ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി - മഞ്ജു വാര്യർ ചിത്രം 'ദ് പ്രീസ്റ്റ് ' ആദ്യ ദിനം നേടിയത് 2.05 കോടി രൂപ. ഒരു വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ആദ്യ സൂപ്പർതാര ചിത്രത്തെ അക്ഷരാർത്ഥത്തിൽ മലയാള സിനിമ പ്രേമികൾ ഏറ്റെടുക്കുന്ന കാഴ്തച്ചയാണ് കാണാൻ കഴിയുന്നത്. ഹൊറർ മിസ്റ്ററി വിഭാഗത്തിൽപ്പെടുന്ന ചിത്രം 1205 ഷോകളിലൂടെയാണ് മികച്ച കളക്ഷൻ നേടിയത്. കോവിഡ് മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിൽ തീയറ്ററുകളിൽ 50 ശതമാനം പ്രേക്ഷകരെ അനുവദിക്കുമ്പോഴാണ് ആദ്യദിനം തന്നെ മികച്ച കളക്ഷൻ നേടിയതെന്നതും ശ്രദ്ധേയമാണ്.

കേരള ബോക്‌സോഫീസിൽ ഇടിമുഴക്കം എന്ന തലക്കെട്ടോടെ കേരള പ്രൊഡ്യൂസേർസ് അസോസിയേഷനാണ് ചിത്രത്തിന്റെ കളക്ഷൻ വിവരങ്ങൾ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയറ്ററുകൾ തുറന്നിരുന്നെങ്കിലും മലയാളത്തിലെ സൂപ്പർ താര ചിത്രങ്ങളൊന്നും പ്രദർശനത്തിന് എത്തിയിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സെക്കൻഡ് ഷോക്ക് അനുമതി ലഭിച്ചതോടെയാണ് ദ പ്രീസ്റ്റ് റിലീസ് ചെയ്തത്.

കോവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യം തിയറ്ററുകളിലെത്തിയ തമിഴ് സൂപ്പർതാരം വിജയുടെ 'മാസ്റ്റർ' 1308 ഷോകളിലൂടെയാണ് ആദ്യ ദിനം 2.17 കോടി രൂപ കളക്ഷൻ നേടിയത്.

കോവിഡ് ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രം ആരാധകരെ നിരാശപ്പെടുത്തയില്ല. ഒന്നാന്തരം ഹൊറർ ഫീലിങ്ങ് സമ്മാനിക്കുന്ന ചിത്രം ട്വിസ്റ്റുകൾകൊണ്ടും പ്രേക്ഷകർക്ക് മികച്ച തിയറ്റർ അനുഭവം സമ്മാനിക്കുന്നു. രാഹുൽ രാജിന്റെ പശ്താത്തല സംഗീതത്തിനും അഖിൽ ജോർജിന്റെ ഛായാഗ്രഹണത്തിനും നിറഞ്ഞ കയ്യടിയാണ് സിനിമാ പ്രേമികൾ നൽകുന്നത്.മമ്മൂട്ടി അവതരിപ്പിക്കുന്ന ഫാ.ബെനഡിക്കിന്റെ അന്വേഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

സൂപ്പർ സ്റ്റാർ മമ്മൂട്ടിയും മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ മ​ഞ്ജു വാര്യരും ഒരുമിക്കുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും പ്രീസ്റ്റിനുണ്ട്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത സിനിമയിൽ ഫാ.ബെനഡിക്ട് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. വലിയ മുതൽമുടക്കിലൊരുങ്ങിയ ചിത്രം കോവിഡിൽ പ്രതിസന്ധിയിലായ സിനിമാ മേഖലയ്ക്ക് പുതുജീവൻ പകരുകയാണ്.

നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്്ത ഈ ത്രില്ലർ ചിത്രം, ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേർന്നാണ് നിർമ്മിച്ചത്.മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രംകൂടിയാണ് ഇത്.നിഖിലാ വിമൽ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ എന്നിവരും ചിത്രത്തിലുണ്ട്.