തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനത്തെ തുടർന്ന് നാഗാലാൻഡിലെ പൊലീസ് ഉന്നതനായിരുന്ന എംകെആർ പിള്ളയ്ക്കെതിരെ നടപടി തുടങ്ങി. പൊലീസ് ഉപദേശക സ്ഥാനത്തു നിന്ന് പിള്ളയെ നാഗാലാൻഡ് സർക്കാർ പുറത്താക്കി. ആരോപണം സർക്കാരിന്റെ പ്രതിഛായയിൽ കരിനിഴൽ വീഴ്‌ത്തിയതിനെ തുടർന്ന് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ് നാഗാലാൻഡ് സർക്കാർ. നിലവിൽ അവധിയിലായിരുന്നു പിള്ള. അതിനിടെയാണ് വിവാദങ്ങൾ ഉണ്ടാകുന്നത്. ഈ സാഹചര്യത്തിലാണ് നടപടി. നാഗാലാഡിൽ പിള്ളയെത്തിയാൽ പൊലീസ് ചോദ്യം ചെയ്യും. അതിന് ശേഷം അറസ്റ്റും ചെയ്യാനാണ് തീരുമാനം. ഇതോടെ പിള്ള ഇനി നാഗാലാൻഡിലേക്ക് പോകില്ലെന്ന നിലപാടിൽ എത്തിക്കഴിഞ്ഞു.

എംകെആർ പിള്ളയെ പൊലീസിന്റെ ഗതാഗത വിഭാഗം കൺസൾട്ടന്റ് സ്ഥാനത്തു നിന്നാണ് പുറത്താക്കിയത്. വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ പിള്ളയെ പുറത്താക്കുകയായിരുന്നുവെന്നാണ് നാഗാലാൻഡ് സർക്കാർ പറയുന്നത്. പിള്ളയ്ക്കെതിരായ ആരോപണത്തിൽ തങ്ങൾക്ക് ഔദ്യോഗികമായി യാതൊരു വിവരങ്ങളുമില്ല. മാധ്യമങ്ങളിൽ ഇതേക്കുറിച്ച വാർത്തകൾ വന്നതിനെ തുടർന്നാണ് പൊലീസിലെ ഗതാഗത വിഭാഗം കൺസൾട്ടന്റ് സ്ഥാനത്തുനിന്ന് നീക്കിയതെന്നാണ് നാഗാലാൻഡ് ഡിജിപി എൽ എൽ ഡൻഗൽ പറഞ്ഞു. ആദായനികുതി വകുപ്പിന്റെ റിപ്പോർട്ട് കിട്ടിയാലുടൻ നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

പിള്ളയുടെ വീട്ടിൽ കണ്ടെത്തിയ നാഗാലാൻഡ് പൊലീസിന്റെ ട്രക്ക് തങ്ങളുടെ അറിവോടെ കൊണ്ടുപോയതല്ലെന്നാണ് നാഗാലാൻഡ് പൊലീസ് പറയുന്നത്. ഈ ട്രക്ക് എങ്ങനെ ഇത്രയും ദൂരം സഞ്ചരിച്ച പിള്ളയുടെ വീട്ടിലെത്തിയത് എന്നതിനെ സംബന്ധിച്ച് അന്വേഷണം നടക്കുമെന്നും എൽഎൽ.ഡംഗൽ അറിയിച്ചു. ഇത് മോഷണ കുറ്റത്തിന് സമാനമാണ്. അതുകൊണ്ട് തന്നെ ട്രക്ക് മോഷ്ടിച്ച കുറ്റം പിള്ളയ്‌ക്കെതിരെ ചുമത്താനാണ് നാഗാലാൻഡ് പൊലീസിന്റെ തീരുമാനം. ഇതു മനസ്സിലാക്കിയാണ് ഇനി നാഗാലാൻഡിലേക്ക് ഇല്ലെന്ന് പിള്ള തീരുമാനിച്ചത്. അവിടെ പോയാൽ നാട്ടിൽ തിരിച്ചെത്താനാകില്ലെന്ന തിരിച്ചറിവ് പിള്ളയ്ക്കുണ്ട്.

അതിനിടെ ആദായ നികുതി വകുപ്പിന്റെ നടപടിയിൽ കേരളാ പൊലീസിന് കേസെടുക്കാൻ കഴിയില്ല. എന്നാൽ മോഷണക്കുറ്റത്തിന് നാഗാലാൻഡ് പൊലീസ് എഫ് ഐ ആ്ർ ഇട്ടാൽ പിള്ളയെ ഇവിടെ വന്ന് അറസ്റ്റു ചെയ്യാനാകും. ഇതിനെ സ്വാധീനത്തിലൂടെ ഇല്ലായ്മ ചെയ്യാനാണ് നീക്കം. ആദായ നികുതി വകുപ്പിന്റെ കേസിൽ നിന്ന് പിഴയടച്ച് രക്ഷപ്പെടാനാണ് നീക്കം. ഇതിലൂടെ മറ്റ് നടപടികൾ ഒഴിവാക്കാൻ കഴിയും. അതുകൊണ്ട് തന്നെ ഉന്നത ബന്ധങ്ങളുള്ള പിള്ളയ്‌ക്കെതിരെ കേസെടുക്കുമെന്ന് പറയുന്നതല്ലാതെ നാഗാലാണ്ട് പൊലീസ് കാര്യമായി ഒന്നും ചെയ്യില്ല. ഇതിലൂടെ കേരളത്തിൽ പാറി നടക്കാൻ പിള്ളയ്ക്ക് അവസരമൊരുങ്ങുകയും ചെയ്യും.

അതിനിടെ ശ്രീവൽസം ഗ്രൂപ്പിന്റെ 30ഓളം ബാങ്ക് അക്കൗണ്ടുകൾ ആദായനികുതി വകുപ്പ് മരവിപ്പിച്ചു. നാഗാലാൻഡ്, ഡൽഹി, ബംഗളൂരു എന്നിവിടങ്ങളിലും കേരളത്തിലും സ്വന്തം പേരിലും ബന്ധുക്കളുടെയും സ്ഥാപനങ്ങളുടെയും പേരിലും ബിനാമി പേരുകളിലും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ എം കെ ആർ പിള്ളയ്ക്ക് (ശ്രീവൽസം പിള്ള) ഉള്ളതായി ആദായനികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. റെയ്ഡിനിടെ കണ്ടെത്താൻ കഴിഞ്ഞ അക്കൗണ്ടുകൾ മാത്രമാണു മരവിപ്പിക്കാൻ സാധിച്ചിട്ടുള്ളതെന്നും വിശദമായ അന്വേഷണത്തിൽ കൂടുതൽ അക്കൗണ്ടുകൾ കണ്ടെത്താൻ കഴിയുമെന്നാണു കരുതുന്നതെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഓരോ അക്കൗണ്ടിലൂടെയും നടന്ന പണമിടപാടിന്റെ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. അക്കൗണ്ടുകൾ മരവിപ്പിച്ചതിനൊപ്പം നിരവധി ബാങ്ക് ലോക്കറുകൾ മുദ്രവയ്ക്കുകയും ചെയ്തിട്ടുണ്ട്. മുദ്രവച്ചിട്ടുള്ള ലോക്കറുകളുടെ പരിശോധന ഇതിന്റെ തുടർച്ചയായി നടക്കും.കേരളത്തിനകത്തും പുറത്തുമുള്ള എം കെ ആർ പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും നടന്ന റെയ്ഡിൽ 60 ലക്ഷം രൂപയുടെ കറൻസിയും ഒരു കിലോ സ്വർണവും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത രേഖകളടക്കമുള്ളവ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇനിയും കൊച്ചിയിൽ എത്തിയിട്ടില്ല. രേഖകൾ കൊണ്ടുവന്നു പരിശോധിച്ച ശേഷമേ പിള്ളയെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യലിനായി വിളിക്കൂ.

നാഗാലാൻഡിലും ഡൽഹിയിലും ബംഗളൂരുവിലുമായി വ്യാപിച്ചു കിടക്കുന്ന എം കെ ആർ പിള്ളയുടെ വാണിജ്യ സാമ്രാജ്യത്തിന്റെ ആസ്തി നിർണയിക്കുന്നതിനും വരുമാന സ്രോതസ്സും മറ്റിടപാടുകളും കണ്ടെത്തുന്നതിനും സമഗ്രമായ അന്വേഷണത്തിനാണ് ആദായനികുതി വകുപ്പ് തുടക്കംകുറിച്ചിരിക്കുന്നത്. കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ആദായനികുതി ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഏകോപിതമായ അന്വേഷണമാണു നടക്കുന്നത്. ശ്രീവൽസം ബിസിനസ് സാമ്രാജ്യത്തിന്റെ കേരളത്തിലെ നടത്തിപ്പുകാരുമായ അരുൺരാജ,് വരുൺ രാജ് എന്നിവർ അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും ഗ്രൂപ്പിന് 1000 കോടി രൂപയുടെ സ്വത്തുള്ളതായി അവർ സമ്മതിച്ചതായും വാർത്തയുണ്ട്. ഗ്രൂപ്പിന്റെ മൊത്തം ആസ്തി മൂവായിരം കോടി കവിയുമെന്നാണ് പറയപ്പെടുന്നത്.

പന്തളത്തും ഹരിപ്പാടും കായംകുളത്തും മറ്റുമായി വസ്ത്രം, ആഭരണം, വാഹനം, ഭൂമികച്ചവടം എന്നിങ്ങനെ വിവിധ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ഒരു മുൻ പൊലീസ് കോൺസ്റ്റബിൾ ഇത്ര വലിയ അനധികൃത സമ്പത്ത് ആർജിച്ചുവെന്നത് ആർക്കും വിശ്വസിക്കാനാകുന്നില്ല. നാഗാലാൻഡ് സർക്കാരിന്റെ ഫണ്ട് വകമാറ്റിയതാണ് പിള്ളയ്ക്ക് ഇത്രയും വലിയ സമ്പാദ്യമുണ്ടാകാൻ കാരണമെന്നാണ് ആദായ നികുതി വകുപ്പിന്റെ നിരീക്ഷണം. കൂടാതെ നിരവധി ഉന്നതർക്കും ഗ്രൂപ്പിൽ പങ്കാളിത്തമുണ്ട്. 16,657 കോടി രൂപ വരവും 16,365 കോടി രൂപ ചെലവുമുള്ള ബജറ്റ് അവതരിപ്പിക്കുന്ന നാഗാലാന്റ് എന്ന സംസ്ഥാനത്ത് നിന്നാണ് 425 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്. ഇത് നാഗാലാന്റിലെ വാർഷിക വരുമാനത്തിന്റെ 2.55 ശതമാനം വരും.

പിള്ളയുടെ അംഗീകൃത സ്വത്ത് കൂടാതെയുള്ള കണക്കാണിത്. ശ്രീവത്സം ഗ്രൂപ്പിന്റെ സ്വത്ത് സമ്പാദനത്തെ കുറിച്ച് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. എന്നാൽ ഉന്നത ഇടപെടൽ മൂലം അന്വേഷണം മരവിപ്പിക്കുകയായിരുന്നു. ഈ കേസ് ഇന്റലിജൻസ് വിഭാഗം പുനരന്വേഷണത്തിന് വിധേയമാക്കിയേക്കുമെന്നാണ് സൂചന.