ന്യൂഡൽഹി: രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ചെയ്താൻ അതിന് തുല്യമായ പിഴ ഈടാക്കുമെന്ന് ആദായനികുതി വകുപ്പ്. തുക സ്വീകരിക്കുന്ന ആളിൽ നിന്നാകും പിഴ ഈടാക്കുകയെന്നും വകുപ്പ് അറിയിച്ചതായി പി.ടി.ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ സർക്കാർ, ബാങ്കിങ് കമ്പനികൾ, പോസ്റ്റ് ഓഫീസ് സേവിങ്‌സ് ബാങ്ക്, സഹകരണ ബാങ്കുകൾ എന്നിവയ്ക്ക് നിയന്തണം ബാധകമല്ല. അതായത് രണ്ട് ലക്ഷം രൂപ ആർക്കെങ്കിലും കൊടുത്തതായി ആദായ നികുതി വകുപ്പിന് വിവരം ലഭിച്ചാൽ രണ്ട് ലക്ഷം രൂപ പിഴയായി ഈടാക്കും.

രണ്ടു ലക്ഷം രൂപയോ അതിന് മുകളിലോ ഉള്ള നോട്ട് കൈമാറ്റം ശ്രദ്ധയിൽപ്പെട്ടാൽ യഹമരസാീില്യ@ശിരീാലമേഃ.ഴീ്.ശി എന്ന ഇ- മെയിലിൽ വിവരം അറിയിക്കാവുന്നതാണ്. നോട്ട് നിരോധനത്തോടെ രാജ്യത്ത് കള്ളപ്പണം തടയുന്നതിനും കള്ളപ്പണം പിടിച്ചെടുക്കുന്നതിനായി റിസർവ്വ് ബാങ്കും കേന്ദ്രസർക്കാരും കർശനമായ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. നോട്ടു നിരോധനത്തെ തുടർന്ന് പണമിടപാടുകൾക്കുള്ള ഭാഗിക നിയന്ത്രണം നിലനിൽക്കെയാണ് പണമിടപാടുകൾ സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കറൻസി രഹിത ഇക്കോണമിയിലേക്കുള്ള ചുവടുവയ്‌പ്പായാണ് ഇതിന് കേന്ദ്ര സർക്കാർ ഉയർത്തിപ്പിടിക്കുന്നത്. ഇതോടൊപ്പം നികുതി തട്ടിപ്പ് തടയുകയും ലക്ഷ്യമിടുന്നു.

ഏപ്രിൽ 1 മുതൽ രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള നോട്ടിടപാടുകൾ സർക്കാർ നിരോധിച്ചിരുന്നു. ഇത്തരത്തിലുള്ള ഇടപാടുകൾ ഒരു ദിവസം നടക്കുന്നതോ, ഒരു പ്രത്യേക ഇടപാടിനായോ, വ്യക്തിക്കായോ കൈമാറ്റം നടത്തുന്നതോ ആദായ നികുതി വകുപ്പ് തടഞ്ഞിട്ടുണ്ട്. 2017-2018 ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി മൂന്ന് ലക്ഷം രൂപക്ക് മുകളിലുള്ള നോട്ട് കൈമാറ്റം നിരോധിച്ചത്. തുടർന്ന് ധനകാര്യ ബില്ലിൽ വരുത്തിയ ഭേദഗതിയിലൂടെയാണ് ലോക്‌സഭ പരിധി രണ്ട് ലക്ഷമായി കുറച്ചത്.

ആദായനികുതി വകുപ്പ് 240ഓളം കേസുകളിൽ നടത്തിയ പരിശോധനയിൽ 400ലേറെ ബിനാമി ഇടപാടുകൾ കണ്ടെത്തുകയും 600 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തത ആദായ നികുതി വകുപ്പ് നടപടികൾ കൂടുതൽ ശക്തമാക്കുകയാണ്. വിവിധ മേഖലകളിലെ ബിനാമി ഇടപാടുകൾ കണ്ടെത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി രാജ്യത്ത് 24 ബിനാമി പ്രൊഹിബിഷൻ യൂനിറ്റുകൾ (ബി.പി.യു) രൂപവത്കരിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബർ ഒന്നിന് നിലവിൽവന്ന ബിനാമി ട്രാൻസാക്ഷൻസ് (െപ്രാഹിബിഷൻ) ഭേദഗതി നിയമപ്രകാരം ബിനാമി കേസുകളിൽ പരമാവധി ശിക്ഷ ഏഴുവർഷം തടവും പിഴയുമാണ്. എല്ലാവിധ ബിനാമി ഇടപാടുകളും തടയുന്നതാണ് നിയമം.

സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും വരവിൽ കവിഞ്ഞ സ്വത്ത് കണ്ടെത്താനും നടപടി ഊർജ്ജിതമാക്കി കഴിഞ്ഞു. കറൻസി അസാധുവാക്കൽ നടപടിയുടെ പ്രത്യാഘാതമായി കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തിന്റെ ആഭ്യന്തര ഉൽപാദന വളർച്ചാനിരക്ക് 7.1 ശതമാനമായി കുറഞ്ഞിരുന്നു. മുൻ സാമ്പത്തികവർഷം എട്ടു ശതമാനമായിരുന്നു വളർച്ചാനിരക്ക്. കറൻസി അസാധുവാക്കൽ നടപടിക്കു മൂന്നു മാസത്തിനു ശേഷം സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിൽ (ജനുവരി - മാർച്ച്) വളർച്ചാനിരക്ക് കേവലം 6.1 ശതമാനമാണ്. മൊത്ത മൂല്യവർധനയിലും വൻ ഇടിവിനു കറൻസി അസാധുവാക്കൽ നടപടി കാരണമായി. മുൻ വർഷത്തെ 7.6 ശതമാനത്തിൽ നിന്ന് 6.6 ശതമാനവുമായി.

കാർഷികം ഒഴികെയുള്ള മേഖലകളിലെല്ലാം വളർച്ചാനിരക്കിൽ കുറവുണ്ടായി. ഉൽപാദന മേഖലയിലാണു കാര്യമായ തകർച്ചയുണ്ടായത്. ഇതിനിടെയിലും സാമ്പത്തിക പരിഷ്‌കാര നടപടികൾ കാര്യക്ഷമമാക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇതിന്റെ ഭാഗമാണ് രണ്ട് ലക്ഷം രൂപ ആർക്കെങ്കിലും കൈമാറിയാൽ പിഴ നൽകണമെന്ന വ്യവസ്ഥ കൊണ്ടു വരുന്നത്.