- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നികുതിപ്പണം എവിടേയ്ക്ക്? ദ പീപ്പിൾ ജനകീയ സംവാദത്തിന് തിരുവനന്തപുരത്ത് തുടക്കമായി
തിരുവനന്തപുരം: ജനങ്ങളിൽനിന്നു പിരിച്ചെടുക്കുന്ന പണം എവിടേക്ക് പോകുന്നു എന്നറിയാൻ ഓരോ പൗരനും മൗലികാവകാശം ഉണ്ടെന്നു ദ പീപ്പിൾ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. വിവിധ കർഷക സംഘടനകളുടെ പൊതുകൂട്ടായ്മയായ ദ പീപ്പിളിന്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനാലു ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ജനകീയ സംവാദത്തിന്റെ ഭാഗമായി തിരുവ
തിരുവനന്തപുരം: ജനങ്ങളിൽനിന്നു പിരിച്ചെടുക്കുന്ന പണം എവിടേക്ക് പോകുന്നു എന്നറിയാൻ ഓരോ പൗരനും മൗലികാവകാശം ഉണ്ടെന്നു ദ പീപ്പിൾ രക്ഷാധികാരി ബിഷപ്പ് മാർ മാത്യു അറയ്ക്കൽ. വിവിധ കർഷക സംഘടനകളുടെ പൊതുകൂട്ടായ്മയായ ദ പീപ്പിളിന്റെ നേതൃത്വത്തിൽ കേരളത്തിലെ പതിനാലു ജില്ലാ ആസ്ഥാനങ്ങളിലും സംഘടിപ്പിക്കുന്ന ജനകീയ സംവാദത്തിന്റെ ഭാഗമായി തിരുവനന്തപുരം പ്രസ് ക്ലബ് ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ നടന്ന നികുതിപ്പണം കേരളം എങ്ങനെ ചെലവിടുന്നു എന്ന ആദ്യ സംവാദത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മാർ അറയ്ക്കൽ.
ഏവർക്കും സ്വീകാര്യമായ ഒരു സമ്പദ്‌വ്യവസ്ഥയുടെ അഭാവമാണ് ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നത്. അഴിമതി, കെടുകാര്യസ്ഥത, ചൂഷണം എന്നിവ നാൾക്കുനാൾ വർധിക്കുകയാണ്. സംസ്ഥാനത്താകെയുള്ള 82 ലക്ഷം കുടുംബങ്ങളിൽ 40 ലക്ഷത്തിലധികവും കർഷകരാണ്. നിലവിൽ ലഭിക്കുന്ന വില വച്ചുനോക്കിയാൽ റബർ കർഷകരും ദാരിദ്ര്യരേഖയ്ക്കു താഴെയാണ്. നെൽകർഷകർക്കു ലഭിക്കുന്ന വരുമാനം പ്രതിമാസം 700 രൂപ മാത്രം. കാർഷിക വിളകൾക്കു വിലത്തകർച്ച ഉണ്ടാകുമ്പോഴും ഉദ്പാദനച്ചെലവ് വൻതോതിലാണു വർധിക്കുന്നത്. കഴിഞ്ഞ 15 വർഷത്തെ കണക്കുകൾ പരിശോധിച്ചാൽ സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ 17 മടങ്ങോളം വർദ്ധന ഉണ്ടായപ്പോൾ റബറിന്റെയും നെല്ലിന്റെയും വില ആറു മടങ്ങ് മാത്രമാണു വർദ്ധിച്ചത്. എല്ലാ കാര്യത്തിലും മാനുഷിക നീതിയുടെ തലം ആവശ്യമാണെന്നും മാർ മാത്യു അറയ്ക്കൽ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തു പിരിച്ചെടുക്കുന്ന നികുതിയുടെ കൂടിയ പങ്കും സർക്കാർ ഭരണപരമായ ചെലവുകൾക്കായി വിനിയോഗിക്കുന്നതിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നു മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറഞ്ഞു. സംവാദം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ റവന്യു വരുമാനത്തിന്റെ 51 ശതമാനത്തോളം ജീവനക്കാരുടെ ശമ്പളത്തിനായി വിനിയോഗിക്കുന്നു. സംസ്ഥാനത്തെ മൊത്തം വികസനച്ചെലവിന്റെ 38 ശതമാനം വിദ്യാഭ്യാസത്തിനും 15 ശതമാനം ആരോഗ്യത്തിനുമാണ് ചെലവഴിക്കുന്നത്. ഇതു സർക്കാരിന്റെ സേവനവിഭാഗമാണ്. ഈ സേവനം തുടരുക തന്നെ ചെയ്യണം. എന്നാൽ, സർക്കാർ ഭരണപരമായ ചെലവുകൾക്കായി മുടക്കുന്ന പണം അധികരിക്കുന്നുണ്ടോ എന്നാലോചിക്കണം. ഇതു കുറച്ചുകൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു വൻ അധികാരങ്ങൾ ഉള്ള ഈ സമയത്ത് സംസ്ഥാനത്ത് വീണ്ടും പത്തു താലൂക്കുകൾ കൂടി പ്രഖ്യാപിച്ചത് ഭരണപരമായ ചെലവുകൾ വർദ്ധിക്കാൻ ഇടയാക്കും. ഒരു താലൂക്കിന്റെ പ്രവർത്തനം ആരംഭിക്കാൻ കുറഞ്ഞത് 50 കോടി രൂപയെങ്കിലും വേണം.
പദ്ധതിയേതര ചെലവുകൾ കുറയ്ക്കാനുള്ള ക്രമീകരണവും ഉണ്ടാകണം. കൃഷിക്കായി ബജറ്റിൽ അനുവദിക്കുന്ന തുക വൻതോതിലാണ് കുറഞ്ഞുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ തവണ ഏഴു ശതമാനം മാത്രമാണ് കൃഷിക്കായി നീക്കിവച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ കൃഷിക്കായി പണം നീക്കിവയ്ക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അവർ ഇതിനായി ഫണ്ട് ചെലവഴിക്കേണ്ടെന്ന ഉത്തരവു വന്നതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും കാർഷികമേഖലയ്ക്ക് പണമൊന്നും ലഭിക്കുന്നില്ല. കഴിഞ്ഞ മൂന്നു വർഷമായി ഏറ്റവും കുറഞ്ഞ തുകയാണു കൃഷിക്കായി നീക്കിവച്ചിട്ടുള്ളത്. റബർ വിലയിടിവിന്റെ കാതലായ പ്രശ്‌നം ഇറക്കുമതി തന്നെയാണ്. രാജ്യത്തെ ചില വ്യവസായ മേഖലകളെ സഹായിക്കാനായി കൊണ്ടുവന്ന ആസിയാൻ കരാറാണ് റബർ കർഷകർക്ക് വിലത്തകർച്ച സമ്മാനിച്ചതെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു.
സംവാദത്തിൽ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ മോഡറേറ്ററായിരുന്നു. ഡോ. മേരി ജോർജ് വിഷയം അവതരിപ്പിച്ചു. പ്ലാനിങ് ബോർഡ് അംഗം ജി വിജയരാഘവൻ, ഷെവലിയർ അഡ്വ. വി സി സെബാസ്റ്റ്യൻ, കോട്ടാത്തല മോഹനൻ, ടി സി മാത്തുക്കുട്ടി, എം എസ് കുമാർ, പി സി ജോസഫ്, ഡിജോ കാപ്പൻ തുടങ്ങിയവർ സംവാദത്തിൽ പങ്കുചേർന്നു.