രാഷ്ട്രീയ തത്വചിന്തകനായ ചാൾസ് ഡി മോണ്ടസ്‌ക്യു പറഞ്ഞിട്ടുണ്ട്: ''പ്രകൃതിയിൽഎല്ലാ മനുഷ്യരും തുല്യരായാണ് ജനിക്കുന്നത്. പക്ഷേ ഈ തുല്യത അവർക്ക് തുടരാനാകില്ല. സമൂഹം അവർക്കത് നഷ്ടമാക്കുന്നു. നിയമത്തിന്റെ സംരക്ഷണത്തോടെ മാത്രമേ അവർക്കത് വീണ്ടെടുക്കാനാകൂ''. പാവപ്പെട്ടവർക്കും നിരക്ഷരർക്കും ദുർബലർക്കും തുല്യനീതി ഉറപ്പാക്കുന്നതിന് നിയമത്തിന്റെ സംരക്ഷണം പ്രധാനമാണ്. ദാരിദ്ര്യത്തിന്റെയോ നിരക്ഷരതയുടെയോ പേരിൽ ഒരാൾക്കും നീതി ലഭിക്കാനുള്ള അവസരങ്ങൾ നിഷേധിക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള മാർഗ്ഗങ്ങളിൽ ഒന്നാണ് നിയമ സഹായം.

നിയമം അനുശാസിക്കുന്ന അവകാശങ്ങൾ നേടിയെടുക്കുന്നതിന് സമൂഹത്തിലെ പാവപ്പെട്ടവർക്കും ദുർബലവിഭാഗക്കാർക്കും സൗജന്യമായി ലഭ്യമാക്കുന്നതാണ് നിയമസഹായം. ജസ്റ്റിസ് പി എൻ ഭഗവതി ഒരിക്കൽ കൃത്യമായി പറഞ്ഞിട്ടുണ്ട്.

''പാവപ്പെട്ടവർക്കും നിരക്ഷരർക്കും കോടതിയെ സമീപിക്കാൻ കഴിയണം. കോടതികളിൽ നിന്ന് നീതിലഭിക്കുന്നതിൽ ദാരിദ്ര്യവും അറിവില്ലായ്മയും ഒരിക്കലും തടസ്സമാകാൻ പാടില്ല''.

നിയമവാഴ്ചയ്ക്ക് ഇന്ത്യൻ ഭരണഘടന വർദ്ധിച്ച പ്രാധാന്യമാണ് നല്കുന്നത്. ഇന്ത്യയിൽ നിയമവാഴ്ച ഭരണഘടനയുടെയും സ്വാഭാവിക നീതിയുടെയും അടിസ്ഥാന രൂപമായിട്ടാണ് കണക്കാക്കപ്പെടുന്നത്. സ്വന്തം വിഷയവും അതിനുള്ള മറുപടിയും അവതരിപ്പിക്കാനുള്ള അവസരം ന്യായമായ ഓരോ വ്യക്തിക്കും നൽകണം.

പൗരന്മാർക്ക് സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഭരണഘടനയുടെ ആമുഖത്തിൽ തന്നെ ഉറപ്പാക്കിയിട്ടുണ്ട്. ഒരു വ്യക്തിക്കും നിയമത്തിന് മുന്നിൽ തുല്യ അവസരം നിക്ഷേധിക്കപ്പെടരുതെന്ന് ഭരണഘടനയുടെ 14-ാം അനുഛേദത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. തുല്യ നീതി ഉറപ്പുവരുത്തുകയാണ് 14-ാം അനുഛേദത്തിന്റെ ലക്ഷ്യം. ദാരിദ്ര്യം, നിരക്ഷരത, ദൗർബല്യം എന്നിവ മൂലം ആർക്കെങ്കിലും തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തുല്യ നീതിയെന്ന വാഗ്ദാനം അർത്ഥമില്ലാത്തതാകും.

ഭരണഘടനയുടെ 38 ഉം 39 ഉം അനുഛേദങ്ങൾ ഇക്കാര്യത്തിൽ വ്യക്തമായ അനുശാസനം നല്കുന്നുണ്ട്. 38 (1) അനുഛേദം ജനങ്ങളുടെ ക്ഷേമത്തിനായി പൊതുജീവിതത്തിൽ ആർക്ക് എല്ലാവിധത്തിലുമുള്ള സാമൂഹിക സാമ്പത്തിക രാഷ്ട്രീയ നീതി ഉറപ്പാക്കുന്നു. സാമ്പത്തികമോ മറ്റ് പരാധീനതകളോ മൂലം ഒരു പൗരനും നീതിലഭ്യമാക്കാനുള്ള അവസരം നിക്ഷേധിക്കപ്പെടാതിരിക്കാൻ അനുയോജ്യമായ നിയമ നിർമ്മാണത്തിലൂടെ സൗജന്യ നിയമസഹായം നല്കിക്കൊണ്ട് തുല്യ അവസരത്തിൽ അധിഷ്ഠിതമായ നീതി നല്കുന്ന നിയമവ്യവസ്ഥിതി ഉറപ്പാക്കാൻ അനുഛേദം 39 (എ) വ്യവസ്ഥചെയ്യുന്നു.
ഭരണഘടന ഉറപ്പ് നല്കുന്ന അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് സൗജന്യ നിയമ സഹായത്തിനുള്ള അവകാശം അഥവാ സൗജന്യ നിയമസേവനം. ഭരണഘടനയുടെ അനുഛേദം 21-ന്റെ അടിസ്ഥാനവും ഇതാണ്.
സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര മെനു ഭായ് പ്രഗാജിവാഷി കേസിൽ പ്രതിക്ക് സൗജന്യ നിയമ സഹായം ലഭ്യമാക്കുന്നതിലെ വീഴ്ച വിചാരണയെ പ്രതികൂലമായി ബാധിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. എം.എച്ച്. ഹോസ്‌കോട്ട് സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസിൽ സൗജന്യ നിയമസഹായം നല്കുക എന്നത് ഭരണകൂടത്തിന്റെ കടമയാണെന്നും ഗവൺമെന്റിന്റെ ദാനമല്ലെന്നും ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ നിരീക്ഷിച്ചിട്ടുണ്ട്.

ക്രിമിനൽ നടപടി ചട്ടത്തിലും സിവിൽ നടപടി ചട്ടത്തിലും സൗജന്യ നിയമസഹായം സംബന്ധിച്ച് നിരവധി വകുപ്പുകളുണ്ട്. ക്രിമിനൽ നടപടികോഡിലെ 304-ാം ചട്ടപ്രകാരം സെഷൻസ് കോടതിയിലെ വിചാരണയിൽ പ്രതിക്ക് ഒരു വക്കീലിനെ വെയ്ക്കാൻ സാമ്പത്തികമായി വേണ്ടത്ര കഴിവില്ലെങ്കിൽ കോടതിക്ക് ഒരു വക്കീലിനെ വയ്ക്കാമെന്നും അതിനു വേണ്ടിവരുന്ന ചെലവ് ഭരണകൂടം വഹിക്കണമെന്നും വ്യവസ്ഥയുണ്ട്. സെഷൻസ് കോടതിയിൽ കുറ്റം ചുമത്തപ്പെട്ട വ്യക്തിക്ക് നിയമസഹായം നല്‌കേണ്ട ബാധ്യത ഭരണകൂടത്തിനാണെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു. മറ്റ്‌കോടതികളിലുംഇത് ബാധകമാക്കാൻ ഗവൺമെന്റുകൾക്ക്ഇതുവഴി സാധിക്കും. സിവിൽ നടപടിചട്ടപ്രകാരവും നിർദ്ധരായ വ്യക്തികൾക്കും അവരുടെ അനന്തരാവാശികൾക്കും സൗജന്യ നിയമസഹായം ലഭിക്കാൻ അർഹതയുണ്ടാകും.

1987 ൽ കൊണ്ട് വന്ന ലീഗൽ സർവ്വീസസ് അഥോറിറ്റി നിയമപ്രകാരം സമൂഹത്തിലെ ദുർബല വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കിവരുന്നു. ദേശീയ സംസ്ഥാന ജില്ലാതലങ്ങളിൽ ലീഗൽ സർവ്വീസസ് അഥോറിറ്റികൾ രൂപീകരിക്കാനും കുറഞ്ഞ ചെലവിൽ വേഗത്തിലുള്ള നീതി നിർവ്വഹണം ഉറപ്പാക്കാനും ഈ നിയമം വഴി സാധിക്കും.

സാമൂഹികവും രാഷ്ട്രീയവുമായ അവകാശങ്ങൾക്കായുള്ള അന്താരാഷ്ട്ര ഉടമ്പടിയിലും സൗജന്യ നിയമസഹായത്തിന് വ്യവസ്ഥയുണ്ട്. നിയമ പരമപ്രധാനമായ ഒരു ജനാധിപത്യ വ്യവസ്ഥയിൽ, ഭരണകൂടത്തിന്റെയോ സ്വകാര്യവ്യക്തിയുടെയോ മര്യാദയില്ലാത്ത ഏതെങ്കിലും നടപടിമൂലം പാവപ്പെട്ടവരിൽ പാവപ്പെട്ടവരും ദുർബലരിൽ ദുർബലരുമായ ഒരാൾക്കുപോലും നീതിലഭ്യമാകാതെ പോകരുതെന്ന് ഉറപ്പുവരുത്തണം. സൗജന്യ നിയമസഹായ പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ അതിന്റെ ശേഷി വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി നിയമ സഹായ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന നിയമ അദ്ധ്യാപകർ, അഭിഭാഷകർ, നിയമവിദ്യാർത്ഥികൾ, അംഗൻവാടി പ്രവർത്തകരെ പോലുള്ള സന്നദ്ധ പ്രവർത്തകർ, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരുടെ നൈപുണ്യം ശക്തിപ്പെടുത്തേണ്ടതുണ്ട്. രാജ്യത്ത് സൗജന്യ നിയമസഹായം ഉറപ്പാക്കാൻ മികച്ച പരിശീലനം കിട്ടിയ അഭിഭാഷകരുടെ ആവശ്യകത സുപ്രീം കോടതി എടുത്ത് പറഞ്ഞിട്ടുണ്ട്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോടും മികച്ച അദ്ധ്യാപകരോടും കൂടിയ ലോ കോളേജുകൾ ഉണ്ടെങ്കിൽ മാത്രമേ ഇത് സാധ്യമാകൂ എന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
നിയമ പരിജ്ഞാനത്തിന്റെ കുറവാണ് ഇന്ത്യയിലെ നിയമ സഹായപ്രസ്ഥാനം നേരിടുന്ന പ്രധാന ന്യൂനത. നിയമം അനുശാസിക്കുന്ന അവകാശങ്ങളെയും സംരക്ഷണങ്ങളെയും കുറിച്ച് ജനങ്ങൾക്ക് വേണ്ടത്ര അറിവില്ല. നിയമസഹായം സംബന്ധിച്ച അവബോധം വളർത്തേണ്ടത് അഭിഭാഷക സമൂഹത്തിന്റെ മാത്രം ജോലിയല്ലെന്ന് തിരിച്ചറിയണം. അത് സമൂഹത്തിന്റെ മൊത്തത്തിലുള്ള ഉത്തരവാദിത്വമാണ്. ഇരയാക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ള വിഭാഗങ്ങൾക്ക് പരിരക്ഷ ഉറപ്പാക്കാൻ സമൂഹം മുന്നോട്ട് വന്നാൽ മാത്രമേ ഭരണഘടന ഉറപ്പ് നല്കുന്ന നിയമസഹായം പരിലാളിക്കപ്പെടുകയുള്ളൂ.

ലേഖിക, പി.ഐ.ബി ഇൻഡോറിലെ അസിസ്റ്റന്റ്ഡയറക്ടറാണ്.