ന്യൂഡൽഹി: കോഹിന്നൂർ രത്‌നത്തെച്ചൊല്ലിയുള്ള വിവാദം മുമ്പെന്നത്തേക്കാൾ ശക്തമാണ് ഇപ്പോൾ. ബ്രിട്ടീഷുകാർ ഇന്ത്യയിൽനിന്ന് മോഷ്ടിച്ചതെന്ന് കരുതുന്ന അമൂല്യമായ ഈ രത്‌നം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് നടക്കുമ്പോൾ, അത് മോഷ്ടിച്ചതല്ല സമ്മാനിച്ചതാണെന്ന വാദവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ.

സുപ്രീം കോടതിയിൽ നടത്തിയ പരാമർശത്തിലാണ് സോളിസിറ്റർ ജനറൽ കോഹിന്നൂർ സമ്മാനമായി നൽകിയതാണെന്ന വാദമുയർത്തിയത്. 'ഒട്ടേറെപ്പേർ കൈമാറിയ രത്‌നമാണത്. 1813-ൽ അഫ്ഗാനിസ്താനി ഷാ ഷുജ രത്‌നം രഞ്ജിത് സിങ് മഹാരാജാവിന് നൽകി. അദ്ദേഹത്തിന്റെ മരണശേഷം അനന്തരാവകാശി ദുലീപ് സിങ് അത് ബ്രിട്ടീഷുകാരെ ഏൽപിച്ചു. ഇംഗ്ലീഷുകാരും സിഖുകാരുമായുള്ള യുദ്ധത്തിന്റെ നഷ്ടപരിഹാരമെന്നോണമാണ് ഇത് സമ്മാനിച്ചത്. ഈസ്റ്റ് ഇന്ത്യ കമ്പനി ഈ രത്‌നം വിക്ടോറിയ രാജ്ഞിക്ക് 1849-ൽ സമ്മാനിച്ചു. അന്നുമുതൽ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ രത്‌നമുണ്ട്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വത്താണ് ഇപ്പോൾ ഈ രത്‌നം'-ഇതായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം.

എന്നാൽ, ചരിത്രം പഠിക്കാതെയാണ് ഈ വാദം നിരത്തിയതെന്ന് ചരിത്രകാരന്മാർ പറയുന്നു. രഞ്ജിത്ത് സിങ്ങിന് കോഹിന്നൂർ രത്‌നം നൽകിയത് ഷാ ഷുജയാണ്. രഞ്ജിത്ത് സിങ്ജിക്കൊപ്പം അഭയാർഥിയായി കഴിയുമ്പോഴായിരുന്നു അത്. തന്റെ തലപ്പാവിനുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു ഷാ ഷാജു ഈ രത്‌നം. എന്നാൽ, ആദരസൂചകമായി തലപ്പാവ് കൈമാറിയപ്പോൾ രത്‌നം രഞ്ജിത് സിങ്ജിയുടെ കൈയിലെത്തി. തന്റെ ഇടതുകൈയിൽ ഈ രത്‌നം മാത്രമാണ് രഞ്ജിത് സിങ്ജി ധരിച്ചിരുന്നത്.

മരണശയ്യയിൽ കിടക്കവെ തനിക്കുവേണ്ടി പ്രാർത്ഥിച്ച പണ്ഡിതന്മാർക്ക് ഒട്ടേറെ സ്വർണവും രത്‌നവും രഞ്ജിത് സിങ്ജി സമ്മാനിച്ചിരുന്നു. തന്റെ ജീവൻ രക്ഷിക്കുന്നതിനായി കോഹിന്നൂർ രത്‌നം ഒഡിഷയിലെ ജഗന്നാഥ് പുരി ക്ഷേത്രത്തിന് സമർപ്പിക്കാൻ അദ്ദേഹം പ്രധാനമന്ത്രി ധ്യാൻ സിങ്ങിനോട് ആവശ്യപ്പെട്ടു. എന്നാൽ, രത്‌നത്തിന്റെ മൂല്യം അറിയാമായിരുന്ന ധ്യാൻസിങ്ങും കുടുംബാംഗങ്ങളും അത് നിരസിച്ചു.

1839-ൽ രഞ്ജിത് സിങ്ജി മരിച്ചു. ഇതിനുശേഷമാണ് ലാഹോർ ദർബാറിൽ ബ്രിട്ടീഷുകാർ ആക്രമണം നടത്തുന്നത്. രഞ്ജിത് സിങ്ജിയുടെ മക്കളും ധ്യാന് സിങ്ങടക്കമുള്ള അനുചരന്മാരും യുദ്ധത്തിൽ കൊല്ലപ്പെട്ടു. സിഖ് സേനയും പ്രദേശങ്ങളും ബ്രിട്ടീഷ് ഭരണത്തിൻകീഴിലായി. എട്ടുവയസ്സുള്ള ദുലീപ് സിങ്ങിനെ കിരീടാവകാശിയാക്കി.

മൂന്ന് യുദ്ധങ്ങളിലൂടെ പഞ്ചാബിന്റെ പാതിയോളം പിടിച്ചെടുത്ത ബ്രിട്ടീഷ് സൈന്യം എട്ടുവയസ്സുകാരനായ ദുലീപ് സിങ്ങിനെ ബ്രിട്ടനിലേക്ക് കൊണ്ടുപോയി. ദുലീപ് സിങ്ങിന് വേണ്ടി ഭരണം നടത്തിയിരുന്നത് ഹെന്റി ലോറൻസ് എന്ന ഗവർണറായിരുന്നു. ബ്രിട്ടീഷ് രാജ്ഞി്ക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ ദുലീപ് സിങ്ങിൽനിന്നാണ് കോഹിന്നൂർ രത്‌നത്തെക്കുറിച്ച് ബ്രിട്ടീഷുകാർക്ക് വിവരം ലഭിക്കുന്നത്.

ഇതേത്തുടർന്ന് ലാഹോറിൽ മടങ്ങിയെത്തിയ ഡൽഹൗസി പ്രഭു അത് ഹെന്റി ലോറൻസിൽനിന്നും ശേഖരിച്ച് കൊണ്ടുപോരുകയായിരുന്നു. ബെൽറ്റിനൊപ്പം കെട്ടിവച്ച് കൽക്കട്ടയിലെത്തിച്ച രത്‌നം അവിടെനിന്നും തിരക്ക് പിടിച്ച് ലണ്ടനിലെത്തിച്ചു. രത്‌നം ലണ്ടനിലെത്തിയപ്പോഴുണ്ടായ ആശ്വാസത്തെക്കുറിച്ച് ഡൽഹൗസി പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇത്തരത്തിൽ ഇന്ത്യയിൽനിന്നും കടത്തിയ കോഹിന്നൂറിനെ സമ്മാനമെന്ന് കരുതാനാകില്ലെന്ന് ചരിത്രകാരന്മാർ പറയുന്നു. രത്‌നം തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ സംഘടനയായ ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്‌സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ടി.എസ്. താക്കൂർ അധ്യക്ഷനായുള്ള ബെഞ്ച് ഇക്കാര്യത്തിൽ സർക്കാരിന്റെ വാദം അവതരിപ്പിക്കാൻ സോളിസിറ്റർ ജനറലിനോട് ആവശ്യപ്പെട്ടിരുന്നു.

ഇത്തരം പരമ്പരാഗത വസ്തുക്കളുടെ ഇറക്കുമതിയും കയറ്റുമതിയും തടയുന്ന 1970-ലെ യുനെസ്‌കോ കൺവെൻഷൻ അനുസരിച്ച് കോഹിന്നൂർ രത്‌നം ഇന്ത്യക്ക് ലഭിക്കേണ്ടതാണ്. എന്നാൽ, അതിനുവേണ്ടി ശ്രമിക്കാനും മുന്നിട്ടിറങ്ങാനും ഇച്ഛാശക്തിയുള്ള നേതൃത്വം ഇന്ത്യയ്ക്ക് ഇതേവരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലണ്ടൻ സന്ദർശിച്ചപ്പോൾ കോഹിന്നൂർ രത്‌നം ഇന്ത്യയെ തിരികെ ഏൽപിക്കണമെന്ന ശക്തമായ ആവശ്യം ഉയർന്നിരുന്നു.