ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ ബാങ്കായ എസ്‌ബിറ്റിയും കേരളത്തിൽ മികച്ച സേവനം നടത്തുന്ന എസ്‌ബിറ്റിയും തമ്മിൽ ലയിക്കുമ്പോൾ വ്യവസായ ലോകം ആഹ്ലാദത്തിലാണ്. ലയനത്തോടെ രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി മാറുമ്പോൾ ആശങ്കയിലാകുന്നത് എസ്‌ബിറ്റിയിലെ ജീവനക്കാരാണ്. കേരളത്തിലും മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലുമായ ജോലി ചെയ്യുന്ന എസ്‌ബിറ്റി ജീവനക്കാർക്ക് മറ്റിടങ്ങളിലേക്ക് മാറേണ്ടി വരുമോ എന്ന ആശങ്കയാണ് വ്യാപകമായിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്‌ബിഐ)യുമായി അനുബന്ധ ബാങ്കുകളെ ലയിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രിസഭ അനുമതി നൽകിയത്. ലയനത്തോടെ എസ്‌ബിഐ ആഗോള ബാങ്കുകളുടെ നിരയിലേക്കാണ് വളരുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ബാങ്കെന്ന ബഹുമതി തന്നെയാകും എസ്‌ബിഐയ്ക്ക് ലഭിക്കുക. അനുബന്ധ ബാങ്കുകളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ബിക്കാനേർ ആൻഡ് ജയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നിവയെയാണു എസ്‌ബിഐയിൽ ലയിപ്പിക്കുന്നത്.

പുതിയ സംരംഭമായ ഭാരതീയ മഹിളാ ബാങ്കിനെയും എസ്‌ബിഐയിൽ ലയിപ്പിക്കും. എസ്‌ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും ലയനം ഇരുഭാഗത്തും നേട്ടമുണ്ടാക്കുമെന്ന് എസ്‌ബിഐ ചെയർപഴ്‌സൻ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. നിലവിൽ ലോകത്തെ 50 പ്രമുഖ ബാങ്കുകളുടെ പട്ടികയിൽ ഇന്ത്യയിലെ ബാങ്കുകളൊന്നുമില്ല. ലയനത്തോടെ എസ്‌ബിഐയ്ക്ക് ആഗോളതലത്തിൽ ശ്രദ്ധ നേടാനാകും. അനുബന്ധ ബാങ്കുകളിലെ ഉപയോക്താക്കൾക്കും പ്രയോജനമുണ്ടാകും.

ലയനത്തോടെ എസ്‌ബിഐ ശൃംഖല വിപുലമാകുകയും കാര്യക്ഷമത മെച്ചപ്പെടുകയും ചെയ്യും. ശാഖകളെയും ജീവനക്കാരെയും ഇതിനനുസരിച്ചു പുനഃക്രമീകരിക്കാനും അവസരമുണ്ടാകുമെന്നതാണ് നേട്ടം. പുതിയ സാങ്കേതിക വിദ്യകൾ ഒരേസമയം എല്ലായിടത്തുമെത്തും. ലയന തീരുമാനം ഓഹരിവിപണിയിൽ എസ്‌ബിഐയുടെയും അനുബന്ധ ബാങ്കുകളുടെയും ഓഹരിവിലയിൽ വർധനയുണ്ടാക്കി.

ലയനത്തോടെ എസ്‌ബിഐയുടെ ആസ്തി 37 ലക്ഷം കോടിരൂപയാകും. ശാഖകളുടെ എണ്ണം 22,500ത്തിൽ എത്തും. എടിഎം 58,000 എന്നിങ്ങനെ വർധിക്കുമെന്നതും ഉപയോക്താക്കൾക്ക് സന്തോഷം പകരുന്ന കാര്യമാണ്. ഉപയോക്താക്കളുടെ എണ്ണം അൻപതു കോടിയാകും. എസ്‌ബിഐയിൽ ആദ്യമായി ലയിച്ചതു സ്റ്റേറ്റ് ബാങ്ക് ഓഫ് സൗരാഷ്ട്രയാണ്2008ൽ. രണ്ടു വർഷത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡോറും ലയിച്ചു.

ലയനത്തോടെ ചെറുകിട ബാങ്കർമാരോടുള്ള നിലപാടിൽ വ്യത്യസ്ത വരുമെന്നത്് ആശങ്കയ്ക്ക് ഇടയാക്കുന്ന കാര്യമാണ്. മത്സരം കടുക്കുമ്പോൾ സർവീസ് മോശമാകുമോ എന്നതും മറ്റൊരു ആശങ്കയ്ക്ക് കാരണമാണ്. അനാവശ്യ ചാർജ്ജുകൾ വരുമെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്.

ആശങ്കയോടെ എസ്‌ബിഐ ജീവനക്കാർ

ലയനം കേന്ദ്രസർക്കാർ അംഗീകരിച്ചതോടെ കേരളത്തിന് സ്വന്തം ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഇല്ലാതാകുമെന്നതാണ് ഏറ്റവും വിഷമകരമായ കാര്യം. കാലങ്ങളായി ജീവനക്കാരും പൊതുസമൂഹവും ഉയർത്തിയ എതിർപ്പുകളെ അവഗണിച്ചാണ് പുത്തൻ ബാങ്കിങ് പരിഷ്‌കരണങ്ങളുടെ ഭാഗമായ തീരുമാനം. എസ്‌ബിറ്റി എസ്‌ബിഐയിൽ ലയിക്കുന്നതോടെ അഞ്ഞൂറിൽപ്പരം എസ്‌ബിറ്റി ശാഖകൾ ഇല്ലാതാകും. ലക്ഷക്കണക്കിന് ഇടപാടുകാർ ഇതുമൂലം ബുദ്ധിമുട്ടും. ചിലർക്ക് വടക്കൻ ഇന്ത്യയിലേക്ക് അടക്കം സ്ഥലംമാറി പോകേണ്ടി വരുമെന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നു.

സംസ്ഥാന സർക്കാരിന്റെ ട്രഷറി ഇടപാടുകൾ എസ്‌ബിറ്റിയാണ് നിർവഹിക്കുന്നത്. ഏഴു പതിറ്റാണ്ടായി കേരളീയ സമൂഹത്തിന്റെ ഏറ്റവും വിശ്വാസ്യതയാർജിച്ച ധനകാര്യ സ്ഥാപനമാണ്. വായ്പകളുടെ കാര്യത്തിലും ഉദാരസമീപനമാണ്. എന്നാൽ എസ്‌ബിഐയുടെ സ്ഥിതി അതല്ല. ഇത് വികസന സേവനപ്രവർത്തനങ്ങളേയും ബാധിക്കുമെന്ന ആശങ്കയുണ്ട്.

കൊടുങ്ങല്ലൂർ ആസ്ഥാനമായി പ്രവർത്തിച്ച ലോർഡ് കൃഷ്ണ ബാങ്ക് ഒരു വ്യാഴവട്ടം മുമ്പാണ് സെഞ്ചൂറിയൻ ബാങ്കു വഴി എച്ച്ഡിഎഫ്‌സിയിൽ ലയിച്ചത്. അതിനു മുമ്പ് കോഴിക്കോട് ആസ്ഥാനമായ നെടുങ്ങാടി ബാങ്ക് പഞ്ചാബ് നാഷ്ണൽ ബാങ്കിൽ ലയിച്ചു. ഇതേ കാലത്തുതന്നെ ബാങ്ക് ഓഫ് കൊച്ചിൻ എസ്‌ബിഐയിലും വടക്കൻ പറവൂർ ആസ്ഥാനമായ പറവൂർ സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യയിലും ലയിച്ചു.

നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പല സ്വകാര്യ ഷെഡ്യൂൾഡ് ബാങ്കുകളും നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയാണ്. 74 ശതമാനം വരെ വിദേശ ഓഹരി പങ്കാളിത്തം കേന്ദ്രസർക്കാർ അനുവദിച്ചതിനാൽ നഷ്ടത്തിലുള്ള ബാങ്കുകളുടെ നിയന്ത്രണം കൈക്കലാക്കാൻ വിദേശ കോർപറേറ്റ് ബാങ്കുകളും രംഗത്തുണ്ട്. ഇതൊക്കെ ജീവനക്കാരെ അടക്കം ആശങ്കയിലാക്കുന്ന കാര്യങ്ങളാണ്.