അഹമ്മദാബാദ്: ഗുജറാത്ത് മന്ത്രിസഭയിൽ ചുമതലയേറ്റ 20 ഉപമന്ത്രിമാരിൽ പാതി വഴിയിൽ സ്‌കൂൾ പഠനം നിർത്തിയവരും ബിരുദാനന്ദ ബിരുദധാരികളും. അഞ്ചു നിയമ ബിരുദധാരികളും, രണ്ട് എഞ്ചിനീയർമാരും, നാലു ബിരുദധാരികളും, പകുതി വഴിയിൽ സ്‌കൂൾ പഠനം നിർത്തിയ ആറു പേരും മൂന്നു ബിരുദാനന്ദരബിരുദം നേടിയവരും അടങ്ങുന്നതാണ് ഇത്തവണത്തെ ഗുജറാത്ത് മന്ത്രിസഭ.

58 വയസ്സാണ് മന്ത്രിമാരുടെ ശരാശരി പ്രായം. കുറഞ്ഞ പ്രായം 36 ഉും കൂടിയ പ്രായം 69 ഉും ആണ്. 61 വയസ്സുള്ള വിജയ് രൂപാണി ഉൾപ്പെടെ 8 പേരാണ് 60 നു മുകളിൽ പ്രായമുള്ളവർ, ഒൻപതുപേർ 50 നു മുകളിലും, രണ്ടുപേർക്ക് 46 വയസ്സ് ഒരാൾ 36 വയസ്സ് എന്നിങ്ങനെയാണ് മന്ത്രിസഭ അംഗങ്ങളുടെ പ്രായം. അൻപത്തെട്ടു വയസ്സുള്ള വിഭാവരീ ദേവിയാണ് മന്ത്രിസഭയിലെ ഒരേയൊരു സത്രീ സാന്നിധ്യം.

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ചൊവ്വാഴ്‌ച്ച ചുമതലയേറ്റിരുന്നു.. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് കോംപ്ലക്‌സിൽ ഗവർണർ ഒ.പി. കോഹ്ലി സത്യവാചകം ചൊല്ലിക്കൊടുത്തു. ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ ഉൾപ്പെടെ 19 മന്ത്രിമാർ ചുമതലയേറ്റു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന നേതാവ് എൽ.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങ്്, രവിശങ്കർ പ്രസാദ്, 18 എൻഡിഎ മുഖ്യമന്ത്രിമാർ തുടങ്ങിയവർ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. സുരേഷ് മേത്തയൊഴികെ ഗുജറാത്തിലെ ബിജെപിയുടെ മുൻ മുഖ്യമന്ത്രിമാർ സംബന്ധിച്ചു.

എട്ട് മന്ത്രിമാർക്ക് കാബിനറ്റ് പദവിയുണ്ട്. പത്ത് പേർ സഹമന്ത്രിമാരും. ഒമ്പത് മന്ത്രിമാർ പുതുമുഖങ്ങളാണ്. പതിനൊന്ന് മന്ത്രിമാരെ നിലനിർത്തി. ആനന്ദിബെൻ പട്ടേലിന് ശേഷം ഒന്നര വർഷത്തോളം മുഖ്യമന്ത്രിയായിരുന്ന അറുപത്തൊന്നുകാരനായ രൂപാണിക്ക് ഇത് രണ്ടാമൂഴമാണ്. പഞ്ച്‌ദേവ് മഹാദേവ ക്ഷേത്രത്തിൽ ഭാര്യയ്‌ക്കൊപ്പം ദർശനം നടത്തിയ ശേഷമാണ് രൂപാണി ചടങ്ങിനെത്തിയത്.