പത്തനംതിട്ട: മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകൾ ജെസ്ന മരിയ ജയിംസിനെ കാണാതായിട്ട് ഇന്നു നാലു ദിവസം. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെൺകുട്ടി. മൊബൈൽ ഫോൺ കാൾ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. പിന്നെ, ജെസ്ന പോയത് എങ്ങോട്ട്? പൊലീസും കൈമലർത്തുന്നു.

22 ന് രാവിലെ 9.30 നാണ് ജെസ്നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനിയാണ് ജെസ്ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല.

കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്സ് പഠിക്കുന്നത്. ജെസ്ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫിമോൾ. ഇതാണ് പശ്ചാത്തലം.

22 ന് സംഭവിച്ചത്...

അന്ന് ജെസ്നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്നയെ കാണാതായത്. ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്ന എടുത്തിട്ടുമില്ല.

അപ്പോൾ പിന്നെ എങ്ങോട്ടു പോയി???

ഒരു കിഡ്നാപ്പിന്റെ സാധ്യതയാണ് ബന്ധുക്കൾ പറയുന്നത്. മറ്റു സാഹചര്യങ്ങളൊക്കെ വച്ചു നോക്കുമ്പോൾ അതിന് മാത്രമാണ് സാധ്യതയെന്ന് പിതാവ് ജെയിംസ് ജോസഫ്, സഹോദരൻ ജെയ്സ് എന്നിവർ പറയുന്നു. പൊലീസിന് ഒന്നും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ മാധ്യമങ്ങളുടെ സഹായം തേടിയിരിക്കുകയാണ് ഈ കുടുംബം.