മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ വായ്പാനയം പ്രഖ്യാപിച്ചു. മുഖ്യ പലിശ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് 6 ശതമാനത്തിലും റിവേഴ്‌സ് റിപ്പോ നിരക്ക് 5.75 ശതമാനത്തിലും തുടരും.

കഴിഞ്ഞ ഡിസംബറിൽ നടന്ന അവലോകന നയത്തിലും നിരക്കുകളിൽ മാറ്റം വരുത്താൻ ആർ.ബി.ഐ തയാറായിരുന്നില്ല. കഴിഞ്ഞ വർഷം പല തവണയായി 1.25 ശതമാനമാണ് നിരക്കിൽ കുറവ് വരുത്തിയത്.

ജൂൺ മാസത്തോടെ പണപ്പെരുപ്പ നിരക്ക് 5.5 ശതമാനമാകുമെന്നാണ് വിപണിയിൽ നിന്നുള്ള വിലയിരുത്തൽ. ഏഴുവർഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഇപ്പോൾ നിരക്കുകൾ. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് അവസാനമായി റിപ്പോ നിരക്കിൽ 25 ബേസിസ് പോയിന്റ് കുറവ് വരുത്തിയത്.

ഡിസംബറിൽ നടന്ന പോളിസി യോഗത്തിൽ ഉയരുന്ന പണപ്പെരുപ്പ നിരക്കിൽ ആർബിഐ ഗവർണർ ഉൾപ്പെടുന്ന ആറംഗ ധനനയ സമിതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. അസംസ്‌കൃത എണ്ണവില വർധിക്കുന്ന സാഹചര്യം വിലക്കയറ്റത്തിന് ഇടയാക്കുമെന്നും ആർബിഐ വിലയിരുത്തുന്നുണ്ട്.

ആർ.ബി.ഐ ഗവർണർ ഊർജിത് പട്ടേലിന്റെ അധ്യക്ഷതയിൽ കൂടിയ പുനരവലോകന സമിതിയാണ് നിരക്കുകളിൽ മാറ്റം വേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ, അഞ്ചംഗ സമിതിയിലെ നാലു പേർ നിരക്കിൽ മാറ്റം വേണ്ടെന്ന നിലപാടിനെ അനുകൂലിച്ചപ്പോൾ മറ്റൊരംഗമായ മൈക്കിൾ പെട്രാ 25 ബേസിക് പോയിന്റ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടു.