കൊച്ചി: കാർഷികമേഖലയിലെ പ്രതിസന്ധികൾ അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ കർഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ കേന്ദ്രസമിതി ഇന്ന് (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2.30ന് കൊച്ചി പാലാരിവട്ടം പിഒസിയിൽ പാലക്കാട് ദേശീയ കർഷകസമാജം ജനറൽ സെക്രട്ടറി മുതലാംതോട് മണിയുടെ അദ്ധ്യക്ഷതയിൽ ചേരും.   ഇൻഫാം ദേശീയ രക്ഷാധികാരി ബിഷപ് മാർ മാത്യു അറയ്ക്കൽ ഉദ്ഘാടനം ചെയ്യും. 

ഇൻഫാം, ഹൈറേഞ്ച് സംരക്ഷണ സമിതി, പാലക്കാട് ദേശീയ കർഷക സമാജം, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട് വികസനസമിതി, കർഷകവേദി, സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ തുടങ്ങി 32 കർഷകപ്രസ്ഥാനങ്ങളാണ് കർഷകഐക്യവേദിയായ ദ പീപ്പിളിൽ അംഗങ്ങളായിട്ടുള്ളത്.  പുതിയതായി അംഗങ്ങളാകുവാൻ അപേക്ഷിച്ചിരിക്കുന്ന സ്വതന്ത്ര കർഷകപ്രസ്ഥാനങ്ങളെ കേന്ദ്രസമിതിയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി സമ്മേളനം പരിഗണിക്കും.  
മലയോര, ഇടനാട് തീരദേശ മേഖലകളിലെ പ്രശ്‌നങ്ങളും റബർ പ്രതിസന്ധി, പട്ടയം, ഭൂനികുതി വർദ്ധനവ്, നെൽ സംഭരണം, മത്സ്യമേഖല, വരാൻ പോകുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പുകളിലെ കർഷക നിലപാടുകൾ,  കർഷക തുടർ പ്രക്ഷോഭങ്ങൾ എന്നിവ സമ്മേളനം ചർച്ച ചെയ്യുമെന്ന് ദ പീപ്പിൾ കോർഡിനേറ്റർ ഷെവലിയർ വി സി.സെബാസ്റ്റ്യൻ സൂചിപ്പിച്ചു.