മാധവിക്കുട്ടിയുടെ 'എന്റെ കഥ' പുറത്തിറങ്ങിയപ്പോൾ എം പി നാരായണപ്പിള്ള ഇങ്ങനെ എഴുതി. ഇത് കപട സദാചാരവാദികളുടെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണെന്ന്. ദ കാശ്മീർ ഫയൽസ് എന്ന ഹിന്ദി ചിത്രം കണ്ടപ്പോൾ തോന്നിയത്, കേരളത്തിലടക്കമുള്ള വൺസൈഡ് നവോത്ഥാനവാദികളുടെ മുഖത്തേക്കുള്ള ഒരു കാറിത്തുപ്പാണിതെന്നാണ്. കാരണം ഇന്ത്യയിൽ നാട്ടിൽ അഭയാർഥികളായിപ്പോയ, ഒരു മതത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ മാത്രം പീഡിപ്പിക്കപ്പെട്ട ഒരു ജനതയാണ് കാശ്മീർ പണ്ഡിറ്റുകൾ. എന്നിട്ടും അവരെക്കുറിച്ച് ആരെല്ലാം എഴുതിയിട്ടുണ്ട്. ഫലസ്തീനിലെ രക്തച്ചൊരിച്ചിലുകൾക്കെതിരെയും, റോഹീങ്ക്യൻ അഭയാർഥികൾക്ക് ഐക്യദാർഡ്യം അർപ്പിച്ചുകൊണ്ടുമൊക്കെ കേരളത്തിൽ നടക്കാറുള്ള റാലികളും പ്രസംഗങ്ങളുമൊക്കെ, എന്തുകൊണ്ട് കാശ്മീർ പണ്ഡിറ്റുകളുടെ കാര്യത്തിൽ ഉണ്ടാവുന്നില്ല?

തീർച്ചയായും ഫലസ്തീനും, റോഹീങ്ക്യയുമൊക്കെ ഐക്യദാർഡ്യപ്പെടേണ്ട വിഷയങ്ങൾ തന്നെയാണ്. ലോകത്തിൽ എവിടെയും മനുഷ്യർ വീണുപോവുമ്പോൾ, മാനവികതയുള്ളവർക്ക് വിഷമം വരണം. പക്ഷേ നമ്മുടെ നാട്ടിൽ കണ്ണൂനീർ ഗ്രന്ഥികൾപോലും സെലക്റ്റഡ് ആയിട്ടാണ് പ്രവർത്തിക്കുക. എന്റെ മതക്കാർ, എന്റെ വർഗം കൊല്ലപ്പെടുമ്പോൾ മാത്രം ഞാൻ കരയും എന്ന ലൈൻ. ഈ വൺസൈഡ് നവോത്ഥാവാദികളുടെ മനോരോഗത്തിന് മരുന്നായി മൂന്നുനേരം നിർദ്ദേശിക്കപ്പെടാവുന്ന സിനിമയാണ് ദ കാശ്മീർ ഫയൽസ്!

കാരണം അവരുടെ നറേറ്റീവുകളിൽ ഇന്ത്യൻ സൈന്യവും ഭരണകൂടവുമാണ് കാശ്മീരിലെ വില്ലൻ. പക്ഷേ പാക് സ്പോൺസേഡ് തീവ്രവാദത്തെതും, മതവെറിയെയും അവരിൽ പലരും കാണുന്നില്ല. ശാസ്ത്രിയെ കൊന്നതാര് എന്ന ചോദ്യം ഉന്നയിച്ചുകൊണ്ട് എത്തിയ ദ താഷ്‌കെന്റ് ഫയൽസിന് ശേഷം വിവേക് അഗ്നിഹോത്രി എഴുതി സംവിധാനം ചെയ്ത ദ കശ്മീർ ഫയൽസ് എന്ന ചിത്രം ആ അർഥത്തിൽ കണ്ണുതുറപ്പിക്കുന്ന ഒരു സിനിയാണ്.

ഒരു ചലച്ചിത്രം എന്ന നിലയിൽ വിലയിരുത്തുമ്പോൾ ഔട്ട് സ്റ്റാൻഡിങ്ങ് എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, ആരും പറയാത്ത ഈ വംശഹത്യയുടെ കഥ പറഞ്ഞ സംവിധായകൻ വലിയ അഭിനന്ദനം അർഹിക്കുന്നുണ്ട്. 90കളിൽ കാശ്മീരി പണ്ഡിറ്റുകൾ അനുഭവിച്ച മതപീഡനത്തിന്റെ നടുക്കുന്ന ചില ചിത്രങ്ങൾ വരച്ചിടാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. ക്ലൈമാക്സിലെ കൂട്ടക്കൊല കണ്ട് പുറത്തിറങ്ങുമ്പോൾ ഹൃദയത്തിൽ എവിടെയോ എന്തൊക്കെയോ തറച്ചിറങ്ങുന്നതായി തോന്നാം.

യഹൂദകൂട്ടക്കൊലയും മറ്റും പ്രമേയമായി ഒന്നാന്തരം ലോക സിനിമകൾ നാം കണ്ടതാണ്. അതുപോലെ ഒരു അതിശക്തമായ പ്രമേയം ആയിരുന്നു ഇതും. പക്ഷേ ഇവിടെയും അതുപോലെ ഒരു ലോക ക്ലാസിക്ക് ഉണ്ടാക്കുനുള്ള അവസരം സംവിധായകൻ കളഞ്ഞു കുളിച്ചു എന്ന വിഷമം മാത്രമേയുള്ളൂ. കുറച്ചുകൂടി ശ്രദ്ധയോടെ എടുത്തിരുന്നെങ്കിൽ, ഷിൻഡ്ലേസ് ലിസ്റ്റ്, സേവിങ്ങ് പ്രൈവറ്റ് റയാൻ, തുടങ്ങിയ ലോക ക്ലാസിക്കുകളുടെ ഇടയിൽ പെടുത്താവുന്ന ഒരു ചിത്രമായി മാറ്റാൻ കഴിയുമായിരുന്ന, നടുക്കുന്ന പ്രമേയമാണ് ഈ ചിത്രം പറയുന്നത്.

മതംമാറൂ അല്ലെങ്കിൽ മരിക്കൂ...

അഭയാർഥികളായ ഡൽഹിയിൽ കഴിയുന്ന 700ഓളം കാശ്മീരി പണ്ഡിറ്റുകളെ നേരിട്ട് കാണ്ടാണ് വിവേക് അഗ്നിഹോത്രി ചിത്രമൊരുക്കിയത്. അതുകൊണ്ടുതന്നെ ചരിത്രത്തോട് ഈ ചിത്രം പരമാവധി നീതി പുലർത്തിയിട്ടുണ്ട്. നാലുവർഷം നീണ്ട ഗവേഷണമാണ് ചിത്രത്തിന് വേണ്ടി നടത്തിയതെന്ന് സംവിധായകൻ പറയുന്നു.

മഞ്ഞുറഞ്ഞുകിടക്കുന്ന കാശ്മീരിലെ ഒരു വെളിമ്പുറത്ത് ക്രിക്കറ്റ് കളിക്കുന്ന കുട്ടികളെ കാണിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത്. സച്ചിൻ അടിച്ച് തകർക്കുമ്പോൾ ആഹ്ലാദിച്ച ആ പണ്ഡിറ്റ് കുട്ടിക്ക് ഏറ്റ മർദനം ഒരു സൂചനയായിരുന്നു. കാശ്മീർ സ്ഫോടനാത്മകായി മാറുന്നെന്ന്. ക്രമേണെ ഹിറ്റ്ലർ യഹൂദർക്ക് നേരെ കടന്നുകയറിയപോലെ കാശ്മീരിൽ പണ്ഡിറ്റുകൾ രണ്ടാംതരം പൗരന്മാർ ആവുന്നു. ഇസ്ലാമിക ഭീകരർ തോക്കിൽ മുനകൊണ്ട് സകലമേഖലകളിലും ആധിപത്യം മുറുക്കുന്നു. 'റാലിവ്, ഗാലിവ്, യാ ചാലിവ്'.... ഇസ്ലാമിലേക്ക് മതംമാറൂ, അല്ലെങ്കിൽ മരിക്കൂ, അല്ലെങ്കിൽ നാടു വിട്ടു പോകൂ എന്നീ മൂന്നു മാർഗ്ഗങ്ങളായിരുന്നു, പണ്ഡിറ്റുകളുടെ മുന്നിൽ 1990ൽ ഇസ്ലാമിക ഭീകരർ വെക്കുന്നത്.

പള്ളികളിൽ ഇക്കാര്യം അനൗൺസ് ചെയ്യുന്നു. തെരുവുകളിൽ പോസ്റ്റർ പതിക്കുന്നു. ഇനി നാടുവിട്ടു പോകാനാണ് തീരുമാനിക്കുന്നതെങ്കിൽ, സ്ത്രീകളെ കൂട്ടാതെ പൊയ്‌ക്കൊള്ളാനായിരുന്നു നിർദ്ദേശം. സ്ത്രീകളെ ഭീകർക്ക് ആവശ്യമുണ്ട്! പണ്ഡിറ്റുകൾ കരഞ്ഞ് പറഞ്ഞിട്ടും, രക്ഷിക്കണമെന്ന് കേണ് അപേക്ഷിച്ചിട്ടും, അധികൃതർ തിരിഞ്ഞുനോക്കുന്നില്ല. ക്രൂരമായ വംശഹത്യയാണ് പണ്ഡിറ്റുകൾക്ക് നേരിടേണ്ടിവന്നത്. ഭർത്താവിനെ വെടിവെച്ച് കൊന്ന് ആ രക്തം വീണ അരി ഭാര്യയെകൊണ്ട് തീറ്റിക്കുന്ന രംഗങ്ങൾ കണ്ടുനിൽക്കാൻ കഴിയില്ല. ഇതും യഥാർഥ സംഭവമാണ്. ( സമാനമായ സംഭവം ബംഗാളിൽ 70ൽ സിപിഎമ്മും നടത്തിയിരുന്നു. ഭർത്താവിന്റെ കണ്ണ് ചൂഴ്ന്നെടുത്ത്, മകനെ വെട്ടിക്കൊന്ന് ആ ചോര ചാലിച്ച ചോറ് അമ്മയെക്കൊണ്ട് തീറ്റിച്ച സൈൻബാരി കൂട്ടക്കൊല, അവർ നടത്തിയത് ആ കുടുംബം കോൺഗ്രസുകാർ ആയതുകൊണ്ട് മാത്രമായിരുന്നു! ) മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കിയിരുന്ന കാലം. മരമല്ലിലെ അറക്കവാൾകൊണ്ട് അറുത്ത് കഷ്ണമാക്കിയവരും എത്ര. തെരുവിൽ ഗാന്ധിജിയുടെ തലയുള്ള ഇന്ത്യൻ രൂപകൊടുത്ത് സാധനങ്ങൾ വാങ്ങിയാൽ, ബാക്കി കിട്ടുക ജിന്നയുടെ തലയുള്ള പാക്കിസ്ഥാൻ രൂപയാണ്. ആ ആസുരമായ കാലത്തെ അതേപടി ചിത്രം കാണിക്കുന്നുണ്ട്.

സംഭാഷണ പ്രാധാന്യം രസം കുറയ്ക്കുന്നു

കൃഷ്ണ പണ്ഡിറ്റ് (ദർശൻ കുമാർ) എന്ന ഒരു ചെറുപ്പക്കാരന്റെ ജീവിത യാത്രയാണ് ഈ ചിത്രം. ഡൽഹിയിലെ ഒരു പ്രശസ്ത യൂണിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥി യൂണിയന്റെ പ്രസിഡന്റ് പദത്തിനായി മത്സരിക്കുന്ന നേതാവാണ് ഈ വിദ്യാർത്ഥി. അദ്ധ്യാപിക പ്രൊഫസർ രാധികാ മേനോൻ (പല്ലവി ജോഷി) ആണ് കൃഷ്ണ പണ്ഡിറ്റിന്റെ മാർഗ്ഗദർശി. ടിപ്പിക്കൽ വൺസൈഡ് നവോത്ഥാന വാദിയും, വിഘടനവാദികൾക്ക് പ്രോൽസാഹനം നൽകുന്നയാളാണുമാണ് രാധികാ മേനോൻ.

തന്റെ മാതാപിതാക്കളും ജ്യേഷ്ഠ സഹോദരൻ ശിവയും കൊല ചെയ്യപ്പെട്ട ശേഷം മുത്തച്ഛൻ പുഷ്‌ക്കർ നാഥ് പണ്ഡിറ്റിനോടൊപ്പം (അനുപം ഖേർ) കശ്മീർ താഴ്‌വരിയിൽനിന്ന് പലായനം ചെയ്യുമ്പോൾ ഏതാനും മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞായിരുന്നു കൃഷ്ണ. ഡൽഹിയിൽ വളർന്നു വന്ന കൃഷ്ണയ്ക്ക് മുത്തച്ഛൻ പറഞ്ഞു കൊടുത്ത കുറച്ചു കഥകളല്ലാതെ തന്റെ കുടുംബചരിത്രത്തെ കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. തന്റെ മാതാപിതാക്കൾ ഒരു അപകടത്തിൽ പെട്ട് മരിച്ചതാണ് എന്നാണ് കൃഷ്ണയെ ധരിപ്പിച്ചിരുന്നത്.

താമസിയാതെ മുത്തച്ഛൻ മരിക്കുന്നു. തന്റെ ചിതാഭസ്മം കശ്മീർ താഴ്‌വരയിൽ വിതറണം എന്ന മുത്തച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റാൻ കൃഷ്ണ പുറപ്പെടുന്നു. കശ്മീരിലെ വീട്ടിലേക്കെത്താൻ സഹായത്തിനായി തന്റെ നാല് സുഹൃത്തുക്കളെ ബന്ധപ്പെടാനും മരിക്കുന്നതിനു മുമ്പ് മുത്തച്ഛൻ പറഞ്ഞിട്ടുണ്ടായിരുന്നു. പണ്ട് കശ്മീരിൽ ജീവിച്ചിരുന്ന ഇവർ 30 വർഷങ്ങൾക്ക് ശേഷം വീണ്ടും അവിടെ ഒത്തുചേരുകയാണ്. കശ്മീരിലെ പഴയ കളക്ടറായിരുന്ന ബ്രഹ്മ ദത്ത്, ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി, ഡോക്ടർ മഹേഷ് കുമാർ, മുൻ ഡിജിപി ഹരിനാരായൺ, ടിവി റിപ്പോർട്ടർ വിശ്വറാം എന്നിവർക്കൊപ്പം പണ്ഡിറ്റിന്റെ ചെറുമകൻ കൃഷ്ണയും. ഇവർ പഴയ ജീവിതവും ദുരിതവും പറയുമ്പോൾ താൻ കേട്ടതൊക്കെ തെറ്റാണെന്ന് കൃഷ്ണക്ക് മനസ്സിലാവുന്നു. തുടർന്ന് കൃഷ്ണ കശ്മീർ സന്ദർശിക്കുന്നു. അവരിൽ നിന്ന് തന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ ആഴം കൃത്യമായ തെളിവുകളോടും വസ്തുതകളോടും കൂടിത്തന്നെ അറിയുന്നു. അങ്ങനെയുള്ള അയാളുടെ മാനസാന്തരമാണ് ചിത്രത്തിന്റെ ഉള്ളടക്കം.

മിഥുൻ ചക്രവർത്തി, അനുപം ഖേർ, ദർശൻ കുമാർ, പല്ലവി ജോഷി തുടങ്ങിയ അഭിനേതാക്കളുടെ പ്രകടനമാണ് ചിത്രത്തിന് കൂടുതൽ കരുത്ത് പകർന്നത്. ഇതിൽ അനുപം ഖേർ ഒരു കശ്മീരി പണ്ഡിറ്റ് കൂടിയാണ്. പല്ലവി ജോഷിയുടെ രാധിക മേനോൻ എന്ന കഥാപാത്രത്തിന്റെയും, ദർശൻ കുമാർ അവതരിപ്പിച്ച അർജ്ജുന്റെയും പ്രസംഗങ്ങളാണ് ചിത്രത്തിലെ നിർണ്ണായകം. പക്ഷേ ഈ ചിത്രത്തിലെ ഒരു വലിത തകരാറ് ഇത്തരം സംഭാഷണത്തിന് നൽകിയ അമിത പ്രാധ്യന്യമാണ്. അതിന് പകരം ദൃശ്യത്തിനാണ് ഊന്നൽ നൽകിയതെങ്കിൽ ഈ പടത്തെ പിടിച്ചാൽ കിട്ടില്ലായിരുന്നു.

ചറിയ ബജറ്റിൽ ഒരുക്കിയ ചിത്രത്തിന് ഒട്ടേറെ പരിമിതികളുണ്ടായിരുന്നു. വിഎഫ്എക്സ് അടക്കമുള്ള ഘടകങ്ങളിലൂടെ ഈ കുറവ് ബോധ്യപ്പെടുന്നതാണ്. ദ താഷ്‌കെന്റ് ഫയൽസിൽ സംവിധായകൻ കാഴ്ചവച്ച നിലവാരം ഇക്കുറി കുറഞ്ഞിട്ടുണ്ട്. എന്നാൽ തിരക്കഥ, സംഭാഷണം എന്നിവയിൽ സംവിധായകൻ ഒട്ടും പിറകിലേക്ക് പോയിട്ടുമില്ല.
കഥയെ റിയലസ്റ്റിക്കാക്കി നിർത്തുന്നതിൽ ഉദയ്സിങ് മോഹിതെയുടെ ഛായാഗ്രഹണം, രോഹിത് ശർമ്മയുടെ പശ്ചാത്തല സംഗീതം എന്നിവയ്ക്കും കൃത്യമായ പങ്കുണ്ട്.

ഇത് ഒരു സംഘപരിവാർ ചിത്രമോ?

ഈ ചിത്രത്തിനെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായി പ്രചരിക്കുന്നത് ഇത് ഒരു സംഘപരിവാർ ചിത്രമാണെന്നാണ്. അതിനുകാരണം സംഘപരിവാർ അനുയായികളാണ് ഈ ചിത്രത്തെ പ്രമോട്ട് ചെയ്യുന്നത് എന്നതാണ്. ബിജെപിയോടും ഭരണപക്ഷത്തോടുമുള്ള സംവിധായകന്റെ ചായ്വ് പ്രകടമാണെങ്കിലും, പൂർണ്ണമായും ഒരു സംഘി ചിത്രമെന്നൊന്നും ഇതിനെ വിശേഷിപ്പിക്കാൻ കഴിയില്ല. സ്വന്തം നാട്ടിൽ അഭയാർഥികൾ ആക്കപ്പെട്ട കാശ്മീർ പണ്ഡിറ്റുകളുടെ വിഷയം എങ്ങനെയാണ് സംഘപരിവാറിന്റെ മാത്രം വിഷയം ആകുന്നത്. ഇവിടെയാണ് സത്യത്തിൽ ബിജെപി ഗോൾ അടിക്കുന്നത്. ഇടതുപക്ഷവും പ്രത്യകിച്ച് സിപിഎമ്മു നാളിതുവരെ കാശ്മീർ പണ്ഡിറ്റുകളുടെ വിഷയത്തിൽ എന്തെങ്കിലും നിലപാട് എടുക്കുന്നത് കണ്ടിട്ടില്ല.

ഈ ചിത്രത്തിന്റെ പൊളിറ്റിക്കൽ ഉള്ളടക്കത്തോടുള്ള വിയോജിപ്പ്, ഇത് ആർട്ടികൾ 370 പിൻവലിച്ചത് എന്തിന് എന്ന ചോദ്യത്തിനുവേണ്ടി നിർമ്മിക്കപ്പെട്ടതാണെന്ന് ചിലയിടത്ത് തോനുന്നിടത്താണ്. അതുപോലെ ജെ.എൻ.യുവിലെ വിദ്യാർത്ഥ പ്രക്ഷോഭത്തെയും, അരുന്ധതിറോയിയെപ്പോലുള്ള കാശ്മീരിന് സ്വാതന്ത്ര്യം കൊടുക്കണമെന്ന് പരസ്യമായി പറഞ്ഞ ആക്്റ്റീവിസ്റ്റുകളെയും, ആസാദി മുദ്രാവാക്യങ്ങളെയുമെല്ലാം ചിത്രം ലക്ഷ്യം വെക്കുന്നുണ്ട്. ജെ.എൻ.യുവിലെ ആസാദി മുദ്രാവാക്യത്തിൽ കാശ്മീരിന്റെ മോചനം ഉൾപ്പെട്ടിട്ടില്ല. അവിടെ പാക്കിസ്ഥാൻ അനുകൂല മുദ്രവാക്യങ്ങൾ ഉയർന്നുവെന്ന് പറയുന്ന കൃത്രിമമായി സൃഷ്ടിക്കപ്പെട്ടയാണെന്ന് പിന്നീട് തെളിഞ്ഞു. പക്ഷേ ചിത്രത്തിന്റെ നല്ലൊരു ഭാഗവും സംവിധായകൻ ചെലവിടുന്നത്, ജെ.എൻ.യുവിലെ വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും ഡീ ഗ്രേഡ് ചെയ്യാനാണ്. ആ ദീർഘസംഭാഷണങ്ങൾ കശ്മീരി പണ്ഡിറ്റുകളുടെ ദൃശ്യകഥയിലേക്ക് ഫോക്കസ് പോവുകയാണെങ്കിൽ ചിത്രം എത്രയോ നന്നാവുമായിരുന്നു.

വിശാലമായ സ്വതന്ത്ര്യബോധത്തിന്റെ അടിസ്ഥാനത്തിലാണ്, കാശ്മീരിലെ ജനത സ്വതന്ത്ര്യം ആഗ്രഹിക്കുന്നെങ്കിൽ അതുകൊടുക്കണം എന്ന് അരുദ്ധതി റോയ് പറയുന്നത്. അല്ലാതെ അവർക്കൊന്നും പാക് തീവ്രാദികളുമായി ബന്ധമൊന്നുമില്ല. പക്ഷേ ഇസ്ലാമിക ഫണ്ടിങ്ങും, അവാർഡും വിദേശയാത്രകളും, മുന്നിൽ കണ്ട് വൺസൈഡ് നവോത്ഥാനം പറഞ്ഞ് നടക്കുന്ന ഒരു പാട് സാംസ്കാരിക നായകരെ നമുക്ക് കേരളത്തിൽ അടക്കം കാണാൻ കഴിയുന്നുണ്ട്. അതിനാൽ ഈ പാത്ര സൃഷടി പൊറുത്തുകൊടുക്കാം.

മാത്രമല്ല ചിത്രത്തിൽ പറ്റിയ മറ്റൊരു ഫാൾട്ട്, നായകന്റെ ജെഎൻയു പ്രസംഗത്തിൽ പറയുന്ന ഒരു ഭാഗം ദൃശ്യത്തിൽ വന്നിട്ടില്ല എന്നതാണ്. കാരണം ഇസ്ലാമിക ഭീകരർക്ക് അധികാരം കിട്ടിയിടത്തൊക്കെ ആദ്യം ഉരുണ്ട തലകളിൽ ഒന്ന്, സ്വന്തം മതത്തിലെ മതേതരവാദികളുടേതാണ്. അതിനുശേഷമേ അവർ മറ്റുള്ളവരെ തൊടൂ. കാശ്മീരിലും, അങ്ങനെ രക്തംചിന്തിയ പുരോഗമനവാദികളായ മുസ്ലീങ്ങളും, കമ്യൂണിസ്റ്റുകാരുമൊക്കെയുണ്ട്. അത് ചിത്രം പറഞ്ഞുപോകുന്നു എന്നേയുള്ളൂ. ആ ഭാഗം കൂടി ചിത്രീകരിച്ചുരുന്നുവെങ്കിൽ, ഏകപക്ഷീയമാണെന്ന് വിമർശനം ഉയരുന്ന ചിത്രത്തിന്റെ രാഷ്ട്രീയ ധാര മയപ്പെടുമായിരുന്നു. ഇത് ബാലൻസിങ്ങിന് വേണ്ടി പറയുന്നതല്ല. ചരിത്രയാഥാർഥ്യം അങ്ങനെ ആയതുകൊണ്ടാണ്. ( സദ്ദാം ഹുസൈനെപ്പോലുള്ള ഏകാധിപതകൾ ഒന്നും കൊന്ന് തള്ളിയ കമ്യൂണിസ്റ്റുകാർക്ക് കണക്കില്ല. എന്നിട്ടും സദ്ദാം മരിച്ചപ്പോൾ കേരളത്തിൽ സിപിഎം ഹർത്താൽ നടത്തി. അതുപോലെ കാശ്മീർ തീവ്രവാദികളുടെ ഹിറ്റ്ലിസ്റ്റിലാണ് അന്നും ഇന്നും അവിടുത്തെ കമ്യൂണിസ്റ്റുകാർ. പക്ഷേ പത്ത്വോട്ട് ഭയന്ന് പണ്ഡിറ്റുകളുടെ അടക്കം പശ്നം ഉയർത്താൻ കേരളത്തിലും സിപിഎമ്മിന് പേടിയാണ്!)

വാരിയൻകുന്നൻ സിനിമാക്കാർ കാണേണ്ട ചിത്രം

അതുപോലെ തന്നെ നമ്മുടെ വാരിയൻകുന്നൻ സിനിമാക്കാർ കാണേണ്ട ചിത്രം കൂടിയാണിത്. വാരിയൻ കുന്നന്റെ കാലത്തായാലും, ഇറാനിൽ ആയാലും, ലെബനനിൽ ആയാലും ഇസ്ലാമിസ്റ്റുകൾക്ക് അധികാരം കിട്ടിയാൻ പിന്നെ മറ്റ് മതസ്ഥർക്ക് മൂന്ന് മാർഗങ്ങളെയുള്ളൂ. ഒന്നുകിൽ ഇസ്ലാമിലേക്ക് മാറുക, അല്ലെങ്കിൽ നാടുവിടുക, അല്ലെങ്കിൽ അടിമകളെപ്പോലെ ജിസയ നികുതി കൊടുത്ത് രണ്ടാംതരം പൗരന്മാരായി, അഥവാ ദിമ്മികളായി ജീവിക്കുക. മുസ്ലിം ആൻഡ് നോൺ മുസ്ലിം എന്ന വേർതിരിവ് ഇല്ലാതെ ചിന്തിക്കാൻ പോലും അവർക്ക് കഴിയില്ല. അവരുടെ മതസാഹിത്യം അത് പഠിപ്പിക്കുന്നുമില്ല.

കാശ്മീരിൽ ഒരു മതേതര സ്വതന്ത്രരാജ്യമല്ല ഇസ്ലാമിക രാഷ്ട്രമാണ് അവർക്ക് ഉണ്ടാക്കേണ്ടത്. (ഇന്ന് ഒരുവിഭാഗം സ്വാതന്ത്യസമര സേനാനിയായി കണക്കാക്കുന്ന വാരിയൻ കുന്നന്റെ കാര്യത്തിലും അതുതന്നെതാണ് യാഥാർഥ്യം. എങ്ങനെ പുട്ടിയിട്ട് വെളുപ്പിച്ചാലും മതത്തിന്റെ പേരിലായിരുന്നു 1921ൽ കേരളത്തിൽ നിഷ്‌ക്കരുണം കൊല നടന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ബലാത്സഗം ചെയ്യപ്പെട്ട സ്ത്രീകളുടെ സമ്മേളനം നടന്നത് മലബാർ കലാപത്തെ തുടർന്ന് നിലമ്പൂരിൽ ആയിരുന്നു)

മതവിരോധം അങ്ങനെയാണ്. അതുകൊച്ചുകുട്ടികളിലേക്കും സ്ത്രീകളിലേക്കും വരെ പടരും. ഇറാനിൽ ഖുമൈനിയുടെ സാംസ്കാരിക വിപ്ലവത്തിലുടെ അധികാരം പിടിച്ചതിന്റെ പിറ്റേന്ന്, ദീർഘകാലം ഒരു കടുംബം പോലെ കഴിഞ്ഞ അയൽവാസികളുടെ മട്ട് മാറിയതും, അവർ തന്നെ തങ്ങളെ ഒറ്റിക്കൊടുത്ത കഥയും അവിടെനിന്ന് രക്ഷപ്പെട്ടവർ എഴുതിയിട്ടുണ്ട്. വർഷങ്ങളായി ഒരു യഹൂദകടുംബത്തിൽ ജോലിചെയ്ത മുസ്ലിം ഡ്രൈവറാണ് ഒരു കുടുംബത്തെ വെടിവെച്ച് കൊന്നത്. ഇതുപോലത്തെ കാര്യങ്ങൾ ലബാർ കലാപത്തിൽ സംഭവിച്ചിട്ടുണ്ട്. സമാനമായ കാര്യങ്ങൾ തന്നെയാണ് കാശ്മീരിലും സംഭവിച്ചതെന്ന് ഈ ചിത്രം അടിവരയിടുുന്നു. ചിത്രത്തിലെ ഒരു വൃദ്ധനായ മൗലവി, കാശ്മീരി പണ്ഡിറ്റ് യുവതിയോട് പറയുന്നുണ്ട്. നിനക്ക് എന്നെ വിവാഹം ചെയ്താൽ സുഖമായി ജീവിക്കാമെന്ന്. ഇത് ഇസ്ലാമികവത്ക്കരം നടന്ന എല്ലായിടത്തും സംഭവിച്ചതാണ്. സ്ത്രീകളെ പിടിച്ചെടുക്കൽ.

ഇന്ത്യൻ ഭരണകൂടവും ആർമിയുമാണ് കാശ്മീരിലെ എല്ലാ പ്രശ്നത്തിനും കാരണം എന്ന നറേറ്റീവ് ഉയർത്തുന്ന ഈ ടീംസ് ഒക്കെ ഈ ചിത്രം ഒന്ന് കാണേണ്ടതാണ്. സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെടുന്നവരുടെ വീടുകളിൽപോയി കണ്ണീർകഥകൾ ഉണ്ടാക്കുന്നവർ എന്തുകൊണ്ട് പണ്ഡിറ്റുകളുടെ നേർക്ക് തങ്ങളുടെ ക്യാമറ ഒരു നേരം പോലും തിരിച്ചുവെക്കുന്നില്ല. ഇത്തരം സ്യൂഡോ ജേർണലിസത്തിന്റെ നേർക്കുള്ള മുഖമടച്ചുള്ള ആട്ടുകൂടിയാണ് ഈ ചിത്രം.

ഇപ്പോൾ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ക്ലിയറൻസ് ലഭിക്കാത്തിനെതുടർന്ന് സാറ്റലൈറ്റ് ചാനൽ ലൈസൻസ് നഷ്ടമായ മീഡിയാവണ്ണ് ചാനലൊക്കെ പ്രതിക്കൂട്ടിൽ ആയത് കാശ്മീർ റിപ്പോർട്ടിങ്ങിന്റെ പേരിലാണെന്ന് ഓർക്കണം. ഇന്ത്യൻ ഭരണകൂടവും ആർമിയുമാണ് കാശ്മീരിലെ എല്ലാ പ്രശ്നത്തിനും കാരണം എന്ന നറേറ്റീവ് ഉയർത്തുന്ന ഈ ടീംസ് ഒക്കെ ഈ ചിത്രം ഒന്ന് കാണേണ്ടതാണ്. സൈന്യത്തിന്റെ തിരിച്ചടിയിൽ കൊല്ലപ്പെടുന്നവരുടെ വീടുകളിൽപോയി കണ്ണീർകഥകൾ ഉണ്ടാക്കുന്നവർ എന്തുകൊണ്ട് പണ്ഡിറ്റുകളുടെ നേർക്ക് തങ്ങളുടെ ക്യാമറ ഒരു നേരം പോലും തിരിച്ചുവെക്കുന്നില്ല. ഇത്തരം സ്യൂഡോ ജേർണലിസത്തിന്റെ നേർക്കുള്ള മുഖമടച്ചുള്ള ആട്ടുകൂടിയാണ് ഈ ചിത്രം.

ഹൃദയം പൊട്ടുന്ന ഒരു രംഗം അവതിരിപ്പിച്ചുകൊണ്ടാണ് ചിത്രം അവസാനിക്കുന്നത്. ഒരു കൂട്ടക്കുഴിമാടത്തിന് അരികിൽ നിരത്തി നിർത്തി സ്ത്രീകളും വൃദ്ധരും കുട്ടികളും അടങ്ങുന്ന 24 കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ച് കൊല്ലുന്നത്. അതിന്റെ നീറ്റൽ തീയേറ്റർ വിട്ടാലും മനസ്സിലുണ്ടാവും. ഏതെങ്കിലും ഒരു മതത്തോടുള്ള വെറുപ്പല്ല വേദനയാണ് ഈ ചിത്രം അവസാനിക്കുമ്പോൾ ഉണ്ടാവുന്നത്.

വാൽക്കഷ്ണം: കേരളത്തിൽ ആദ്യം ഒന്നോ രണ്ടോ തീയേറ്റുകളിൽ മാത്രം ഉണ്ടായിരുന്ന ഈ ചിത്രത്തിന്, ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ ഷോകൾ ഉണ്ടാവുകയാണ്. ഈ ചിത്രത്തിന് തീയേറ്റർ കൊടുത്തില്ല എന്ന് ചിലർ പറയുന്ന ആരോപണം ശരിയല്ല. കേരളം പോലെ ഒരു സംസ്ഥാനത്ത് രാഷ്ട്രീയ വിയോജിപ്പിന്റെ പേരിൽ പ്രദർശനം നിഷേധിക്കാനൊന്നും അർക്കും കഴിയില്ല. വരും ദിനങ്ങളിൽ കൂടുതൽ തീയേറ്ററുകളിലേക്ക് ഈ ചിത്രം വ്യാപിക്കുമെന്നാണ് അറിയുന്നത്.