സ്ഥലങ്ങൾ വിറ്റതു കാനോനിക സമിതികൾ അറിയാതെയാണ്. മാത്രമല്ല, അതിരൂപതാ കാനോനിക സമിതികളിൽ ആലോചനയ്ക്കു വരുംമുമ്പു തന്നെ വിൽക്കാനുള്ള ചില സ്ഥലങ്ങൾക്കു അഡ്വാൻസും വാങ്ങി. തുടർന്നു സ്ഥലം ബ്രോക്കർ പറഞ്ഞുറപ്പിച്ചവർക്കു കർദിനാൾ 36 ആധാരങ്ങൾ എഴുതിക്കൊടുത്തു.

ബാക്കി 18.7 കോടി രൂപയ്ക്കു പകരം കോട്ടപ്പടിയിൽ ബ്രോക്കർ വാങ്ങാനുദ്ദേശിച്ച 92 ഏക്കർ ഭൂമിയിൽ 25 ഏക്കർ സഭയുടെ പേരിൽ ഈടായി എഴുതിനൽകി. പണം നൽകുമ്പോൾ ഭൂമി തിരികെ നൽകണമെന്ന വ്യവസ്ഥയിൽ. സെന്റിന് 30,000 രൂപയ്ക്കു വാങ്ങിയ ഭൂമി ആഴ്ചകൾക്കുശേഷം 96,000 രൂപയ്ക്കാണ് ഇടപാടുകാരൻ അതിരൂപതയ്ക്കു വിറ്റത്. 24 കോടി രൂപ ലാഭം. എന്നിട്ടും 18.7 കോടി രൂപയിൽ ഒരു രൂപപോലും അരമനയ്ക്കു മടക്കിക്കിട്ടിയില്ല. പകരം ആറുകോടി രൂപ വായ്പയെടുത്തു ബ്രോക്കർക്കു നൽകുകയായിരുന്നു അതിരൂപതാ നേതൃത്വം. അവശേഷിച്ച 67 ഏക്കർ സ്ഥലം വാങ്ങാൻ അതിരൂപത ഒമ്പതുകോടി രൂപ കൂടി ബാങ്ക് വായ്പയെടുത്ത് ഇടപാടുകാരനു നൽകി.

അതിരൂപതയുടെ സ്ഥലത്തിന് മാർക്കറ്റ് വില 80 കോടിയോളം വരുമ്പോഴാണ് നിസാര വിലയ്ക്കു വിറ്റത്. ഭൂമി വിൽക്കാൻ അതിരൂപത ആദ്യം സമീപിച്ചത് ഭാരതമാതാ കോളജിനടുത്തുള്ള അന്യമതസ്ഥനായ ബ്രോക്കറെ ആയിരുന്നു. അയാളുടെ മകനും പാലാക്കാരൻ ബ്രോക്കറും അടുപ്പക്കാരാണ്. തുടർന്നാണു ബ്രോക്കർ രംഗത്തെത്തുന്നത്. അതിരൂപതാ സഹായ മെത്രാന്മാരുടെ അറിവോ സമ്മതമോ കൂടാതെയാണു കോട്ടപ്പടിയിലും ദേവികുളത്തും ഭൂമി ഇടപാടുകൾ നടത്തിയതെന്നു സഹായമെത്രാൻ വ്യക്തമാക്കിയതോടെയാണു കർദിനാൾ മാർ ജോർജ് ആലഞ്ചേരി വെട്ടിലായത്.ചതിച്ചത് ഇടനിലക്കാരനായ സാജുവാണെന്നും്. ഇയാളെ കർദിനാൾ വിശ്വസിച്ചു പോയതാണ് അബദ്ധത്തിന് കരാണമായതെന്നും സഭാവക്താവ് ഫാദർ പോൾ കരേടൻ ആരോപിച്ചത് ഈ പശ്ചാത്തലത്തിലാണ്.