ഇടുക്കി: പൊലീസ് ഡേറ്റബേസിൽ നിന്ന് എസ്ഡിപിഐ പ്രവർത്തകർക്കു രഹസ്യവിവരം ചോർത്തി നൽകിയ പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിമണ്ണൂർ സ്റ്റേഷനിലെ പി.െക. അനസിനെയാണു പിരിച്ചുവിട്ടത്. പൊലീസ് ഡേറ്റാബേസിൽ നിന്നു വിവരങ്ങൾ ചോർത്തി നൽകിയെന്ന അനസിനെതിരായ ആരോപണം തെളിയിക്കപ്പെട്ടതോടെയാണ് നടപടി. ഇടുക്കി എസ് പി കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്.

സംഭവത്തിൽ അന്വേഷണം നടന്നുവരികയായിരുന്നു. കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്നാണു പിരിച്ചുവിടാൻ തീരുമാനമായത്. 13 വർഷമായി സർവീസുള്ള അനസ്, കാഞ്ഞാർ പൊലീസ് സ്റ്റേഷനിലുള്ളപ്പോഴാണ് വിവരങ്ങൾ ചോർത്തിയത്. വണ്ണപ്പുറം സ്വദേശിക്കാണ് ആർഎസ്എസ്, ബിജെപി നേതാക്കളുടെ പൊലീസ് ശേഖരിച്ച വ്യക്തി വിവരങ്ങൾ കൈമാറിയത്.

പൊലീസ് ഡേറ്റബേസിൽ നിന്ന് സ്വകാര്യ ഇ മെയിൽ വഴി തന്റെ ഫോണിലേക്കു വിവരങ്ങൾ എടുക്കുകയും തുടർന്ന് എസ്ഡിപിഐ പ്രവർത്തകർക്കു കൈമാറുകയുമായിരുന്നു. സംഭവത്തിനു പിന്നാലെ അനസിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

സംഭവത്തിൽ ശിക്ഷ നടപടി സ്വികരിക്കുന്നതിനു മുന്നോടിയായി പൊലീസുകാരന് ഇടുക്കി ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമായിരുന്നില്ല. ഇതിനൊടുവിലാണ് അനസിനെ പിരിച്ചുവിടാനുള്ള തീരുമാനത്തിലെത്തിയത്.

കരുതൽ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളാണ് കരിമണ്ണൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായിരുന്ന അനസ് പി കെ ചോർത്തി നൽകിയത്. സംഭവത്തിൽ തൊടുപുഴ ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. തുടർന്ന് വകുപ്പു തല അന്വേഷണം നടത്താൻ നാർക്കോട്ടിക്ക് സെൽ ഡി വൈ എസ് പി എ ജി ലാലിനെ നിയോഗിച്ചു. ഇദ്ദേഹം നടത്തിയ അന്വേഷണത്തിലും അനസ് ഔദ്യോഗിക രഹസ്യം എസ്ഡിപിഐ ക്കാർക്ക് ചോർത്തി നൽകിയതായി കണ്ടെത്തി. വിവരങ്ങൾ ചോർത്തിയതിന്റെ ഡിജിറ്റൽ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചു.

കൂടാതെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ ഘോഡ പട്ടേലിനെ മാറ്റണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഇ മെയിൽ എഴുതിയതായും ഇടുക്കി ജില്ല പൊലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. സർക്കാർ ജോലിയിലിരിക്കെ ഇത്തരം കാര്യങ്ങളിൽ ഇടപെടാൻ പാടില്ലെന്ന വ്യവസ്ഥ മറികടന്നാണ് ഇ മെയിൽ അയച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനസിന് എസ് പി ആർ കറുപ്പസ്വാമി കാരണം കാണിക്കൽ നോട്ടീസ് നൽകുകയായിരുന്നു.

തൊടുപുഴയിൽ ഒരു കെഎസ്ആർടിസി ബസ് ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ ബസിൽ നിന്ന് വലിച്ചിറക്കി മർദിച്ചിരുന്നു. സമൂഹ മാധ്യമത്തിൽ ചില പോസ്റ്റുകൾ ഇട്ടതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതേത്തുടർന്ന് അറസ്റ്റിലായവരുടെ മൊബൈൽ ഫോണുകൾ പൊലീസ് പരിശോധിച്ചു.

പ്രതികളിൽ ഒരാളായ വണ്ണപ്പുറം സ്വദേശി ഷാനവാസിന്റെ മൊബൈലിൽ നിന്നാണ് ചോർത്തൽ സംബന്ധിച്ച സൂചനകൾ പൊലീസിന് ലഭിച്ചത്. തുടർന്ന് തൊടുപുഴ ഡിവൈഎസ് പി നടത്തിയ അന്വേഷണത്തിലാണ് ഷാവനാസുമായി അനസ് നിരന്തരമായി ആശയവിനിമയം നടത്തിയിരുന്നതായും പൊലീസ് ഡാറ്റാബേസിലുള്ള ആർഎസ്എസ് നേതാക്കളുടെ പേരും അഡ്രസും അടക്കം ഇയാൾക്ക് വാട്‌സാപ്പിലൂടെ അയച്ചു നൽകിയതായും കണ്ടെത്തിയത്.

തുടർന്ന് അനസിനെ ജില്ലാ പൊലീസ് ആസ്ഥാനത്തിലേക്ക് സ്ഥലം മാറ്റിയിരുന്നു. ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന് ശേഷമാണ് അനസിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്.