തിരുവനന്തപുരം: മൂർഖൻ പാമ്പിനെ പിടികൂടുന്നതിനിടെ കടിയേറ്റ് വാവ സുരേഷ് അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ സംഭവത്തെ തുടർന്ന് പാമ്പുപിടിത്തത്തെക്കുറിച്ച് വിപുലമായ ചർച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ നടക്കുന്നത്. വാവ സുരേഷിന്റേത് അശാസ്ത്രീയമായ പാമ്പുപിടിത്ത രീതിയാണെന്ന വിമർശനവും ഉയരുന്നുണ്ട്.

സുരേഷിനെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തുണ്ട്. പലരും സ്വന്തം അനുഭവം തുറന്നു പറയുന്നു. ഇതിനിടെയാണ് അനായാസം ഒരു മൂർഖൻ പാമ്പിനെ പിടിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കടയിലാണ് ഈ സംഭവം. വനംവകുപ്പിലെ ഉദ്യോഗസ്ഥയായ ആര്യനാട് കുളപ്പട സ്വദേശിനി ജി എസ് രോഷ്‌നിയാണ് ജനവാസ കേന്ദ്രത്തിൽനിന്ന് മൂർഖൻ പാമ്പിനെ പിടികൂടിയത്. രോഷ്‌നി അനായാസം പാമ്പിനെ പിടികൂടി ചാക്കിലാക്കുന്ന ദൃശ്യമാണ് പ്രചരിക്കുന്നത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വെള്ളനാട് പുനലാൽ ഐസക്കിന്റെ വീട്ടിന് സമീപത്തായി മൂർഖൻ പാമ്പിനെ കണ്ടത്. ഈ വിവരം ഉടൻ തന്നെ വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിൽ വിളിച്ച് അറിയിച്ചു. ഇതേത്തുടർന്ന് റാപ്പിഡ് റെസ്‌പോൺസ് ടീം അംഗമായ ബീറ്റ് ഓഫീസർ രോഷ്‌നിക്ക് വിവരം കൈമാറുകയും ചെയ്തു.

സ്ഥലത്തെത്തിയ രോഷ്‌നി വളരെ അനായാസം വിദഗ്ദ്ധമായി പാമ്പിനെ പിടികൂടി. പാമ്പിനെ കണ്ടെത്താൻ അൽപ്പം സമയം എടുത്തെങ്കിലും പിടികൂടാൻ അധിക സമയം വേണ്ടി വന്നില്ല. പാമ്പിനെ പിടികൂടി ഉടൻ തന്നെ ചാക്കിലാക്കി അവിടെ നിന്ന് പോകുകയും ചെയ്തു. വിവരം അറിഞ്ഞ് പ്രദേശവാസികൾ തടിച്ചുകൂടിയെങ്കിലും, പാമ്പിനെ പ്രദർശിപ്പിക്കാൻ രോഷ്‌നി തയ്യാറായില്ല. പിടികൂടിയ പാമ്പിനെ വൈകിട്ട് തന്നെ പാലോട് വനത്തിൽ തുറന്നു വിടുകയും ചെയ്തു.

2017ൽ വനംവകുപ്പിൽ ഫോറസ്റ്റ് ബീറ്റ് ഓഫീസറായാണ് രോഷ്‌നി ജോലിയിൽ പ്രവേശിക്കുന്നത്. 2019ൽ പാമ്പുപിടിത്തത്തിൽ പരിശീലനം നേടി. അതിന് മുമ്പ് വരെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ ജോലിയായിരുന്നു രോഷ്‌നിക്ക്. ഇപ്പോൾ ചുട് കൂടിയ സമയമായതിനാലാണ് പാമ്പുകളെ കൂടുതലായി ജനവാസകേന്ദ്രങ്ങളിൽ കണ്ടുവരുന്നതെന്ന് രോഷ്മി പറയുന്നു. കൂടാതെ പ്രജനന കാലം ആയതിനാലും പാമ്പുകൾ കൂടുതൽ തണുപ്പുള്ള സ്ഥലങ്ങളിലേക്ക് മാറുകയും ചെയ്യുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ പാമ്പിനെ പിടികൂടുന്നത് അനായാസമാണെന്നും അത് വൈദഗ്ദ്ധ്യം വേണമെന്നുമാണ് രോഷ്‌നി പറയുന്നത്.

വനംവകുപ്പിൽ ജോലി ലഭിക്കുന്നതിന് മുമ്പ് ദൂരദർശനിലും ആകാശവാണിയിലും അവതാരകയായിരുന്നു രോഷ്‌നി.സഹകരണ വകുപ്പ് സീനിയർ ഇൻസ്പെക്ടർ എസ് എസ് സജിത്കുമാറാണ് ഭർത്താവ്.ദേവനാരായണൻ ,സൂര്യ നാരായണൻ എന്നിവർ മക്കളും