തിരുവനന്തപുരം: ടി.പി. സെൻകുമാറിനെ ഡി.ജി.പി സ്ഥാനത്തുനിന്ന് തെറിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ആളാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ നളിനി നെറ്റോ. എന്താണ് നളിനി നെറ്റോയും ടി.പി. സെൻകുമാറും തമ്മിലുള്ള പ്രശ്‌നം? ദീർഘനാളായി ഇരുവരും അകൽച്ചയിലാണ്. എസ്.എം.വിജയാനന്ദ് ചീഫ് സെക്രട്ടറിയായതുമുതലാണ് സെൻകുമാറുമായി നളിനി നെറ്റോ അകലുന്നതെന്നാണ് സെൻകുമാറുമായി അടുത്തബന്ധമുള്ളവർ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ നളിനി നെറ്റോയേ ചീഫ് സെക്രട്ടറിയാക്കാമെന്ന് വാക്ക് നൽകിയിരുന്നെന്നാണ് വിവരം.

എന്നാൽ കേരളത്തിലേക്ക് എസ്.എം. വിജയാനന്ദ് മടങ്ങിയെത്തിയപ്പോൾ കസേര അദ്ദേഹത്തിനായി. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടക്കമുള്ളവർ വിജയാനന്ദിന് അനുകൂലമായി നിലപാടെടുത്തു. ഇത് ടി.പി. സെൻകുമാറിന്റെ ഓപറേഷനായിരുന്നെന്നാണ് നളിനി നെറ്റോയുടെ വിശ്വാസം. തന്നെ ചീഫ് സെക്രട്ടറി ആക്കാതിരുന്നതിൽ മുഖ്യപങ്കുവഹിച്ചത് ടി.പി. സെൻകുമാർ ആണെന്ന് നളിനി നെറ്റോ കരുതുന്നു. ഇതോടെ ഇരുവരും തമ്മിൽ തെറ്റി. ഈ സമയത്താണ് പുറ്റിങൽ വെടിക്കെട്ട് അപകടം നടന്നത്. സെൻകുമാറിന് പണികൊടുക്കാൻ പറ്റുന്ന അവസരമായി ഇതിനെ നളിനി നെറ്റോ ഉപയോഗിച്ചതായാണ് സെൻകുമാറിന്റെ പരാതി. എല്ലാ കുറ്റവും പൊലീസിന്റെ തലയിൽ കെട്ടിവെയ്ക്കാനായിരുന്നു ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായ നളിനി നെറ്റോയുടെ ശ്രമം.

പൊലീസിന്റെ റിപ്പോർട്ട് തള്ളി വെടിക്കെട്ട് അപകടത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും പൊലീസിന്റെ മേൽ ചാർത്താനായിരുന്നു നളിനി നെറ്റോയുടെ നീക്കം. ഇതോടെ സെൻകുമാറും നളിനി നെറ്റോയും തമ്മിലുള്ള അകൽച്ച വർദ്ധിച്ചു. പിന്നീട് ഭരണം മാറിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ നളിനി നെറ്റോയെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയതോടെ കാര്യങ്ങൾ എളുപ്പമായി. നെറ്റോ ആദ്യം തെറിപ്പിച്ചത് സെൻകുമാറിനെയാണ്. നളിനി നെറ്റോ തന്നെയാണ് ഈ വാർത്ത അർദ്ധരാത്രിയിൽ മാദ്ധ്യമങ്ങൾക്ക് ചോർത്തിക്കൊടുത്തതെന്ന് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് സെൻകുമാർ അറിയുകയും ചെയ്തു. നളിനി നെറ്റോയ്ക്ക് എതിരായ പരസ്യ നിലപാടിലേക്ക് നീങ്ങുകയാണ് സെൻകുമാർ ഇപ്പോൾ.

നളിനി നെറ്റോയും സെൻകുമാറും തമ്മിലുള്ള അകൽച്ച ഒരു വിരോധാഭാസം കൂടിയാണ്. നളിനി നെറ്റോ നീലൻ പ്രശ്‌നമുണ്ടായപ്പോൾ ആ കേസ് ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥരിൽ ഒരാൾകൂടിയാണ് ടി.പി. സെൻകുമാർ. അന്ന് ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരുന്നു സെൻകുമാർ. നളിനി നെറ്റോയുടെ ഭർത്താവും ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ഡസ്മണ്ട് നെറ്റോയേക്കാൾ ഉയർന്ന റാങ്കുള്ള ഒരാൾ കേസന്വേഷിക്കണമെന്നായിരുന്നു സർക്കാർ നിർദ്ദേശം. എന്നാൽ ആദ്യഘട്ടത്തിൽ ആരും ഈ കേസന്വേഷിക്കാൻ തയ്യാറായില്ല.

അങ്ങനെ സെൻകുമാർ നീലനെതിരെ അന്വേഷണം തുടങ്ങി. അന്വേഷണം 80 ശതമാനവും പൂർത്തിയാക്കിയപ്പോൾ നീലൻ സെൻകുമാറിനെതിരെ രംഗത്തെത്തി. ഡെസ്മണ്ട് നെറ്റോയെക്കാൾ താഴ്ന്ന റാങ്കുള്ള ഉദ്യോഗസ്ഥനാണ് സെൻകുമാറെന്നായിരുന്നു നീലന്റെ ആരോപണം. അങ്ങനെ മുഷാഹരി കേസന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചു. നീലൻ കേസിൽ പ്രതിയായി. നളിനി നെറ്റോയ്ക്ക് അനുകൂലമായി അന്വേഷണം നടത്തിയ സെൻകുമാറാണ് ഇപ്പോൾ നളിനി നെറ്റോയുടെ മുഖ്യശത്രു എന്നതാണ് വിരോധാഭാസം.

സിപിഎമ്മിനും സെൻകുമാറിനോട് വിരോധമുണ്ട്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ്, മനോജ് വധക്കേസ്, ശുക്കൂർ വധക്കേസ് എന്നിവയുടെ ഒക്കെ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് സെൻകുമാർ. ടി.പി. ചന്ദ്രശേഖരൻവധക്കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിൻസൻ എം. പോൾ ആയിരുന്നെങ്കിലും ആദ്യഘട്ടത്തിൽ കേസിൽ നിർണ്ണായക വിവരങ്ങൾ ശേഖരിച്ച ഉദ്യോഗസ്ഥനായിരുന്നു സെൻകുമാർ. പ്രതികൾ സഞ്ചരിച്ച വാഹനം കണ്ടെടുക്കുന്നതിൽ ശാസ്ത്രീയ തെളിവുശേഖരണം നടത്തിയത് സെൻകുമാറായിരുന്നു. പിന്നീട് അന്വേഷണസംഘത്തിന് ഒട്ടേറെ സഹായങ്ങളും സെൻകുമാർ നൽകി. ഇതും സിപിഎമ്മിന് തന്നോടുള്ള വിരോധത്തിന് കാരണമായി സെൻകുമാർ കരുതുന്നുണ്ട്.

ജിഷ വധക്കേസിൽ ആദ്യഅന്വേഷണസംഘത്തിനെതിരെ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നതിന് പിന്നിൽ നളിനി നെറ്റോയുടെ കൈയുണ്ടെന്നാണ് സെൻകുമാറിനൊപ്പമുള്ളവർ സൂചിപ്പിക്കുന്നത്. ഒരുഘട്ടത്തിൽ നളിനി നെറ്റോ പൊലീസിന് ഒരു ചോദ്യവലി നൽകി പൊലീസിന്റെ വീഴ്ചകൾ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ഈ ചോദ്യാവലി. ചോദ്യാവലി പൊലീസിന് ലഭിച്ചതിന്റെ പിറ്റേദിവസം അത് അതേരീതിയിൽ കേരള കൗമുദി പത്രത്തിൽ അച്ചടിച്ചുവന്നു. ഇത് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ചോർന്നതാണെന്നാണ് പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയത്. നളിനി നെറ്റോ പൊലീസിനെയും പ്രത്യേകിച്ച് സെൻകുമാറിനെയും പ്രതിക്കൂട്ടിലാക്കാൻ നിരന്തരം ഇടപെടുകയായിരുന്നുവെന്നാണ് സെൻകുമാർ പക്ഷത്തിന്റെ ആരോപണം.

പൊലീസിന്റെ വീഴ്ചകൾ എപ്പോഴും ചൂണ്ടിക്കാട്ടുന്ന നളിനി നെറ്റോ പൂന്തുറ കലാപം അന്വേഷിച്ച അരവിന്ദാക്ഷമേനോൻ കമ്മിറ്റി റിപ്പോർട്ട് ഓർക്കുന്നത് നന്നായിരിക്കുമെന്നാണ് സെൻകുമാർ അനുകൂലികളുടെ ഓർമ്മപ്പെടുത്തൽ. പൂന്തുറ കലാപം നടക്കുമ്പോൾ തിരുവനന്തപുരം ജില്ലാ കളക്ടർ ആയിരുന്നു നളിനി നെറ്റോ. കലാപസമയത്തോ തൊട്ടടുത്ത ദിവസങ്ങളിലോ നളിനി നെറ്റോ പൂന്തുറയിലോ പരിസരപ്രദേശങ്ങളിലോ പോലും പോയില്ല. അതിരൂക്ഷമായാണ് കളക്ടറുടെ ഈ നടപടിയെക്കുറിച്ച് കമ്മീഷൻ റിപ്പോർട്ടിൽ പരാമർശം വന്നത്. ഇത്തരത്തിലുള്ള നടപടികൾ ചെയ്തിട്ടുള്ള നളിനി നെറ്റോ എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ പൊലീസിന്റെ വീഴ്ചകളെക്കുറിച്ച് വിമർശിക്കുന്നതെന്നും സെൻകുമാർ അനുകൂലികൾ ചോദിക്കുന്നു.