ബെംഗളൂരു: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുമ്പ് തന്നെ മത-സമുദായ കാർഡ് വച്ചുള്ള രാഷ്ട്രീയക്കളികൾ കർണാടകയിൽ തുടങ്ങിയിരുന്നു. തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ രംഗത്തെത്തിയത് തന്നെ ഈ പോരിന്റെ ഏറ്റവും പുതിയ ഉദാഹരണം.കർണാടകത്തിലെ പ്രബല സമുദായമായ ലിംഗായത്തിന് പ്രത്യേക മതപദവി നൽകാനുള്ള തീരുമാനം ഹിന്ദുകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള സിദ്ധരാമയ്യയുടെ തന്ത്രത്തിന്റെ ഭാഗമാണെന്നാണ് അമിത് ഷാ വിമർശിച്ചത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനമാണ് ലിംഗായത്തുകൾ. ഈ സമുദായത്തിന്റെ വോട്ട് നേടാനുള്ള പോരിന്റെ ഭാഗമായാണ് പ്രത്യേക മത പദവി നൽകാനുള്ള തീരുമാനം അടുത്തിടെ സംസ്ഥാന മന്ത്രിസഭ കൈക്കൊണ്ടത്. അന്തിമ അനുമതിക്കായി തീരുമാനം കേന്ദ്രത്തിനുവിടുന്നതോടെ പന്ത് ബിജെപിയുടെ കോർട്ടിലായി.ഇതാണ് ബദൽ തന്ത്രവുമായി ഇറങ്ങാൻ അമിത് ഷായെ പ്രേരിപ്പിച്ചത്. ബിജെപിയുടെ മുഖ്യ വോട്ട് ബാങ്കാണ് ലിംഗായത്തുകൾ. ഈ സമുദായത്തിൽ പെട്ട വ്യക്തിയായ ബി.എസ്.യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നത് തടയുകയാണ് കോൺ്ഗ്രസ് തീരുമാനത്തിന്റെ ലക്ഷ്യമെന്നാണ് അമിത് ഷായും ബിജെപിയും ആരോപിക്കുന്നത്.

സിദ്ധരാമയ്യയുടെ തന്ത്രം

കോൺഗ്രസിന്റെ കൂടാരത്തിൽ നിന്ന് അകന്നുനിൽക്കുന്ന ലിംഗായത്തുകളെ അടുപ്പിക്കാനുള്ള ഏറ്റവും ശക്തമായ തീരുമാനമാണ് സിദ്ധരാമയ്യ സ്വീകരിച്ചത്. പ്രത്യേക മതപദവി എന്നത് ബിജെപിക്ക് തള്ളാനും കൊള്ളാനും കഴിയാത്ത ഒന്നായതുകൊണ്ട് തന്നെ കോൺഗ്രസിനെ ഏതെങ്കിലും വിധത്തിൽ പ്രതിരോധത്തിലാക്കുകയാണ് എളുപ്പവഴി. അതാണ് ഹിന്ദുക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് സിദ്ധരാമയ്യ ശ്രമിക്കുന്നതെന്ന് അമിത് ഷാ ആരോപിക്കുന്നത്.

ന്യൂനപക്ഷങ്ങൾ, പിന്നോക്കക്കാർ, ദളിതുകൾ എന്നീ വിഭാഗങ്ങൾ ഒഴിച്ചാൽ, കോൺ്ഗ്രസിന്റെ വോട്ട് ബാങ്ക് ചോർന്നുകൊണ്ടിരിക്കുന്ന കാലയളവിലാണ് സിദ്ധരാമയ്യയുടെ ധീരമായ നടപടി.തിരഞ്ഞെടുപ്പ് നാളിൽ ലിംഗായത്തുകളുടെ വോട്ട് പെട്ടിയിൽ വീഴുമെന്ന് ഉറപ്പാക്കാൻ തങ്ങളുടെ തുറുപ്പ് ചീട്ടായി ബിജെപി കണക്കാക്കുന്ന യെദ്യൂരപ്പയെ പ്രതിരോധത്തിലാക്കുന്നതാണ് ഈ നടപടി.അധികാരത്തിലേറാൻ ബിജെപിക്ക് ലിംഗായത്തുകളുടെ പിന്തുണ അനിവാര്യമാണെന്നിരിക്കെ അവരെ പിണക്കുന്ന എന്തിനും വൻ വില കൊടുക്കേണ്ടി വരികയും ചെയ്യും.ഹിന്ദുഐക്യത്തിന് വേണ്ടി നിലകൊള്ളുന്ന ആർഎസ്എസും, ബിജെപിയും വേറിട്ടൊരു മതപദവി വാഗ്ദാനം ചെയ്യുന്ന കോൺ്ഗ്രസിനെതിരെ 'ഭിന്നിപ്പിന്റെ' രാഷ്ട്രീയം ആരോപിക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.

ലിംഗായത്തുകളുടെ ചരിത്രം

ഒബിസി വിഭാഗത്തിൽ പെടുന്ന ലിംഗായത്തുകൾ ഹിന്ദുമതത്തിലെ വ്യത്യസ്ത ജാതിവിഭാഗങ്ങൾ ചേർന്നാണ് രൂപം കൊണ്ടത്.ഭക്തി പ്രസ്്ഥാനത്തിന്റെ ഉപജ്ഞാതാവും, കവിയും, സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന 12 ാം നൂറ്റാണ്ടിലെ ബസവേശ്വരൻ എന്ന ബസവണ്ണയുടെ തത്വങ്ങളാണ് ലിംഗായത്തുകളെ ഒന്നിപ്പിക്കുന്നത്.ഹിന്ദു സാമൂഹിക ക്രമത്തിലെ അസമത്വങ്ങൾക്കെതിരെ പോരാടി ശിവാരാധനയിൽ അധിഷ്ഠിതമായ വീരശൈവ വിഭാഗത്തിന് പിറവി നൽകിയത് ബസവണ്ണയാണ്.ഹിന്ദുമതത്തിൽ നിന്ന വ്യത്യസ്തമായ അസ്തിത്വം ലിംഗായത്തുകൾക്കുണ്ട് എന്നത് കാലങ്ങളായി പറഞ്ഞുവരുന്നതാണ്. 2011 ലെ സെൻസസിൽ ഹിന്ദുക്കളായി രജിസ്റ്റർ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ചില സമുദായ സംഘടനകൾ പ്രചാരണവും നടത്തിയിരുന്നു.ജൂലൈയിൽ ബിദറിൽ നടന്ന വൻപൊതുജന റാലിയിലാണ് ലിംഗായത്തുകളെ പ്രത്യേക മതവിഭാഗമായി കാണണമെന്ന് പരസ്യമായി ആവശ്യമുന്നയിച്ചത്.

ലിംഗായത്തുകളെയും വീരശൈവരെയും ഒന്നായി കാണുന്ന സമ്പ്രദായം അവസാനിപ്പിക്കണമെന്നും ബിദർ റാലി ആവശ്യപ്പെട്ടു.ഹിന്ദുമതത്തിലെ ശിവാരാധനയുമായി ബന്ധപ്പെട്ടതാണ ്‌വീരശൈവമെന്നും, ബസവണ്ണയുടെ വചനങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രത്യേക മതമാണ് ലിംഗായത്തെന്നും അവർ സമർഥിക്കാൻ ശ്രമിച്ചു.ലിംഗായത്ത് സമുദായം ഇക്കാര്യം ഏകകണ്ഠമായി ആവശ്യപ്പെട്ടാൽ താൻ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ തന്ത്രപൂർവമായ സമീപനം.എന്നാൽ, തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി കോൺഗ്രസ് ഹിന്ദുസമുദായത്തിൽ ഭിന്നതയുണ്ടാക്കുകയാണ് എന്നായിരുന്നു യെദ്യൂരപ്പയുടെ പ്രതികരണം.വീരശൈവരും , ലിംഗായത്തുകളും തമ്മിൽ വ്യത്യാസമില്ലെന്നും അവർ ഹിന്ദു മതത്തിന്റെ അവിഭാജ്യഘടകമാണെന്നും വാദിച്ച യെദ്യൂരപ്പ പ്രത്യേക മതപദവി തള്ളിക്കളയുകയും ചെയ്തു.

കോൺഗ്രസ് പഴയ കോൺഗ്രസല്ല

തങ്ങളുടെ തീരുമാനത്തിന് അനുസൃതമായി കാര്യങ്ങൾ നീക്കാൻ കോൺഗ്രസ് സംസ്ഥാനത്തുടനീളം അഭിപ്രായരൂപീകരണത്തിന് മന്ത്രിതല സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ഇതിനെ ചെറുക്കാനാണ് ബിജെപിയുടെ ശ്രമം.ലിംഗായത്തുകളുടെ എതിരാളികളായ വോക്കലിംഗ സമുദായത്തെ പ്രതിനിധീകരിക്കുന്ന എച്ച.ഡി.കുമാരസ്വാമിയുടെ ജനതാദൾ എസും ഈ വിഷയത്തിൽ കോൺഗ്രസിനെതിരെ തിരിഞ്ഞിട്ടുണ്ട്.അതേസമയം, ഹിന്ദുമതത്തിൽ നിന്ന് പുറത്തുപോകാനുള്ള ശക്തമായ പ്രചോദനത്തേക്കാൾ നിയമസഭാതിരഞ്ഞെടുപ്പ് രാഷ്ട്രീയമാണ് ലിംഗായത്തുകളെ നയിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ദ്ധർ നിരീക്ഷിക്കുന്നുണ്ട്.ലിംഗായത്ത് സമുദായത്തിലെ കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളാണ് മുഖ്യമായി ഈ ആവശ്യം ഉന്നയിച്ചത്.ഏതായാലും ബിജെപി കോട്ടകളെ ഇളക്കാൻ സിദ്ധരാമയ്യയുടെ തീരുമാനത്തിനായി എന്നാണ് അമിത് ഷായുടെ പ്രതികരണം സൂചിപ്പിക്കുന്നത്.

സംവരണം അടക്കമുള്ള വിഷയങ്ങളും ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉപയോഗിച്ചേക്കും. ഒബിസി വിഭാഗക്കാരെന്ന സംവരണം ഇപ്പോൾ ലിംഗായത്തുകൾ അനുഭവിക്കുന്നുണ്ട്. അഹിന്ദുക്കളാകുന്നതോടെ ഈ സംവരണാനുകൂല്യം അവർക്ക് നഷ്ടപ്പെട്ടേക്കും. ഏറെക്കാലമായി ഹിന്ദുഅസ്തിത്വത്തോട് ചേർന്നുനിൽക്കുന്ന ലിംഗായത്തുകൾക്ക് അത് വിട്ടുപോരണമെന്ന വികാരം അത്രമേൽ ശക്തവുമല്ല.എന്നാൽ ലിംഗായത്ത് സമുദായക്കാർ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും, മഠങ്ങളും നടത്തുന്നതുകൊണ്ട് പ്രത്യേക മതപദവി കിട്ടിയാൽ അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്ന് കരുതുന്ന വിഭാഗക്കാരും ഏറെയുണ്ട്.

കർണാടകത്തിന് പ്രത്യേക പതാക എന്ന ആവശ്യമുയർത്തിയ സിദ്ധരാമയ്യ ഇപ്പോൾ കാര്യമായി അതിനെ കുറിച്ച് സംസാരിക്കാറില്ല. ഇതേ തന്ത്രമാകും ലിംഗായത്തുകളുടെ പ്രത്യേക മതപദവിയുടെ കാര്യത്തിലും ഈ ചാണക്യൻ സ്വീകരിക്കുക.തിരഞ്ഞെടുപ്പ് കാലത്ത് ഒരുഓളമുണ്ടാക്കി ബിജെപിയെ തറപറ്റിക്കുക, പിന്നീട് അത് മറക്കുക.ലിംഗായത്തുകൾ മുഖ്യവോട്ടുബാങ്കായ ബിജെപിക്ക് ഈ വിഷയം പരമാവധി ഒതുക്കുക എന്നതാണ് സ്വീകരിക്കാവുന്ന ചുരുങ്ങിയ തന്ത്രം.ലിംഗായത്തുവോട്ടുകൾ ഭിന്നിച്ചുപോവുകയും, ഹിന്ദുവോട്ടുകളുടെ ധ്രുവീകരണമുണ്ടാവുകയും ചെയ്താൽ അത് കോൺഗ്രസിന് ഗുണം ചെയ്യുമോയെന്ന് കണ്ടറിയുകയും വേണം.

ഓരോവട്ടവും തിരഞ്ഞെടുപ്പിൽ ജയിക്കാൻ രാഷ്ട്രീയ കക്ഷികൾക്ക് ഓരോ വിഷയം വീണുകിട്ടും. 2008 ൽ ജനതാദൾ എസ് മുഖ്യമന്ത്രി പദവി വിട്ടുനൽകാതിരുന്നതാണ് ബിജെപി തുറുപ്പ് ചീട്ടാക്കിയത്. 2013 ൽ ബിജെപി സർക്കാരിന്റെ അഴിമതിക്കെതിരെ പോരാടിയാണ് കോൺഗ്രസ്് അധികാരത്തിലെത്തിയത്. 2018 ൽ അധികാരം നിലനിർത്താൻ പ്രയോഗിക്കുന്ന തന്ത്രമാകട്ടെ ലിംഗായത്തുകൾക്ക് പ്രത്യേക മതപദവിയും.