ആലപ്പുഴ: കോതമംഗലത്ത് അഞ്ചു കുരുന്നുകൾ ബസ്സിനു മുകളിൽ മരം വീണു ഞെരിഞ്ഞമർന്നപ്പോഴാണു സർക്കാർ ഉണർന്നത്. റോഡിലെ അപകടകാരികളായ മരങ്ങൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശവും നൽകി. എന്തൊരു വിരോധാഭാസം!

മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയുയർത്തി നിൽക്കുന്ന റോഡിലെ മുഴുവൻ വസ്തുവകകളും നീക്കം ചെയ്യാൻ സംസ്ഥാനത്ത് കർശനനിയമമാണുള്ളത്. ഈ നിയമം കണ്ടില്ലെന്നു നടിച്ചാണ് ഉദ്യോഗസ്ഥരും കൈയേറ്റക്കാരും ഇത്രയുംനാൾ കഴിച്ചുകൂട്ടിയത്. അപകടം ഉണ്ടാകുന്നതിനുമുമ്പ് മുൻകരുതൽ എടുക്കുന്നതിനു പകരം സംഭവിച്ചശേഷം ആവേശം കാട്ടുന്ന പതിവുപണി തന്നെയാണ് സർക്കാർ ഇക്കുറിയും ആവർത്തിച്ചത്.

കുരുന്നുകളുടെ ജീവൻ പൊലിഞ്ഞതോടെ അങ്കലാപ്പിലായ സർക്കാർ റോഡരികിലെ മരംവെട്ടി കളഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ്. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അധ്യക്ഷതയിൽ നേരത്തേ കൂടിയ യോഗതീരുമാനപ്രകാരം അപകടാവസ്ഥയിലുള്ളതും ഗതാഗതതടസ്സം സൃഷ്ടിക്കുന്നതുമായ മരങ്ങളുടെ ശിഖരങ്ങൾ വകുപ്പുകൾക്ക് അനുവാദം കൂടാതെതന്നെ മുറിച്ചു മാറ്റാമെന്ന് തീരുമാനമായതാണ്.

ഇനി, മരം സ്വകാര്യവ്യക്തിയുടെതാണെങ്കിൽ ഉടൻ വെട്ടിമാറ്റിയില്ലെങ്കിൽ ഇവർക്കതിരെ ദുരന്തനിവാരണനിയമം 2005 ലെ 51-ാം വകുപ്പു പ്രകാരമുള്ള നിയമനടപടി സ്വീകരിക്കാനും ഉത്തരവുണ്ടായിരുന്നു. ഇനി മരങ്ങൾ തന്നെ നീക്കം ചെയ്യണമെങ്കിൽ വകുപ്പുദ്യോഗസ്ഥർ ആർ.ഡി.ഒ. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് അപേക്ഷ നൽകി പരമാവധി 15 ദിവസത്തിനകം വെട്ടിമാറ്റണമെന്നാണ്. ഈ ഉത്തരവാണ് ഉദ്യോഗസ്ഥർ കാറ്റിൽ പറത്തിയത്.

അതേസമയം നിരത്തിൽ വാഹനഗതാഗതം തടസപ്പെടുത്തുന്ന തരത്തിൽ ഹോർഡിംഗുകൾ, ബിൽബോർഡുകൾ, സൈൻബോർഡ് പരസ്യങ്ങൾ, ഫ്‌ളെക്‌സ് ബോർഡുകൾ, ഡിസ്‌പ്ലേകൾ, പാതയോരവാഹന പരസ്യങ്ങൾ, താത്കാലികവും സ്ഥിരവുമായ കമാനങ്ങൾ, സിനിമാ പോസ്റ്ററുകൾ, സ്വകാര്യ കെട്ടിടങ്ങൾക്കുമുകളിലെ ബ്രാൻഡിങുകൾ (കടകളുടെയും സ്ഥാപനങ്ങളുടെയും പേരെഴുതിയ ബോർഡുകൾ ഒഴികെ) തുടങ്ങിയവ നീക്കം ചെയ്യുന്നതിനുള്ള ചുമതല സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിന് സർക്കാർ നേരത്തെ നൽകിയിട്ടുള്ളതാണ്.

ഈ ടാസ്‌ക് ഫോഴ്‌സിന് ആവശ്യമായ എല്ലാ പിന്തുണയും ഹൈവേ അതോറിറ്റീസ് നൽകുകയും വേണം.നോട്ടീസ് ലഭിക്കുന്ന ഭൂവുടമകൾ ഒരാഴ്ചക്കുള്ളിൽ സ്വന്തം ചെലവിൽ ഇവ നീക്കം ചെയ്യാത്ത പക്ഷം ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടനുസരിച്ച് ടാസ്‌ക് ഫോഴ്‌സ് നടപടി സ്വീകരിക്കണം. ദുരന്തനിവാരണ അഥോറിറ്റി നിർവ്വാഹക സമിതി നിർദ്ദേശങ്ങൾ നടപ്പാക്കാൻ വിസമ്മതിക്കുന്നവർക്കെതിരേ നിയമനടപടിയെടുക്കുകയും വേണം. ഇവ നീക്കം ചെയ്യുന്നതിന് ജില്ലാ പൊലീസ് മേധാവികൾ, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ് എന്നിവ മതിയായ പിന്തുണ നൽകണമെന്നും ഉത്തരവിലുണ്ട്. ഇത്തരം കർശനനിയമങ്ങൾ നിലനിൽക്കെയാണ് ഉദ്യോഗസ്ഥ കെടുകാര്യസ്ഥതമൂലം കുരുന്നുകൾക്ക് ജീവൻ വെടിയേണ്ടിവന്നത്.