ലണ്ടൻ: യൂറോപ്യൻ യൂണിയൻ വിടുന്ന ബ്രിട്ടൻ അഗോള വിപണിയിൽ മുന്നിൽ നിൽക്കുന്ന ചൈനയുമായുള്ള വ്യാപാര ബന്ധം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ബ്രിട്ടനിൽനിന്ന് ചൈനയിലേക്കുള്ള ആദ്യ തീവണ്ടി തിങ്കളാഴ്ച യാത്ര പുറപ്പെട്ടു. ഏഴു രാജ്യങ്ങളിൽക്കൂട്ടി സഞ്ചരിക്കുന്ന തീവണ്ടി സിൽക്ക് റൂട്ട് പുനഃസ്ഥാപിക്കാനുള്ള ചൈനീസ് പദ്ധതിയുടെ ഭാഗം കൂടിയാണ്.

എസക്സിൽ നിന്ന് തിങ്കളാഴ്ച യാത്രതിരിച്ച ചരക്കു തീവണ്ടി 12,070 കിലോമീറ്ററിലധികം സഞ്ചരിച്ച് 17 ദിവസത്തിനുശേഷം ജാജിയാങ് പ്രവിശ്യയിലെ യിവു എന്ന വാണിജ്യനഗരത്തിലെത്തും.

ഫ്രാൻസ്, ബെൽജിയം, ജർമനി, പോളണ്ട്, ബെലാറസ്, റഷ്യ, കസാഖ്സ്താൻ എന്നീ ഏഴു രാജ്യങ്ങളിലൂടെയാണ് വണ്ടിക്ക് കടന്നുപോകേണ്ടത്. ചൈനയിൽനിന്ന് ബ്രിട്ടനിലേക്കുള്ള ചരക്കുവണ്ടി മൂന്നുമാസം മുമ്പ് എത്തിയിരുന്നു.

പുരാതനമായ 'പട്ടിന്റെ പാത' (സിൽക്ക് റൂട്ട്) പുനരുദ്ധരിക്കുന്നതിന്റെ ഭാഗമായി ചൈന ആരംഭിച്ച 'വൺ ബെൽറ്റ്, വൺ റോഡ്' പദ്ധതിപ്രകാരമാണ് പുതിയ തീവണ്ടി സർവീസ്. 2000 വർഷം വരെ പഴക്കമുള്ള വ്യാപാരപാതകളിലൊന്നാണിത്.

ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിടുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് വൻപ്രാധാന്യമാണ് കല്പിക്കുന്നതെന്ന് നിലവിലെ പ്രധാനമന്ത്രി തെരേസാ മെയ്‌ പറയുന്നു.