കോഴിക്കോട്: ഓർക്കാട്ടേരിയിൽ നിന്ന് കാണാതായി കോഴിക്കോട്ട് കണ്ടെത്തിയ മൊബൈൽ ഷോപ്പുടമ അംജാദിന്റെയും കൂട്ടുകാരി പ്രവീണയുടെയും ഒളിച്ചോട്ടത്തിന്റെ പിന്നിലെ ദുരൂഹതയുടെ ചുരുൾ അഴിയുന്നു. രാത്രിയിലാണ് അംജാദും പ്രവീണയും കോഴിക്കോട് ടൗണിൽ കറങ്ങിയിരുന്നത്. ഇതിനായി മീഡിയ വൺ ചാനലിന്റെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡുകൾ ഉണ്ടാക്കി.

അംജാദിന്റെ വ്യാജപേര് അജുവർഗീസ്. മീഡിയ വൺ ചാനലിന്റെ ക്യാമറാമാൻ. പ്രവീണ റിപ്പോർട്ടർ സംഗീത മേനോനായി. അംജാദ് ഒരു ദിവസം ബേപ്പൂരിൽനിന്ന് സ്‌കൂട്ടറിൽ വരുമ്പോൾ പൊലീസ് കൈകാണിച്ചു. ചാനലിന്റെ വ്യാജ ഐ.ഡി. കാർഡ് കാണിച്ചാണ് അന്ന് രക്ഷപ്പെട്ടത്. കേരള പൊലീസിന്റെ ക്രൈം സ്‌ക്വാഡിന്റെ ഒരു തിരിച്ചറിയൽ കാർഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ചിത്രമാണുള്ളത്. പേര് അജ്മൽ.

ഇരുവരും വാടകവീട്ടിൽ കള്ളനോട്ടുനിർമ്മാണം നടത്തിയിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. നിർമ്മാണം പൂർത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിർമ്മാണത്തിനായി ഒരുക്കി വച്ച നോട്ടുകളും കടലാസ്‌കെട്ടുകളും പൊലീസ് കണ്ടെത്തി. ഇതോടൊപ്പം വാർത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയൽ കാർഡുകൾ, പൊലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയൽ കാർഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടിൽനിന്ന് പിടിച്ചെടുത്തു.

വീടെടുക്കാനും മറ്റും വ്യാജ ഐഡി കാർഡുകളാണ് ഉപയോഗിച്ചിരുന്നത്. മീഡിയാ വൺ ചാനലിന്റെ ഐഡികാർഡ് വ്യാജമായി ഉണ്ടാക്കി പല ആവശ്യത്തിനും ഉപയോഗിച്ചു. കള്ളനോട്ടുകൾ എവിടെ നിന്നു കിട്ടിയെന്നതും പൊലീസ് പരിശോധിക്കും. മലബാറിൽ വ്യാജ ലോട്ടറി മാഫിയ സജീവമാണ്.

അംജാദും പ്രവീണയും താമസിച്ചിരുന്നിടത്തും ഇതുണ്ടായിരുന്നു. വീട്ടിലെ പ്രിന്ററും കമ്പ്യൂട്ടറും ഉപയോഗിച്ചാണ് ഇവ ഉണ്ടാക്കിയതെന്നാണ് അംജദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. എന്നാൽ വമ്പൻ മാഫിയയുടെ കണ്ണിയാണോ അംജാദ് എന്നാണ് പരിശോധിക്കുന്നത്. ഓർക്കാട്ടേരിയിലെ ബാങ്കിൽ നിന്നും 30ലക്ഷം രൂപം വായ്പ എടുത്തിരുന്നു. ഇതിന്റെ അടവ് മുടങ്ങുകയും ചെയ്തു. അതിന് ശേഷമാണ് ദുരൂഹതകൾ ഏറെയുള്ള ഒളിച്ചോട്ടത്തിലേക്ക് കാര്യങ്ങളെത്തുന്നത്. ഈ പണമിടപാടിന്റെ യാഥാർത്ഥ്യവും പൊലീസ് തിരക്കുന്നുണ്ട്

മൊബൈൽ ഷോപ്പുടമ വൈക്കിലശ്ശേരി പുത്തൻപുരയിൽ മുഹമ്മദ് അംജാദ് (23), ജീവനക്കാരി ഒഞ്ചിയം മനക്കൽ പ്രവീണ (32) എന്നിവരാണ് പൊലീസ് പിടിയിലായത്. ഇവരെ വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 23 വരെ റിമാൻഡ് ചെയ്തു്. വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ സത്യം പുറത്തുവരൂ. അതിനുള്ള ശ്രമത്തിലാണ് പൊലീസ്. വെറുമൊരു ഒളിച്ചോട്ടകേസ് എന്നതിനപ്പുറം ഇതിന് മാനങ്ങളുണ്ടെന്നാണ് പൊലീസ് പറയുന്നത്.

നൂറിന്റെ അമ്പതും അമ്പതിന്റെ പത്തും വ്യാജനോട്ടും സമ്മാനാർഹമായ നമ്പറുകളുള്ള നാല് വ്യാജലോട്ടറിടിക്കറ്റുകളുമാണ് കണ്ടെത്തിയത്. അംജാദിന്റെ നേതൃത്വത്തിലാണ് ഇവ നിർമ്മിച്ചതെന്നാണ് പൊലീസ് പറഞ്ഞു. ഇതിനായി ഉപയോഗിച്ച കമ്പ്യൂട്ടർ, സ്‌കാനർ, പ്രിന്റർ തുടങ്ങിയവയും പൊലീസ് കണ്ടെത്തി. രണ്ടുപേരെയും ഞായറാഴ്ചരാത്രി വടകര ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾതന്നെ പൊലീസ് കള്ളനോട്ട് കേസും ചുമത്തിയിരുന്നു.

രണ്ടുപേരെയും കോടതി റിമാൻഡ് ചെയ്തെങ്കിലും കാണാതായ സംഭവത്തിൽ ഹേബിയസ് കോർപ്പസ് ഹർജിയിൽ വിശദീകരണം നൽകാൻ ഹൈക്കോടതിയിൽ ഹാജരാക്കേണ്ടതിനാൽ പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകുകയായിരുന്നു. തിങ്കളാഴ്ച ഇരുവരെയും ഹൈക്കോടതിയിൽ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണ് പോയതെന്നാണ് ഇവർ കോടതിയിൽ മൊഴി നൽകിയത്. ഇതിന് അനുസരിച്ച് ഹൈക്കോടതി കേസ് ഒത്തുതീർപ്പാക്കി. അതിന് ശേഷമാണ് ഇരുവരേയും ജയിലിൽ അടച്ചത്.

 കാണാതായെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണു പൊലീസ് ഇരുവരേയും കോഴിക്കോട് നിന്നു പിടികൂടിയത്. ആഴ്ചകളായി ഇവിടെ രഹസ്യമായി കഴിഞ്ഞ ഇരുവരേയും ശനിയാഴ്ച അർധരാത്രിയോടെയാണ് വടകര സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടിയത്. മൊെബെൽ ഫോണിന്റെയും മറ്റ് ഉപകരണങ്ങളുടേയും ഓൺെലെൺ ബിസിനസ് നടത്തിവരുകയായിരുന്നു ഇവർ.

അംജാദ് രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ പുതിയ സിം കാർഡ് ഉപയോഗിച്ചാണ് കാര്യങ്ങൾ നടത്തിയിരുന്നത്. ഒരു നമ്പറിലേക്കുള്ള വിളിയിൽ സംശയം തോന്നിയ െസെബർ സെൽ പിന്തുടർന്ന് ടവർ ലൊക്കേഷൻ മനസിലാക്കിയാണ് സ്ഥലം കണ്ടെത്തി ഇരുവരേയും പിടികൂടിയത്. സെപ്റ്റംബർ 11 മുതലാണ് അംജാദിനെ കാണാതായത്. ഇയാൾക്കായി അന്വേഷണം നടത്തുന്നതിനിടയിൽ നവംബർ 13 നു പ്രവീണയേയും കാണാതായി.

ഓർക്കാട്ടേരിയിൽനിന്ന് പ്രവീണ കട പൂട്ടി സ്‌കൂട്ടറിൽ വടകര സാൻഡ്ബാങ്ക്സിൽ എത്തിയശേഷമാണ് അംജാദ് ഇവരെ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. സ്‌കൂട്ടർ ഉപേക്ഷിച്ച നിലയിൽ സാൻഡ്ബാങ്ക്സിൽ കണ്ടെത്തിയിരുന്നു. നേരത്തെതന്നെ ഇയാൾ കോഴിക്കോട്ട് ഫ്ളാറ്റ് വാടകയ്ക്കെടുത്തിരുന്നു. സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസുമൊക്കെയെന്നാണ് അംജാദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. തലശ്ശേരി ചൊക്ലി സ്വദേശിയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്.