- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രതിയുടെ സുവിശേഷങ്ങൾ
യേശുക്രിസ്തു കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവും ജനപ്രിയതയുള്ള കഥാപാത്രം മഗ്ദലനമറിയമാണ്. കാലങ്ങളായി പാശ്ചാത്യ കലാ, സാഹിത്യഭാവനകളെ ഇളക്കിമറിക്കുന്ന നിരവധി രചനകൾക്കു പ്രചോദനമായ പ്രമേയമാണ് യേശുവും മഗ്ദലിനയും തമ്മിലുള്ള ബന്ധത്തിലെ സന്ദിഗ്ദ്ധതകൾ. യേശുവും മഗ്ദലിനയും തമ്മിലുണ്ടായിരുന്നത് ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ലെന്നും മഗ്ദലിനയ
യേശുക്രിസ്തു കഴിഞ്ഞാൽ ബൈബിളിൽ ഏറ്റവും ജനപ്രിയതയുള്ള കഥാപാത്രം മഗ്ദലനമറിയമാണ്. കാലങ്ങളായി പാശ്ചാത്യ കലാ, സാഹിത്യഭാവനകളെ ഇളക്കിമറിക്കുന്ന നിരവധി രചനകൾക്കു പ്രചോദനമായ പ്രമേയമാണ് യേശുവും മഗ്ദലിനയും തമ്മിലുള്ള ബന്ധത്തിലെ സന്ദിഗ്ദ്ധതകൾ. യേശുവും മഗ്ദലിനയും തമ്മിലുണ്ടായിരുന്നത് ഗുരു-ശിഷ്യബന്ധം മാത്രമായിരുന്നില്ലെന്നും മഗ്ദലിനയെ യേശു വിവാഹം കഴിക്കുകയും അവളിൽ കുഞ്ഞുങ്ങളുണ്ടാവുകയും അതുവഴി തന്റെ വംശപരമ്പരയുടെ ഒരു രക്തരേഖ (Blood line) രൂപപ്പെടുത്തുകയും ചെയ്തുവെന്നുമുള്ള മിത്തിൽ നിന്നാണ് 'ഡാവിഞ്ചികോഡ്' എന്ന ഏറ്റവും പ്രസിദ്ധമായ സമീപകാല ജനപ്രിയനോവലുകളിലൊന്നിന്റെ പിറവി. 'ഡാവിഞ്ചികോഡി'നു മുൻപും പിൻപുമായി എത്രയെങ്കിലും കൃതികൾ (ശില്പം, ചിത്രം, സാഹിത്യം, സിനിമ..) ഈ വിഷയം ആവിഷ്‌ക്കരിക്കുന്നവയായുണ്ട്. ലിയോനാർഡോ ഡാവിഞ്ചിയും കസാൻദ്‌സാക്കിസും സറമാഗുവും ആൻഡ്രുവെബറും... ഇവയ്‌ക്കൊപ്പം ഡസൻകണക്കിനു പുസ്തകങ്ങൾ മഗ്ദലിനയുടെ ജീവിതവും 'ചരിത്ര'വും ചർച്ചചെയ്യുന്നു.[BLURB#1-VL]
1896-ൽ' മഗ്ദലനമറിയത്തിന്റെ സുവിശേഷം' കണ്ടുകിട്ടിയതോടെ പ്രാചീന സഭാചരിത്രത്തിൽ സ്ത്രീകളുടെ പങ്കും സ്ഥാനവും സംബന്ധിച്ച പുതിയ പഠനശാഖകൾ തന്നെ രൂപംകൊണ്ടു. ബെയ്ജന്റ്, ലീ, ലിങ്കൺ എന്നിവർ ചേർന്നെഴുതിയ 'ഹോളിബ്ലഡ്', 'ഹോളിഗ്രെയ്ൽ', അന്റിമർജനന്റെ 'ദ വുമൻ ജീസസ് ലവ്ഡ്', ജയ്ൻ ഷാബെർഗിന്റെ 'ദ റിസറക്ഷൻ ഓഫ് മേരിമഗ്ദലിൻ', എസ്‌തെർ ദബോയറുടെ 'മേരി മഗ്ദലിൻ: ബിയോണ്ട് ദ മിത്ത്' എന്നിങ്ങനെ നിരവധി കൃതികൾ മഗ്ദലനമറിയത്തിന്റെ ജീവിതവും 'ചരിത്ര'വും ക്രിസ്തുവിന്റെ ജീവിതത്തിനും 'ചരിത്ര'ത്തിനും സമാന്തരമായി കണ്ടെത്തുന്നു.
മഗ്ദലിന, വേശ്യയായിരുന്നുവെന്നും അല്ലെന്നുമുള്ള തർക്കം പോലെതന്നെ പ്രസിദ്ധമാണ് മഗ്ദലിന യേശുവിന്റെ ഭാര്യയായെന്നും ഇല്ലെന്നുമുള്ള തർക്കവും. തന്റെ നോവലിന്റെ ആഖ്യാതാവായ ലക്ഷ്മിയെ മഗ്ദലിനയുടെ ആത്മീയപിന്തുടർച്ചക്കാരിയാക്കി മാറ്റിക്കൊണ്ടാണ് രതീദേവി ഈ വിഷയത്തിന്റെ ചർച്ച ഏറ്റെടുക്കുന്നത്. ഒപ്പം, ക്രിസ്തുവിന്റെ ക്രൂശാരോഹണവും അനന്തര ജീവിതവും സംബന്ധിച്ചുണ്ടായ കുപ്രസിദ്ധമായ ചില വ്യാഖ്യാനങ്ങളും.
ഭരണകൂടം കുരിശുമരണം വിധിച്ച യേശു, കല്ലറയിൽനിന്ന് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റുവെന്നാണ് സുവിശേഷങ്ങൾ പറയുന്നതും ക്രൈസ്തവർ വിശ്വസിക്കുന്നതും. ക്രിസ്തുവിന്റെ ജീവിതത്തെക്കാൾ പ്രധാനമാണ് അദ്ദേഹത്തിന്റെ മരണം എന്നർഥം. പക്ഷെ കുരിശിൽ മരിച്ചുവെന്നു കരുതി ബന്ധുക്കൾക്കു സംസ്‌കരിക്കാൻ വിട്ടുകൊടുത്ത യേശുവിന്റെ ശരീരത്തിൽ ജീവനുണ്ടായിരുന്നുവെന്നും മഗ്ദലിനയുൾപ്പെടെയുള്ളവർ ക്രിസ്തുവിന്റെ ശരീരം മാറ്റി, വിലയ്ക്കു വാങ്ങിയ മറ്റൊരു ജഡം പകരം സംസ്‌കരിച്ചുവെന്നും പിന്നീട് കല്ലറയിൽനിന്ന് അതും മാറ്റി, യേശു ഉയിർത്തെഴുന്നേറ്റുവെന്നു പ്രചരിപ്പിക്കുകയായിരുന്നുവെന്നുമുള്ള കഥകളാണ് രതീദേവി സ്വീകരിച്ചിരിക്കുന്ന രണ്ടാമത്തെ കഥ. മരണത്തിൽനിന്നു രക്ഷപെട്ട യേശു മഗ്ദലിനയോടൊപ്പം ഇന്ത്യയിലേക്കു പോയി ശിഷ്ടകാലം കാശ്മീരിൽ ജീവിച്ചുവെന്നു മാത്രമല്ല, അവിടെത്തെ രാജാവായ ഗോപാനന്ദന്റെ മകൾ യേശുവിനെ സ്വയംവരം ചെയ്തതോടെ അദ്ദേഹം രാജാവായി മാറിയെന്നും കഥ തുടരുന്നു. അതോടെ മഗ്ദലിന സന്യാസിനിയായി ആശ്രമജീവിതം തുടങ്ങി.
ക്രിസ്തു ഇന്ത്യയിലും കാശ്മീരിലും ജീവിച്ചുവെന്നും അവിടെ മരിച്ച അദ്ദേഹത്തിന്റെ കല്ലറ ഇപ്പോഴും നിലവിലുണ്ടെന്നും പറയുന്ന നിരവധി ഗ്രന്ഥങ്ങൾ ലഭ്യമാണ്. മുപ്പതാം വയസ്സിലാരംഭിക്കുന്ന പരസ്യജീവിതത്തിനു മുൻപ് ഒരു പതിറ്റാണ്ടുകാലം ഇന്ത്യയിൽ ബുദ്ധഭിക്ഷുവായി ജീവിച്ച യേശു ഹിന്ദുസന്യാസിമാരിൽനിന്ന് യോഗവിദ്യകളും മാന്ത്രിക കലകളും ചികിത്സാവിധികളും അഭ്യസിച്ചുവെന്നും കുരിശിൽനിന്നു രക്ഷപെട്ട് വീണ്ടും കാശ്മീരിലെത്തി തുടർജീവിതം നയിച്ചുവെന്നുമാണ് ഈ ഗ്രന്ഥങ്ങൾ പറയുന്നത്. 1887-ൽ റഷ്യക്കാരനായ നിക്കൊളായ് നോട്ടോവിച്ചാണ് ഈ വാദം ആദ്യമുന്നയിക്കുന്നത്. തുടർന്ന് അഹമ്മദിയാപ്രസ്ഥാനത്തിന്റെ സ്ഥാപകനായ മിർസാ ഗുലാം അഹമ്മദ് 'ജീസസ് ഇൻ ഇന്ത്യ' എന്ന ഗ്രന്ഥമെഴുതി. ഹോൾഗർ കെർസ്റ്റിന്റെ 'ജീസസ് ലിവ്ഡ് ഇൻ ഇന്ത്യയാണ്' മറ്റൊരു ഗ്രന്ഥം. ക്രിസ്തുവിന്റെ ഈ കഥകളും മഗ്ദലിനയെക്കുറിച്ചുള്ള നിരവധി കഥകളും തന്റെ നോവലിനാധാരമാക്കുന്നു രതീദേവി. ഒപ്പം, അവയെ സമകാലവൽക്കരിക്കുന്നതിന്റെ ഭാഗമായി ലക്ഷ്മിക്ക് മഗ്ദലിനയുമായുണ്ടാകുന്ന അതീതബന്ധങ്ങളുടെ ചിത്രീകരണവും നടത്തുന്നു.[BLURB#2-VR]
നസ്രത്തിലെ പ്രഭുകുമാരി മേരിക്ക് റോമാചക്രവർത്തി സീസറിൽനിന്നുണ്ടാകുന്ന അവിഹിതഗർഭത്തിൽ പിറന്ന കുട്ടിയാണ് നോവലിൽ ജീസസ്. ഗർഭിണിയായ മേരിയെ അവളുടെ സംരക്ഷകനായ ജറുസലേം ദേവാലയത്തിലെ മുഖ്യ പുരോഹിതൻ പ്രായമേറെയുള്ള ജോസഫിനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. അമ്മയിൽനിന്ന് വിഷാദരോഗവും അപസ്മാരവും പകർന്നുകിട്ടിയ ദുർബ്ബലനായ കാമുകനും ഭീരുവായ ഭർത്താവുമാണ് ജീസസ്. പ്രണയാതുരയും സ്‌നേഹസമ്പന്നയുമായ മഗ്ദലിനയെ വിവാഹം ചെയ്ത രാത്രിയിൽതന്നെ അയാൾ ഒളിച്ചോടി ഇന്ത്യയിലെത്തി വർഷങ്ങളോളം ബുദ്ധ, ഹിന്ദു സന്യാസിമാർക്കൊപ്പം കഴിഞ്ഞു. തക്ഷശില സർവകലാശാലയിൽനിന്ന് ജ്യോതിശാസ്ത്രവും പഠിച്ചു. ഇക്കാലത്ത് മഗ്ദലിന നഗരവേശ്യയായി മാറിക്കഴിഞ്ഞിരുന്നു. ഇസ്രയേൽ മുതൽ അറേബ്യ വരെയുള്ള രാജ്യങ്ങളിലെ രാജകുമാരന്മാർ അവളെ സ്വന്തമാക്കാൻ കൊതിച്ചു. തിരികെവന്ന യേശുവിന്റെ പരസ്യജീവിതകാലത്ത് അയാൾ മഗ്ദലിനെ ഭാര്യയായി കണ്ടില്ല. അവൾ പക്ഷെ ജീസസിന്റെ ശിഷ്യയായി ഒപ്പംകൂടി. ഒടുവിൽ കുരിശിൽനിന്നു രക്ഷപെട്ട ജീസസിനൊപ്പം ഇന്ത്യയിലേക്കുപോയ മഗ്ദലിൻ കാശ്മീർ രാജാവ് നൽകിയ ആശ്രമത്തിൽ ജ്ഞാനിയും തപസ്വിയുമായി ജീവിച്ചു. ജീസസ് രാജപുത്രിയെ സ്വന്തമാക്കി, രാജാവായി മാറി. നൂറ്റഞ്ചാം വയസ്സിൽ ഭാര്യയെയും അഞ്ചുമക്കളെയും വിട്ട് സമാധിയായി.
മഗ്ദലിനയുടെ പിൻഗാമിയായി സ്വയം കരുതുന്ന ലക്ഷ്മി കാശ്മീരിലും കൊച്ചിയിലും തന്റെ ജീവിതം തുടരുന്നു. 'പുരുഷനാൽ എഴുതപ്പെട്ട ചരിത്രത്തിൽ അവനാൽ അപമാനിതയാക്കപ്പെട്ട സ്ത്രീ'യെന്ന നിലയിൽ മഗ്ദലിനയുടെ ആത്മാവ് ലക്ഷ്മിയോടു പറയുന്ന കഥകളാണ് മഗ്ദലിനയുടെ സുവിശേഷങ്ങളായി നോവൽ അവതരിപ്പിക്കുന്നത്. ഒപ്പം, പ്രണയവും രതിയും കാമനകളും സൗഹൃദങ്ങളും ബലാത്സംഗങ്ങളും പീഡനങ്ങളും വിഭ്രമങ്ങളും സ്വപ്നങ്ങളുമൊക്കെയായി ലക്ഷ്മിയുടെ ജീവിതം പൂത്തുലയുന്നു. ലൈംഗികത്തൊഴിലാളികൾക്കും നിരാശ്രയരായ തെരുവുസ്ത്രീകൾക്കും വേണ്ടിയുള്ള ആക്ടിവിസത്തിലൂടെ പഴയ 'വിപ്ലവവീര്യം' തിരിച്ചുപിടിക്കുന്നു. ലക്ഷ്മി. ഇതിനിടെ ഒരു ഡസനോളം പുരുഷന്മാരുമായുള്ള പ്രണയ-ലൈംഗിക-ദാമ്പത്യബന്ധങ്ങൾ. സ്വവർഗരതിയുടെ തിരയിളക്കങ്ങൾ. ലക്ഷ്മിയുടെ രതിനിർവേദങ്ങൾ മഗ്ദലനയുടെ നഗരവേശ്യാജീവിതത്തിന്റെ നിഴൽപോലെ, പ്രണയത്തിലും ലൈംഗികതയിലും ആത്മീയതയുടെ മാനങ്ങൾ തേടുന്നു.
ചരിത്രവും മിത്തും വിശ്വാസങ്ങളും ഐതിഹ്യങ്ങളും സ്വപ്നങ്ങളും വിഭ്രമങ്ങളും ശരീരവും ആത്മാവും കൂട്ടിയിണക്കിയ സ്പിരിച്വൽ ഈറോട്ടിക് രചനയാണ് രതീദേവിയുടെ ഈ നോവൽ. പക്ഷെ, ഭാവനയുടെ ഈ കുത്തൊഴുക്കും വേറിട്ട കഥാതന്തുവും വിവാദങ്ങൾ ഉയർത്തിവിടാവുന്ന ഇതിവൃത്തഘടനയുമൊന്നും ഉദ്ദേശിച്ച ഫലം ചെയ്യാനിടയില്ല. കാരണം അത്രമേൽ വികലമായ ഭാഷയും അത്രമേൽ വിരസമായ ആഖ്യാനവുമാണ് ഈ കൃതിക്കുള്ളത്. ലാംഗ്വേജ് എഡിറ്റിംഗിന്റെയും ലിറ്റററി എഡിറ്റിംഗിന്റെയും ആവശ്യം എന്താണെന്നു തെളിയിക്കാൻ ഇതിനെക്കാൾ മികച്ച ഒരു മാതൃകയില്ല എന്നുതന്നെ പറയണം.