- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഒന്നുകിൽ എല്ലാം ശരിയാകും, അല്ലെങ്കിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം' ; മഴവിൽ മനോരമയുടെ 'ഉടൻ പണം' പരിപാടിയിലൂടെ 10 ലക്ഷം സ്വന്തം ആക്കിയപ്പോൾ പകുതി പണത്തിന് ഭീഷണിയുമായി പിതാവ്; ബ്രെയിൻ ട്യൂമറും ആയുള്ള യുദ്ധത്തിൽ വിശാഖിന് ആകെ കൂട്ട് അച്ഛമ്മ മാത്രം
കൊല്ലം: മൂന്ന് മാസം പ്രായമുള്ളപ്പോൾ അമ്മയും അച്ഛനും ഉപേക്ഷിച്ചു പോയപ്പോൾ അച്ഛമ്മ കൈവിട്ടില്ല. കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിച്ചു വളർത്തി, സ്വന്തം മകനായി. പിന്നീട് ബ്രെയിൻ ട്യൂമറാണെന്നറിഞ്ഞപ്പോൾ തളർന്നു പോയി. എങ്കിലും എങ്ങനെയും ചികിത്സിച്ചു ഭേദമാക്കണമെന്ന വാശിയിലായി. കിടക്കാടം പോലുമില്ലാതെ വാടകവീട്ടിൽ കഴിയുമ്പോഴും പ്രതീക്ഷ അസ്തമിച്ചില്ല. ആരുമില്ലാത്തവർക്ക് ദൈവം തുണയാകുമെന്ന് പറഞ്ഞപോലെ കാര്യങ്ങൾ മാറിമറിഞ്ഞപ്പോൾ മഴവിൽ മനോരമയുടെ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുത്ത് 10 ലക്ഷം രൂപ നേടി. 10 ലക്ഷം കിട്ടി എന്നറിഞ്ഞപ്പോൾ ഉപേക്ഷിച്ചു പോയ പിതാവെത്തി പകുതി പണം തിരികെ നൽകണമെന്ന് ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഉടൻ പണത്തിലെ വിന്നർ കൊല്ലം ആശ്രാമം സ്വദേശിയും ഇപ്പോൾ കരുനാഗപ്പള്ളി വെളുത്തമണലിൽ വാടകയ്ക്ക് താമസിക്കുന്ന വിശാഖി(25)ന് പറയാൻ ഏറെയുണ്ട്. വിശാഖിന്റെ ജീവിത കഥ അമ്മ(അച്ഛമ്മ) രത്നമ്മയും വിശാഖും മറുനാടനോട് പങ്കുവയ്ക്കുകയാണ്.
1996 ലാണ് വിശാഖിനെ രത്നമ്മയ്ക്ക് ലഭിക്കുന്നത്. ചില പ്രത്യേക സാഹചര്യത്തിൽ വിശാഖിനെ മാതാപിതാക്കൾ ഉപേക്ഷിക്കുകയും രത്നമ്മയും ഭർത്താവ് പുരുഷോത്തമനും ഏറ്റെടുക്കുകയുമായിരുന്നു. ഇപ്പോൾ 77 വയസ്സുള്ള രത്നമ്മ ആ കഥ ഓർത്തെടുക്കുകയാണ്. 'എന്റെ കയ്യിൽ കിട്ടുമ്പോൾ അവന് 3 മാസം പ്രായം മാത്രമാണ്. വീട്ടു വേലയ്ക്ക് പോയാണ് വളർത്തിയത്. ആശ്രാമം കാവടിപ്പുറം നഗറിലായിരുന്നു വീട്. ഹയർസെക്കണ്ടറിക്ക് പഠിക്കുമ്പോഴാണ് വിശാഖിന് അസുഖത്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. തുടർന്ന് കൊല്ലം ബിഷപ്പ് ബെൻസിഗർ ആശുപത്രിയിലെത്തിച്ച് ചികിത്സ തുടങ്ങി. കണ്ണിനായിരുന്നു അസുഖം ബാധിച്ചത്. ഇടതു കണ്ണ് പുറത്തേക്ക് തള്ളിവരും. അവിടെ നിന്നും പിന്നീട് ഡോ.നായേഴ്സ് ഹോസ്പിറ്റലിലേക്കും ചികിത്സ മാറ്റി. ന്യൂറോ സംബന്ധമായ അസുഖമാണെന്നാണ് പറഞ്ഞിരുന്നത്. ഈ രണ്ടു ആശുപത്രികളിലും വിശാഖിന്റെ കഥ അറിയാവുന്നതിനാൽ സൗജന്യമായാണ് ചികിത്സ നൽകിയത്.
ഇതിനിടയിൽ എന്റെ ഭർത്താവ് പുരുഷോത്തമന് അസുഖം വന്ന് ചികിത്സയ്ക്കായി ഉണ്ടായിരുന്ന കിടപ്പാടം വിൽക്കേണ്ടി വന്നു. ഇപ്പോൾ ഓർമ നശിച്ച അവസ്ഥയിലാണ്. തൊട്ടു പിന്നാലെ എനിക്ക് ക്യാൻസർ ബാധിക്കുകയും ചെയ്തു. ആദ്യം വന്ന ക്യാൻസർ പൂർണ്ണമായും ആർ.സി.സിയിലെ ചികിത്സയിൽ ഭേദമായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണ്. നടുവിൽ മുഴയുടെ രൂപത്തിലാണ് ഇപ്പോൾ. ഇത്രയും ദുരിതത്തിനിടയിൽ അവനെ മറ്റുള്ളവരുടെ സഹായത്താൽ നല്ല വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞു. എ.എൽ.ടി പഠിച്ചതിന് ശേഷം ഒ.ടി.ടെക്നീഷ്യൻ കോഴ്സും ചെയ്തു. ഇതിനിടയിൽ അസുകം വീണ്ടും മൂർച്ഛിച്ചപ്പോൾ നടത്തിയ വിശദമായ പരിശോധനയിൽ ആറുമാസം മുൻപ് ബ്രയിൻ ട്യൂമറാണെന്ന് കണ്ടെത്തുകയായിരുന്നു. അറിഞ്ഞപ്പോൾ ആകെ തളർന്നു പോയി. അവൻ സ്വന്തമായി ജോലിക്ക് പോകാൻ തുടങ്ങിപ്പോൾ മുതൽ അവന്റെ തണലിലാണ് ഞങ്ങൾ ജീവിക്കുന്നത്. ഇപ്പോൾ അവന് ജോലിക്ക് പാകാൻ കഴിയാത്ത അവസ്ഥയിലാണ്. ചിലരുടെ കാരുണ്യത്താലാണ് ജീവിക്കുന്നത്. അപ്പോഴാണ് മഴവിൽ മനോരമയിലെ ഉടൻ പണം എന്ന പരിപാടിയിൽ പങ്കെടുക്കുകയും സമ്മാനം ലഭിക്കുകയും ചെയ്തത്. അതിൽ പങ്കെടുത്ത കഥ എന്റെ മോൻ പറയും.'
'ബന്ധം പറഞ്ഞാൽ എന്റെ അച്ഛമ്മയായി വരുമെങ്കിലും എന്റെ അമ്മയാണിത്,' വിശാഖ് പറഞ്ഞു തുടങ്ങി. അമ്മ പറഞ്ഞ പോലെ വലിയ ദുരിതത്തിൽ കഴിയുമ്പോഴാണ് മഴവിൽ മനോരമ എന്ന ചാനലിൽ പരിപാടിയിൽ പങ്കെടുത്ത് സമ്മാനം ലഭിക്കുന്നത്.
ആരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകുമെന്ന് പറയുന്നതിന്റെ നേർക്കാഴ്ചയായിരുന്നു എനിക്ക് ആ സമ്മാനം. ബ്രെയിൻ ട്യൂമറാണ് എന്നറിഞ്ഞപ്പോൾ ആദ്യമൊന്നു തളർന്നു. എങ്കിലും എന്റെ അച്ഛനും അമ്മയ്ക്കും(മുത്തശ്ശനും മുത്തശ്ശിയും) ഞാനല്ലാതെ മറ്റാരും ആശ്രയം ഇല്ലാത്തതിനാൽ തളരാതെ പോരാടാൻ തീരുമാനിച്ചു. അതിനായി ആദ്യം പോയത് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കായിരുന്നു. പക്ഷേ ഓപ്പൺ സർജറി നടത്തിയാൽ ജീവന് തന്നെ അപകടമുണ്ടാകുമെന്ന് അറിഞ്ഞതോടെ മറ്റെന്ത് മാർഗ്ഗമെന്ന് അന്വേഷിച്ചു. അപ്പോഴാണ് റേഡിയോ സർജറിയുടെ വിവരം ലഭിക്കുന്നത്. അത്തരം ചികിത്സ എറണാകുളം ആസ്റ്റർ മെഡ്സിറ്റിയിൽ മാത്രമേയുള്ളൂ. അവിടെ വലിയ തുക വേണ്ടി വരും. അങ്ങനെയാണ് വെല്ലൂർ സി.എം.സി ഹോസ്പിറ്റലിൽ പോകുന്നത്.
വെല്ലൂരിൽ ഒന്നര ലക്ഷം രൂപയ്ക്ക് ചികിത്സ നടത്താമെന്ന് അറിയിച്ചു. അതിന്റെ ഭാഗമായി അവിടെ പോയി എല്ലാ പരിശോധനകളും പൂർത്തിയാക്കി. പക്ഷേ പണം കണ്ടെത്തുക എന്നത് ഒരു വലിയ കടമ്പയായിരുന്നു. അതിനായി പല വഴികൾ നോക്കിയിട്ടും നടക്കുന്നില്ല. ഇതിനിടക്ക് കൊല്ലത്തെ വാടക വീട്ടിൽ വാടക കൊടുക്കാൻ കഴിയാത്തതിനാൽ ഇറങ്ങേണ്ടി വന്നു. അങ്ങനെയാണ് കരുനാഗപ്പള്ളി വെളുത്ത മണലിലെ ബന്ധു വീട്ടിലെത്തുകയും അടുത്തു തന്നെയായി ഒരു വാടക വീട് സംഘടിപ്പിച്ച് അവിടേക്ക് താമസം മാറുകയുമായിരുന്നു. അപ്പോഴാണ് സുഹൃത്തായ ലാൽ വീട്ടിലെ താരം എന്ന പരിപാടിയിലൂടെ എന്നെ മഴവിൽ മനോരമയുടെ ക്യാമറയുടെ മുന്നിലെത്തിക്കുന്നത്. അപ്പോൾ എനിക്കും പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിക്കുകയും പിന്നീട് അവർ വിളിക്കുകയുമായിരുന്നു.
ഓഡിഷനിൽ സെലക്ടായ ശേഷം ഓഗസ്റ്റ് 14 ന് വീട്ടിൽ വച്ച് നടത്തിയ നടത്തിയ പരിപാടിയിൽ ജയിക്കുകയും പിന്നീട് 16 ന് എറണാകുളത്തെ സെൻട്രൽ സ്റ്റുഡിയോയിലെത്തി പങ്കെടുക്കുകയുമായിരുന്നു. ദൈവാനുഗ്രഹം ഒപ്പമുള്ളതു കൊണ്ട് എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞ് ജയിക്കാൻ കഴിഞ്ഞു. 10 ലക്ഷം രൂപയാണ് സമ്മാനം ലഭിച്ചത്. ടാക്സ് കഴിഞ്ഞുള്ള തുകയാണ് കിട്ടുക. ആ തുക കൊണ്ട് എന്റെ ചികിത്സയും നടത്തണം അച്ഛമ്മയുടെ ചികിത്സയും നടത്തണം. എന്റെ റേഡിയോ സർജറി കഴിഞ്ഞ് 2 വർഷത്തിന് ശേഷം മാത്രമേ ഫലം എന്താകും എന്നറിയാൻ കഴിയുള്ളൂ. കഴിഞ്ഞ ദിവസം ഡോക്ടറുമായി സംസാരിച്ചപ്പോൾ സർജറി മൂലം ഒന്നുകിൽ എല്ലാം ശരിയാകും, അല്ലെങ്കിൽ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാം അതുമല്ലെങ്കിൽ ശരീരം പൂർണ്ണമായും തളർന്നു പോകും. പക്ഷേ എനിക്ക് വിശ്വാസമുണ്ട്, ഞാൻ രക്ഷപെടുമെന്ന്. എന്റെ അച്ഛനെയും അമ്മയെയും മരണം വരെ നോക്കണം. അതിനുള്ള ശക്തി ദൈവം തരും. പിന്നെ സ്വന്തമായി ഒരു വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം. അതിന് ഈ തുക കൊണ്ട് പറ്റില്ല എന്നറിയാം. ആരെങ്കിലും സഹായിക്കാതിരിക്കില്ല. വിശാഖ് പറഞ്ഞു നിർത്തി.
വിശാഖിന്റെ അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയി 25 വർഷം കഴിഞ്ഞിട്ടും ഇരുവരും തിരിഞ്ഞു നോക്കിയിട്ടില്ല. ഒരു തവണ ചികിത്സയുടെ ആവശ്യത്തിനായി ബന്ധു വഴി പിതാവ് കുറച്ചു രൂപ നൽകിയിരുന്നു. വിശാഖിന്റെ അമ്മയ്ക്ക് രണ്ടു പെൺകുട്ടികൾകൂടിയുണ്ട്. അവർക്ക് വിശാഖിനെ അറിയാമെങ്കിലും ബന്ധപ്പെട്ടിട്ടില്ല. കൂടാതെ ക്യാൻസർ രോഗികളാണ് എന്നറിഞ്ഞതോടെ ബന്ധുക്കൾ മാറ്റി നിർത്തുകയായിരുന്നു. എങ്കിലും രോഗാവസ്ഥയിലും കുട്ടികൾക്ക് ട്യൂഷനെടുത്തും ഹോംനേഴ്സായി പോയും വിശാഖ് പ്രായധിക്യത്താൽ തളർന്ന രണ്ടു മനുഷ്യജീവനുകളെ ചേർത്തു പിടിക്കുകയാണ്. വിശാഖിന് ഇപ്പോൾ രോഗം മൂർച്ഛിച്ചിരിക്കുകയാണ്. കണ്ണിൽ നിന്നും മൂക്കിൽ രക്തം വരും. മഴവിൽ മനോരമയിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് വേണം ഇനി ചികിത്സ നടത്താൻ. വീടെന്ന സ്വപ്നത്തിന് ഇനിയും പണം വേണം. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയാണ് വിശാഖിന്. വിശാഖിനെ ബന്ധപ്പെടാനുള്ള നമ്പർ 9961810617.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.