ഭോപ്പാൽ: ലോക്ക്ഡൗൺ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചെന്നാരോപിച്ച് യുവാവിനെ ജില്ല കലക്ടർ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി. മധ്യപ്രദേശിലെ ഷാജാപ്പൂർ ജില്ലയിലെ ഡെപ്യൂട്ടി കലക്ടർ മഞജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.

ലോക്ക്ഡൗൺ കാലയളവിൽ ചെരുപ്പ് കട തുറന്നതിനാണ് മർദ്ദനം. മർദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടർക്കെതിരെ നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്.


ഛത്തീസ്‌ഗഢിലെ സുരാജ്പുർ ജില്ലയിൽ യുവാവിനെ മർദ്ദിച്ച സംഭവത്തിൽ ജില്ലാ കലക്ടർ മാപ്പുപറഞ്ഞിരുന്നു. ജില്ലാകളക്ടർ രൺബീർ ശർമ്മയാണ് യുവാവിന്റെ മുഖത്തടിക്കുകയും ഫോൺ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങൾസാമൂഹികമാധ്യമങ്ങളിൽ വൈറലായതോടെയാണ് ജില്ലാ കലക്ടർ ക്ഷമാപണവുമായെത്തിയത്.

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കലക്ടർക്കെതിരെ വ്യാപകവിമർശനങ്ങൾ ഉയർന്നിരുന്നു.യുവാവിന്റെ കയ്യിലുള്ള ഫോൺ കലക്ടർ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർ ലാത്തി ഉപയോഗിച്ച് യുവാവിനെ മർദ്ദിക്കുകയും ചെയ്തു.