തൊടുപുഴ: ഹൈറേഞ്ചിലെ ഭൂപ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന കർഷകജനകീയ പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുമെന്ന് കേരളത്തിലെ പ്രമുഖ കർഷക പ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ ദ പീപ്പിളിന്റെ കോർഡിനേറ്ററും ഇൻഫാം ദേശീയ ജനറൽ സെക്രട്ടറിയുമായ ഷെവലിയർ അഡ്വ. വിസി സെബാസ്റ്റ്യൻ പറഞ്ഞു.

ഇൻഫാം, ഹൈറേഞ്ച് സംരക്ഷണസമിതി, പശ്ചിമഘട്ട ജനസംരക്ഷണ സമിതി, കുട്ടനാട് വികസനസമിതി, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ, ദേശീയ കർഷകസമാജം, സനാതനം കർഷകസമിതി, കർഷകവേദി, വെസ്റ്റേൺ ഗാട്ട് പീപ്പിൾസ് പ്രൊട്ടക്ഷൻ കൗൺസിൽ, പരിയാരം കർഷകസമിതി, ദേശീയ കർഷകസമിതി, തീരദേശ പ്രസ്ഥാനമായ കടൽ, കാഞ്ഞിരപ്പുഴ മലയോര സംരക്ഷണസമിതി, കേരകർഷകസംഘം, സംസ്ഥാന ഇഎഫ്എൽ പീഡിത കൂട്ടായ്മ, റബർ കർഷക സംരക്ഷണസമിതി, അഗ്രികൾച്ചർ ഫോറം, സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷൻ, സെന്റർ ഫോർ ഫാർമേഴ്‌സ് ഗൈഡൻസ് ആൻഡ് റിസർച്ച്, ഫാർമേഴ്‌സ് ക്ലബ് അസോസിയേഷൻ തുടങ്ങി 32-ഓളം കർഷക ജനകീയ പ്രസ്ഥാനങ്ങളാണ് ദ പീപ്പിൾ കർഷക ഐക്യവേദിയിലുള്ളത്.

കാർഷിക നാണ്യവിളകളുടെ വിലത്തകർച്ച അതിരൂക്ഷമായി കാർഷിക മേഖലയിൽ വൻ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്.  അതിലും ക്രൂരമാണ് സർക്കാർ ഭരണസംവിധാനങ്ങളുടെ കർഷക നീതിനിഷേധനിലപാടുകൾ. തെരഞ്ഞെടുപ്പുകളിൽ തിരിച്ചടികളുണ്ടായിട്ടും രാഷ്ട്രീയ നേതൃത്വങ്ങൾ പാഠങ്ങൾ പഠിക്കുവാൻ ശ്രമിക്കുന്നില്ലെങ്കിൽ വരും നാളുകളിൽ കനത്തവില നൽകേണ്ടിവരും.  

ആസിയാൻ കരാറുകളിലൂടെ ഇന്ത്യയുടെ കാർഷിക മേഖലയെ വിദേശശക്തികൾക്ക് തീറെഴുതിക്കൊടുത്തത് മുൻ യുപിഎ സർക്കാരാണ്. ഇതിന്റെ ഫലമായി വിദേശ കാർഷികോൽപ്പന്നങ്ങൾ ഇന്ത്യയിലേയ്ക്ക് അനിയന്ത്രിതമായ ഇറക്കുമതിക്ക് അവസരങ്ങളുണ്ടായി. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശകോർപ്പറേറ്റുകളെ ഇന്ത്യയിലെ കാർഷികരംഗത്ത് നിക്ഷേപങ്ങൾക്കായി ക്ഷണിച്ചിരിക്കുമ്പോൾ കേരളത്തിലെ കാർഷിക നാണ്യവിളകളുടെ വിലത്തകർച്ച അതിരൂക്ഷമായി കാർഷിക മേഖല വീണ്ടും വൻ പ്രതിസന്ധിയിലാകുമെന്നും കർഷകജനത ഇതിനെതിരെ ഉണർന്നു പ്രവർത്തിക്കണമെന്നും വിസി സെബാസ്റ്റ്യൻ ആഹ്വാനം ചെയ്തു.