'എനിക്ക് പ്രാന്തായതാണോ, അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായതാണോ' എന്ന് നടൻ സലിം കുമാർ ഒരു സിനിമയിൽ പറയുന്നതുപോലെയാണ്, ലോകത്തെ ഇപ്പോഴത്തെ നാലാമത്തെ വലിയ ധനികനും, മൈക്രോസോഫ്റ്റ് കമ്പനിയുടെ സ്ഥാപകനുമായ ബിൽ ഗേറ്റ്സിന്റെ ചില കാര്യങ്ങൾ കണ്ടാൽ തോന്നുക. പത്തുപൈസപോലും വിട്ടുകൊടുക്കാത്ത ആർത്തിപ്പണ്ടാരങ്ങളുടെയും, നൂറുരൂപകൊടുത്താൽ നൂറുകോടിയുടെ പിആർ വർക്ക് നടത്തുന്ന പ്രാഞ്ചിയേട്ടന്മാരുടെയും കാലത്ത്, തന്റെ ധനം മുഴുവനും പാവങ്ങൾക്ക് ദാനം ചെയ്യാൻ ഒരുങ്ങുകയാണ് ഈ 'മുതലാളി'. ശതകോടീശ്വരന്മാരുടെ പട്ടികയിൽ കയറാൻ ഭൂരിഭാഗം വ്യവസായികളും വെമ്പൽ കൊള്ളുന്ന സമയത്ത്, ആ ലിസ്റ്റിൽ നിന്ന് അടിയന്തരമായി ഇറങ്ങാനാണ് ബിൽ ഗേറ്റസ് എന്ന 66 കാരൻ ശ്രമിക്കുന്നത്.

ഇത്രയേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടും, ഇപ്പോഴും 11,370 കോടി ഡോളർ ആസ്തിയുമായി ബ്ലൂംബർഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഗേറ്റ്സ് നാലാമനാണ്. താൻ തന്നെ തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ചാരിറ്റി ഫൗണ്ടേഷനായ, ബിൽ ആൻഡ് മെലിൻഡാ ഫൗണ്ടേഷന് 2000 കോടി ഡോളർ ഉടൻ കൈമാറാനാണ് അദ്ദേഹം ഒരുങ്ങുന്നത്. കോവിഡ് മഹാമാരി വരുത്തിവച്ച പ്രശ്‌നങ്ങളുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്. ആഗോളതലത്തിൽ എയ്ഡ്‌സ്, ക്ഷയം, മലേറിയ പോളിയോ തുടങ്ങിയ രോഗങ്ങളുടെ നിർമ്മാർജനത്തിൽ ഗേറ്റ്സ് ഫൗണ്ടേഷൻ വലിയ പങ്കുവഹിക്കുന്നുണ്ട്. അതുപോലെ ദാരിദ്ര്യ ലഘൂകരണത്തിലും.

താനാർജിച്ച സമ്പത്ത് തിരിച്ച് സമൂഹത്തിലേക്ക് ഒഴുക്കേണ്ട കടമ തനിക്കുണ്ടെന്ന് ഗേറ്റ്സ് പറയുന്നു. തന്നെപ്പോലെയുള്ള മറ്റു ധനികരും ഇത്തരം നീക്കങ്ങളിൽ പങ്കുകൊള്ളുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോൾ ഫൗണ്ടേഷന് നൽകുന്നതിന്റെ ഇരട്ടി തുകയാണ് ബിൽ ഗേറ്റ്സ് ഇനി നൽകുക. തന്റെ കൈയിൽ നിന്ന് 2000 കോടി ഡോളർ കൂടി നൽകുക വഴി ഫൗണ്ടേഷന്റെ ആസ്തി 7000 കോടി ഡോളറായി മാറും.

നോക്കുക, എത്ര വലിയ മനുഷ്യസ്നേഹിയാണ് ബിൽ ഗേറ്റ്സ്. പക്ഷേ 90കളിൽ നമ്മുടെ നാട്ടിൽ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ എന്തൊക്കെയാണ്, ഇദ്ദേഹത്തിനെതിരെ പ്രചരിപ്പിച്ചത്. എത്രയെത്ര പേജുകളിലാണ്, സഖാക്കൾ ഗേറ്റ്സിന് എതിരെ ലേഖനം എഴുതിയത്. 'ഭൂമിയെ വിഴുങ്ങുന്ന തമോഗർത്തം, തൊഴിൽ തിന്നു ബകൻ, ലോക കമ്പ്യൂട്ടർ വ്യവസായത്തെ കുത്തകയാക്കിയ മുതലാളി' എന്നിങ്ങനെ എന്തെല്ലാം നീചമായ വിശേഷണങ്ങൾ! കോവിഡ് വാക്സിന്റെ പ്രവർത്തനം മന്ദഗതിയിലായിരുന്ന സമയത്ത് ബിൽഗേറ്റ്‌സ് 100 മില്യൺ ഡോളറാണ് തന്റെ ഫൗണ്ടേഷൻ മുഖേന സംഭാവന ചെയ്തത്. ഇതോടെ മറ്റുള്ളവരും ഉണർന്നു. ചൈനയിലെ രണ്ടാമത്തെ സമ്പന്നനായ ജാക്ക് മ അടക്കം പ്രമുഖർ കോടികൾ നൽകി.

ബിൽഗേറ്റ്സ് ചാരിറ്റി മേഖലയിലേക്ക് ഇറങ്ങിയതോടെയാണ് സമ്പന്നരുടെ സാമൂഹിക ഉത്തരവാദിത്വം എന്ന വിഷയം ലോകത്ത് വലിയ ചർച്ചയായത്. (അതിനമുമ്പേ തന്നെ ഇന്ത്യയിൽ രത്തൻ ടാറ്റയേപ്പോലുള്ളവർ, രാഷ്ട്ര നിർമ്മാണത്തിൽ സാമൂഹിക ഉത്തരവാദിത്വത്തോടെ പങ്കെടുത്തിരുന്നെന്നത് മറക്കാനാവില്ല) ആർജ്ജിച്ച സ്വത്തുക്കൾ ഈ സമുഹത്തിന് തന്നെ മടക്കിക്കൊടുക്കണം എന്ന ബിൽഗേറ്റ്സിന്റെ കാഴ്ചപ്പാട് ട്രെൻഡിങ്ങ് ആവുകയാണെങ്കിൽ, അത് ലോകത്തെ മാറ്റി മറിക്കുന്നുമെന്നതിൽ സംശയമില്ല.

13ാം വയസ്സിൽ പ്രോഗ്രാം എഴുതിയ പ്രതിഭ

വില്യം ഹെന്റി ഗേറ്റ്സ് മൂന്നാമൻ എന്നാണ് ബിൽ ഗേറ്റ്സിന്റെ പൂർണ്ണപേര്. 1955 ഒക്ടോബർ 28 അമേരിക്കയിലെ സിയാറ്റിലിൽ ഹെന്റി ഗേറ്റ്സ് സീനിയർ, മേരി മാക്സ്വെൽ എന്നിവരുടെ മകനായി ബിൽ ഗേറ്റ്സ് ജനിച്ചു. പിതാമഹൻ മേയർ ആയിരുന്നു. പിതാവ് ഒരു പ്രമുഖനായ വക്കീൽ ആയിരുന്നു. മാതാവ്, ഫസ്റ്റ് ഇന്റർസ്റ്റേറ്റ് ബാങ്ക് സിസ്റ്റം, യുണൈറ്റെഡ് വേ എന്നിവയിൽ ഡയറക്ടർ ബോർഡംഗമായിരുന്നു. അമ്മയുടെ പിതാവ് ജെ.ഡബ്ല്യു മാക്സ്വെൽ ഒരു നാഷനൽ ബാങ്കിന്റെ പ്രസിഡന്റുമായിരുന്നു. ബിൽ ഗേറ്റ്സിനെ ഒരു വക്കീലാക്കുവാനായിരുന്നു അവർക്ക് ആഗ്രഹം.

പക്ഷേ ബിൽ എന്ന് സുഹൃത്തുക്കൾ വിളിക്കുന്ന ഉത്സാഹഭരിതനായ ആ ചെറുപ്പക്കാരന് താൽപ്പര്യം ഗണിതത്തിൽ ആയിരുന്നു. ഗ്രേഡ് 8ൽ ആയിരുന്നപ്പോൾ സ്‌കൂളിലെ മദേഴ്സ് ക്ലബ് കുട്ടികൾക്കായി ഒരു പഴയ കംപ്യൂട്ടർ വാങ്ങി. ബില്ലിന്റെ കമ്പ്യൂട്ടർ പ്രണയം അവിടെ തുടങ്ങുന്നു. കമ്പ്യൂട്ടറുകളിൽ തന്റെ പ്രവർത്തനം തുടങ്ങിയപ്പോൾ ബിൽ ഗേറ്റ്സിന് വെറും 13 വയസ്സ് പ്രായം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൗമാരപ്രായത്തിൽ ഗേറ്റ്സ് തന്റെ ആദ്യ പ്രോഗ്രാം ഒരു ടെലിടൈപ്പ് കമ്പ്യൂട്ടറിൽ എഴുതി. കോഡിംഗിനുള്ള അദ്ദേഹത്തിന്റെ കഴിവ് സ്‌കൂൾ അധികൃതർ തിരിച്ചറിഞ്ഞു, കൂടാതെ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഷെഡ്യൂൾ ചെയ്യുന്ന ഒരു പ്രോഗ്രാം കൂടി വികസിപ്പിക്കുവാൻ അദ്ദേഹത്തെ ഏൽപ്പിക്കുകയും ചെയ്തു. കുട്ടിയുടെ താൽപര്യം മാനിച്ച് മറ്റ് ക്ലാസുകളിൽ നിന്നും വിട്ടുനിൽക്കാനും കൂടുതൽ കമ്പ്യൂട്ടറിൽ കേന്ദ്രീകരിക്കാനും അദ്ധ്യാപകർ അനുവദിച്ചു. ആളുകൾക്ക് കമ്പ്യൂട്ടറുമായി ഗെയിം കളിക്കാൻ ഉതകുന്ന ഒരു പ്രോഗ്രാമായിരുന്നു ആദ്യമായി ഗേറ്റ്സ് വികസിപ്പിച്ചത്. പിന്നെ കൂട്ടുകാരുമൊത്തുള്ള നിരന്തര പഠനവും നവീകരണങ്ങളും.

17ാം വയസിൽ അദ്ദേഹം പോൾ അലനുമായി ചേർന്ന് ട്രാഫ്-ഒ- ഡാറ്റ എന്ന ഒരു സംരംഭം ആരംഭിച്ചു. 1973ൽ ലേക്‌സൈഡ് സ്‌കൂളിൽ നിന്ന് ബിൽ ഗേറ്റ്സ് ബിരുദം നേടി. 1600-ൽ 1590 മാർക്ക് അദ്ദേഹത്തിന് ലഭിച്ചിരുന്നു. തുടർന്ന് ഹാർവാർഡ് കോളജിൽ ചേർന്നു. അവിടമാണ് ബിൽഗേറ്റ്സിലെ സംരംഭകനെ മോൾഡ് ചെയ്തത്.

മൈക്രാസോഫ്റ്റ് ജനിക്കുന്നു

ഹാർവാർഡിൽ വച്ചാണ് അദ്ദേഹം ഭാവി ബിസിനസ് പങ്കാളിയായ സ്റ്റീവ് ബാമറെ കണ്ടുമുട്ടിയത്. പിൽക്കാലത്ത് ഗേറ്റ്സ് മൈക്രോസോഫ്റ്റിന്റെ സിഇഒ. സ്ഥാനം ഒഴിഞ്ഞപ്പോൾ പകരം ബാമറെയാണ് ആ സ്ഥാനത്ത് നിയോഗിച്ചത്.

ഹാർവാഡിലെ പഠനകാലത്ത് ഗേറ്റ്സിന് പ്രത്യേക പഠനപദ്ധതികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അധികസമയവും അദ്ദേഹം കമ്പ്യൂട്ടറിൽ ചിലവഴിച്ചു. ഹണിവെല്ലിൽ പ്രോഗ്രാമറായി ജോലി നോക്കിയിരുന്ന പോൾ അല്ലനുമായി, ബിൽ ഗേറ്റ്സ് അപ്പോഴും സുഹൃദ്ബന്ധം നിലനിർത്തിയിരുന്നു. 1975ൽ ഇന്റൽ 8080 സിപിയു അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന മിറ്റ്സ് (മൈക്രോ ഇൻസ്റ്റ്റുമെന്റേഷൻ ഏൻഡ് ടെലിമെട്രി സിസ്റ്റംസ്) ആൾട്ടെയർ 8800 പുറത്തിറങ്ങി. ഗേറ്റ്സും അലനും ഇത് ഒരു സോഫ്‌റ്റ്‌വെയർ കമ്പനി തുടങ്ങാനുള്ള അവസരമായി കണ്ടു. ഈ തീരുമാനം മാതാപിതാക്കളെ അറിയിച്ചു. അവരും അനുകൂലമായിരുന്നു. മുടക്കുമുതലും അവർ നൽകി.

1975 നവംബറിൽ ഹാർവാർഡിൽ നിന്ന് അവധി എടുത്ത് ഗേറ്റ്സ് അലനൊടൊപ്പം ജോലിചെയ്യാൻ ചേർന്നു. അവർ മൈക്രോ-സോഫ്റ്റ് എന്ന നാമത്തിൽ ആൽബുക്കർക്കിയിൽ ഒരു ഓഫീസ് തുടങ്ങി. ഒരു വർഷത്തിനകം, പേരിനിടയിലെ ഹൈഫൻ ഒഴിവാക്കി. 1976-നവംബർ 26ന് 'മൈക്രോസോഫ്റ്റ്' എന്ന വ്യാപാരനാമം ന്യൂ മെക്സിക്കോ സംസ്ഥാനത്തിലെ സ്റ്റേറ്റ് സെക്രട്ടറിയുടെ കാര്യാലയത്തിൽ രജിസ്റ്റർ ചെയ്തു. 1979 ജനുവരി 1 നു കമ്പനി ആസ്ഥാനം ആൽബുക്കർക്കിയിൽ നിന്ന് വാഷിങ്ടണിലെ ബെല്ലിവ് എന്ന സ്ഥലത്തേക്കു മാറ്റി.

മൈക്രോസോഫ്റ്റിന്റെ ആദ്യവർഷങ്ങളിൽ എല്ലാ ജീവനക്കാർക്കും കമ്പനി ബിസിനസിൽ വലിയ ഉത്തരവാദിത്തം ഉണ്ടായിരുന്നു. കച്ചവടകാര്യങ്ങളുടെ മേൽനോട്ടത്തിനൊപ്പം പ്രോഗ്രാമുകൾ എഴുതുകയും ഗേറ്റ്സ് ചെയ്തിരുന്നു. ആദ്യ അഞ്ചു വർഷത്തിൽ കമ്പനി പുറത്തിറക്കിയ എല്ലാ സോഫ്റ്റ്‌വെയറിന്റെയും ഓരോ വരിയും ഗേറ്റ്സ് പരിശോധിക്കയും ഉചിതമെന്നു തോന്നുന്ന രീതിയിൽ മാറ്റി എഴുതുകയും ചെയ്തിരുന്നു.

ഐബിഎം കരാർ വഴി കോടീശ്വരനിലേക്ക്

പേഴ്സനൽ കംപ്യൂട്ടറിൽ ഉൾപ്പെടുത്താനായി, ഒരു ബേസിക് ഇറ്റർപ്രെട്ടർ വികസിപ്പിക്കാനായി ഐബിഎം. മൈക്രോസോഫ്റ്റിനെ സമീപിച്ചതാണ് ഗേറ്റ്സിന്റെ ജീവിതത്തിൽ നിർണ്ണായകം ആയത്. ഇതിനകം മൈക്രോസോഫ്റ്റ് , 86 ഡോസ് എന്ന പേരിൽ അത്തരം ഒന്നിന്റെ ഉടമസ്ഥാവകാശവും സ്വന്തമാക്കിയിരുന്നു. ഈ ഓപ്പറേറ്റിങ് സിസ്റ്റത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയതിനു ശേഷം പി.സി.-ഡോസ് എന്ന പേരിൽ ഒറ്റത്തവണവിലയായ 50,000 ഡോളറിന് ഐബിഎമ്മിന് നൽകുകയും ചെയ്തു.

മറ്റു ഹാർഡ്വെയർ നിർമ്മാതാക്കൾ, ഐബിഎം. പിസിയുടെ പകർപ്പുകൾ ഉണ്ടാക്കാനുള്ള സാധ്യത മുന്നിൽക്കണ്ട ഗേറ്റ്സ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ പകർപ്പവകാശം ഐബിഎമ്മിന് നൽകിയിരുന്നില്ല. ആ ഒരു തീരുമാനമാണ് അദ്ദേഹത്തെ കോടീശ്വരൻ ആക്കിയത്. ഗേറ്റ്സിന്റെ മുൻകാല അനുഭവം അങ്ങനെ ആയിരുന്നു. അതുതന്നെ സംഭവിച്ചു. വിവിധ ഹാർഡ്വെയർ നിർമ്മാതാക്കൾക്കായുള്ള എം.എസ്-ഡോസിന്റെ വൻ വിൽപ്പന, മൈക്രൊസൊഫ്റ്റിനെ, പേഴ്സനൽ കംപ്യൂട്ടർ സോഫ്‌റ്റ്‌വെയർ വിപണിയിലെ ഒരു പ്രധാനിയാക്കി മാറ്റി. കോടികൾ കമ്പനിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തി. ഐബിഎമ്മിന്റെ പേര് ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പമുണ്ടായിരുന്നെങ്കിലും പുതിയ കമ്പ്യൂട്ടറിന്റെ പിന്നിലെ മൈക്രോസോഫ്റ്റിന്റെ പ്രാധാന്യം മാധ്യമങ്ങൾ തിരിച്ചറിഞ്ഞു.

1981 ജൂൺ 25ന് മൈക്രോസോഫ്റ്റ് പുനഃസംഘടിപ്പിച്ചപ്പോൾ അതിന്റെ മേൽനോട്ടം ഗേറ്റ്സിനായിരുന്നു. കമ്പനി വാഷിങ്ടൺ സംസ്ഥാനത്ത് പുതുക്കി രജിസ്റ്റർ ചെയ്യുകയും ബിൽ ഗേറ്റ്സ് അതിന്റെ പ്രസിഡൻഡായൂം ബോർഡ് അദ്ധ്യക്ഷനായും മാറി. പിന്നീട് അദ്ദേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പേഴ്സണൽ കമ്പ്യൂട്ടർ വിൽപ്പനയിലുടെ അവർ കോടീശ്വരന്മാർ ആയി മാറി. ഹാർവാഡിൽ പഠിക്കുമ്പോൾ മുപ്പതാം വയസ്സിൽ ഞാൻ കോടീശ്വരൻ ആവും എന്നായിരുന്നു ബിൽഗേറ്റ്സ് പറഞ്ഞിരുന്നത്. പക്ഷേ അത് അൽപ്പം തെറ്റി. കൃത്യമായി പറഞ്ഞാൽ 31ാം വയസ്സിലാണ് അദ്ദേഹം കോടീശ്വരൻ ആകുന്നത്. 40ാം വയസ്സ് ആയപ്പോഴേക്കും ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനും.

സോഫ്റ്റ്‌വെയർ കാലത്തെ പ്രണയം

ദിവസവും 18 മണിക്കൂർ ജോലിചെയ്യുന്ന ഒരാൾക്ക് പ്രണയിക്കാൻ സമയമുണ്ടാവുമോ! പക്ഷേ പ്രണയത്തിന് കണ്ണും മൂക്കുമില്ല എന്ന് പറയുന്ന പോലെ സമയവും പ്രശ്നമല്ല എന്നതാണ് ബിൽഗേറ്റസിന്റെ ജീവിതം തെളിയിക്കുന്നത്.

അപ്രതീക്ഷിതമായാണ് ബിൽ ഗേറ്റ്‌സിന്റെ ജീവിതത്തിലേക്ക് മെലിൻഡ കടന്നുവരുന്നത്. 1987 ൽ മൈക്രോസോഫ്റ്റ് കമ്പനിയിൽ ജോലിക്കാരിയായാണ് എംബിഎ ബിരുദധാരിയായ മെലിൻഡ എത്തുന്നത്. ന്യൂയോർക്കിൽ പ്രൊഡക്ട് മാനേജരായിരുന്നു അവർ. ഒരു കമ്പനി ടൂറിനിടെയാണ് ഇരുവരും അടുത്തത്. തന്റെ കണ്ണിലേക്ക് കമ്പനി ഉടമ കൂടിയായ ഗേറ്റ്സ് നോക്കിയപ്പോൾ തന്നെ പ്രണയം ഫീൽ ചെയ്തിരുന്നുവെന്നും, എന്നാൽ സ്ത്രീസഹജമായ അൽപ്പം ജാഡയുടെ ഭാഗമായി താൻ അത് തുറന്ന് പറയാതെ കുറേക്കാലം നീട്ടിക്കൊണ്ടുപോയി എന്നാണ് മെലിൻഡ എഴുതിയത്. അത്താഴവിരുന്നിൽ ഒരുമിച്ചിരുന്നും, കടങ്കഥ പറഞ്ഞും, അരിത്തമെറ്റിക്ക് ഗെയിമുകൾ കളിച്ചുമാണ് ഞങ്ങൾ അടുത്തതെന്ന് എന്ന് അവർ തന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. അങ്ങനെ ഏഴ് വർഷത്തെ പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി.

1994 ൽ മെലിൻഡയെ വിവാഹം കഴിക്കുമ്പോൾത്തന്നെ ഗേറ്റ്സ് കോടീശ്വരനായി മാറിക്കഴിഞ്ഞിരുന്നു. ഹവായിയിലെ ലനായ് എന്ന മനോഹര ദ്വീപിൽ വിവാഹച്ചടങ്ങിന് ആൾക്കൂട്ടം വേണ്ടെന്ന് ഇരുവരും ആഗ്രഹിച്ചു. ക്ഷണിക്കാതെ തന്നെ ആളുകൾ ഇടിച്ചുകയറി വന്നാലോയെന്നു പേടിച്ച് പ്രദേശത്തു ലഭ്യമായിരുന്ന എല്ലാ ഹെലികോപ്റ്ററുകളും ഗേറ്റ്സ് വാടയ്ക്കെടുത്തു മാറ്റി വച്ചെന്നാണു കഥ. പക്ഷേ ഗേറ്റ്സിന്റെ ജീവിതത്തെ ജീവകാരുണ്യ പ്രവർത്തനങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതിലും, ഇന്നുകാണുന്ന രീതിയിലുള്ള സാമൂഹിക പ്രവർത്തകനായ മനുഷ്യസ്നേഹിയായി മാറ്റുന്നതിനും മെല്ിൻഡക്കുള്ള പങ്ക് വളരെ വലുതാണ്.

ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ തുടങ്ങുന്നത് അങ്ങയൊണ്. നമ്മുടെ നാട്ടിലെ 'നന്മ മരങ്ങളെ'പ്പോലെ, മറ്റുള്ളവരുടെ കാശ് സമാഹരിച്ചല്ല സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്താണ് അവരുടെ പ്രവർത്തനം. ഗേറ്റ്സ് ഫൗണ്ടേഷൻ, ആഫ്രിക്കയിലെയും ഏഷ്യയിലെയും മൂന്നാംലോക രാജ്യങ്ങളിലായി കോടിക്കണക്കിന് ഡോളറിന്റെ വിദ്യാഭ്യാസ- ആരോഗ്യ- ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങളാണ് നടത്തുന്നത്.

ഇന്ന് ലോകമെമ്പാടുമായി ഗേറ്റ്സ് ഫൗണ്ടേഷനിൽ 1800 പേരോളം പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ 5000 കോടിയിലേറെ ഡോളർ ഈ ഫൗണ്ടേഷൻ ചെലവഴിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായത്തിൽ യുഎസ് കഴിഞ്ഞാൽ ഏറ്റവും വലിയ തുക സംഭാവന നൽകുന്നത് ഫൗണ്ടേഷനാണ്്. ലോകമെമ്പാടും ദാരിദ്ര്യത്തിനും മാരകരോഗങ്ങൾക്കും എതിരെ ഈ സംഘടന പൊരുതുന്നു. കോവിഡുമായി ബന്ധപ്പെട്ട സേവനപ്രവർത്തനങ്ങൾക്കായി 175 കോടി ഡോളറാണ് കഴിഞ്ഞ വർഷം നീക്കിവച്ചത്. ശതകോടീശ്വരൻ വാറൻ ബഫറ്റുമൊത്തു ബില്ലും മെലിൻഡയും സ്ഥാപിച്ച 'ഗിവിങ് പ്ലെജ്' പദ്ധതിയിൽ പങ്കാളികളായി പകുതിയോളം സ്വത്ത് ജീവകാരുണ്യപ്രവർത്തനങ്ങളിൽ ചെലവിടാൻ മാർക്ക് സക്കർബർഗും മൈക്ക് ബ്ലൂംബർഗും ഉൾപ്പെടെ മറ്റു ശതകോടീശ്വരന്മാരുമുണ്ട്.

ലോകത്തെ ഞെട്ടിച്ച് അവർ പിരിയുന്നു

ബിൽഗേറ്റസും ഭാര്യ മെലിൻഡയും പരിയാൻ എടുത്ത തീരുമാനവും ലോകത്തെ ഞെട്ടിച്ചിരുന്നു. എല്ലാവർക്കും ആശങ്ക ഗേറ്റ്സ്- മെലിൻഡ ഫൗണ്ടേഷനെ കുറിച്ചായിരുന്നു. 'ഗേറ്റ്സ് മെലൻഡയും പിരിയുന്നത് അവരുടെ വ്യക്തിപരമായ കാര്യം. പക്ഷേ അതുകൊണ്ട് ഉണ്ടാവുക ആഫ്രിക്കയിലെ നിരവധി കുട്ടികൾ പട്ടിണികൊണ്ട് മരിക്കുക ആയിരിക്കും' എന്നാണ് മൈക്് ടോമർ എന്ന മാധ്യമ പ്രവർത്തകൻ കുറിച്ചത്. പക്ഷേ അവർ ആശങ്ക പരിഹരിച്ചു. ഫൗണ്ടേഷന് ഒരു കുഴപ്പവും വരില്ലെന്നും അതിൽ ഞങ്ങൾ ഇരുവരും ഒപ്പം ഉണ്ടാകുമെന്നും അവർ അറിയിച്ചു. വിവാഹ മോചന സമയത്ത് ഇരുവരും 1500 കോടി ഡോളർ ഫൗണ്ടേഷനു നൽകുമെന്ന് പ്രതിജ്ഞ എടുക്കുകയും ചെയ്തിരുന്നു. ബ്ലൂംബർഗ് ബില്ല്യനയേഴ്‌സ് പട്ടിക പ്രകാരം മെലിൻഡയുടെ ഇപ്പോഴത്തെ ആസ്തി 1030 കോടി ഡോളറാണ്.

വിവാഹമോചനത്തിന് മുമ്പേ തന്നെ ബിൽഗേറ്റ്സ് മൈക്രോ സോഫ്്റ്റിൽ നിന്ന് രാജിവെച്ചിരുന്നു. പക്ഷേ മൈക്രോസോഫ്റ്റ് ഏത് പ്രവർത്തനങ്ങളിലാണ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് എന്ന് സഹായിക്കുന്നതിനായി കമ്പനിയുടെ 'പേഴ്‌സണൽ ഏജന്റായി' അദ്ദേഹം ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്.

സഹപ്രവർത്തകയുമായുള്ള അതിരുവിട്ട ബന്ധങ്ങളാണ് ബിൽ ഗേറ്റ്‌സിന്റെ രാജിക്ക് കാരണമായതെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. പരാതിയെ തുടർന്ന് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഉന്നതാധികാര സമിതിയിൽ ബിൽഗേറ്റ്‌സ് തുടരുന്നതിനെ മൈക്രോസോഫ്റ്റ് ബോർഡ് എതിർത്തിരുന്നു. ഇതാണ് ഗേറ്റ്‌സിന്റെ മൈക്രോസോഫ്റ്റിൽ നിന്നുള്ള രാജിക്ക് കാരണമായതെന്നും വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടു ചെയ്തു.

തനിക്ക് ബിൽഗേറ്റ്‌സുമായി വർഷങ്ങൾ നീണ്ട ലൈംഗിക ബന്ധമുണ്ടായിരുന്നുവെന്ന മൈക്രോസോഫ്റ്റ് എൻജിനീയറുടെ കത്താണ് വിവാദത്തിനും തുടർന്ന് ഔദ്യോഗിക അന്വേഷണത്തിനും കാരണമായത്. മൈക്രോസോഫ്റ്റിനു പുറത്തുനിന്നുള്ള അന്വേഷണ ഏജൻസിയാണ് വിഷയം അന്വേഷിച്ചത്. അന്വേഷണകാലയളവിൽ ജീവനക്കാരിക്ക് വേണ്ട പിന്തുണ മൈക്രോസോഫ്റ്റ് നൽകിയിരുന്നുവെന്നും വാൾസ്ട്രീറ്റ് ജേണൽ വാർത്തയിലുണ്ട്. പക്ഷേ അന്വേഷണം പൂർത്തിയാകും മുൻപ് തന്നെ ബിൽഗേറ്റ്‌സ് മൈക്രോസോഫ്റ്റിൽ നിന്നു രാജിവച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിയെന്നാണ് ബിൽ പറഞ്ഞത്. ഉഭയസമ്മതപ്രകാരമുള്ള ഒരു ബന്ധം എന്നതിന് അപ്പുറം ഈ അന്വേഷണത്തിൽ പക്ഷേ കുറ്റകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ മെലിൻഡക്ക് ഇത് താങ്ങാൻ കഴിഞ്ഞില്ല എന്നാണ് പറയുന്നത്.

ബാലപീഡകൻ ജെഫ്രി എപ്‌സ്റ്റെയിനുമായുള്ള സൗഹൃദമാണ് വിവാഹമോചനത്തിന് മറ്റൊരു കാരണമായി പറയുന്നത്. പെൺകുട്ടികളെ പണവും മറ്റും നൽകി പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയും ഉന്നതർക്ക് കാഴ്ചവയ്ക്കുകയും ചെയ്തുവെന്ന കേസിലെ പ്രതിയായിരുന്നു ഇയാൾ. തുടർന്ന് ശിക്ഷ ലഭിച്ച ഇയാൾ 2019ൽ ജയിലിൽ ആത്മഹത്യ ചെയ്തു. ഇയാളുമായി ബിൽ ഗേറ്റ്സിന് സൗഹൃദമുണ്ടായിരുന്നു. ഇത് വിവാദവുമായിരുന്നു. ഇതിൽ മെലിൻഡ വളരെ രോഷാകുലയായിരുന്നു എന്നാണ് റിപ്പോർട്ട്. 2013 സെപ്റ്റംബറിൽ ബിൽ ഗേറ്റ്‌സ് ഒരു പ്രധാന അവാർഡ് വാങ്ങിയതിന് പിന്നാലെ മെലിൻഡയുമായി എപ്‌സ്റ്റെയിന്റെ ഫ്ളാറ്റിലാണ് ഒത്തുകൂടിയത്. ഇത് അന്ന് തന്നെ മെലിൻഡ എതിർത്തു. ഇരുവർക്കും ഇടയിൽ ഈ ബന്ധത്തിലൂടെ ഉണ്ടായ പ്രശ്നം വളർന്നാണ് ഇപ്പോൾ വിവാഹ മോചനത്തിലേക്ക് എത്തിയത് എന്നാണ് ചില മാധ്യമങ്ങൾ പറയുന്നത്. അതേ സമയം എപ്‌സ്റ്റെയിൻ കേസിൽ പെട്ടതോടെ 2019ൽ ഈ സൗഹൃദ ബന്ധത്തിൽ ബിൽ ഗേറ്റ്‌സ് പശ്ചാത്തപിച്ചിരുന്നുവെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ദാമ്പത്യത്തിലെ അസ്വാരസ്യങ്ങളെക്കുറിച്ച് ആത്മകഥയിലും അഭിമുഖങ്ങളിലും മെലിൻഡ സൂചിപ്പിച്ചിരുന്നൂ. ദിവസം 16 മണിക്കൂർ നിർത്താതെ ജോലി ചെയ്യുന്ന ബില്ലിനൊപ്പം വിവാഹബന്ധം ദുഷ്‌കരമായിരുന്നെന്ന് അവർ പറഞ്ഞിട്ടുണ്ട്. വനിത, കുടുംബ ക്ഷേമ പ്രവർത്തനങ്ങൾ ലക്ഷ്യമിട്ടു പിവറ്റൽ വെൻചഴ്സ് എന്ന ഇൻവെസ്റ്റ്മെന്റ് കമ്പനി സ്ഥാപിച്ച മെലിൻഡ ലോകപ്രശസ്തനായ ഭർത്താവിന്റെ നിഴലിൽനിന്നു പുറത്തുവന്ന് ആക്ടിവിസ്റ്റ് എന്ന നിലയിലും സ്വന്തം മുദ്ര പതിപ്പിച്ച വ്യക്തിയാണ്. ജെനിഫർ (25), റോറി (21) ഫീബി (18) എന്നിവരാണു മക്കൾ. അവകാശികളെന്ന നിലയിൽ ഇവർക്കു ലഭിക്കാവുന്ന കുടുംബസ്വത്തിൽ ഗേറ്റ്സ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പത്തുമില്യൺ ഡോളർ മാത്രമേ അവർക്ക് കൊടുക്കൂ വെന്നാണ് ഗേറ്റസും മിലിഡയും യോജിച്ച് എടുത്ത തീരുമാനം. അതിൽ മക്കൾക്കും പരാതിയില്ല, പകരം അഭിമാനമാണ്. നമ്മുടെ നാട്ടിലാണെങ്കിൽ സ്വത്തിനുവേണ്ടി കൊലപാതകം നടന്നേനെ!

ഇന്ത്യാ സന്ദർശനത്തിൽ കരഞ്ഞു

അസാധാരണമായ ഒരു മനുഷ്യസ്നേഹിയാണ് ബിൽഗേറ്റ്സ്. സാധാരണ ഇത്തരം സമ്പന്നർ ഇന്ത്യ സന്ദർശിച്ചാൽ താജ്മഹലും, ചെങ്കോട്ടയുമൊക്കെ കണ്ട് ഫോട്ടോയെടുത്ത് താജ് ഹോട്ടലിൽ അന്തിയുറങ്ങി, കുടിച്ച് അർമാദിച്ച് മടങ്ങുകയാണ് ചെയ്യുക. പക്ഷേ ബിൽഗേറ്റസ് നേരെ പോയത് ഇന്ത്യയിലെ ചേരികളിലേക്കാണ്. ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എവിടെപ്പോയാലും അദ്ദേഹം ചെയ്യുന്നത് അതുതന്നെ.

ബിൽ ഗേറ്റ്സിന്റെ ഇത്തരം അനുഭവങ്ങൾ പങ്കു വയ്ക്കുന്ന പുസ്തകമാണ് അശോക് അലക്സാണ്ടറുടെ 'എ സ്ട്രേഞ്ചർ ട്രൂത്ത്: ലെസൺസ് ഇൻ ലവ്, ലീഡർഷിപ്പ് ആൻഡ് കറേജ് ഫ്രം ഇന്ത്യാസ് സെക്സ് വർക്കേർസ്'.പത്ത് വർഷമായി ഗേറ്റ്സ് ഫൗണ്ടേഷന്റെ എയ്ഡ്സ് നിവാരണ പ്രോഗ്രാമിന്റെ തലവനാണ് അലക്സാണ്ടർ. ഇന്ത്യയിലെത്തിയ ബിൽ ഗേറ്റ്സും ഭാര്യയും മറ്റുപരിപാടികളെല്ലാം ഒഴിവാക്കി ലൈംഗികത്തൊഴിലാളികൾക്കിടയിൽ സമയം ചിലവഴിക്കുമായിരുന്നു. പൊള്ളുന്ന ജീവിതയാഥാർഥ്യങ്ങൾ മറയില്ലാതെ അവർ പറയുന്നത് ക്ഷമയോടെ കേട്ടിരിക്കുമായിരുന്നു. അത്തരമൊരു സംഭവത്തെക്കുറിച്ച് അലക്സാണ്ടർ പുസ്തകത്തിൽ പരാമർശിക്കുന്നത് ഇങ്ങനെ:''തറയിൽ ചമ്രംപടിഞ്ഞ് ബിൽ ഗേറ്റ്സും ഭാര്യയും ഇരുന്നു. ലൈംഗികത്തൊഴിലാളികൾ അവർക്ക് ചുറ്റുമിരുന്നു. എല്ലാവർക്കും പറയാനുണ്ടായിരുന്നത് ദാരിദ്ര്യത്തിന്റെയും അവഗണനയുടെയും കഥകൾ. എല്ലാത്തിനുമപ്പുറം അവരിലെവിടെയോ പ്രതീക്ഷയുടെ ഇനിയും കെടാത്ത തീപ്പൊരിയുണ്ടായിരുന്നു.

ഒരു സ്ത്രീയുടെ കഥ ബിൽ ഗേറ്റ്സിനെ കരയിച്ചു. ലൈംഗികത്തൊഴിലാളിയാണെന്ന വിവരം മകളിൽനിന്ന് മറച്ചുവെച്ച ഒരമ്മ. മകൾ ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ്. എങ്ങനെയോ ഒരിക്കൽ അവളുടെ സഹപാഠികൾ ഇക്കാര്യം അറിഞ്ഞു. പിന്നാലെ ക്ലാസ് റൂമിനുള്ളിൽ മകൾ നേരിട്ടത് ക്രൂരമായ കളിയാക്കലുകളും പീഡനവും. എല്ലാവരും അവളെ ഒറ്റപ്പെടുത്തി. വിഷാദരോഗം അവളെ വേട്ടയാടി.ഒരിക്കൽ വീട്ടിൽ തിരിച്ചെത്തിയ അമ്മ കണ്ടത് സീലിങ് ഫാനിൽ തൂങ്ങിയ നിലയിൽ മകളുടെ മൃതദേഹമാണ്. ഒപ്പം ഒരു കുറിപ്പും. ഇനി എനിക്കിത് സഹിക്കാനാകില്ല. എന്റെ തൊട്ടടുത്തിരിക്കുകയായിരുന്ന ബിൽ തല താഴ്‌ത്തി നിശബ്ദനായി കരയുകയായിരുന്നു''- ഇങ്ങനെയാണ് അലക്സാണ്ടർ എഴുതുന്നത്. ആ കണ്ണീരിന് കാര്യവുമുണ്ടായി. ലക്ഷക്കണക്കിന് ഡോളറാണ് ഇന്ത്യയിലെ ലൈംഗികത്തൊഴിലാളികളുടെ പുനുദ്ധാരണത്തിന് ഗേറ്റ്സ് ഫൗണ്ടേഷൻ അനുവദിച്ചത്.

കമ്യൂണിസ്റ്റുകാർ മാപ്പു പറയുമോ?

ഇന്ന് ആഗോള വ്യാപകമായി സ്വീകരിക്കപ്പെട്ട ഒരു മോട്ടിവേഷൻ സ്പീക്കർ കുടിയാണ് ബിൽഗേറ്റ്സ്. ആര് എന്ത് നല്ലത് ചെയ്താലും അദ്ദേഹം അതിനെ പ്രംശംസിക്കാറുണ്ട്. കോട്ടയം കുറുപ്പന്തറ കാഞ്ഞിരത്താനം സ്വദേശിനിയും ബിഹാറിലെ സാമൂഹിക പ്രവർത്തകയുമായ സിസ്റ്റർ സുധാ വർഗീസിന്റെ സേവനങ്ങളെ പ്രകീർത്തിച്ച് ബിൽഗേറ്റ്‌സ് ഒരിക്കൽ തന്റെ ബ്ലോഗിൽ എഴുതിയിരുന്നു. ഈയിടെയാണ് അദ്ദേഹം തന്റെ പഴയ ബയോഡാറ്റ റീപോസ്റ്റ് ചെയ്ത് ജോലി കിട്ടാത്തവർ വിഷമിക്കരുത്, വീണ്ടും ശ്രമിക്കുക എന്ന് പ്രചോദിപ്പിച്ചത്.

തന്റെ വിജയത്തിന് പിന്നിൽ ഭാഗ്യവും, കഠിനാധ്വാനവും സമയവുമാണെന്നാണ് അദ്ദേഹം പറയുക.ബിൽ ഗേറ്റ്സിന്റെ വിജയത്തെക്കുറിച്ചുള്ള ആദ്യ പാഠം ആര് ആദ്യം എന്നതാണ്.എത്രയും വേഗം ചെയ്യാനുള്ളത് ഉടനെ ചെയ്യുവാൻ ആരംഭിക്കുക. നിങ്ങളേക്കാൾ മികച്ച ആളുകളുമായി കൂടുതൽ സമയം ചിലവഴിക്കുക എന്നത് പ്രധാനമാണ് എന്നും ഗേറ്റ്സ് ചൂണ്ടിക്കാട്ടുന്നു.

ഗൂഢാലോചനാ വാദക്കാർക്ക്, പ്രത്യേകിച്ച് ഇസ്ലാമസിറ്റുകൾക്കും, കമ്യുണിസ്റ്റുകൾക്കും വില്ലനാണ് ബിൽഗേറ്റ്സ്. അദ്ദേഹത്തിന് ഫാർമസി കമ്പനികളിൽ നിക്ഷേപമുണ്ടെന്നും, അങ്ങനെ ലാഭമുണ്ടാക്കാനായി അദ്ദേഹവും കൂട്ടാളികളും കൂടെ ഉണ്ടാക്കിവിട്ട ഒന്നാണ് കൊറോണാ വൈറസ് എന്നും വരെ ആരോപണങ്ങളുയർത്തിയിട്ടുണ്ട്. ലോകത്തെ ജനസംഖ്യ കുറയ്ക്കുക എന്നത് ഗേറ്റ്സിന്റെ ഉദ്ദേശങ്ങളിലൊന്നാണ് തുടങ്ങിയ ആരോപണങ്ങളും അദ്ദേഹത്തിനെതിരെ ഉയർത്തപ്പെട്ടു. ഇതിലൊന്നും യാതൊരു കഥയും ഉണ്ടായിരുന്നില്ല. കേരളത്തിലും കമ്യുണിസ്റ്റുകളുടെ കുപ്രചാരണത്തിന് കുടപിടിച്ചുകൊണ്ട്, കപട ചികത്സകരും ഗേറ്റ്സിനെതിരെ അഴിഞ്ഞാടിയിരുന്നു. മലപ്പുറത്തെ ജനസംഖ്യ കുറക്കാൻ ബിൽഗേറ്റ്സും അമേരിക്കയും, മോദിയും ചേർന്ന് മീസെൽസ് റുബെല്ല വാക്സിനേഷനിൽ ചില രാസവസ്തുക്കൾ കലർത്തുന്നുവെന്നൊക്കെ ജേക്കബ് വടക്കൻചേരിയെപ്പോലുള്ളവർ ആരോപിച്ചിരുന്നു!

കുത്തകയെന്നും, മുതലാളിയെന്നും, തമോഗർത്തം എന്നുമൊക്കെയുള്ള പദാവലിയുമായി കമ്യൂണിസ്റ്റുകൾ ബിൽഗേറ്റ്സിനുനേരെ നടത്തിയ അധിക്ഷേപത്തിന് കണക്കില്ല. എകെജി സെന്ററിൽവരെ മൈക്രോസോഫ്റ്റ് ഉപയോഗിച്ചാണ് ഈ ഇരട്ടത്താപ്പ് എന്നോർക്കണം. ബിൽഗേറ്റ്സിന്റെ പുതിയ തീരുമാനം അവരുടെയും കണ്ണ് തള്ളിക്കുന്നതാണ്.

വാൽക്കഷ്ണം: 1997 വരെ ഗേറ്റ്‌സ് സ്വന്തമായി വിമാനം പറത്തുമായിരുന്നു. ഇത്രയൊക്കെ ചെയ്തിട്ടും എന്താണ് നിങ്ങളുടെ ഏറ്റവും വലിയ നിരാശ എന്ന് ഈയിടെ ഒരു സംവാദത്തിൽ വിദ്യാർത്ഥികൾ ബിൽ ഗേറ്റ്സിനോട് ചോദിച്ചു. മറുപടിക്ക് അദ്ദേഹം ഒട്ടും താമസിച്ചില്ല. 'എനിക്ക് ഭാഷ പഠിക്കാനുള്ള സ്‌കിൽ കുറവാണ്. ഒരു അന്യഭാഷയും അറിയില്ല എന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിരാശ. പക്ഷേ എന്നെ ഭാഷ തല്ലിപ്പഠിപ്പിക്കാതെ എന്റെ അഭിരുചികളിലേക്ക് തിരിച്ചുവിട്ട അദ്ധ്യാപകരാണ് യാഥാർഥ ഹീറോകൾ''- കുട്ടികളെ തല്ലിപ്പഴുപ്പിക്കുന്ന മലയാളി ഓർത്തുവെണ്ടേ വാചകങ്ങൾ തന്നെ.