- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂണിയനുകൾ പുറത്താക്കിയതോടെ ജോലിയില്ലെന്നും പട്ടിണി ആണെന്നും പറഞ്ഞ് മാപ്പപേക്ഷയുമായി ചുമട്ടു തൊഴിലാളികൾ; സുധീർ കരമനയുടെ വീടുപണിക്ക് സാധനങ്ങളിറക്കാൻ നോക്കുകൂലിയായി വാങ്ങിയ കാൽലക്ഷം തിരികെകൊടുത്തു; ഇത് ആവർത്തിക്കില്ലെന്ന് ഉറപ്പുലഭിച്ചെന്നും പ്രശ്നത്തിൽ ഇടപെട്ട എല്ലാവർക്കും നന്ദിയുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ നടൻ; ഏറെ ചർച്ചയായ നോക്കുകൂലി വിവാദം രമ്യമായി തീരുന്നത് ഇങ്ങനെ
തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ നോക്കുകൂലിയായി വാങ്ങിയ കാൽലക്ഷം രൂപ ചുമട്ടുതൊഴിലാളികൾ നേരിട്ടെത്തി തിരികെ കൊടുത്തു. തലസ്ഥാനത്ത് നടന്ന വീടുപണിക്കിടെ ഉണ്ടായ സംഭവം വലിയ വിവാദമായതോടെ തൊഴിലാളികളെ ജോലിയിൽ നിന്ന് യൂണിയനുകൾ പുറത്താക്കിയിരുന്നു. ഇതോടെ, തൊഴിൽ നഷ്ടപ്പെട്ടുവെന്നും പത്തുദിവസമായി തൊഴിലില്ലെന്നും കുടുംബം പട്ടിണിയിലാണെന്ന് പറഞ്ഞാണ് അവർ എത്തിയതെന്നും പ്രശ്‌നം രമ്യമായി തീർന്നുവെന്നും സുധീർ കരമനതന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്. ഏപ്രിൽ ഒന്നിനാണ് വിവാദത്തിലേക്ക് നീങ്ങിയ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണത്തിനായി കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകൾ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് നടന്റെ വീടിന് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കിയതിനെ ചൊല്ലിയും നോക്കുകൂലി വിവാദം ഉയർന്നത്. 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്. ഇത് വിവാദമായതോടെ സിഐടി.യു നേതൃത്വം ഇ
തിരുവനന്തപുരം: നടൻ സുധീർ കരമനയുടെ വീട് പണിക്ക് കൊണ്ടുവന്ന സാധനങ്ങൾ ഇറക്കാൻ നോക്കുകൂലിയായി വാങ്ങിയ കാൽലക്ഷം രൂപ ചുമട്ടുതൊഴിലാളികൾ നേരിട്ടെത്തി തിരികെ കൊടുത്തു. തലസ്ഥാനത്ത് നടന്ന വീടുപണിക്കിടെ ഉണ്ടായ സംഭവം വലിയ വിവാദമായതോടെ തൊഴിലാളികളെ ജോലിയിൽ നിന്ന് യൂണിയനുകൾ പുറത്താക്കിയിരുന്നു. ഇതോടെ, തൊഴിൽ നഷ്ടപ്പെട്ടുവെന്നും പത്തുദിവസമായി തൊഴിലില്ലെന്നും കുടുംബം പട്ടിണിയിലാണെന്ന് പറഞ്ഞാണ് അവർ എത്തിയതെന്നും പ്രശ്‌നം രമ്യമായി തീർന്നുവെന്നും സുധീർ കരമനതന്നെയാണ് ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.
ഏപ്രിൽ ഒന്നിനാണ് വിവാദത്തിലേക്ക് നീങ്ങിയ സംഭവം ഉണ്ടായത്. തിരുവനന്തപുരം വിമാനത്താവളത്തിൽ റൺവേ നവീകരണത്തിനായി കൊണ്ടുവന്ന ഇലക്ട്രിക് കേബിളുകൾ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവത്തിന് തൊട്ടുപിന്നാലെയാണ് നടന്റെ വീടിന് വേണ്ടി കൊണ്ടുവന്ന സാധനങ്ങൾ ഇറക്കിയതിനെ ചൊല്ലിയും നോക്കുകൂലി വിവാദം ഉയർന്നത്. 25,000 രൂപയാണ് മൂന്ന് യൂണിയനുകൾ ചേർന്ന് നോക്കുകൂലിയായി സുധീറിൽ നിന്ന് വാങ്ങിയത്.
ഇത് വിവാദമായതോടെ സിഐടി.യു നേതൃത്വം ഇടപെടുകയായിരുന്നു. ആരോപണ വിധേയരായ തൊഴിലാളികളിൽ നിന്ന് വിശദീകരണം തേടിയ ശേഷം അവർക്കെതിരെ നടപടിയും സ്വീകരിച്ചു. അരശുംമൂട് യൂണിറ്റിലെ 14 സിഐടി.യു പ്രവർത്തകരെ സസ്പെൻഡ് ചെയ്തു. നടനിൽ നിന്നും വാങ്ങിയ പണം തിരികെ കൊടുക്കാനും നേതൃത്വം നിർദ്ദേശിച്ചിരുന്നു. സംഭവത്തിലുൾപ്പെട്ട ഏഴ് പ്രവർത്തകരെ പുറത്താക്കുന്നതായി ഐ.എൻ.ടി.യു.സി നേതൃത്വവും അറിയിച്ചു. ഇത്തരത്തിൽ നടപടി കടുത്തതോടെ പണം തിരികെ നൽകി യൂണിയൻകാർ മാപ്പപേക്ഷയുമായി നടന്റെ മുന്നിൽ എത്തുകയുമായിരുന്നു.
ചാക്ക ബൈപ്പാസിന് സമീപം സുധീർ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്. ഇവിടേക്ക് കൊണ്ടുവന്ന മാർബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകൾ തടഞ്ഞത്. മാർബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയിൽ നിന്നുള്ള തൊഴിലാളികൾ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കന്പനി സുധീറിൽ നിന്ന് ഈടാക്കിയിരുന്നു. എന്നാൽ, ലോഡുമായി വാഹനം സുധീറിന്റെ വീട്ടിൽ എത്തിയപ്പോൾ യൂണിയൻകാർ എത്തി നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യം 75,000 രൂപ ആവശ്യപ്പെട്ടു. എന്നാലിതുകൊടുക്കാൻ വീട് പണിയുടെ ചുമതല ഉണ്ടായിരുന്നവർ തയ്യാറായില്ല. തുടർന്ന് യൂണിയൻകാർ ഇവരോട് മോശമായി സംസാരിച്ചു. പിന്നീട് വിലപേശലിനൊടുവിൽ 25,000 രൂപ നൽകാമെന്ന് സമ്മതിച്ചു. എന്നാൽ, തുക വാങ്ങിയ യൂണിയൻകാർ സാധനം ഇറക്കാതെ പോകുകയായിരുന്നു. ഇതോടെ കന്പനിയിൽ നിന്നെത്തിയ തൊഴിലാളികൾ തന്നെ മാർബിളും ഗ്രാനൈറ്റും ഇറക്കുകയായിരുന്നു.
800രൂപ വിലയുള്ള സാധനം ഇറക്കാൻ 800 രൂപയാണ് ഈടാക്കിയത്. ആദ്യം ഒരു ലക്ഷം രൂപ ചോദിച്ചു. പിന്നീട് അത് 50,000 രൂപയായി. ഒടുവിൽ യുണിയൻകാർക്ക് 20000രൂപ കൊടുത്തു. ഇതോടെ സാധനം ഇറക്കാൻ അനുമതി നൽകി യൂണിയനുകാർ പോവുകയായിരുന്നു. സിഐടിയു, എഐടിയുസി, ബിഎംഎസ് തുടങ്ങി എല്ലാ തൊഴിലാളി സംഘടനകളുടെ ആളുകളും തർക്കത്തിനെത്തി. നടൻ സുധീർ കരമന സ്ഥലത്തില്ലായിരുന്നു. കരാർ എടുത്ത ആളിൽ നിന്നാണ് ഈ തുക യൂണിയനുകാർ ഈടാക്കിയത്. ഈ സാഹചര്യത്തിലാണ് സുധീർ കരമന പരാതിയുമായി വന്നതും വിഷയം വലിയ ചർച്ചയാവുകയും ചെയ്തത്.
ചാക്കയിൽ ബൈപാസിനോട് ചേർന്നാണ് സുധീർ പുതിയ വീട് വയ്ക്കുന്നത്. സാധനങ്ങൾ ഇറക്കാൻ കമ്പനി തന്നെ കരാറുകാരെ കൊണ്ടുവന്നിരുന്നു. അവർ തന്നെ കയറ്റിറക്ക് നടത്തുമെന്നായിരുന്നു പറഞ്ഞത്. അവർ ഇറക്കിയതിന് 16000 രൂപ കൂലിയും നൽകി. വീടുപണി നടക്കുന്നിടത്ത് ജോലിക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗ്രാനൈറ്റും മാർബിളും ഇറക്കുന്നതിനിടെയാണ് യൂണിയൻകാർ എത്തിയത്. ഇവർ വീട്ടിനകത്ത് കയറി പരിശോധന നടത്തി. സംഭവ സമയത്ത് തൊടുപുഴയിൽ ഷൂട്ടിങ് തിരക്കിലായിരുന്നു നടൻ.
സാധനങ്ങൾ ഇറക്കാൻ എന്ന പേരിൽ പറഞ്ഞ് അവർ പണം വാങ്ങി പോയി. കാൽ ലക്ഷം വാങ്ങിയെങ്കിലും സാധനം ഇറക്കാതെ അവർ പോയി. യൂണിയൻകാർ മോശമായാണ് സംസാരിച്ചത്. ഒരു ലക്ഷം തന്നാലേ സാധനം ഇറക്കൂ എന്നാണ് പറഞ്ഞതെന്ന് കരാറുകാരൻ സുനിലും വ്യക്തമാക്കിയിരുന്നു. നിങ്ങൾ ലേബർ ഓഫീസറോട് പരാതി പറഞ്ഞാൽ പിന്നെ ഇവിടെ പണി നടക്കില്ലെന്നായിരുന്നു ഭീഷണിയെന്നാണ് യൂണിയനുകൾ ഉന്നയിച്ചത്. പിന്നീട് 25000 രൂപ വാങ്ങി പോയി. ഇനി നിങ്ങൾ ഇറക്കിക്കോ എന്നായിരുന്നു അവർ പറഞ്ഞത്. വിഷയം ചർച്ചയാവുകയും നടപടി ഉണ്ടാവുകയും ചെയ്തതോടെയാണ് ഇപ്പോൾ തെറ്റ് ഏറ്റുപറഞ്ഞ് പണം തിരികെ നൽകാൻ തൊഴിലാളികൾ തയ്യാറായത്.
കഴിഞ്ഞ സർക്കാർ വിവിധ ജില്ലകളിൽ നോക്കുകൂലി നിരോധിച്ച് ഉത്തരവിറക്കിയെങ്കിലും അതൊന്നും ഫലപ്രദമായി നടപ്പിലായില്ല. മെയ് ഒന്നുമുതൽ കേരളത്തിൽ നോക്കുകൂലി അവസാനിപ്പിക്കാൻ പിണറായി സർക്കാർ തീരുമാനിച്ചപ്പോൾ ഇതിനെ പിന്തുണച്ച് ട്രേഡ് യൂണിയനുകളും രംഗത്ത് വന്നിരുന്നു. നോക്കൂകൂലി വാങ്ങുന്ന സംഭവങ്ങളുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തലസ്ഥാനത്തുതന്നെ വിവാദ സംഭവങ്ങൾ അരങ്ങേറിയത്.
സുധീർ നൽകിയ പോസ്റ്റ് ഇങ്ങനെ
സുഹൃത്തുക്കളെ
നോക്കുകൂലി വിഷയം അവസാനിപ്പിച്ചു...
എന്റെ വീട് പണിയുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകൾ 25000 രുപ നോക്ക് കൂലി വാങ്ങയത്. മാധ്യമ ചർച്ചയായിരുന്നു.ഇതിനെ തുടർന്ന്, ഹെഡ് ലോഡ് തൊഴിലാളികൾ ഖേദം പ്രകടിപ്പിക്കുകയും ഇത് ആവർത്തിക്കാതിരിക്കാൻ ട്രേഡ് യൂണിയൻ നേതൃത്വം എന്റെ വിഷയത്തിൽ ഇടപെടുകയും ചെയ്തു. കുറ്റക്കാരെ കഴിഞ്ഞ പത്ത് ദിവസമായി സസ്‌പെൻഡ് ചെയത് മാറ്റി നിർത്തിയതിനാൽ തങ്ങളുടെ കുടുംബം പട്ടിണിയിൽ ആന്നെന്നും അതിനാൽ പ്രശ്‌നം പരിഹരിക്കണമെന്ന് അവർ അപേക്ഷിക്കുകയും. 25000 രുപ തിരികെ നൽകുകയും ചെയ്തു.
എന്റെ സുഹൃത്തും, സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറിയുമായ അഡ്വ. ദീപക് എസ് പി യുടെ മധ്യസ്ഥതയിൽ പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിച്ചു. കേരളത്തിന്റെ ബഹു.മുഖ്യമന്ത്രി നോക്കൂ കൂലി അവസാനിക്കുന്നതായി പ്രഖ്യാപിച്ച ഉടനെ, നിർഭാഗ്യവശാൽ നടന്ന... എന്റെ വിഷയം സമൂഹമാകെ ചർച്ച ചെയ്യുന്ന നിലയിലായി... നോക്കുകൂലി കാര്യത്തിൽ കേരള സർക്കാർ കൈകൊണ്ട തീരുമാനം മാതൃകാപരമാണ്. പുതിയൊരു തൊഴിൽ സംസ്‌ക്കാരത്തിന്റെ തുടക്കമായി സർക്കാർ തീരുമാനത്തെ ഞാൻ കാണുന്നു.
എനിക്കുണ്ടായ ദുരനുഭവം ആവർത്തിക്കരുതെന്ന ആത്മാർത്ഥമായ ആഗ്രഹം മാത്രമാണ് എനിക്കുള്ളത്. സമൂഹത്തിൽ ഏറെ നാളുകളായി ചർച്ച ചെയ്യപ്പെട്ട ഒരു തൊഴിൽ പ്രശ്‌നം എന്ന നിലയിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ എന്റെ കാര്യത്തിൽ വ്യത്യസ്ഥമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. ആരെയും വ്യക്തിപരമായി വേദനിപ്പിക്കേണ്ടന്ന് ഞാനും ആഗ്രഹിച്ചു... അതിനാൽ എനിക്കുണ്ടായ ഈ പ്രശ്‌നം പെട്ടന്ന് തീർക്കാൻ എന്നാൽ കഴിയുന്ന ഇടപെടൽ ഞാൻ നടത്തുകയും ചെയ്തു.
രാഷ്ട്രീയ പാർട്ടികളും ഈ വിഷയത്തിൽ ആവശ്യമായ ഇടപെടൽ നടത്തി എന്നതിൽ ഞാൻ ഏറെ സന്തോഷിക്കുന്നു. ബഹു .മന്ത്രി ശ്രീ.കടകംപള്ളി സുരേന്ദ്രൻ,സിഐടിയു നേതാക്കളായ ശ്രീ.വി.ശിവൻകുട്ടി ,ശ്രീ ജയൻബാബു, എന്റെ സുഹൃത്തുകൂടിയായ അഡ്വ. ദീപക് എസ് പി കഴക്കൂട്ടം ലേബർ ഓഫീസിലെ ശ്രീ കൃഷ്ണകുമാർ എന്നിവരുടെ ഇടപെടൽ എനിക്ക് വളരെയേറെ ആശ്വാസം പകർന്നു. അവരുടെ സഹകരണം ഞാൻ പ്രത്യേകം സ്മരിക്കുന്നു .ഇനിയൊരു ചർച്ചക്ക് വഴിവെക്കാതെ ഈ പ്രശനം ഇവിടെ അവസാനിക്കുകയാണ്. ഇക്കാര്യത്തിൽ യഥാസമയം ഇടപെട്ട, ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.