- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജന്മനാട്ടിൽ പീഡനം സഹിക്കാതെ ബ്രിട്ടനിൽ അഭയാർത്ഥിയായി എത്തി; ബ്രിട്ടന്റെ ദയാവായ്പിന് നന്ദികാണിച്ചത് ഒരു കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത്; ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ നാടുകടത്താൻ തീരുമാനം; തടസ്സമായി മനുഷ്യാവകാശ പ്രവർത്തകരുടെ നടപടികൾ; മനുഷ്യാവകാശം എന്ന മനോഹര സങ്കൽപം വ്യഭിചരിക്കപ്പെടുമ്പോൾ
ലണ്ടൻ: ഈ ഭൂമിയിൽ പിറന്നു വീഴുന്ന ഒരോ മനുഷ്യവും ഇവിടെ സ്വസ്ഥവും സുഖവുമായി ജീവിക്കാനുള്ള അവകാശമുണ്ട്. പൊതു സമൂഹത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കാതെ താൻ ഉൾപ്പെടുന്ന സമൂഹത്തിന്റെ എഴുതപ്പെട്ടതും എഴുതാത്തതുമായ നിയമങ്ങൾ പാലിച്ച് ജീവിക്കാനുള്ള അവകാശത്തെ ഭരണകൂടങ്ങൾക്ക് പോലും ചോദ്യം ചെയ്യാൻ ആകില്ല. അത്ര മനോഹരമായ ഒരു ആശയമാണ് മനുഷ്യാവകാശം എന്നത്. എന്നാൽ, ദൗർഭാഗ്യമെന്ന് പറയട്ടെ ഈ സുന്ദര സങ്കൽപത്തെ ഇന്ന് പലരും പല കാര്യങ്ങൾക്കുമായി ദുരുപയോഗം ചെയ്യുന്ന കാഴ്‌ച്ചയാണ് നമുക്ക് ചുറ്റും കാണുന്നത്.
ഇരയ്ക്ക് നീതി ലഭിച്ചില്ലെങ്കിലും വേട്ടക്കാർക്ക് നീതി ഉറപ്പാക്കാനാണ് ഇന്ന് പലയിടങ്ങളിലും ഈ ആശയത്തെ ഉപയോഗിക്കുന്നത് എന്നത് തീർത്തും ഭീതി ജനകമായ ഒരു കാര്യം തന്നെയാണ്. സാമ്പത്തിക ലാഭത്തിനോ പ്രശസ്തിക്കോ വേണ്ടി മനുഷ്യാവകാശ പ്രവർത്തകർ എന്ന് സ്വയം ഉദ്ഘോഷിക്കുന്നവർ ഈ സങ്കൽപത്തെ തെറ്റായ രീതിയിൽ ഉപയോഗിക്കുമ്പോൾ പക്ഷെ ഇല്ലാതെയാകുന്നത് സ്വാഭാവിക നീതിയാണ്. ഭാഗ്യത്തിനോ നിർഭാഗ്യത്തിനോ, ജനാധിപത്യ സംവിധാനങ്ങളിൽ മനുഷ്യാവകാശത്തിന് ഏറെ പ്രാധാന്യമുള്ളതിനാൽ അത് എളുപ്പത്തിൽ ഉപയോഗിക്കാനും ആകും.
ഏറ്റവും ഒടുവിൽ നമ്മൾ അത് കണ്ടത് ബ്രിട്ടനിലേക്കുള്ള അനധികൃത കുടിയേറ്റം തടയുവാൻ ബ്രിട്ടീഷ് സർക്കാർ രൂപേീകരിച്ച റുവാണ്ടൻ പദ്ധതിക്ക് എതിരെ ആയിട്ടായിരുന്നു. ഒരു പരിധിക്കപ്പുറമുള്ള കുടിയേറ്റം ഒരു രാജ്യത്തിനും നല്ലതിനാവില്ല എന്നത് ഉറപ്പാണ്. സാർവ്വലൗകികതയൊക്കെ പറയാൻ എളുപ്പമാണെങ്കിലും പ്രായോഗികമായി ഒരുപാട് സങ്കീർണ്ണതകൾ ഉള്ള ഒന്നാണ് കുടിയേറ്റം. അപ്പോൾ അനധികൃത കുടിയേറ്റം തീരെ അനുവദിക്കാൻ കഴിയാത്ത ഒന്നു തന്നെയാണ്. സ്വന്തം പൗരന്മാരെ കാത്തു സൂക്ഷിക്കുക എന്നതു തന്നെയാണ് ഏതൊരു രാജ്യത്തേയും ഭരണകൂടങ്ങളുടെ ആത്യന്തികമായ കടമ. അത് നിർവ്വഹിക്കുവാൻ ചിലപ്പോൾ ചില കർശന നടപടികൾ ആവശ്യമായി വരുകയും ചെയ്തേക്കാം.
അത്തരമൊരു നടപടിയായിരുന്നു അനധികൃത കുടിയേറ്റ വിഷയത്തിൽ ബ്രിട്ടൻ കൈക്കൊണ്ടത്. നിയമവിരുദ്ധമായി, മനുഷ്യക്കടത്ത് മാഫിയയുടെ സഹായത്താൽ കടൽ മാർഗ്ഗവും കര മാർഗ്ഗവും ബ്രിട്ടനിലെത്തുന്നവരെ റുവാണ്ടയിലേക്ക് നാടു കടത്തുന്ന പദ്ധതിക്കെതിരെ പക്ഷെ ജനരോഷം ഉയർന്നു. മനുഷ്യാവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന ചില അഭിഭാഷകർ, ഇത്തരത്തിൽ അനധികൃതമായി എത്തിയവർക്കായി നിയമനടപടികൾ കൈക്കൊള്ളുകയും ചെയ്തു. അതിന്റെ ഫലമായി, റുവാണ്ടയിലേക്ക് യാത്ര തിരിക്കാനിരുന്ന ആദ്യ വിമാനംറദ്ദ് ചെയ്യേണ്ടതായും വന്നു.
ഈ പശ്ചാത്തലത്തിലാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ഞെട്ടിക്കുന്ന ഒരു വാർത്തെ നോക്കി കാണേണ്ടത്. സ്വന്തം നാട്ടിൽ ജീവിക്കാൻ വഴിയില്ലാതായപ്പോൾ അനധികൃതമായി ബ്രിട്ടനിലേക്ക് കുടിയേറിയ ഒരു ആഫ്രിക്കൻ യുവാവിന്റെ കഥയാണിത്. ജീവിതം വഴിമുട്ടിനിന്ന ഇയാളോട് ബ്രിട്ടൻ കാണിച്ച ഉദരമനസ്‌കതക്ക് ഇയാൾ നന്ദി പറഞ്ഞത് ഒരു കൗമാരക്കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തുകൊണ്ടായിരുന്നു. പിടിയിലായ ഇയാൾ ശിക്ഷകഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ഇയാളെ നാടുകടത്താനായിരുന്നു തീരുമാനം.
ബ്രിട്ടനിലെ നിയമങ്ങൾ അനുസരിച്ച് ഇയാളെ തിരിച്ചറിയവുന്ന വിവരങ്ങൾ വെളിപ്പെടുത്തരുത് എന്നതിനാൽ ബ്രിട്ടീഷ് മാധ്യമങ്ങൾ ഇയാളുടെ പേരു വിവരങ്ങൾ വെളിപ്പെടുത്തുന്നില്ല. 30 വയസ്സുള്ള ഒരു അഫ്രിക്കൻ സ്വദേശി എന്നു മാത്രമാണ് ഇയാളെ കുറിച്ച് പരാമർശിക്കുന്നത്. 2016-ൽ ഇയാളെ നാടുകടത്താൻ ഒരുങ്ങിയപ്പോൾ സ്വയം പ്രഖ്യാപിത മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി. നിയമനടപടികളിലൂടെ അത് വൈകിപ്പിക്കുകയും ചെയ്തു. ഇന്നും ഇയാൾ സസുഖം ബ്രിട്ടനിൽ താമസിക്കുന്നു എന്നാണ് മാധ്യമങ്ങൾ വെളിപ്പെടുത്തുന്നത്.
2016 മുതൽ ഇന്നുവരെ ഇയാൾ നൽ-കിയ 15-ഓളം അപേക്ഷകളിന്മേലാണ് തീർപ്പു കല്പിക്കാനുള്ളത്. അതുവരെ അയാളെ നാടുകടത്താൻ കഴിയില്ല. നിയമത്തിലെ ഈ പിഴവ് ഉപയോഗിച്ചാണ് കൃത്യമായ ഇടവേളകളിൽ പരാതി നൽകി ഇയാൾ ബ്രിട്ടനിൽ തുടരുന്നതെന്ന് മാധ്യമങ്ങൾ പറയുന്നു. മത്രമല്ല, 5 ലക്ഷം പൗണ്ടിലധികം ഇയാളുടെ കേസുമായി ബന്ധപ്പെട്ട് സർക്കാർ ഇതുവരെ പൊതുഖജനാവിൽ നിന്നും പണം ചെലവഴിക്കുകയും ചെയ്തുകഴിഞ്ഞു.
ഇയാളെ ഇതുവരെ നാടു കടത്താൻ കഴിയാത്തത് തീർത്തും നിരാശാജനകമാണെന്നാണ് ഇര പറയുന്നത്. എന്നെങ്കിലും ഇയാളെ ഇവിടെനിന്നും പുറത്താക്കാൻ കഴിയുമെന്ന പ്രതീക്ഷയെല്ലാം നഷ്ടപ്പെട്ടു എന്നും അവർ പറയുന്നു. അനധികൃതമായി എത്തുകയും പിന്നീട് കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്യുന്നവർക്ക് സംരക്ഷിക്കപ്പെടേണ്ട എന്ത് അവകാശങ്ങളാണ് ഉള്ളതെന്നാണ് അവർ ചോദിക്കുന്നത്. ബ്രിട്ടനിൽ നിന്നും തിരിച്ചയയ്ക്കാതിരിക്കാനുള്ള അവസാന ശ്രമത്തിൽ അയാൾ അവകാശപ്പെട്ടത് തനിക്ക് തീവ്രവാദികളുടെ ഭീഷണി ഉണ്ടെന്നും ബ്രിട്ടനിൽ നിന്നും തിരിച്ചയച്ചൽ തന്റെ ജീവൻ നഷ്ടപ്പെടും എന്നുമായിരുന്നു. അതിന് തെളിവായി കുറേ തീവ്രവാദികൾ എന്ന് പറയപ്പെടുന്നവർ ഇയാളെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോയും ഹാജരാക്കുകയുണ്ടായി.
അതിശയകരമെന്ന് പറയട്ടെ, നിയമം അനുശാസിക്കുന്നതിനാൽ, ഇയാൾക്ക് ഇപ്പോൾ താമസവും മറ്റ് സൗകര്യങ്ങളും ഒരുക്കേണ്ടതും സർക്കാരിന്റെ ചുമതലയായി മാറിയിരിക്കുകയാണ്. അയാൾ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അയാൾക്ക് മികച്ച മെന്റൽ കെയർ സംവിധാനമൊരുക്കുവാനും സർക്കാർ ബാദ്ധ്യസ്ഥമായി. ആത്മഹത്യാ വാദം പോലും നാടുകടത്താതിരിക്കാനുള്ള കാരണമായി മനുഷ്യാവകാശ നേതാക്കൾ നൽകിയ പരാതിയിലുണ്ട്.
ഇയാൾ കുറ്റം ചെയ്തതായി തെളിഞ്ഞ ഉടനെ 2016-ൽ തന്നെ ഇയാളുടെ അഭയാർത്ഥി എന്ന സ്റ്റാറ്റസ് അന്നത്തെ തെരേസാ മേ സർക്കാർ എടുത്തു കളഞ്ഞിരുന്നു. 2019-ൽ ഇയാളെ നാടുകടത്താനുള്ള വിധിയും വന്നിരുന്നു. അപ്പോഴായിരുന്നു ഗുരുതരമായ മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന വ്യക്തിയാണെന്നും, നാടുകടത്തുന്നത് അയാളുടെ ജീവനു തന്നെ ഭീതിയായേക്കാം എന്നും വിവരിച്ച് നാടുകടത്തുന്നതിനെതിരെ അപ്പീൽ പോകുന്നത്. ബ്രിട്ടനിലെ മോഡേൺ സ്ലേവറി നിയമവും ഒരു പരാതിയിൽ ഇയാൾ ഉപകരണമാക്കിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്