റിയാദ്: സൗദി കിരീടാവകാശിയായ രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ അഴിച്ചുവിട്ട അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ജയിലിൽ അടച്ച രാജകുമാരൻ അൽവലീദ് ബിൻ തലാലിന്റെ മോചനം തുലാസിലായി. ലോകത്തിലെ 57 ാമത്തെ സമ്പന്നനായ രാജകുമാരൻ തന്റെ സ്വത്തിൽ നിന്ന് 600 കോടി ഡോളർ പിഴ അടച്ചാൽ മോചിപ്പിക്കാമെന്നാണ് വാഗ്ദാനം. അൽവഹീദ് ബിൻ തലാലിന്റെ കിങ്ഡം ഹോൾഡിങ് കമ്പനിയുടെ വിപണി മൂല്യമായ 9 ബില്യന്റെ ഗണ്യമായ ഒരുഭാഗമാകും ഇതുവഴി കൈമാറേണ്ടി വരിക.ഗൾഫ് രാജ്യത്ത് അധികൃതർ പിഴയായി ഈടാക്കുന്ന ഏറ്റവും വലിയ തുകയാകും ഒരുപക്ഷേ ഇത്.

വിട്ടയക്കണമെങ്കിൽ കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അധ്യക്ഷനായ ഏജൻസി മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ പാലിക്കാതെ രക്ഷയില്ല. ഈ മാസം കഴിയുന്നത് വരെയാണ് അറസ്റ്റിലായവർക്ക് നൽകിയിരിക്കുന്ന സമയം. അതുകഴിഞ്ഞാൽ കേസ് കോടതിയിലേക്ക് മാറ്റും. ഇത്രയും വലിയ തുക നൽകാൻ സാധിക്കില്ലെന്നാണ് ബിൻ തലാൽ പറഞ്ഞത്. പക്ഷേ, സൗദി ഭരണകൂടത്തിന്റെ നോട്ടം ബിൻ തലാലിന്റെ ഉടമസ്ഥതയിലുള്ള ലോകം മൊത്തം വ്യാപിച്ചുകിടക്കുന്ന വൻകിട കമ്പനികളിലേക്കാണ്.

അറസ്റ്റിലായവരിൽ നിന്ന് മൊത്തം 10000 കോടി ഡോളർ കൈവശപ്പെടുത്താനാണ് ഭരണകൂടത്തിന്റെ നീക്കം. ഓരോരുത്തർക്കും കെട്ടിവയ്ക്കേണ്ട തുക സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. നിരവധി പ്രമുഖർ തുക കെട്ടിവച്ച് മോചിതരാകുകയും ചെയ്തു.

ബിൻ തലാലിനോട് സൗദി ഭരണകൂടം ആവശ്യപ്പെട്ട 600 കോടി ഡോളർ നൽകാൻ സാധിക്കില്ലെന്ന നിലപാടെടുത്തതോടെയാമ് ഭരണകൂടം അദ്ദേഹത്തിന്റെ കമ്പനികളെ നോട്ടമിടുന്നത്.അറസ്റ്റിലായ വ്യവസായികളിൽ 95 പേർ ഇപ്പോഴും റിയാദിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിൽ തന്നെയാണുള്ളത്. ഇവരുടെ മോചനവുമായി ബന്ധപ്പെട്ട ചർച്ച നടന്നുവരികയാണ്. ഈ മാസം 31ഓടെ അന്തിമ തീരുമാനമെടുക്കണമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്. ഹോട്ടൽ അടുത്ത മാസം പൊതുജനങ്ങൾക്കായി തുറക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം കഴിഞ്ഞാൽ സർക്കാരുമായി മോചന കരാറിലെത്താത്തവരെ കോടതിക്ക് കൈമാറും. പിന്നീട് കേസിന്റെ വിചാരണ നടക്കും. ആറ് മാസത്തിനകം വിധി വരുമെന്നാണ് കരുതുന്നത്. ശിക്ഷിക്കപ്പെട്ടാൽ വീണ്ടും ജയിലിൽ കഴിയേണ്ടിവരും.ബിൻ തലാൽ സർക്കാർ മുന്നോട്ട് വച്ച നിർദ്ദേശം ഇതുവരെ അംഗീകരിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹത്തിന്റെ കേസ് കോടതിക്ക് കൈമാറാനാണ് സാധ്യത. അങ്ങനെ വന്നാൽ ഇനിയും ഏറെകാലം അദ്ദേഹം ജയിലിൽ കഴിയേണ്ടി വരും. അതാകട്ടെ ലോകത്തെ വ്യവസായികളെ കടുത്ത ആശങ്കയിലാക്കുന്നതാണ്.

ഇനിയും കരാറിലെത്തിയിട്ടില്ലാത്ത 95 പേരിൽ അഞ്ചു പേർ പണമടയ്ക്കാമെന്ന് ഏകദേശ ധാരണയിലെത്തിയിട്ടുണ്ട്. ബാക്കിയുള്ളവർ തങ്ങൾക്കെതിരായ കേസ് പഠിച്ച ശേഷം തീരുമാനിക്കാമെന്നാണ് പറഞ്ഞിട്ടുള്ളതെന്ന് സൗദി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽ മുജീബിനെ ഉദ്ധരിച്ച് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.

ബിൻ തലാലിനെ റിയാദിലെ റിറ്റ്‌സ് കാൾട്ടൺ ഹോട്ടലിൽ നിന്നു ജയിലിലേക്ക് മാറ്റിയെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. സൗദിയിൽ അതീവ സുരക്ഷയുള്ള അൽ ഹയർ ജയിലിലേക്കാണ് ബിൻ തലാലിനെ മാറ്റിയത.. ആഡംബര ഹോട്ടലിൽ തടവുകാരനായി കഴിഞ്ഞ വേളയിൽ ബിൻ തലാലിന് ഏറെ സൗകര്യങ്ങളുണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ ജയിലിലേക്ക് മാറ്റിയ സാഹചര്യത്തിൽ സൗകര്യങ്ങൾ ഒട്ടുമുണ്ടാകില്ല. മാത്രമല്ല, ബിൻ തലാലിനെ ഒറ്റയ്ക്കാണ് പാർപ്പിക്കുന്നതെന്നും അൽ അറബി അൽ ജദീദ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ ബിൻ ലാദിൻ ഗ്രൂപ്പിലെ പ്രധാനികൾ കമ്പനിയിലെ തങ്ങളുടെ ഓഹരികൾ സർക്കാരിന് കൈമാറിയിട്ടുണ്ട്. സൗദിയിലെ പ്രമുഖ നിർമ്മാണ കമ്പനിയാണ് ബിൻ ലാദിൻ ഗ്രൂപ്പ്. ഈ കമ്പനി ഭരണകൂടത്തിന് കൈമാറാൻ ഉടമസ്ഥരായ കുടുംബത്തിൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. ബിൻലാദിൻ ഗ്രൂപ്പ് ആണ് സൗദി അറേബ്യയിലെ മിക്ക നിർമ്മാണ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിക്കുന്നത്.

സിറ്റി ഗ്രൂപ്പ്, ആപ്പിൾ, ട്വിറ്റർ തുടങ്ങി ലോകത്തെ വൻകിട കമ്പനികളിൽ കോടികൾ നിക്ഷേപമുള്ള വ്യക്തിയാണ് ബിൻ തലാൽ. ലോക സമ്പന്നരിൽ പത്താമനാണ് ഇദ്ദേഹമെന്ന് നേരത്തെ ഫോബ്സ് ഉൾപ്പെടെയുള്ളവർ കണ്ടെത്തിയിരുന്നു. 1800 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

ആഗോളതലത്തിൽ ബിൻ തലാൽ നിക്ഷേപം നടത്തിയത് അദ്ദേഹത്തിന്റെ കിങ്ഡം ഹോൾഡിങ്സ് കമ്പനി മുഖേനയാണ്. ബിൻലാദിൻ ഗ്രൂപ്പിന്റെ ഓഹരി കൈമാറിയ പോലെ കിങ്ഡം ഹോൾഡിങ്സും കൈമാറുമോ എന്നാണ് വ്യാവസായ ലോകത്തിന്റെ ആശങ്ക. കള്ളപ്പണം വെളുപ്പിച്ചു, കൈക്കൂലി നൽകി കരാറുകൾ സ്വന്തമാക്കി തുടങ്ങിയ ആരോപണങ്ങളാണ് ബിൻ തലാലിനെതിരേയുള്ളത്.

അറസ്റ്റ് ചെയ്യപ്പെട്ടവരിൽ പ്രമുഖനായിരുന്നു മയ്തിബ് ബിൻ അബ്ദുല്ല രാജകുമാരൻ. സൗദി സുരക്ഷാ ഗാർഡിന്റെ മേധാവിയായിരുന്നു ഇദ്ദേഹം. ഒരു പക്ഷേ, അടുത്ത രാജാവായി വരെ പരിഗണിക്കാൻ സാധ്യതയുള്ള വ്യക്തിയായിരുന്നു മയ്തിബ്. ഇദ്ദേഹത്തിന്റെ അറസ്റ്റ് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇദ്ദേഹം 100 കോടി ഡോളർ നൽകി മോചിതനായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ

അഴിമതിയുടെ പേരിൽ 320 പേരെയാണ് ചോദ്യം ചെയ്തതെന്ന് സൗദി അറേബ്യൻ പബ്ലിക് പ്രോസിക്യൂട്ടർ അറിയിച്ചു. ഇതിൽ 159 പേരെ അറസ്റ്റ് ചെയ്തു വിവിധ സ്ഥലങ്ങളിൽ ജയിലിൽ അടച്ചു. പ്രമുഖർ റിയാദിലെ റിറ്റ്സ് കാൾട്ടൺ ആഡംബര ഹോട്ടലിലാണ്. അഴിമതി നടത്തിയ ശേഷം വിദേശത്ത് കഴിയുന്നവരെ തിരിച്ച് സൗദിയിലെത്തിക്കാൻ ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് നടപടി തുടങ്ങിയതായും പ്രോസിക്യൂട്ടർ അറിയിച്ചു.

പൊതുസ്വത്ത് വ്യക്തിതാൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നതും അധികാര ദുർവിനിയോഗം നടത്തുന്നതും കർശനമായി തടയുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് എത്ര പ്രമുഖരായാലും ശിക്ഷിക്കപ്പെടുമെന്നും സൽമാൻ രാജാവ് പ്രഖ്യാപിച്ചിരുന്നു.