തൃശൂർ: അഴീക്കാടൻ രാഘവൻ വധം നടന്നിട്ട് 46 വർഷങ്ങൾ പിന്നിടുബോഴും, അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ല. സിപി എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവുമായിരുന്ന അഴീക്കോടൻ 1972 സെപ്റ്റംബർ 23ന് തൃശൂർ നഗരത്തിലെ ചെട്ടിയങ്ങാടിയിൽ വച്ചാണ് കൊല്ലപ്പെട്ടത്. അഴീക്കോടന്റെ വധത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടു വരുന്നതിൽ സിപിഎമ്മിനുള്ള ഉദാസീനതയാണ് കേരളത്തെ ഞെട്ടിച്ച രാഷ്ട്രീയ കൊലപാതകത്തിലെ ദുരൂഹത ഇപ്പോഴും നിലനിൽക്കാൻ കാരണം.

നക്സലൈറ്റുകളാണ് വധത്തിന് പിന്നിലെന്നാണ് ഇപ്പോഴും സിപിഎം പറയുന്നത്. എന്നാൽ കൊലപാതകികൾ ആരായിരുന്നുവെന്നോ കൊലപാതകത്തിന്റെ പിന്നിലെ കാരണങ്ങളോ പൊതുസമൂഹത്തിനു മുന്നിൽ ഇന്നും ചോദ്യചിഹ്നമായി അവശേഷിക്കുന്നു.കെ.കരുണാകരൻ അഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കൊലപാതകം നടന്നത്. അക്കാലത്ത് കരുണാകരന് നേരെയും ആരോപണം ഉണ്ടായിരുന്നു. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഇഎംഎസ്, കരുണാകരന് വധത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉന്നയിച്ചിരുന്നുവെങ്കിലും പിന്നീട് നിലപാടിൽ ഉറച്ചു നിന്നില്ല.

കാർഷിക സർവകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തട്ടിൽ എസ്റ്റേറ്റ് വിവാദമാണ് കരുണാകരനെ പ്രതിക്കൂട്ടിലാക്കുന്നത്. സർവകലാശാലയ്ക്കായി 936 ഏക്കർ വരുന്ന എസ്റ്റേറ്റ് അക്വയർ ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം നിലവിലുണ്ടായിരുന്നു. 30 ലക്ഷം വിലയുള്ള എസ്റ്റേറ്റിന് രണ്ട് കോടി രൂപ നൽകിയെന്ന ആരോപണം കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. എസ്റ്റേറ്റ് മാനേജരായിരുന്ന വി പി ജോണിനോട് ഡിസിസി പ്രസിഡന്റായിരുന്ന എം വി അബൂബക്കർക്ക് 15,000 രൂപ നൽകണമെന്നാവശ്യപ്പെട്ട് കരുണാകരന്റെ പിഎ ഗോവിന്ദൻ നൽകിയ കത്ത് നവാബ് എന്ന പത്രത്തിൽ പ്രസിദ്ധീകരിച്ചു. അതിന്റെ പേരിൽ പത്രാധിപരായ നവാബ് രാജേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്ത് ക്രൂരമർദനത്തിനിരയാക്കി.

അഴീക്കോടന്റെ കൈവശമുണ്ടെന്ന് കരുതിയിരുന്ന കത്ത് ഇഎംഎസ് തന്നെ നിയമസഭയിൽ ഹാജരാക്കി വിഷയം അവതരിപ്പിക്കാൻ തീരുമാനമെടുത്തിരുന്നതായും പറയുന്നു. ഇതിനായി സെപ്റ്റംബർ 24ന് തൃശൂരിൽ ഇടതു നേതാക്കളുടെ യോഗം ചേരാനും തീരുമാനിച്ചു. എന്നാൽ അതിന്റെ തലേ ദിവസം തന്നെ അഴീക്കാടൻ കൊല്ലപ്പെടുകയായിരുന്നു. തൃശൂരിൽ വരുബോൾ അഴീക്കോടൻ താമസിച്ചിരുന്ന പ്രീമിയർ ലോഡ്ജിലേക്ക് ബസിറങ്ങി പോകുന്നതിനിടെ ചിലർ തടഞ്ഞ് നിർത്തുകയും അവരുമായുള്ള തർക്കത്തിനിടെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നുമാണ് പാർട്ടിക്കാർ പറയുന്നത്. എന്നാൽ ആ കത്തിനെക്കുറിച്ച് പിന്നീട് ആരും തിരക്കിയില്ല. കത്ത് പുറം ലോകം കണ്ടിരുന്നുവെങ്കിൽ കരുണാകരൻ എന്ന രാഷ്ട്രീയ ചാണക്യൻ പൊതു ജീവിതത്തിൽ നീന്ന് തന്നെ അപ്രത്യക്ഷനായേനേ.

അക്കാലത്ത് സിപിഎം വിട്ട എ.വി ആര്യനെയാണ് കേസിൽ പ്രതി ചേർത്തത്. ആര്യൻ വിഭാഗം തൃശൂർ മാർക്കറ്റിൽ വളരെ ശക്തമായിരുന്നു. ഇത് പലപ്പോഴും സിപിഎമ്മുമായി സംഘർഷത്തിന് കാരണമായി. ഇരു വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷം പതിവായി. ആര്യനെ സിപിഎമ്മുകാർ വകവരുത്തുമെന്ന് പ്രചരണവും ശക്തമായിരുന്നു. അഴീക്കോടൻ കൊല്ലപ്പെട്ട ദിവസം തന്നെ ആര്യനും കൊല്ലപ്പെടുമെന്ന വാർത്ത തൃശൂരിൽ പ്രചരിച്ചിരുന്നു. എന്നാൽ ആര്യന് അന്ന് മംഗലം ഡാമിനു സമീപം പൊതുയോഗമുണ്ടായിരുന്നു. ഭീഷണി കാരണം സുരക്ഷയുടെ ഭാഗമായി പൊലീസ് ആര്യനെ സ്റേറഷനിലേക്ക് മാറ്റി.

അഴീക്കോടൻ കൊല്ലപ്പെട്ടതിനെ തുടർന്ന് പൊലീസ് ആര്യനെ പ്രതിയാക്കിയത് ഈ വസ്തുതകളെ മറച്ചുകൊണ്ടാണ്. ഇക്കാര്യം അറിയാവുന്ന അന്വഷണ ഉദ്യോഗസ്ഥൻ പ്രതിയാക്കാൻ തയ്യാറായില്ല. അദ്ദഹത്തെ അന്വേഷണ ചുമതലയിൽ നിന്നൊഴിവാക്കി സ്ഥലം മാറ്റിയാണ് ആര്യനെ പ്രതിയാക്കിയത്. ആര്യനെ പിന്നീട് കോടതി നിരപരാധിയെന്ന് കണ്ട് വെറുതെ വിട്ടു. ആര്യനെ പ്രതിയാക്കാൻ സിപിഎം കരുണാകരനുമായി ഒത്തു കളിക്കുകയായിരുന്നുവെന്നും പറയുന്നു .കൊലപാതകത്തിന്റ പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും ഇപ്പോഴും വ്യക്തമല്ല. നേരറിയാൻ പാർട്ടിക്കാ അണികൾക്കോ താൽപര്യമില്ല. നക്സലൈറ്റുകളാണ് വധത്തിനു പിന്നിലെന്നാണ് ഇഎംഎസ് അവസാനം വരെ പറഞ്ഞിരുന്നത്.

ആരാണ് അഴീക്കോടൻ രാഘവൻ?

കണ്ണൂർ ടൗണിലെ തെക്കീബസാറിൽ ആധാരമെഴുത്തുകാരനായിരുന്ന കറുവന്റെയും പുക്കാച്ചിയുടെയും മകനായി ജനിച്ച അഴീക്കോടൻ രാഘവന്റെത് സമാനതകളില്ലാത്ത ജീവിത സമരം കൂടിയായിരുന്നു. അദ്ദേഹത്തിന് രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പിന്നീട് അമ്മാവന്മാരുടെ സംരക്ഷണയിലാണ് വളർന്നത്. കണ്ണൂർ ഗവ.ട്രെയിനിങ് സ്‌കൂളിനോടനുബന്ധിച്ചുള്ള മോഡൽ സ്‌കൂളിൽ അഞ്ചാംതരത്തോടെ പഠനമുപേക്ഷിച്ച് ബീഡി തൊഴിലാളിയായി ജോലിക്കു ചേർന്നു. ഈ സമയത്ത് കണ്ണൂരിലെ ബീഡി തൊഴിലാളികൾ സംഘടിക്കാൻ തുടങ്ങിയിരുന്നു. അവകാശങ്ങൾക്കു വേണ്ടിയുള്ള ചില സമരങ്ങളും അവർ നടത്തിയിരുന്നു. ബീഡി-സിഗാർ തൊഴിലാളി യൂണിയൻ ഓഫീസ് സെക്രട്ടറിയായിരുന്നു കുറേക്കാലം. ഇക്കാലത്ത് നേതാക്കളായ ചേനോളി കുമാരൻ മുതലായവർ അറസ്റ്റിലായപ്പോൾ ബീഡി-സിഗാർ യൂണിയന്റെ സെക്രട്ടറിയായി. അങ്ങനെ ബീഡി തൊഴിലാളി യൂണിയന്റെ പ്രവർത്തകനായും നേതാവായും ഉയർന്നു. കൃഷ്ണപിള്ളയടക്കമുള്ള നേതാക്കളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചത് രാഷ്ട്രീയ ജീവിതത്തിലെ വഴിത്തിരിവായി.

കോൺഗ്രസ്സിലൂടെയാണ് രാഘവൻ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുന്നത്. എന്നാൽ വഴിയെ കോൺഗ്രസ്സിന്റെ ലക്ഷ്യങ്ങളിലും പ്രവൃത്തികളിലുമുള്ള വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങി. ഈ സമയത്താണ് കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതിക്കാർ ചേർന്ന് കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. രാഘവൻ അതിൽ അംഗമായി ചേർന്നു. കോൺഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടി അംഗങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരാൻ തീരുമാനിച്ചപ്പോൾ രാഘവനും ആ വഴി പിന്തുടർന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1940 ൽ തന്നെ രാഘവനും കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വം സ്വീകരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിൽ ഹിറ്റ്ലർ സോവിയറ്റ് യൂണിയനെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടി യുദ്ധത്തോടുള്ള തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തി. ഇതിനെതുടർന്ന് കോൺഗ്രസ്സിന്റെ എതിർപ്പ് മുഴുവൻ പാർട്ടിക്കു നേരിടേണ്ടി വന്നു. കമ്മ്യൂണിസ്റ്റുകാരെ എവിടെ കണ്ടാലും പറ്റാവുന്നപോലെ ആക്രമിക്കുന്നത് കോൺഗ്രസ്സുകാരുടെ പതിവായി മാറി. ഇത് ഏറ്റവും കൂടുതൽ നേരിടേണ്ടിവന്നത് കണ്ണൂരിലെ പ്രവർത്തകർക്കായിരുന്നു. ഇതിനെയൊക്കെ അതിജീവിച്ച് കണ്ണൂരിൽ പാർട്ടിക്ക് അടിത്തറയുണ്ടാക്കിയതിൽ പ്രധാനിയായിരുന്നു അഴീക്കോടൻ.

പാർട്ടിയുടെ പ്രചാരണത്തിനായി രാഘവൻ ഒരു മികച്ച പ്രാസംഗികൻ കൂടിയായി മാറി. ബീഡി തെറുക്കുന്ന മുറത്തിൽ വെച്ച് എഴുതിത്ത്ത്ത്ത്തയ്യാറാക്കിയ പ്രസംഗം പഠിക്കുന്ന രാഘവനെക്കുറിച്ച് സുഹൃത്ത് കൂടിയായ പി.അനന്തൻ പിന്നീട് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തെത്തുടർന്ന് നാട്ടിൽ കോളറ പോലുള്ള രോഗങ്ങൾ പടർന്നു പിടിച്ചപ്പോൾ അതിനെതിരേ ദുരിതാശ്വാസപ്രവർത്തനവുമായി രാഘവൻ മുന്നിട്ടിറങ്ങി. ഇത് അദ്ദേഹത്തിന് ജനങ്ങൾക്കിടയിൽ ജനകീയനായ നേതാവ് എന്ന പേര് നേടിക്കൊടുത്തു.

1946ൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ കണ്ണൂർ ടൗൺ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1948 ൽ രണ്ടാംലോകമഹായുദ്ധത്തെത്തുടർന്ന് പാർട്ടിക്കു നിരോധനം നേരിട്ടപ്പോൾ അദ്ദേഹം രോഗബാധിതനായി കിടപ്പിലായിരുന്നു. എന്നിട്ടും പൊലീസ് അദ്ദേഹത്തെ അറസ്റ്റു ചെയ്തില്ല. എഴുന്നേറ്റു നടക്കാൻ ത്രാണിയായപ്പോൾ പൊലീസിനെ കബളിപ്പിച്ച് ഒളിവിൽ പോയി. 1950 ൽ അറസ്റ്റുചെയ്യപ്പെട്ടു. 1951 ൽ ജയിൽമോചിതനായി. ജയിലിൽ നിന്നും മോചിതനായശേഷം മുഴുവൻ സമയവും തൊഴിലാളി പ്രവർത്തനങ്ങൾക്കായി നീക്കിവെച്ചു. 1954ൽ മലബാർ ട്രേഡ് യൂണിയൻ കൗൺസിൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1959 മുതൽ പാർട്ടിയുടെ സംസ്ഥാനകമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി. 1963 ഓഗസ്റ്റ് 7-ന് ദേശാഭിമാനി പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്മിറ്റിയുടെ ഭരണസമിതി ചെയർമാനായി. മരണം വരെ ആ സ്ഥാനത്ത് തുടർന്നു.

കമ്മ്യൂണിസ്റ്റ് പാർട്ടി രണ്ടായപ്പോൾ രാഘവൻ സിപിഐ.എമ്മിനോടൊപ്പം നിന്നു. 1962-ൽ ഇന്ത്യാ-ചൈനാ അതിർത്തി സംഘട്ടനത്തെത്തുടർന്ന് അറസ്റ്റിലായി. 1964-ൽ ചൈനാചാരനെന്നാരോപിക്കപ്പെട്ട് വീണ്ടും ജയിലിലടയ്ക്കപ്പെട്ടു. 1967ലെ തെരഞ്ഞെടുപ്പിനെ തുടർന്ന് ഐക്യമുന്നണിയുടെ കൺവീനറായി. അന്ന് മുന്നണിക്ക് നേതൃത്വപരമായ പങ്ക് വഹിച്ചു. ഇടത്-വലത് വ്യതിയാനങ്ങൾക്കെതിരായി മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് നിലപാടിൽ ഉറച്ചുനിന്നു. മരിക്കുമ്പോൾ കേരളത്തിലെ ഏറ്റവും ജനകീയനായ നേതാവായിരുന്നു അദ്ദേഹം.