ടിയന്തരവസ്ഥകാലത്ത് ഇന്ദിരാ ഗാന്ധിയുടെ കരിനിയമങ്ങളെ മറികടന്നാൻ പലതും മാദ്ധ്യമങ്ങൾ ചെയ്തിട്ടുണ്ട്. കളിയാക്കലിനും പരിഹാസത്തിനും വിമർശനത്തിനും പലതും ചെയ്തു. ദേശീയ പത്രമായ മാതൃഭൂമിയും ഈ പോരാട്ടത്തിന്റെ ഭാഗമായി.

ഇതിന് സമാനമാണോ മാതൃഭൂമി പോർട്ടലിൽ ഇന്ന് കണ്ട സിനിമാ റിവ്യൂ. മാതൃഭൂമിയിലെ ജേർണലിസ്റ്റായ സി നാരായണനെ പിരിച്ചുവിടുന്നു. അതിനെതിരെ പ്രതിഷേധവുമായി പത്രപ്രവർത്തക യൂണിയൻ മാർച്ച്. പ്രമുഖ മാദ്ധ്യമങ്ങളൊന്നും വാർത്ത കൊടുത്തില്ല. മാതൃഭൂമിയും പ്രതീക്ഷിച്ചതു പോലെ മൗനം പാലിച്ചു.

എന്തുകൊണ്ട് നാരായണനെ പുറത്താക്കിയെന്ന് പറയേണ്ട ബാധ്യത മാതൃഭൂമിക്കുണ്ടായിരുന്നു. അത് അവർ ചെയ്തില്ല. മാതൃഭൂമിയിലെ ആരും ജോലി പോകുമെന്ന ഭയത്താൽ സമരത്തിന് എത്തിയുമില്ല. ഇതിനിടെയാണ് മുതിർന്ന മാദ്ധ്യമ പ്രവർത്തകനായ ടി സുരേഷ് ബാബു സിനിമാ റിവ്യൂമായി എത്തുന്നത്.

ആഗോളിവൽക്കരണ കാലത്തെ തൊഴിൽ ചൂഷണങ്ങൾക്കെതിരെയുള്ള ബെൽജിയൻ സിനിമയാണ് ടി സുരേഷ് ബാബു നിരൂപണത്തിന് വിഷയമാക്കുന്നത്. ഒരു ആവശ്യവുമില്ലാതെ ബൽജിയൻ സിനിമയെ കുറിച്ചൊരു നിരൂപണം. അതിലൂടെ മാതൃഭൂമി മാനേജ്‌മെന്റിനോട് സുരേഷ് ബാബു ചില ചോദ്യങ്ങൾ ഉയർത്തുന്നതായാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അവർ അത് ആഘോഷവുമാകുന്നു.

അതുകൊണ്ട് തന്നെ സുരേഷ് ബാബുവിന്റെ ഫിലിംറിവ്യൂവും മാനേജ്‌മെന്റിൽ ചർച്ചയാകും. ബൽജിയൻ സംവിധായകരായ ഡാർഡൻ സഹോദരന്മാർ അധ്വാനവർഗത്തിൽ നിന്നാണ് എപ്പോഴും തങ്ങളുടെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. വിഷാദരോഗം കാരണം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു യുവതി ജോലി തിരിച്ചുകിട്ടാൻ നടത്തുന്ന പരിശ്രമങ്ങളാണ് ' ടൂ ഡെയ്‌സ് , വൺ നൈറ്റ് ' എന്ന പുതിയ സിനിമയിൽ അവർ ആവിഷ്‌കരിക്കുന്നത്്. ഈ യുവതിയുടെ ആത്മസംഘർഷങ്ങളിലൂടെയാണ് സിനിമയുടെ മുന്നോട്ട് പോക്ക്. ഈ സിനിമ നിരൂപണത്തിനായി തെരഞ്ഞെടുത്തതിൽ ഒരു നിലപാട് വിശദീകരണമുണ്ടെന്നാണ് വിലയിരുത്തലുകൾ.

സാന്ദ്ര ഓരോ തൊഴിലാളിയുടെയും വീട്ടിൽ പോകുന്ന സന്ദർഭങ്ങളിലാണ് സഹപ്രവർത്തകരോട് അവൾക്കുള്ള അടുപ്പവും കരുതലും എത്രമാത്രമുണ്ടായിരുന്നു എന്ന് സംവിധായകർ വിശദീകരിക്കുന്നത്. ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവർക്കും സാന്ദ്രയോടും സ്‌നേഹമാണ്. അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവർ ദുഃഖിതരുമാണ്.പക്ഷേ, അവർക്കു മുന്നിൽ അവരുടെ ഒരു ദുരിതജീവിതമുണ്ട്. ആയിരം യൂറോ ബോണസ് അവർക്ക് വലിയൊരു പ്രലോഭനമായി മാറുകയാണ്. വീടു നന്നാക്കാൻ, വീട്ടിൽ അത്യാവശ്യം സൗകര്യമൊരുക്കാൻ, കുട്ടികളുടെ പഠിപ്പിന് ... ഇങ്ങനെ അവരുടെ മുന്നിൽ ആവശ്യങ്ങളുടെ പട്ടിക നീണ്ടതാണ്. എന്നിട്ടും പകുതി പേർ സാന്ദ്രയോടൊപ്പം നിൽക്കാൻ തയ്യാറാവുന്നു. അവളുടെ മനസ്സിൽ തൊട്ടത്് ഈ സ്‌നേഹമാണ്. അതാണ് അവൾ അവസാനം അവർക്ക് തിരിച്ചുകൊടുക്കുന്നതും.-ഒരു പാട് അർത്ഥതലങ്ങൾ സുരേഷ് ബാബുവിന്റെ ഈ വാക്കുകൾക്കുണ്ട്. അത് നാരായണനോട് പരസ്യമാക്കാനാകാത്ത സ്‌നേഹ പ്രകടനമാണോ എന്നതാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.

മാതൃഭൂമി പോർട്ടലിലെ സുരേഷ് ബാബുവിന്റെ സിനിമാ നിരൂപണത്തിന്റെ പൂർണ്ണ രൂപം

തൊഴിൽ സംസ്‌കാരത്തിന്റെ പുതുപാഠങ്ങൾ
ടി. സുരേഷ് ബാബു

ബൽജിയൻ സംവിധായകരായ ഡാർഡൻ സഹോദരന്മാർ അധ്വാനവർഗത്തിൽ നിന്നാണ് എപ്പോഴും തങ്ങളുടെ കഥാപാത്രങ്ങളെ കണ്ടെത്തുന്നത്. വിഷാദരോഗം കാരണം കമ്പനിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു യുവതി ജോലി തിരിച്ചുകിട്ടാൻ നടത്തുന്ന പരിശ്രമങ്ങളാണ് ' ടൂ ഡെയ്‌സ് , വൺ നൈറ്റ് ' എന്ന പുതിയ സിനിമയിൽ അവർ ആവിഷ്‌കരിക്കുന്നത്്

ഫിന്നിഷ് സംവിധായകൻ അകി കോറിസ്മാക്കിയുടെ അതേ വിശ്വാസധാരയിലാണ് ബൽജിയൻ സംവിധായകരായ ഡാർഡൻ സഹോദരന്മാർ. സമൂഹത്തിലെ അടിത്തട്ടിൽ കഴിയുന്ന തൊഴിലാളി വർഗത്തിൽപ്പെട്ടവരാണ് മൂന്നു പേരുടെയും സിനിമകളിലെ കഥാപാത്രങ്ങൾ. ധാരാളിത്തത്തിൽ ജീവിക്കുന്നവരല്ല ഈ കഥാപാത്രങ്ങളൊന്നും. ദുരിതം നിറഞ്ഞ വഴികളിലൂടെ കടന്നുപോകുന്നവരാണവർ. വലുതായൊന്നും ആഗ്രഹിക്കാത്തവർ. നിസ്വമായ ചുറ്റുപാടുകളിൽ അവരങ്ങനെ രണ്ടറ്റവും മുട്ടിക്കാൻ പാടുപെടുന്നു. ഈ പ്രാരാബ്ധങ്ങൾക്കിടയിലും അവർ പരസ്പരം വെറുക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നുണ്ട്. എവിടെയോ ചില നന്മകൾ സൂക്ഷിക്കുന്നുണ്ടവർ. തെരുവിലെ ഷൂ പോളീഷുകാരനും ട്രക്ക് ഡ്രൈവറും ഹോട്ടൽത്തൊഴിലാളിയും ഇറച്ചിവെട്ടുകാരിയും തീപ്പെട്ടിക്കമ്പനി ജീവനക്കാരിയുമൊക്കെയാണ് കോറിസ്മാക്കിയുടെ നായികാനായകന്മാർ. ഡാർഡൻ സഹോദരന്മാരും തൊഴിലെടുക്കുന്നവരെയാണ് തങ്ങളുടെ ചിത്രങ്ങളിലൂടെ ഉയർത്തിക്കാട്ടുന്നത്.

ഡാർഡൻ സഹോദരന്മാരുടെ ഒമ്പതാമത്തെ സിനിമയാണ് ' ടൂ ഡെയ്‌സ് , വൺ നൈറ്റ് ( Two days, one night ). പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ എപ്പോഴും ആദരിക്കപ്പെടുന്നവരാണിവർ. ഴാങ് പിയറെ ഡാർഡൻ , ലുക് ഡാർഡൻ എന്നീ ഡാർഡൻ സഹോദരന്മാരുടെ ഏറ്റവും പുതിയ സിനിമയിലും തൊഴിലാളികളുടെ ജീവിതമാണ് വിഷയമാകുന്നത്. തൊട്ടുമുമ്പ് 2011 ൽ പുറത്തിറങ്ങിയ ' കിഡ് വിത്ത് എ ബൈക്ക് ' ( Kid with a bike ) എന്ന സിനിമയിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷമാണ് ' ടൂ ഡെയ്‌സി ' ൽ നമ്മൾ കാണുന്നത്. എങ്കിലും പറയാനുള്ള വിഷയം ഒന്നുതന്നെ. വീട്ടിൽ നിന്ന് ഒളിച്ചോടി അച്ഛനെ കാണാനെത്തി ഹതാശനാകുന്ന പന്ത്രണ്ടുകാരൻ സിറിൽ ആണ് 'കിഡി ' ലെ പ്രധാന കഥാപാത്രം. മകനെ സ്‌നേഹിക്കുന്നുണ്ടെങ്കിലും ജീവിച്ചുപോകാനുള്ള വെപ്രാളത്തിൽ അവന്റെ സംരക്ഷണം ഏറ്റെടുക്കാൻ റസ്റ്റോറന്റ്്് ജീവനക്കാരനായ അച്ഛനു കഴിയുന്നില്ല.

ഇവിടെ അച്ഛന്റെയും അമ്മയുടെയും സ്‌നേഹം സിറിളിന് കിട്ടുന്നത് സാമന്ത എന്ന ഹെയർ ഡ്രസ്സറിൽ നിന്നാണ്. സിറിളിന്റെ ശാഠ്യങ്ങളും വഴിതെറ്റിയ കൂട്ടുകെട്ടുകളുമൊക്കെ ശാന്തമായ മനസ്സോടെ തിരുത്തിക്കൊടുക്കാൻ ആവുന്നത്ര ശ്രമിക്കുന്നുണ്ട് സാമന്ത. തട്ടിമുട്ടിപ്പോകുന്ന ജീവിതത്തിനിടയിലും സിറിളിനുവേണ്ടി കാമുകനെ തള്ളിപ്പറയാൻപോലും അവൾ തയ്യാറാവുന്നു. ഒടുവിൽ, സ്‌നേഹത്തിന്റെ ശക്തിയെന്തെന്ന് സ്വയം മനസ്സിലാക്കുന്ന സിറിൽ സാമന്തയുടെ അരികിലേക്ക് ഓടിയണയുകയാണ്.

' ടൂ ഡെയ്‌സി ' ൽ എത്തുമ്പോൾ വളരെ സങ്കീർണമായ ഒരു പ്രശ്‌നമാണ് ഡാർഡൻ സഹോദരന്മാർ കൈകാര്യം ചെയ്യുന്നത്. ആഗോളവത്കരണത്തിന്റെ നീരാളിപ്പിടിത്തമാണ് ചർച്ചാവിഷയം. ബൽജിയത്തിലെ ഒരു സോളാർ കമ്പനിയിൽ മൂന്നു ദിവസത്തിനുള്ളിൽ നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ക്യാമറയുടെ സഞ്ചാരം. സ്വന്തം തൊഴിലുറപ്പിച്ചു നിർത്താൻ ബദ്ധപ്പെടുന്ന മനുഷ്യരുടെ ശോഭനമല്ലാത്ത ജീവിതമാണ് നമ്മൾ കാണുന്നത്. നിറഞ്ഞ കഷ്ടപ്പാടുകൾക്കിടയിലും അവരിൽ ചിലരെങ്കിലും സ്വന്തം ചോരയെ തിരിച്ചറിയുകയും ഒന്നിച്ചുനിൽക്കാൻ തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. സഹജീവിയുടെ കണ്ണീരിൽ പടുത്തുയർത്തുന്ന ജീവിതസുഖങ്ങളെ അവർ സന്ദേഹമേതുമില്ലാതെ വേണ്ടെന്നുവെക്കുന്നു.

വിഷാദരോഗത്തെത്തുടർന്ന് ജോലി നഷ്ടപ്പെടുമോ എന്ന ഭീതിയിൽ കഴിയുന്ന സാന്ദ്ര എന്ന യുവതിയുടെ അവസ്ഥാന്തരങ്ങളാണ് സിനിമയിൽ തെളിയുന്നത്. ഭർത്താവും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അവൾക്ക് എങ്ങനെയെങ്കിലും തന്റെ ജോലി നിലനിർത്തിയേ തീരൂ. ഒരു കുടുംബത്തിന്റെ മാത്രം കഥയല്ലിത്. എവിടെയുമുള്ള തൊഴിലാളി വർഗത്തിന്റെ നിസ്സഹായാവസ്ഥ പ്രതിഫലിക്കുന്നുണ്ടിതിൽ. ജോലി തിരിച്ചുതരാം, പക്ഷേ, അതിന് മറ്റ് തൊഴിലാളികൾ ത്യാഗം സഹിക്കണം എന്ന വിചിത്രവാദമാണ് സ്ഥാപനമുടമ മുന്നോട്ടുവെക്കുന്നത്. തൊഴിലാളികൾക്കിടയിൽ ഹിതപരിശോധന നടത്തിയാണ് അയാൾ അവളെ ജോലിയിൽ നിന്ന് ആദ്യം മാറ്റിനിർത്തുന്നത്. സഹപ്രവർത്തകയായ ജൂലിയറ്റിന്റെ ശ്രമഫലമായി അയാൾ സാന്ദ്രക്ക് ഒരവസരംകൂടി നൽകുന്നു. ഒരിക്കലും നടക്കാൻ പോകുന്നില്ല എന്ന വിശ്വാസത്തിൽ മറ്റു തൊഴിലാളികളുടെ ദാരിദ്ര്യത്തിലാണ് അയാൾ കണ്ണുവെക്കുന്നത്.

17 പേരുള്ള സ്ഥാപനത്തിൽ സാന്ദ്രയുടെ അസാന്നിധ്യത്തിലും ജോലി പതിവുപോലെ കൊണ്ടുപോകാനാകും എന്നയാൾ മനസ്സിലാക്കുന്നു. ഇങ്ങനെ അധികനേരം ചെയ്യുന്ന ജോലിക്ക് ഓരോരുത്തർക്കും ആയിരം യൂറോ അയാൾ ബോണസ്സായി വാഗ്ദാനം ചെയ്യുന്നു. സാമ്പത്തിക പ്രശ്‌നങ്ങളിൽപ്പെട്ട് ഉഴലുന്ന ജീവനക്കാർക്ക് നല്ലൊരു പിടിവള്ളിയായിരുന്നു ഈ ബോണസ് വാഗ്ദാനം. സഹപ്രവർത്തകയെ മറന്നും തങ്ങളുടെ ജീവിതം ഉറപ്പിക്കാനുള്ള ആഗ്രഹത്തിലായിരുന്നു അവരിൽ മിക്കവരും. അപ്പോഴാണ് ജൂലിയറ്റ് ഇടപെടുന്നത്. മൂന്നു ദിവസത്തിനകം തൊഴിലാളികൾക്കിടയിൽ മറ്റൊരു വോട്ടെടുപ്പിന് സ്ഥാപനമുടമ സമ്മതിക്കുന്നു. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. ശനിയും ഞായറും മാത്രമാണ് സാന്ദ്രയുടെ മുന്നിലുള്ളത്. ഭർത്താവിന്റെ ഉള്ളഴിഞ്ഞ സഹകരണത്തോടെ അവൾ കടുത്തൊരു പരീക്ഷണത്തിനു തയ്യാറാവുന്നു. 16 സഹപ്രവർത്തകരെയും അവൾ വീടുകളിൽച്ചെന്ന് നേരിട്ടു കാണുന്നു.

രണ്ടു പകലും ഒരു രാത്രിയും ബസ്സിലും കാറിലും നടന്നുമുള്ള സാന്ദ്രയുടെ യാത്രയാണ് ഈ സിനിമ. ഓരോ വീട്ടിലും അവൾ നേരിടുന്ന സമാനമായ ദുരിതസാഹചര്യങ്ങൾ. ചിലർ സാന്ദ്രക്കുനേരെ വാതിൽ കൊട്ടിയടയ്ക്കുന്നു. മറ്റു ചിലർ പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാട്ടി ബോണസ് എന്ന ചൂണ്ടയിൽ തങ്ങളെ കുരുക്കിയിടുന്നു. ഓരോ ഗൃഹസന്ദർശനവും സാന്ദ്രക്ക് പുതിയ ജീവിതപാഠങ്ങളാണ് നൽകുന്നത്. ധനാർത്തിയും സഹാനുഭൂതിയും എന്തെന്ന് അവളറിയുന്നു. അതവളെ ധീരമായ ഒരു തീരുമാനത്തിലെത്തിക്കുന്നു. ഉദാത്തമായ തൊഴിലാളിസ്‌നേഹമെന്തെന്ന് അവൾ ലോകത്തിനു കാണിച്ചുകൊടുക്കുകയാണ്. അപ്പോഴും, തീരാത്ത കടക്കെണിയിലേക്കും പ്രതിസന്ധികളിലേക്കുമാണ് അവൾ തന്നെയും കുടുംബത്തെയും തള്ളിവിടുന്നത്.

സാന്ദ്ര ഓരോ തൊഴിലാളിയുടെയും വീട്ടിൽ പോകുന്ന സന്ദർഭങ്ങളിലാണ് സഹപ്രവർത്തകരോട് അവൾക്കുള്ള അടുപ്പവും കരുതലും എത്രമാത്രമുണ്ടായിരുന്നു എന്ന് സംവിധായകർ വിശദീകരിക്കുന്നത്. ഒന്നോ രണ്ടോ പേരൊഴികെ മറ്റെല്ലാവർക്കും സാന്ദ്രയോടും സ്‌നേഹമാണ്. അവളുടെ ഇപ്പോഴത്തെ അവസ്ഥയിൽ അവർ ദുഃഖിതരുമാണ്.

അതിരുകൾക്കപ്പുറത്തേക്ക് കടന്നുചെല്ലുന്ന സഹജീവിസ്‌നേഹമാണ് സാന്ദ്ര പ്രകടിപ്പിക്കുന്നത്. ബോണസ് നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും പകുതി ജീവനക്കാർ സാന്ദ്രയോടൊപ്പം നിന്നത് കമ്പനിയുടമക്കേറ്റ തിരിച്ചടിയായിരുന്നു. ഒടുവിൽ എല്ലാ ജീവനക്കാർക്കും ബോണസ് നൽകാൻ അയാൾ തയ്യാറാവുന്നു. ഒരു കറുത്ത വർഗക്കാരനൊഴികെ സോളാർ കമ്പനിയിലെ ജീവനക്കാരെല്ലാം നാട്ടുകാരാണ്. കറുത്ത വർഗക്കാരൻ കരാർ ജീവനക്കാരനാണ്. അവന്റെ കോൺട്രാക്ട് ഉടനെ കഴിയും. അതിനുശേഷം അത് വീണ്ടും പുതുക്കണം. ഈയൊരു ദുർഘടസന്ധിയിലും അവനും സാന്ദ്രയെ പിന്തുണക്കുന്നു. സാന്ദ്രയുടെ വിശ്വാസത്തെ പിടിച്ചുലച്ചു ഈ പിന്തുണ. കമ്പനിയുടമ സൗമനസ്യത്തിന്റെ മറവിൽ കണ്ണുവച്ചതും ഈ കരാർ ജീവനക്കാരനെയായിരുന്നു. അവനെ മാറ്റി പകരം സാന്ദ്രയെ നിയമിക്കാം എന്ന വ്യവസ്ഥയാണ് അയാൾ സാന്ദ്രയുടെ മുന്നിൽ അവതരിപ്പിക്കുന്നത്. അപ്പോഴും അയാളുദ്ദേശിച്ച 16 തൊഴിലാളികൾ എന്ന അവസ്ഥയിലെത്തും. പക്ഷേ, സാന്ദ്രയുടെ ദൃഢനിശ്ചയം അയാളുടെ കുടിലതന്ത്രങ്ങളെ പരാജയപ്പെടുത്തുന്നു.

കഥാപാത്രങ്ങളെ തുടക്കത്തിൽത്തന്നെ കൃത്യമായ പശ്ചാത്തലത്തിൽ കൊണ്ടുനിർത്തുന്നു സംവിധായകർ. സാന്ദ്രയുടെ കുടുംബത്തെയാണ് ആദ്യം പരിചയപ്പെടുത്തുന്നത്. ഹോട്ടലിൽ വെയിറ്ററാണ് ഭർത്താവ്. അയാളുടെ മാത്രം വരുമാനം കൊണ്ട് എങ്ങുമെത്തില്ല. കുട്ടികളുടെ വിദ്യാഭ്യാസം, വീടിന്റെ കടം. എല്ലാം അയാളെ പേടിപ്പെടുത്തുന്നു. ഏതാനും ഷോട്ടുകളിൽ നിന്നുതന്നെ സാന്ദ്രയുടെ മാനസികാവസ്ഥ നമുക്ക് മനസ്സിലാകും. അവളുടെ ഉള്ളിലെ നെരിപ്പോട് അത്രയെളുപ്പം അണയുന്നതല്ല. ഗുളികകൾ വിഴുങ്ങിയാണ് അവൾ സമനില വീണ്ടെടുക്കുന്നത്. എപ്പോഴും കൂടെ നിൽക്കുന്ന ഭർത്താവിനെപ്പോലും അവൾക്ക് സംശയമാണ്. അയാൾക്ക് തന്നോട് സഹതാപമാണ്, സ്‌നേഹമല്ല എന്നാണവളുടെ ധാരണ. ഹിതപരിശോധനയിൽ നിന്ന് പിന്മാറാൻ അവൾ പലപ്പോഴും തയ്യാറാവുന്നുണ്ട്. അപ്പോഴൊക്കെ അതിൽ നിന്ന് പിന്തിരിപ്പിക്കുന്നത് ഭർത്താവാണ്.

പ്രശസ്തമായ കാൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ' പാം ഡി ഓർ ' രണ്ടു തവണ നേടാനുള്ള അപൂർവഭാഗ്യം ഏഴ് സംവിധായകർക്കേ ഉണ്ടായിട്ടുള്ളു. അവരിൽ രണ്ടു പേർ ഡാർഡൻ സഹോദരന്മാരാണ്. 1999 ൽ ' റോസെറ്റ ' , 2005 ൽ ' ദ ചൈൽഡ് ' എന്നീ ചിത്രങ്ങളാണ് ഡാർഡൻ സഹോദരന്മാർക്ക് ഈ ബഹുമതി നേടിക്കൊടുത്തത്. 2014 ൽ ' ടൂ ഡെയ്‌സ് , വൺ നൈറ്റ് ' പാംഡി ഓറിന് മത്സരിച്ചെങ്കിലും ജയിക്കാനായില്ല. സൂറിച്ച്, സിഡ്‌നി ഫിലിം മേളകളിൽ അവാർഡിനർഹമായിട്ടുണ്ട് ' ടൂ ഡെയ്‌സ് ' . 2014 ൽ വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കർ അവാർഡിന് മത്സരിക്കാൻ ബെൽജിയം അയച്ചത് ഈ ചിത്രമാണ്. 2014 ൽ ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ' ടൂ ഡെയ്‌സ് ' പ്രദർശിപ്പിച്ചിട്ടുണ്ട്്.

ഡാർഡൻ സഹോദരന്മാരിൽ ഴാങ് ആണ് മൂത്തത്. 64 വയസ്സായി. ഇളയവൻ ലുക്കിന് 61. അറുപതോളം ഡോക്യുമെന്ററികൾ ചെയ്ത് കൈത്തഴക്കം വന്നശേഷമാണ് ഇരുവരും കഥാചിത്രങ്ങളിലേക്ക് കടന്നത്. 1980 കളുടെ ഒടുവിലായിരുന്നു ഇത്. ആദ്യത്തെ രണ്ടു സിനിമകളും അത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഫാൽഷ് (1989) എന്ന സിനിമയിലാണ് തുടക്കം. ' ഐ തിങ്ക് ഓഫ് യൂ ' (1992) ആണ് രണ്ടാമത്തെ സിനിമ. മൂന്നാമത്തെ ചിത്രമായ ദ പ്രോമിസി 1996) ലൂടെ ഡാർഡൻ സഹോദരന്മാർ ലോകശ്രദ്ധ നേടി. റോസെറ്റ (1999) , ദ സൺ (2002) , ദ ചൈൽഡ് (2005) , ലോർണാസ് സൈലൻസ് (2008) , ദ കിഡ് വിത്ത് എ ബൈക്ക് (2011) , ടൂ ഡെയ്‌സ് വൺ നൈറ്റ് (2014) എന്നിവയാണ് മറ്റ് ഡാർഡൻചിത്രങ്ങൾ.

10 വർഷം മനസ്സിൽ കൊണ്ടുനടന്ന ഇതിവൃത്തമാണ് 2014 ൽ സാക്ഷാത്കരിച്ചത് എന്ന് ഡാർഡൻ സഹോദരന്മാർ പറയുന്നു. ആദ്യം സാന്ദ്ര എന്ന കഥാപാത്രമാണ് കടന്നുവന്നത്. നായികയെ അവതരിപ്പിക്കാൻ മരിയോൺ കോട്ടിലാർഡ് എന്ന നടിയെ കിട്ടിയതോടെ ഡാർഡന്മാരുടെ പരിശ്രമം സഫലമായി. ഒരേസമയം ദുഃഖിതയും ദൃഢചിത്തയുമായ സാന്ദ്രയെ മരിയോൺ അനശ്വരയാക്കി. സെറെയിങ് എന്ന വ്യാവസായിക നഗരത്തിലാണ് ഡാർഡൻ സഹോദരന്മാരുടെ ജനനം. തൊഴിലാളി വർഗത്തെയും അവരുടെ അധ്വാനവും കണ്ടാണ് വളർന്നത്. മാറിവരുന്ന ലോകത്തെ എടുത്തുകാണിക്കലാണ് തങ്ങൾക്ക് സിനിമ എന്ന് ഈ സംവിധായകർ അടിവരയിടുന്നു. ആഗോളീകരണത്തിന്റെ കഠിനയാഥാർഥ്യങ്ങൾക്കുനേരെ അവർക്ക് കണ്ണടയ്ക്കാനാവില്ല. എവിടെയും എപ്പോഴും എന്തെങ്കിലും ന്യായം പറഞ്ഞ്് തൊഴിലാളികളെ പിരിച്ചുവിടാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ജോലിയില്ലാത്ത ഒരാൾ സമൂഹത്തിന് ഭാരമായാണ് സ്വയം കാണുന്നത്.

തങ്ങളുടെ അസ്തിത്വം പോലും ചോദ്യം ചെയ്യപ്പെടുന്നതായി അവർക്കു തോന്നും. ഈയൊരു സാഹചര്യത്തിൽ ഊന്നിക്കൊണ്ടാണ് ' ടൂ ഡെയ്‌സ് ' രൂപപ്പെടുത്തിയത്. പുതിയൊരു തൊഴിൽ സംസ്‌കാരത്തിന്റെ ഉദ്‌ഘോഷമാണ് ഈ സിനിമ. ട്രേഡ് യൂനിയന്റെ പിൻബലമില്ലാതെ, തൊഴിലാളിസാഹോദര്യത്തിന്റെ ആത്മബലം കൊണ്ടാണ് സാന്ദ്രയും കൂട്ടുകാരും വിജയത്തിനടുത്തെത്തുന്നത്. സാന്ദ്രക്ക് ജോലി തിരിച്ചുകിട്ടിയോ എന്ന ചോദ്യത്തിനല്ല ഇവിടെ പ്രസക്തി. തൊഴിലാളികളെ ഒരുമിപ്പിക്കാൻ അവൾ നടത്തിയ ഒറ്റയാൾശ്രമം പാതിയെങ്കിലും വിജയിച്ചോ എന്ന ചോദ്യത്തിനാണ്. വോട്ടെടുപ്പിൽ തോറ്റ് കമ്പനിയിൽ നിന്ന് തിരിച്ചുവരുന്ന സാന്ദ്രയുടെ മുഖത്ത് വിഷാദഭാവമേയില്ല. ജീവിതത്തെ വീണ്ടും തേച്ചുമിനുക്കിയെടുക്കാം എന്ന ദൃഢഭാവമാണ് ആ മുഖത്ത് തെളിയുന്നത്.