കൊച്ചി: വെള്ളം കിട്ടാതെ കേണുകൊണ്ടിരുന്ന വേഴാമ്പലുകളെ പോലെയായിരുന്നു ഇന്ന ദിലീപ് ആരാധകരുടെ ഷോ. ആനന്ദലഹരിയാൽ ഉത്തേജിതരായ ആൾക്കൂട്ടത്തിന്റെ മുദ്രാവാക്യങ്ങളിൽ ജനപ്രിയ നായകന്റെ എതിരാളികളോടുള്ള രോഷവും തിളച്ചുമറിഞ്ഞു.പൊതുസമൂഹത്തിലെ
ദിലീപ് അനുകൂലികളെ വാഴ്‌ത്താനും, എതിരാളികളെ ഇകഴ്‌ത്താനും ആരാധകവ്യന്ദം പ്രത്യേകം ശ്രദ്ധിച്ചു.ആലുവ ജയിലിന് മുന്നിലെ ഈ അതിരുകടന്ന ആഹ്ലാദ പ്രകടനത്തിനെതിരെ ദിലീപ് ഫാൻസ് സ്‌റ്റേറ്റ് കമ്മിറ്റി നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും അതൊന്നും ആൾക്കൂട്ടം വകവച്ചില്ല.

ദിലീപ് ഫാൻസ് സ്റ്റേറ്റ് കമ്മിറ്റിയുടെ അറിയിപ്പ്..
ദിലീപ് ഫാൻസ് പ്രവർത്തകർ ആരും ജയിലിനു മുന്നിലേക്ക് പോകുകകയോ ആഘോഷങ്ങൾ സംഘടിപ്പിക്കുകയോ ചെയ്യരുത്. ദിലീപേട്ടന് പുറത്തിറങ്ങാൻ ഒരുപാട് നടപടി ക്രമങ്ങൾ ഉണ്ട്..അതിൽ ആരും തടസ്സം നിൽക്കരുത്.. നിങ്ങൾക്ക് ദിലീപേട്ടനെ കാണാനും സംസാരിക്കാനും ഉള്ള അവസരം ഞങ്ങൾ ശരിയാക്കി താരം. ദിലീപേട്ടന്റെ വീട്ടിലോ മറ്റെവിടെ എങ്കിലും വെച്ചോ അവസരം ഉണ്ടാക്കാം..ദയവായി ഇന്നത്തെ ദിവസം നിശബ്ദത പാലിക്കുക. ചോരകുടിക്കാൻ കാത്ത് നിൽക്കുന്ന കഴുകന്മാർ പുറത്തു ഉണ്ട് ഓർക്കുക. ദിലീപേട്ടൻ കുറ്റവിമുക്തൻ ആകുന്ന ദിവസം നമുക്ക് ആഘോഷിക്കാം. അതാണ് ശരി.. ജയിലിനു പുറത്തു നിൽക്കുന്നവർ ഫാൻസ് പ്രവർത്തകർ അല്ല, ഏട്ടനെ സ്‌നേഹിക്കുന്നവരും നാട്ടുകാരും ആണ്..അവരോടും കൂടെ ഉള്ള അപേക്ഷ ആണ്. നിങ്ങടെ വികാരം മനസ്സിലാക്കി തന്നെ ആണ് പറയുന്നത് .

ദിലീപേട്ടനെ ഒരു നോക്ക് കാണാൻ വേണ്ടി വൻജനക്കൂട്ടം...നിങ്ങൾ ഒറ്റക്കല്ല ഏട്ടാ... നിങ്ങളെ ചങ്കു പറിച്ചു സ്‌നേഹിക്കാൻ ഇവിടെ ആളുകൾ ഉണ്ടെന്നു മനസ്സിലായില്ലേ..ഇതാണ് ഏട്ടാ നിങ്ങളുടെ വിജയം..?? നിങ്ങളെ പോലെ നിങ്ങളെ ഉള്ളൂ ദിലീപേട്ടാ...ഇങ്ങനെയൊക്കെ ഫേസ്‌ബുക്കിൽ ദിലീപിനെ സ്വാഗതം ചെയ്ത ആരാധകർ മാത്രമല്ല ജയിലിന് മുന്നിൽ തടിച്ചുകൂടിയത്. എന്നിരിക്കിലും, നടൻ പൃഥ്വിരാജിനെതിരെ മുദ്രാവാക്യങ്ങൾ മുഴങ്ങിയെന്നത് ആരാധകരുടെ മനോഭാവം വ്യക്തമാക്കി.പൃഥ്വിരാജേ..മൂരാച്ചി...നിന്നെ പിന്നെ കണ്ടോളാം എന്നായിരുന്നു രാഷ്ട്രീയ ശൈലിയിലുള്ള മുദ്രാവാക്യം.ദിലീപിന്റെ അറസ്റ്റിന് ശേഷം ചേർന്ന അമ്മ സംഘടനയുടെ യോഗത്തിൽ പൃഥ്വിരാജ് സ്വീകരിച്ച ഉറച്ച നിലപാടുകളാണ് ജനപ്രിയ നായകനെ സംഘടനയിൽ നിന്ന് ഒഴിവാക്കാൻകാരണമായതെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വന്നത്. സംഘടനയുടെ തീരുമാനങ്ങൾ രേഖാമൂലം വേണമെന്ന് അന്ന് പൃഥ്വി നിർബന്ധം പിടിച്ചതായും വാർത്തകൾ വന്നു.പൃഥ്വിയുടെ ഈ നിലപാടുകളാണ് ആരാധകരെ ചൊടിപ്പിച്ചതെന്ന് കരുതാം.

അതേസമയം ദിലീപിനെതിരെ തെളിവില്ലെന്ന് ആദ്യം തന്നെ നിലപാടെടുത്ത മുൻ ഡിജിപി ടി.പി.സെൻകുമാറിനെ വാഴ്‌ത്തി മുദ്രാവാക്യം ഉയർന്നു. ഒപ്പം ദിലീപിന് വേണ്ടി ചാനലുകളിൽ ശക്തമായി രംഗത്തെത്തിയ പി.സി.ജോർജ്., ഷോൺ ജോർജ് എന്നിവർക്കും ആരാധകപ്പട ജയ് വിളിച്ചു. ചാനൽ അവതാരകരിൽ വിനു.വി.ജോണിനെയും, വേണു ബാലകൃഷ്ണനെയും തിരഞ്ഞ് പിടിച്ച് അധിക്ഷേപം ചൊരിയുന്നതും കേൾക്കാമായിരുന്നു.

ലഡു, പായസം എന്നിവ വിളമ്പി കാത്തുനിൽപ്പും, വരവേൽപ്പും കൊഴുപ്പിക്കുന്നതിനിടെയയായിരുന്നു ആരാധകരുടെ കൃത്യമായ ടാർജറ്റിങ്. എന്നാൽ തങ്ങളുടെ പ്രിയ നടന്റെ ജാമ്യവ്യവസ്ഥകൾക്ക് പോറലേൽപ്പിക്കുന്ന ഒന്നും വിളിച്ചുപറയാതിരിക്കാൻ ആൾക്കൂട്ടം ശ്രദ്ധിച്ചുവെന്നത് കൃത്യമായ ആസൂത്രണത്തിന്റെ സൂചനയും നൽകുന്നു.

ദിലീപേട്ടനെ സ്‌നേഹിക്കുന്ന എല്ലാവരോടും.. നമ്മൾ കേൾക്കാൻ കൊതിച്ച വാർത്ത ആണ് ഇപ്പോൾ വന്നത്..ഫാൻസ് പ്രവർത്തകരോട് നിങ്ങൾ ആരും അമിതാവേശം കാണിക്കരുത് ആഹ്ലാദം, അവിവേകങ്ങൾക്കോ അമിതാവേശങ്ങൾക്കോ വഴിമാറരുത് .. ദിലീപേട്ടന് ദോഷം ആകുന്ന ഒന്നും ചെയ്യരുത്.. ആ മനുഷ്യൻ ഇനി മോളോടും അമ്മയോടും ഭാര്യയോടും കൂടെ ഉണ്ടാകട്ടെ. അപേക്ഷ ആണ്...എന്ന ദിലീപ് ഫാൻസ് സ്റ്റേറ്റ് കമ്മിറ്റി മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ആഘോഷലഹരിയിൽ പലരും അതൊക്കെ മറന്നു.ജനക്കൂട്ടം മതിലിനും സബ് ജയിൽ ഗ്രൗണ്ടിന്റെ ഇരുമ്പ് വേലിക്കെട്ടിനും മുകളിലും വരെ കയറി. ഇവരെ നിയന്ത്രിക്കാൻ പൊലീസും രംഗത്തെത്തി. ആഘോഷം അതിരു വിടരുതെന്ന നിർദ്ദേശം ഫാൻസിനും ലഭിച്ചു.

ദിലീപിന്റെ ജാമ്യവാർത്ത അറിഞ്ഞ് ധർമജൻ ബോൾഗാട്ടി ഉൾപ്പെടെയുള്ള് ചില സിനിമാപ്രവർത്തകരും സ്ഥലത്തെത്തി. നടൻ നാദിർഷയുടെ സഹോദരനും സബ് ജയിലിന് മുന്നിൽ എത്തിയിരുന്നു.ആരാധകരെ കൈവീശി ആഹ്ലാദം പ്രകടിപ്പിച്ച ദിലീപ് നാളെ രാമലീല കാണാൻ അവർക്കൊപ്പമുണ്ടാകും. കുടുംബ വീട്ടിൽ ഇന്ന് തങ്ങുന്ന ദിലീപ് നാളെ സിനിമ കണ്ടതിന് ശേഷം ആലുവയിലെ വീട്ടിലേക്ക് തിരിക്കും.നാദിർഷാ,നടൻ സിദ്ദിഖ് തുടങ്ങിയ സിനിമാ പ്രവർത്തകർ വൈകിട്ട് ദിലീപിനെ കാണാനെത്തി.അറസ്റ്റിലാകുമ്പോൾ ആൾക്കൂട്ടത്തിന്റെ കൂക്കുവിളി നേരിടേണ്ടി വന്ന ദിലീപിന് ഇന്നത്തെ സ്വീകരണം ആശ്വാസകരവും ആനന്ദകരവുമായി തോന്നാമെങ്കിലും, കേസ് പാതിവഴിയിലാണെന്ന കാര്യം ആരാധകക്കൂട്ടം മറന്നുപോയി.