- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്ത് കോവിഡ് ബാധിതർ രണ്ട് കോടി കടന്നു; 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 3,57,229 പുതിയ കേസുകൾ ; തുടർച്ചയായ രണ്ടാം ദിനവും കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്; ട്രെൻഡായി കാണാനായിട്ടില്ലെന്ന് വിദഗ്ദ്ധർ
ന്യൂഡൽഹി: കോവിഡ് ആശങ്ക പടർത്തുന്നതിനിടെ തുടർച്ചയായ രണ്ടാം ദിവസവും രാജ്യത്ത് പ്രതിദിന കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം രണ്ട് കോടി കടന്നു.നിലവിൽ 2,02,82,833 ആണ് രാജ്യത്തെ കോവിഡ് കേസുകൾ.
രാജ്യത്തെ ചില സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകൾ കുറഞ്ഞുവരുന്നതിന്റെ ആദ്യലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.ഡൽഹി, ചത്തീസ്ഗഢ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നിവയുൾപ്പടെ 13 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലാണ് കേസുകൾ കുറയുന്നത്.
അതേസമയം ആൻഡമാൻ നിക്കോബാർ, ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, അസം, ബീഹാർ, ഗോവ, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, കർണാടക, കേരളം, മണിപ്പൂർ, മിസോറം, നാഗാലാൻഡ്, മേഘാലയ, ഒഡീഷ, സിക്കിം, തമിഴ്‌നാട്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാന- കേന്ദ്രഭരണപ്രദേശങ്ങളിൽ പ്രതിദിനക്കേസുകൾ വർധിച്ചുവരുന്ന പ്രവണതയാണുള്ളത്.
എന്നാൽ ഈ കുറവിനെ ' നിലവിലെ ട്രെൻഡ്' എന്ന് വിശേഷിപ്പിക്കുന്നത് വളരെ നേരത്തെയാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 48-72 മണിക്കൂറിലുള്ള ഡേറ്റയുടെ അടിസ്ഥാനത്തിൽ രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യം ഇതാണെന്ന നിഗമനത്തിലെത്താനാകില്ലെന്ന് മുതിർന്ന പൊതുജനാരോഗ്യ വിദഗ്ധൻ പറഞ്ഞു. പ്രതിദിന കേസുകളിലെ കുറവ് ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും നിലനിർത്താനായാൽ മാത്രമേ എന്തെങ്കിലും പറയാനാവൂ എന്നാണ് വിദഗ്ധാഭിപ്രായം.
3,20,289 പേരാണ് 24 മണിക്കൂറിനുള്ളിൽ രോഗമുക്തി നേടിയത്. ആകെ രോഗമുക്തരുടെ എണ്ണം 1,66,13,292 ആയി. 3449 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 34,47,133 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്ത് ഇതുവരെ 15,89,32,921 പേർക്ക് കോവിഡ് പ്രതിരോധ മരുന്ന് നൽകിയതായും കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ