തിരുവനന്തപുരം: കട്ടപ്പ ബാഹുബലിയെ കൊന്നതെന്തിന്? രാജമൗലിയുടെ ബാഹുബലി എന്ന ബ്രഹ്മാണ്ഡസിനിമ പുറത്തിറങ്ങിയശേഷം പ്രേക്ഷകരെ അലട്ടിയ പ്രധാന ചേദ്യമായിരുന്നു ഇത്. ചോദ്യത്തിന് വ്യക്തമായ ഉത്തരം ലഭിക്കണമെങ്കിൽ ഇനിയും ഒരു മാസം കാത്തിരിക്കേണ്ടി വരും. കാരണം ബാഹുബലിയുടെ രണ്ടാം ഭാഗം അപ്പോഴേ പ്രദർശനത്തിനെത്തൂ. എന്നാൽ ഈ ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് നയിക്കുന്ന ചില സൂചനകൾ 'ബാഹുബലി: ബിഫോർ ദി ബിഗിനിങ്' എന്ന പരമ്പരയിലെ ആദ്യ പുസ്തകമായ 'ദി റൈസ് ഓഫ് ശിവഗാമി'യിലുണ്ടെന്നാണ് നോവലിന്റെ രചയിതാവും തൃപ്പൂണിത്തുറക്കാരനുമായ ആനന്ദ് നീലകണ്ഠൻ വ്യക്തമാക്കുന്നത്.

സ്റ്റാർവാർസ് പരമ്പരയ്ക്ക്ശേഷം ഇന്ത്യയിൽ ആദ്യമായാണ് ഒരു സിനിമയെ അധികരിച്ച് നോവൽ പരമ്പര പുറത്തിറങ്ങുന്നത്. ലളിതവും വ്യക്തവുമായ ഭാഷയാണ് നോവലിന്റെ ആഖ്യാനത്തിന് ആനന്ദ് നീലകണ്ഠൻ സ്വീകരിച്ചിരിക്കുന്നത്. ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാവുന്ന തരത്തിൽ വായനക്കാരെ ആകർഷിക്കുന്നതാണ് ശിവഗാമി എന്ന നോവൽ. ഇക്കാര്യം ബാഹുബലിയുടെ സംവിധായകൻ രാജമൗലിയും സാക്ഷ്യപ്പെടുത്തുന്നു.

ബാഹുബലി രണ്ടിന്റെ ഷൂട്ടിംഗിനിടെ നോവിലിന്റെ ഏതാനും അധ്യായങ്ങൾ ആനന്ദ് സംവിധായകന് അയച്ചുകൊടുത്തിരുന്നു. രാജമൗലി ഇത് ഉറക്കമുളച്ചിരുന്ന് വായിച്ചതിനെത്തുടർന്ന് അഞ്ച് ദിവസമാണ് ഷൂട്ടിങ് മുടങ്ങിയത്. നിർമ്മാതാവിന് ലക്ഷങ്ങളുടെ നഷ്ടവും. വായനക്കാരെ അത്രയേറെ ആകർഷിക്കുന്ന ആഖ്യാന ശൈലിയാണ് ആനന്ദ് നീലകണ്ഠൻ സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് രാജമൗലിയുടെ അനുഭവം.

ബാഹുബലിയിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ശിവഗാമിയും കട്ടപ്പയും. ചിത്രത്തിലെ ഉരുക്കുവനിതയായ ശിവഗാമിയുടെ വളർച്ചയും കട്ടപ്പ എന്ന കഥാപാത്രത്തിന്റെ ചിത്രത്തിൽ പരാമർശിക്കപ്പെടാത്ത സൂക്ഷ്മാംശങ്ങളും ഈ നോവലിലൂടെ എഴുത്തുകാരൻ വായനക്കാർക്ക് പരിചയപ്പെടുത്തുന്നു.

തന്റെ പിതാവായ ദേവരായയെ കൊലപ്പെടുത്തിയ മാഹിഷ്മതി എന്ന രാജ്യത്തെ മഹാരാജാവ് സോമദേവനോടുള്ള ശിവഗാമിയുടെ പ്രതികാരത്തിൽനിന്നാണ് നോവൽ ആരംഭിക്കുന്നത്. അതേസമയം സിനിമയിൽനിന്ന് വ്യത്യസ്തമായി കട്ടപ്പയെ അടിമ എന്നതിലുപരി അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും തന്മയത്വത്തോടെ വിവരിക്കുന്നുണ്ട്.

കട്ടപ്പയുടെയും അയാളുടെ സഹോദരൻ ശിവപ്പയുടെയും ഊഷ്മളമായ ബന്ധം വായനക്കാരെ കട്ടപ്പയിലേക്കു കൂടുതൽ അടുപ്പിക്കുന്നതാണ്. അടിമയായ കട്ടപ്പ എന്ന കർമ്മയോഗിയുടെയും കട്ടപ്പ എന്ന വ്യക്തിയുടെ മനുഷ്യബന്ധങ്ങളുടെയും ഇടയിലെ ധർമയുദ്ധം കഥയിൽ ഉടനീളം സജീവമാണ്. ഈ ധർമ്മസങ്കടത്തിന്റെ പാരമ്യതയിൽ എവിടെയോ ആണ് കട്ടപ്പ ബാഹുബലിയെ കൊലപ്പെടുത്തിയതിന് കാരണം ഒളിച്ചിരിക്കുന്നതെന്നും എഴുത്തുകാരൻ സമ്മതിക്കുന്നു.

109 ദിവസംകൊണ്ടാണ് ബാഹുബലി: ബിഫോർ ദി ബിഗിനിങ് എന്ന പരമ്പരയിലെ ആദ്യ പുസ്തകമായ ദി റൈസ് ഓഫ് ശിവഗാമി ആനന്ദ് നീലകണ്ഠൻ പൂർത്തിയാക്കിയിരിക്കുന്നത്.

മൂന്നു ഭാഗങ്ങളുള്ള ഈ പരമ്പരയിലെ രണ്ടാമത്തെ പുസ്തകത്തിന്റെ പണിപ്പുരയിലാണ് ആനന്ദ് ശർമ്മ. ഈ മാസം 15-ന് വിപണിയിലെത്തിയ ദി റൈസ് ഓഫ് ശിവഗാമിക്ക് വായനക്കാരിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.