കാബൂൾ: കാബൂളിൽ നിന്നുള്ള കാഴ്ചകൾ മനുഷ്യസ്‌നേഹികളെ കണ്ണീരണിയിക്കും. താലിബാൻ-2 വിന്റെ നിഷ്്ഠൂര ഭരണം ഭയന്ന് പലായനം ചെയ്യുന്നവരുടെ കാഴ്ചകളാണ് മാധ്യമങ്ങളിൽ നിറയുന്നത്. വിമാനത്തിന്റെ മുകളിൽ കയറിയും ചിറകിൽ തൂങ്ങിയും ഒക്കെ രക്ഷപ്പെടാൻ ശ്രമിച്ചവർ വിഡ്ഢികളെന്ന് തോന്നാമെങ്കിലും അവരുടെ സാഹചര്യം അങ്ങനെയാണെന്ന് ഓർക്കണം. എന്നാൽ, എന്തുവന്നാലും വേണ്ടില്ല, അഫ്ഗാനിസ്ഥാനിൽ തന്നെ തുടരും എന്ന് നിശ്ചയിച്ച ചിലരെയും കാണാം. പലായനം ചെയ്യുന്ന ന്യൂനപക്ഷക്കാരുടെ ഇടയിൽ വരുന്നത് വരട്ടെ അവിടെ വച്ച് കാണാം എന്ന് ദൃഢനിശ്ചയത്തോടെ തുടരുകയാണ് കാബൂളിലെ രത്തൻ നാഥ് ക്ഷേത്ര പുരോഹിതന്.

പണ്ഡിറ്റിനെ കാബുൾ വിടാൻ സഹായിക്കാമെന്ന് പലരും വാഗ്ദാനം ചെയ്തു. എന്നാൽ, ദേവനും ക്ഷേത്രവും ആ പരിസരവുമാണ് തന്റെ ജീവിതമെന്ന് അദ്ദേഹം പറയുന്നു. ക്ഷേത്രത്തിലെ മണികൾ ആകാവുന്ന കാലത്തോളം മുഴക്കാൻ കഴിയണേ എന്നാണ് അദ്ദേഹത്തിന്റെ പ്രാർത്ഥന.തന്റെ പൂർവികർ നൂറുകണക്കിന് വർഷമായി സേവനം അനുഷ്ഠിക്കുന്ന ക്ഷേത്രം വിട്ടുപോകാൻ പണ്ഡിറ്റ് രാജേഷ് കുമാർ തയ്യാറല്ല. 'ചില ഹിന്ദുക്കൾ എന്നോട് കാബുൾ വിടാൻ അഭ്യർത്ഥിച്ചു. യാത്രയ്ക്ക് സൗകര്യങ്ങൾ ചെയ്തുതരാമെന്നും പറഞ്ഞു. എന്നാൽ, എന്റെ പൂർവികർ ഈ ക്ഷേത്രത്തിൽ വർഷങ്ങളായി സേവനം അനുഷ്ഠിക്കുന്നു. ഞാൻ ക്ഷേത്രത്തെ ഉപേക്ഷിക്കില്ല. താലിബാൻ എന്നെ കൊല്ലുകയാണെങ്കിൽ അത് ദൈവഹിതമായി ഞാൻ കണക്കാക്കും'-അദ്ദേഹം പറഞ്ഞു.

കാബൂളിലെ കർതേ പർവാൻ ഗുരുദ്വാരയിലാണ് ഭൂരിപക്ഷം ഹിന്ദുക്കളും സിഖുകാരും അഭയം തേടിയിരിക്കുന്നത്. സിഖുകാരും, ഹിന്ദുക്കളും അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷ സംബന്ധിച്ച് കാബൂളിലെ ഗുരുദ്വാര കമ്മിറ്റി പ്രസിഡന്റുമായി താൻ ബന്ധപ്പെടുന്നുണ്ടെന്ന് ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി അദ്ധ്യക്ഷൻ പറഞ്ഞു. അവിടെ 50 ഹിന്ദുക്കളും, 270 ലധികം സിഖുകാരും അടക്കം 370 ലേറെ പേർ അഭയം തേടിയിട്ടുണ്ട്. താലിബാൻ നേതാക്കൾ ഗുരുദ്വാരയുമായി ബന്ധപ്പെട്ടെന്നും സുരക്ഷ ഉറപ്പു നൽകിയെന്നുമാണ് പറയുന്നത്. രാഷ്ട്രീയ അന്തരീക്ഷം മാറിയെങ്കിലും അവിടെ തുടരുന്ന ന്യൂനപക്ഷങ്ങൾക്ക് സുരക്ഷിത ജീവിതം നയിക്കാമെന്നാണ് മഞ്ജിന്തർ സിങ് സിർസയെ പോലുള്ളവർ പ്രതീക്ഷിക്കുന്നത്.

അഫ്ഗാനിസ്ഥാനിലെ യഹൂദ ചരിത്രത്തിന് അവസാനം

നേരത്തെ താലിബാന്റെ ആക്രമണം ഭയന്ന് അഫ്ഗാനിസ്ഥാനിലെ അറിയപ്പെടുന്ന അവസാനത്തെ യഹൂദനായ സബുലോൺ സിമൺടോവ് രാജ്യം വിട്ടിരുന്നു. അഫ്ഗാനിലെ ഹെരാത്ത് നഗരത്തിൽ ജനിച്ച് വളർന്ന സബുലോൺ കാബൂളിലെ സിനഗോഗിൽ നാല് പതിറ്റാണ്ടായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു. മുമ്പ് യഹൂദന്മാരുടെ കേന്ദ്രമായിരുന്നു ഹെരാത്ത്. പിന്നീട് താലിബാൻ ആരെയും അവശേഷിപ്പിച്ചില്ല.

അഫിഗാനിസ്ഥാനിലെ യഹൂദ ചരിത്രം 2000 വർഷത്തെ പഴക്കമുള്ളതാണ്. സബുലോൺ സിമൺടോവ് രാജ്യം വിട്ടതോടെ, അഫ്ഗാനിസ്ഥാനിലെ യഹൂദ ചരിത്രത്തിലെ വലിയൊരു അദ്ധ്യായത്തിനും അവസാനം ആകുകയാണ്. സിനഗോഗിനും ഇതോടെ പൂട്ടുവീഴും. ഹെരാത്തിൽ 1961ൽ ജനിച്ച സിമൺടോവ് കുട്ടിക്കാലത്തെ തന്നെ കാബൂളിലേക്ക് താമസം മാറ്റി. 1992 ൽ താലിബാന്റെ പീഡനം സഹിക്ക വയ്യാതെ തജിക്കിസ്ഥാനിലേക്ക് ഓടി പോകേണ്ടിവന്നു. അവിടെ വച്ച് വിവാഹിതനായി. പിന്നീട് അദ്ദേഹം കാബൂളിലേക്ക് മടങ്ങിയെങ്കിലും ഭാര്യയും രണ്ടുപെൺമക്കളും 1998 ൽ ഇസ്രയേലിലേക്ക് തിരിച്ചുപോയി.