ഷിക്കാഗോ: എട്ടുവർഷത്തെ പ്രസിഡന്റു പദവിയിൽ നിന്ന് താഴെയിറങ്ങും മുമ്പ് അമേരിക്കയ്ക്ക് നിറകണ്ണുകളോടെ നന്ദിപറഞ്ഞ് ബരാക് ഒബാമയുടെ വിടവാങ്ങൽ പ്രസംഗം. എല്ലാവരേയും ഉൾക്കൊള്ളുന്ന അമേരിക്കയാണ് ആവശ്യമെന്നും ജനാധിപത്യവും ഐക്യവും സാഹോദര്യവുമാണ് അമേരിക്കയുടെ നിലനിൽപ്പിന്റെ ആണിക്കല്ലുകൾ എന്നും ജനങ്ങളെ ഓർമിപ്പിച്ച പ്രസിഡന്റ്, മുസ്‌ലിങ്ങൾ ഉൾപ്പെടെ എല്ലാവരേയും ഉൾക്കൊള്ളണമെന്നും ആഹ്വാനം ചെയ്തു.

സാധാരണക്കാർ അണിനിരന്നാൽ മാറ്റം സാധ്യമാകും. ജനങ്ങളാണ് എന്നെ മെച്ചപ്പെട്ട പ്രസിഡന്റാക്കിയത്. മെച്ചപ്പെട്ട മനുഷ്യനാക്കിയത്. ഓരോ ദിവസം നിങ്ങളിൽ നിന്നാണ് ഞാൻ പഠിച്ചത്.

മുസ്ലിം വിരുദ്ധത പ്രചരണവേളയിൽ മുഖമുദ്രയാക്കിയ ഡൊണാൾഡ് ട്രംപാണ് തന്റെ പിൻതുടർച്ചക്കാരൻ എന്ന് ജനങ്ങളെ ഓർമിപ്പിക്കുന്ന തരത്തിലായിരുന്നു ഒബാമയുടെ വാക്കുകൾ. ജനാധിപത്യമാണ് രാജ്യത്തിന്റെ നിലനിൽപ്പിന് അടിസ്ഥാനം. വംശീയവിദ്വേഷം ഉൾപ്പെടെ ജനങ്ങളെ വിഭജിക്കുന്ന എല്ലാ തെറ്റുകളും തിരുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മാറ്റം എന്ന മുദ്രാവാക്യം കൊടുങ്കാറ്റായി മാറിയ രണ്ടായിരത്തിഎട്ടിലെ തിരഞ്ഞെടുപ്പിൽ വിജയപ്രഖ്യാപനം നടത്തിയ അതേവേദിയിലാണ് എട്ടുവർഷത്തിനുശേഷം വിടവാങ്ങൽ പ്രസംഗത്തിന് ബരാക് ഒബാമ എത്തിയത്. എട്ടുവർഷം കൊണ്ട് അമേരിക്കയിലും അമേരിക്കയെക്കുറിച്ചുള്ള കാഴ്ചപ്പാടിലും മാറ്റം വരുത്താൻ കഴിഞ്ഞു എന്നതായിരുന്നു ഭരണത്തെക്കുറിച്ചുള്ള ഒബാമയുടെ വിലയിരുത്തൽ.

സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഉൾപ്പെടെയുള്ള സാമൂഹ്യക്ഷേമ പദ്ധതികൾ, ഒസാമ ബിൻ ലാദന്റെ വധം അടക്കം ഭീകരവിരുദ്ധപോരാട്ടത്തിലെ നേട്ടങ്ങൾ ഒക്കെ അദ്ദേഹം എടുത്തുകാട്ടി. ഒബാമയുടെ പ്രധാന പദ്ധതികൾ പിൻവലിക്കാനൊരുങ്ങുന്ന ഡോണൾഡ് ട്രംപിനുള്ള മറുപടി കൂടിയായിരുന്നു അത്.

അമേരിക്ക തുടങ്ങിയിടത്ത് നിന്ന് ഏറെ ശക്തമായ നിലയിലാണ് ഇന്ന്. വർണവിവേചനം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. നിയമങ്ങൾ മാറിയതുകൊണ്ട് കാര്യമില്ല. ഹൃദയങ്ങൾ മാറിയാലേ കൂടുതൽ മുന്നേറാൻ നമുക്ക് കഴിയൂ.

മൂല്യങ്ങൾ നഷ്ടപ്പെടുന്നതിൽ ജാഗ്രത പുലർത്തണം. റഷ്യക്കോ ചൈനയ്‌ക്കോ ലോകത്ത് നമ്മുക്കുള്ള സ്വാധീനത്തിനൊപ്പമെത്താൻ കഴിയില്ല എന്നും ഒബാമ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകി. ഐ.എസിനെ പൂർണമായി തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ എട്ട് വർഷത്തെ ഭരണകാല നേട്ടങ്ങൾ എണ്ണിപ്പറയുന്നതിനിടെ മാറ്റങ്ങൾ കൊണ്ടുവരാനായത് എന്റെ കഴിവുകൊണ്ടല്ല നിങ്ങളിലൂടെയാണ് അത് സാധ്യമായതെന്ന് ഒബാമ വ്യക്തമാക്കി. ഭാര്യ മിഷേൽ ഒബാമയേയും വൈസ് പ്രസിഡന്റ് ജോ ബൈഡനേയും പ്രശംസിക്കാനും അദ്ദേഹം മറന്നില്ല. എട്ട് വർഷത്തിനിടെ ഒരു വിദേശ തീവ്രവാദ സംഘടനയ്ക്കും അമേരിക്കൻ മണ്ണിൽ ഒരു ആക്രമണവും ആസൂത്രണം ചെയ്ത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല എന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഒരുതവണകൂടി പ്രസിഡന്റാകണമെന്ന് ആർത്തുവിളിച്ചാണ് ആരാധകർ ഒബാമയുടെ വാക്കുകളോട് പ്രതികരിച്ചത്. എട്ടുവർഷം ലോകചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു കാലഘട്ടത്തിൽ അമേരിക്കയെ നയിച്ച നേതാവ് ഈമാസം ഇരുപതിന് ഡോണൾഡ് ട്രംപിന് വഴിമാറും.