കോട്ടയം: കേരളത്തിലെ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ സംസ്ഥാന നേതൃസമിതിയും, കർഷകവേദി സംഘടിപ്പിക്കുന്ന നികുതിപ്പണം എങ്ങോട്ട്? ജനകീയ സംവാദവും ഒക്‌ടോബർ 23 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 ന് പാല കുരിശുപള്ളി കവലയിലുള്ള കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിൽ നടക്കും. കർഷകവേദി സംസ്ഥാന പ്രസിഡന്റ് .ജോസ് പുത്തേട്ടിന്റെ അദ്ധ്യക്ഷതയിൽ ദ പീപ്പിൾ കോർഡിനേറ്ററും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമായ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരള ഗവൺമെന്റ് പൊതുചെലവ് അവലോകന കമ്മിറ്റി മെമ്പറും പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞയുമായ പ്രൊഫ. ഡോ. മേരി ജോർജ് വിഷയാവതരണം നടത്തും. ആസന്നമായ തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിലെ കർഷകനിലപാടുകൾ സമ്മേളനം പ്രഖ്യാപിക്കുന്നതാണ്.

സംസ്ഥാന ഖജനാവിലേയ്‌ക്കെത്തിച്ചേരുന്ന നികുതിപ്പണത്തിന്റെ വിനിയോഗം എങ്ങനെയെന്നും, കാർഷിക മേഖല നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും കർഷകവേദി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് തോമസ് വെട്ടം, മുൻ എംഎൽഎ പി.സി.ജോസഫ്, പാലക്കാട് ദേശീയ കർഷകസമാജം ജനറൽ സെക്രട്ടറി മുതലാംതോട് മണി, സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ മാനേജിങ് ട്രസ്റ്റി .ഡിജോ കാപ്പൻ, എൻ.ജി.ഓ.യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി .ടി.സി.മാത്തുക്കുട്ടി, തൃശൂർ പരിയാരം കർഷകസമിതി പ്രസിഡന്റ് ജിനറ്റ് മാത്യു, കർഷകവേദി സംസ്ഥാന വൈസ്പ്രസിഡന്റ് വിജയൻ തോപ്പിൽ എന്നിവർ പങ്കുവയ്ക്കലുകൾ നടത്തുന്നതാണ്.