തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ കുറ്റപത്രം സമർപ്പിക്കുമ്പോൾ, ചാനലുകളിൽ വരുംവരായ്കകളെ കുറിച്ച് ചൂടേറിയ ചർച്ചകളാണ്. വിദഗ്ധാഭിപ്രായം പറഞ്ഞ് പ്രേക്ഷകരെ വിവരമുള്ളവരാക്കാൻ സിനിമാമേഖലയിൽ നിന്ന് മാത്രമല്ല പൊലീസ് മേഖലയിൽ നിന്നും വിദഗ്ദ്ധർ. നടപടിക്രമങ്ങളെ കുറിച്ചാണ് വിശദീകരണം. കേസ് സജീവമായ നാളുകളിലെല്ലാം ഇത്തരത്തിൽ അറിവുപകരാൻ മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന മുഖമാണ് റിട്ട.എസ്‌പി ജോർജ് ജോസഫ്.

ചാനലുകളിൽ എഴുതിക്കാണിക്കുന്നതും റിട്ട.എസ്‌പി എന്നുതന്നെ. ആർക്കും സംശയമില്ല. എന്നാൽ, വിവരാവകാശരേഖ പ്രകാരം ചോദിച്ചപ്പോൾ കിട്ടിയ മറുപടി വിചിത്രമായിരുന്നു. പൊലീസ് ആസ്ഥാനത്ത് നിന്നാണ് മറുപടി. ജോർജ് ജോസഫ് എന്ന പേരിലൊരു ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പിയായി ജോലി ചെയ്തിരുന്നു. എന്നാൽ, എസ്‌പിയായി ജോലി ചെയ്തിട്ടില്ല. സർവീസ് തലത്തിൽ ഐപിഎസ് കിട്ടിയതായി കാണുന്നുമില്ല.

നടിയെ ആക്രമിച്ച കേസിൽ കുറ്റം തെളിയിക്കപ്പെട്ടാൽ ഇരട്ട ജീവപര്യന്തം വരെ ദിലീപിന് കിട്ടാൻ സാധ്യതയുണ്ടെന്നാണ് പല ചാനൽ ചർച്ചകളിലും ജോർജ് ജോസഫ് പറയാറുള്ളത്. 'ഗൂഢാലോചനയിൽ കുറ്റകൃത്യം നിർവഹിക്കുന്നതിനു പിന്നിലെ ലക്ഷ്യം പ്രധാനമാണ്. നടിയെ ഉപദ്രവിക്കാൻ സിനിമ മേഖലയിൽ ദിലീപ് മാത്രമാണുള്ളതെന്ന് കോടതിയെ ബോധ്യപ്പെടുത്താൻ അനായാസം കഴിയും.

താൻ മനസിലാക്കിയിടത്തോളം ദിലീപിനെതിരെ സാഹചര്യ തെളിവുകൾ ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ, ഡിവൈഎസ്‌പിയായി വിരമിച്ച വ്യക്തി റിട്ട.എസ്‌പിയെന്ന് നാട്ടുകാരെ ബോർഡ് വച്ച് ബോധ്യപ്പെടുത്തുന്നതിൽ അനൗചിത്യമില്ലേയെന്നാണ് ചോദ്യം. ഇതിനൊപ്പം തന്റെ സർവീസ് കാലത്ത് ജോർജ് ജോസഫ് നിരവധി വകുപ്പ്തല ശിക്ഷകൾക്ക് വിധേയനായിട്ടുണ്ടെന്നും വിവരാവകാശരേഖകൾ വെളിപ്പെടുത്തുന്നു.

വിവരാകാശരേഖകൾ സംസാരിക്കുന്നു:

'പൊലീസ് ആസ്ഥാനത്ത് നിന്നുള്ള മറുപടി പ്രകാരം ജോർജ് ജോസഫ് എന്നയാളിന് സർവീസ് തലത്തിൽ ഐപിഎസ് നൽകിയതായി കാണുന്നില്ല എന്നാണ് മറുപടി.ജോർജ് ജോസഫ് മന്നുശേരി ഉപ്പുതറ ഇടുക്കി എന്ന പേരിലൊരു ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി റാങ്കിൽ ജോലി ചൈയ്തിരുന്നു.സർവീസ് രേഖകളിൽ നിന്ന് ലഭിച്ച വിവരപ്രകാരം, ജോർജ് ജോസഫ് ഡിവൈഎസ്‌പിയായിരുന്നു.എസ്‌പിയായി സ്ഥാനക്കയറ്റം ഉണ്ടായിട്ടില്ല.01-01-1974 ൽ എസ്ഐ ആയി നിയമനം.1983 ജൂൺ 24 ന് എസ്ഐ ആയി പ്രമോഷൻ.1997 ഓഗസ്റ്റ് 25 ന് ഡിവൈഎസ്‌പിയായി താൽകാലിക പ്രമോഷൻ.വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോയിലായിരുന്നു ആദ്യ നിയമനം.പിന്നീട് ഒക്ടോബർ 27 ന് സിബിസിഐഡി തിരുവനന്തപുരം ഓഫീസിലേക്ക് ഡിവൈഎസ്‌പിയായി നിയമനം.

ഐപിഎസ് സ്ഥാനക്കയറ്റം ഉണ്ടായിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു.ഇതിന് പുറമേ ജോർജ് ജോസഫിന് വകുപ്പ് തലത്തിൽ നൽകിയിട്ടുള്ള ശിക്ഷാനടപടികളും രേഖയിൽ വിശദമാക്കുന്നുണ്ട്.1982 സെപ്റ്റംബർ 25 ന് തിരുവനന്തപുരം കമ്മീഷണർ ജോർജ് ജോസഫിനെ സസ്പെൻഡ് ചെയ്യുകയും വാക്കാൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.അടുത്ത വർഷം ഫെബ്രുവരി 23 ന് സർവീസിൽ തിരികെ പ്രവേശിച്ചു.1981 ഡിസംബർ 4 ന് ഇടുക്കി ജില്ലാ സൂപ്രണ്ട് ജോർജ് ജോസഫിന്റെ ഇൻക്രിമെന്റ് ആറുമാസത്തേക്ക് തടഞ്ഞിരുന്നു.

1985 ജനുവരിയിൽ, വാർഷിക വേതന വർദ്ധനവ് മൂന്ന് വർഷത്തേക്ക് തടഞ്ഞ് ഉത്തരവായിരുന്നു.1992 ഏപ്രിൽ നാലിന് മറ്റൊരു സസ്പെൻഷൻ ഉത്തരവും ജോർജ് ജോസഫിനെ തേടിയെത്തി.1992 മെയ് 27 ന് സർവീസിൽ തിരികെ പ്രവേശിച്ചപ്പോൾ, കാസർകോഡ് സ്പഷ്യൽ മൊബൈൽ സ്്ക്വാഡിലായിരുന്നു നിയമനം.1994 ജൂൺ 17 ന് വീണ്ടും വാർഷിക വേതന വർദ്ധനവ് ഒരു വർഷത്തേക്ക് തടഞ്ഞുവയ്ക്കുന്ന സ്ഥിതിയുണ്ടായി.1994 ജൂലൈ 28 ന് ജോർജ് ജോസഫിനെ ക്യത്യവിലോപത്തിന് സെൻഷ്യുർ ചെയ്തിരുന്നത്.1994 ഒക്ടോബർ 7 ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് പ്രകാരം വാർഷിക വേതന വർദ്ധനവ് വീണ്ടും ഒരുവർഷത്തേക്ക് തടഞ്ഞു.'