തിരുവനന്തപുരം: 'കൊല്ലം നഗരത്തിന്റെ സുരക്ഷ കുടുംബകാര്യമായി', ഏതാനും മാസങ്ങൾക്ക് മുമ്പ് മാധ്യമങ്ങളിൽ വന്ന വാർത്ത വായനക്കാർക്ക് കൗതുകമായിരുന്നു. ആദ്യ നോട്ടത്തിൽ കൊല്ലം സിറ്റി പൊലീസ് കമ്മീഷണറായിരുന്ന സതീഷ് ബിനോ സ്ഥാനമൊഴിഞ്ഞതും പകരം അജിത ബീഗം ചുമതലയേറ്റത് അത്ര വലിയ കാര്യമാണോയെന്ന് തോന്നാം. എന്നാൽ, സംസ്ഥാന പൊലീസ് ചരിത്രത്തിൽ ആദ്യമായാണ് ഭർത്താവ് ഭാര്യക്ക് ബാറ്റൺ കൈമാറിയത്.സതീഷ് ബിനോ പത്തനംതിട്ട ജില്ല പൊലീസ് മേധാവിയായി ചുമതലയേറ്റപ്പോഴാണ് ഭാര്യ അജിത ബീഗം തൽസ്ഥാനത്ത് എത്തിയത്.

ജില്ലാ പൊലീസ് മേധാവി മുതൽ താഴോട്ട് ഒട്ടനവധി പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം സംസ്ഥാന പൊലീസിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഐപിഎസ് ദമ്പതികളുടെ സ്ഥാനമാറ്റം അങ്ങനെ ചരിത്രത്തിൽ ഇടം പിടിച്ചു.ജോലിയിൽ മികവ് തെളിയിച്ചവരാണ് സതീഷ് ബിനോയും, അജിത ബീഗവും.എന്നാൽ, പ്രാദേശിക രാഷ്ട്രീയക്കാരുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാത്തവരായതുകൊണ്ട് ഇരുവരും പലരുടെയും അപ്രീതിക്ക് പാത്രമാവുകയും ചെയ്തു.

ഏറ്റവുമൊടുവിൽ,ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റം വന്നപ്പോഴാണ് ഈ രാഷ്ട്രീയ സമ്മർദ്ദത്തിന്റെ ചൂട് അനുഭവപ്പെട്ടത്. ദമ്പതികളെ തൽസ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവുണ്ടായെന്ന് മാത്രമല്ല പകരം നിയമനം നൽകിയതുമില്ല. അഴിമതിക്കെതിരെ വാതോരാതെ പ്രസംഗിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് കഴിവുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നില്ലെന്നാതാണ്് ചോദ്യം. പൊലീസ് കാട്ടേണ്ട വിവേചന ബുദ്ധിയെ കുറിച്ച് അടുത്തിടെ വാചാലനായ മുഖ്യമന്ത്രി തന്നിഷ്ടം കാട്ടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, മികവും, സത്യസന്ധതയും പുലർത്തുന്ന ഉദ്യോഗസ്ഥർക്ക് എല്ലായ്‌പോഴും സംരക്ഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രബോസ് വധക്കേസിൽ സസ്‌പെൻഷനിലായിരുന്ന ജേക്കബ് ജോബിനെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി നിയമിക്കാനുള്ള നീക്കമാണ് സതീഷ് ബിനോയുടെ സ്ഥാനമാറ്റത്തിന് പിന്നിലെന്ന ആരോപണം സജീവമാണ്.ജേക്കബ് ജോബിന്റെ പത്തനംതിട്ട പൊലീസ മേധാവിയായുള്ള പുനർനിയമനം രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. രണ്ടുമാസം കൂടി മാത്രം സർവീസുള്ള ജേക്കബ് ജോബിനെ വീണ്ടും പുനഃ പ്രതിഷ്ഠിക്കാൻ തൽപരകക്ഷികൽ വിയർപ്പൊഴുക്കിയെന്ന് സാരം.

നേരത്തെ സതീഷും അജിതയും ഹൈദരാബാദിലെ എസ്‌വിപി ദേശീയ പൊലീസ് അക്കാദമിയിലേക്ക് കേന്ദ്ര ഡപ്യൂട്ടേഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അതിനുള്ള നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. സാധാരണഗതിയിൽ, കേന്ദ്ര ഡപ്യൂട്ടേഷൻ ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിൽ നിന്ന് ഔദ്യോഗിക ഉത്തരവ് വരുന്നത് വരെ തൽസ്ഥാനത്ത് നിന്ന് മാറ്റാറില്ല. അടുത്തിടെ ദമ്പതികൾ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ കേന്ദ്ര ഡപ്യൂട്ടേഷനുള്ള എതിർപ്പില്ലാ രേഖ വൈകാതെ പുറപ്പെടുവിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതോടെ ഭരണതലത്തിൽ നേരിയ ആശയക്കുഴപ്പമുണ്ടായെന്ന സംശയവും ഉയരുന്നുണ്ട്. ദമ്പതികകളുടെ സ്ഥാനം മാറ്റിയെങ്കിലും പകരം പോസ്റ്റിങ് നൽകാത്തതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.

ഏതായാലും പുതിയ സ്ഥാനമാറ്റത്തെ കുറിച്ച് അനൗപചാരികമായി പരാതികൾ ഉയർന്നതോടെ, സതീഷിന്റെയും അജിതയുടെയും സ്ഥാനമാറ്റ ഉത്തരവ് സർക്കാർ മരവിപ്പിക്കാൻ സാധ്യതയുണ്ട്. ശബരിമല തീർത്ഥാടനം കഴിയും വരെ പത്തനംതിട്ട പൊലീസ് മേധാവി സ്ഥാനത്ത് തുടരാൻ സതീഷ് ബിനോയോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും അറിയുന്നു. ഏതായാലും അഴിമതി ആരോപണവിധേയനായ സജി ബഷീറിന്റെ കെൽപാം എംഡിയായുള്ള നിയമനം പോലെ ഐപിഎസ് തലത്തിലെ ജേക്കബ് ജോബിന്റെ പുനർനിയമനവും വിവേകപൂർവമല്ലാത്ത സ്ഥാനമാറ്റവും സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരിക്കുകയാണ്്.

കേരളത്തിലെ പല സുപ്രധാന കേസുകളും അന്വേഷിച്ച അന്വേഷണ മികവിന് ഉടമകൂടിയാണ് അജിതാബീഗം. വരാപ്പുഴ പീഡനകേസ്, ജോസ് തെറ്റയിൽ കേസ് ഉൾപ്പെടെയുള്ള കേസുകളുടെ അന്വേഷണം നടത്തിയത് അജിതാ ബീഗമായിരുന്നു.

എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പിയായിരിക്കുന്ന കാലയളവിലാണ് ശോഭാ ജോൺ പ്രതിയായ വരാപ്പുഴ പീഡനകേസിന്റെ അന്വേഷണ ചുമതല അജിതാ ബീഗത്തിന് ലഭിച്ചത്. 2008 ബാച്ച് ഐപിഎസ് ഓഫീസറായ അജിതാ ബീഗം കോയമ്പത്തൂർ സ്വദേശിനിയാണ്.ആദ്യ നിയമനം ജമ്മുകശ്മീരിലായിരുന്നു. എഎസ്‌പി ട്രെയിനിയായി സർവീസിൽ പ്രവേശിച്ച അജിതാ ബീഗം പിന്നിട് കശ്മീരിലെ റിയാസി, റാംബൻ എന്നി ജില്ലകളുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് എസ്‌പി, തൃശൂർ റൂറൽ എസ്‌പി, തിരുവനന്തപുരം സിറ്റി ഡിസിപി, വയനാട് എസ്‌പി, പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പൽ എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു.

ക്രമസമാധാനപാലന രംഗത്ത് മികച്ച രീതിയിലുള്ള പ്രവർത്തനവും പൊതുജനങ്ങളോടുള്ള സൗമ്യമായ പെരുമാറ്റവും അജിതാബീഗത്തിനെ കൂടുതൽ ജനകീയ പൊലീസ് ഓഫീസറുടെ ഉന്നതിയിലെത്തിച്ചു. കന്യാകുമാരി സ്വദേശിയായ സതീഷ് ബിനൊയും 2008 ഐപിഎസ് ബാച്ചുകാരനാണ്. മധ്യപ്രദേശിലെ ഭോപ്പാലിൽ ട്രെയിനിയായാണ് അദ്ദേഹം ഔദ്യോഗികജീവിതം ആരംഭിച്ചത്. പിന്നീട് ഉജൈയിൻ എഎസ്‌പിയായി. കൊള്ളക്കാരുടെ മേഖലയായ ചമ്പൽക്കാട് ഉൾപ്പെടുന്ന മൊറാറ ജില്ലയിൽ അഡീഷണൽ എസ്‌പിയായും സതീഷ് ബിനൊ സേവനമനുഷ്ഠിച്ചിരുന്നു.

എറണാകുളം റൂറൽ എസ്‌പി, കോട്ടയം എസ്‌പി എന്നി നിലകളിൽ സേവനമനുഷ്ഠിച്ചിരുന്ന സതീഷ് ബിനൊയും അജിതാ ബീഗവും ഇക്കാലമത്രയും വിദൂരസ്ഥലങ്ങളിലായിരുന്നു ഔദ്യോഗികജീവിതം നയിച്ചിരുന്നത്. ഇടക്കാലത്ത് സതീഷ് ബിനോ കൊല്ലം സിറ്റി കമ്മീഷണായിരിക്കെ കൊല്ലം റൂറൽ എസ്‌പിയായിരുന്നു അജിത ബീഗം.ജില്ലയുടെ ക്രമസമാധാന പാലനം കൈകാര്യം ചെയ്യാനുള്ള നിയോഗവും ഇടക്കാലത്ത് ഈ ഐപിഎസ് ദമ്പതികൾക്ക് ലഭിച്ചു.