കൊല്ലം: കമിതാക്കൾ ആറ്റിൽ ചാടി ആത്മഹത്യചെയ്തത് വിവാഹത്തിന് ബന്ധുക്കൾ എതിര് നിന്നതിനെന്ന് സൂചന. ഇതര മതസ്ഥരായതിനാൽ ബന്ധുക്കൾ ഇവരെ ജീവിക്കാനനുവദിക്കില്ല എന്ന ചിന്തയാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് വിവരം. പരവൂർ കോട്ടപ്പുറം കുഞ്ചിന്റഴികം വീട്ടിൽ മോഹനൻ പിള്ളയുടെയും ലീലയുടെയും മകൻ മനു (26), പുക്കുളം സുനാമി ഫ്ളാറ്റിൽ ഷംസുദീൻ ഷെമീമ ദമ്പതികളുടെ മകൾ സുറുമി (23) എന്നിവരാണ് കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ ചാടി ആത്മഹത്യചെയ്തത്. സുറുമിയുടെ ഭർത്താവ് വിഷ്ണു രണ്ട് വർഷം മുൻപ് നടന്ന പുറ്റിങ്ങൽ വെടിക്കെട്ടപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. ശേഷം ഭർത്താവിന്റെ സുഹൃത്തായിരുന്ന മനുവുമായി അടുപ്പത്തിലായി. ഇരുവരും തമ്മിലുള്ള സ്നേഹബന്ധം ആർക്കും അറിയില്ലായിരുന്നു. രജിസ്റ്റർ വിവാഹം നടത്തുവാൻ ഇവർ കൊല്ലം രജിസ്ട്രാർ ഓഫീസിൽ എത്തി ഫീസും അടച്ചിരുന്നു. അതിന് ശേഷം പെട്ടെന്ന് ഇവർ ആത്മഹത്യ ചെയ്തത് ബന്ധുക്കളുടെ എതിർപ്പാണെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഇന്നലെ രാത്രിയിൽ പത്ത്മണിയോടെ ഇത്തിക്കരയാറിന് സമീപം ബൈക്ക് പാർക്ക് ചെയ്ത ശേഷം ഇവർ ആറ്റിലേക്ക് ചാടുകയായിരുന്നു. ഇത് കണ്ട് വഴിയാത്രക്കാർ വിവരം പൊലീസിനെ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രാത്രിയിൽ തന്നെ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായില്ല. തിരച്ചിൽ നിർത്തി രാവിലെ വീണ്ടും ആരംഭിച്ചപ്പോൾ ഉച്ചയോടെയാണ് കമിതാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. തുടർന്ന് മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പെയിന്റിങ് തൊഴിലാളിയായ മനുവും സുറുമിയും പ്രണയത്തിലായിരുന്നതായി ചുരുക്കം ചില സുഹൃത്തുക്കൾക്ക് മാത്രമേ അറിയാമായിരുന്നുള്ളൂ. ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും പുറത്തു പോയ സുറുമി ഉച്ചയോടെ തിരികെയെത്തി സർട്ടിഫിക്കറ്റുകൾ എടുത്തു കൊണ്ടുപോയതാകാമെന്നാണ് പൊലീസ് നിഗമനം. ബന്ധുക്കളിൽ ആരോ ഒരാൾ രജിസ്റ്റർ ചെയ്യുന്ന വിവരം അറിഞ്ഞിരുന്നതായും പറയപ്പെടുന്നുണ്ട്. സുറുമി മുസ്ലിം സമുദായത്തിലും മനും ഹിന്ദു സമുദായത്തിലും പെട്ടവരാണ്. അതിനാൽ വിവാഹത്തിന് ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിക്കുമെന്നുറപ്പുണ്ടായിരുന്നു. ബന്ധുക്കൾ തങ്ങൾ വിവാഹം കഴിക്കുന്നു എന്നറിഞ്ഞ് പ്രശ്നം ഉണ്ടാക്കുമോ എന്ന ഭയത്തിലാവാം ആത്മഹത്യ എന്നും പൊലീസ് പറയുന്നുണ്ട്.

സുറുമിയുടെ ഭർത്താവ് വിഷ്ണുവിന്റെ അടുത്ത സുഹൃത്തായിരുന്നു മനു. വിഷ്ണു മരിച്ചതോടെ സുറുമിക്ക് വേണ്ടുന്ന സഹായങ്ങൾ ചെയ്തുകൊടുത്തിരുന്നത് മനുവായിരുന്നു. ഇതിനിടയിലാണ് ഇരുവരും പ്രണയബദ്ധരാകുന്നത്. സുഹൃത്തുക്കളിൽ ചിലരോട് വിവാഹം കഴിക്കുന്ന കാര്യം പറഞ്ഞിരുന്നു. വിവാഹ ശേഷം മറ്റെവിടെയെങ്കിലും പോയി താമസിക്കണമെന്നായിരുന്നു ഇവരുടെ തീരുമാനമെന്നും സുഹൃത്തുക്കൾ പറഞ്ഞു. ആരെങ്കിലും വിവാഹം മുടക്കാൻ ശ്രമിച്ചതോടെയാവാം ആത്മഹത്യ ചെയ്യാൻ കാരണമെന്നുമാണ് സുഹൃത്തുക്കൾ നൽകുന്ന വിവരം.

ആത്മഹത്യക്ക് മുൻപ് ബൈക്കും, മൊബൈൽ ഫോണും, പാസ്പോർട്ടും, തിരിച്ചറിയൽ രേഖകളും വിവാഹം രജിസ്റ്റർ ചെയ്യുന്നതിനായി പണം അടച്ചതിന്റെ രസീതും, മൂവായിരത്തോളം രുപയും പാലത്തിന് സമീപം വച്ചിട്ടുണ്ടായിരുന്നു. ഇതിൽ നിന്നാണ് ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയത് ഇവരാണെന്ന് തിരിച്ചറിയാൻ സഹായകമായത്. സുറുമിക്ക് ആദ്യ ബന്ധത്തിൽ ഒരു ആൺകുട്ടിയാണ് ഉള്ളത്. ചാത്തന്നൂർ അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ജവഹർ ജനാർദിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചാത്തന്നൂർ പൊലീസ് കേസെടുത്തു.