കൊച്ചി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷക വിരുദ്ധ നയങ്ങളിലും കർഷകരോടുള്ള നീതിനിഷേധങ്ങളിലും പ്രതികരിച്ച് കേരളത്തിലെ പ്രമുഖ കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിൾ ചിങ്ങം ഒന്നിന് കർഷക വഞ്ചനാദിനമായി സംസ്ഥാനത്തുടനീളം പ്രതിഷേധിക്കും. 

കാർഷിക മേഖല സാമ്പത്തികമായി തകർന്നിരിക്കുമ്പോൾ വർദ്ധിപ്പിച്ച ഭൂനികുതി അടിയന്തരമായി പിൻവലിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് കേന്ദ്രസമിതി അഭ്യർത്ഥിച്ചു.  എറണാകുളം പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന ദ പീപ്പിൾ കേന്ദ്ര സമിതി ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.  ദേശീയ കർഷകസമാജം ജനറൽ സെക്രട്ടറി മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ദ പീപ്പിൾ കോർഡിനേറ്റർ ഷെവലിയർ അഡ്വ. വി സി.സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. 

സർക്കാർ ഖജനാവിലെത്തുന്ന നികുതിപ്പണം എവിടെപ്പോകുന്നു എന്നതിനെക്കുറിച്ച് കേരളത്തിലെ 14 ജില്ലകളിലും ജനങ്ങളെ ബോധ്യപ്പെടുത്താൻ സെപ്റ്റംബർ 5 മുതൽ ചാലക്കുടി, പാല, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ജനകീയ സംവാദം നടത്തും.  

കട്ടപ്പന ഇമാം മൗലവി മുഹമ്മദ് റഫീക്ക് അൽ കൗസരി, പി.സി.സിറിയക്, ഫാ.ജോസ് മോനിപ്പള്ളി, പി.സി.ജോസഫ് എക്‌സ്.എംഎൽഎ, സി.കെ.മോഹനൻ, ഡിജോ കാപ്പൻ, ജോസ് വെട്ടം, ജിനറ്റ് മാത്യു, ഫ്രാൻസീസ് പെരുമന, ജോയി  ജോസഫ്, കെ.മൊയ്തീൻ ഹാജി, ഡോ.എം.സി.ജോർജ്ജ്, ജോസ് എടപ്പാട്ട്, ജോസ് പുത്തേട്ട് എന്നിവർ കേരളത്തിലെ വിവിധ കാർഷിക പ്രശ്‌നങ്ങളെക്കുറിച്ച് പ്രതിപാദിച്ചു. 

ഇന്ത്യൻ ഫാർമേഴ്‌സ് മൂവ്‌മെന്റ് (ഇൻഫാം), ഹൈറേഞ്ച് സംരക്ഷണ സമിതി (ഇടുക്കി), ദേശീയ കർഷക സമാജം (പാലക്കാട്), പശ്ചിമഘട്ട ജനസംരക്ഷണ സമിതി (കോഴിക്കോട്), കുട്ടനാട് വികസനസമിതി (ആലപ്പുഴ), കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ (തിരുവനന്തപുരം),  സനാതനം കർഷകസമിതി (കൊല്ലം), കർഷകവേദി (കോട്ടയം), വെസ്റ്റേൺ ഘട്ട് പീപ്പിൾസ് പ്രൊട്ടക്ഷൻ കൗൺസിൽ (മലപ്പുറം), പരിയാരം കർഷകസമിതി (തൃശൂർ),  ദേശീയ കർഷക സമിതി, തീരദേശ പ്രസ്ഥാനമായ ''കടൽ'' (ആലപ്പുഴ), കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി (പാലക്കാട്), കേരകർഷകസംഘം (എറണാകുളം), സംസ്ഥാന ഇഎഫ്എൽ പീഡിത കൂട്ടായ്മ, റബർ കർഷക സംരക്ഷണ സമിതി, അഗ്രികൾച്ചറൽ ഫോറം, സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ എന്നിങ്ങനെ 32 സംഘടനകളാണ് കർഷക ഐക്യവേദിയായ ദ പീപ്പിളിലുള്ളത്.