- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
ഗാന്ധിജിയോടുള്ള ആരാധനമൂത്ത് ഗന്ധിയെ ഗാന്ധിയാക്കിയ ഫിറോസ്; സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസ് പുറത്തുകൊണ്ടുവന്ന പോരാളി; ഇന്ദിരയെ ആദ്യമായി ഫാസിസ്റ്റ് എന്ന് വിളിച്ചതും ഭർത്താവ്; ക്രൂരതയിൽ ഡോക്റേറ്റ് എടുത്ത മകൻ സഞ്ജയൻ; ഇന്ന് പിതാവും പുത്രനും ഒരുപോലെ വിസ്മൃതിയിൽ; വിവാദം വേട്ടയാടുന്ന ഗാന്ധി കുടുംബത്തിന്റെ കഥ
വെറുമൊരു സ്പെല്ലിങ്ങ് മാറ്റത്തിൽ എന്തിരിക്കുന്നുവെന്ന് തോന്നാം. പക്ഷേ മഹാത്മാഗാന്ധിയോടുള്ള ആരാധനമൂത്ത്, തന്റെ സർ നെയിമായ Ghandiയുടെ സ്പെല്ലിംഗിൽ ചെറിയ മാറ്റം വരുത്തി Gandhi എന്നാക്കുമ്പോൾ ഫിറോസ് എന്ന പാർസി കുടുംബത്തിൽ ജനിച്ച ആ ചെറുപ്പക്കാരനായ സ്വാതന്ത്ര്യസമര സേനാനി ഒരിക്കലും കരുതിയിട്ടുണ്ടാവില്ല, ഇന്ത്യയുടെ ഭാഗധേയം നിർണ്ണയിക്കുന്ന ഒരു രാഷ്ട്രീയ പരമ്പരയുടെ ബീജാവാപം കൂടിയാണ് അതെന്ന്. പലപ്പോഴും രാഷ്ട്രീയ എതിരാളികൾ ഡ്യൂപ്ലിക്കേറ്റ് ഗാന്ധി പരമ്പരയുടെ തുടക്കം എന്ന് ഒക്കെ പറയുമായിരുന്നെങ്കിലും, സത്യത്തിൽ ഫിറോസിന്റെ ഉദ്ദേശ ശുദ്ധിക്ക് തങ്കത്തിളക്കമായിരുന്നു. മഹാത്മാഗാന്ധിയുടെ മക്കൾ സജീവരാഷ്ട്രീയത്തി ഇടപെടാതെ മാറിനിന്നപ്പോൾ, ഗാന്ധിയെന്ന പേര് കിട്ടിയത് നെഹ്റുവിന്റെ പരമ്പരക്കാണ്. (നോക്കുക, പ്രിയങ്ക വധേര എന്നല്ല പ്രിയങ്കാഗാന്ധി എന്നുതന്നെ ഇപ്പോഴും ഉപയോഗിക്കുന്നത് ആ പേരിന്റെ ബ്രാൻഡ് വാല്യൂകൊണ്ട് കൂടിയാണ്)
പക്ഷേ ഇന്ന് ആ ഗാന്ധികുടുംബം വിമർശനത്തിന്റെ മുൾമുനയിലാണ്. അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന, 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനൽ എന്ന് വിശേഷപ്പിക്കപ്പെട്ട, ആ പഞ്ചമത്സരത്തിൽ തോറ്റ് തുന്നം പാടിയപ്പോഴും വിമർശനം ഉയരുന്നത് ഗാന്ധി കുടുംബത്തിന് നേരെ തന്നെ. കോൺഗ്രസിനെ ഈ രീതിയിൽ നാഥനില്ലാതെ നാമാവശേഷമാക്കിയതിനുള്ള ഉത്തരവാദിത്വം സോണിയക്കും, പ്രിയങ്കക്കും, രാഹുലിനുമൊക്കെ ഉണ്ടെങ്കിലും, കോൺഗ്രസ് പാർട്ടി ഇപ്പോഴും ഗാന്ധി കുടുംബത്തോടുള്ള വിധേയത്വത്തിൽ തന്നെയാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ബിജെപി അടുക്കുമ്പോൾ പോലും, ഉണർന്ന് പ്രവർത്തിക്കാൻ ആ പാർട്ടിക്ക് ആവുന്നില്ല. മാത്രമല്ല ക്രിയാത്കമകായ ഒരു ചർച്ചപോലും അവിടെ നടക്കുന്നില്ല. ഇന്നലെയും കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേർന്ന് ഗാന്ധികുടുംബത്തിന് പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞിരിക്കയാണ്.
കബിൽസിബലിനെയും, പി ചിദംബരത്തെയും, ശശി തരൂരിനെയും, ഗുലാം നബി ആസാദിനെയും പോലുള്ള എത്രയെത്ര നേതാക്കൾ ഉള്ള പാർട്ടിയാണ് കോൺഗ്രസ്. എന്നിട്ടും അവർ ഗാന്ധി കുടുംബ വാഴ്ചയിൽ തങ്ങളുടെ നേതൃത്വത്തെ തളച്ചിടുന്നു. ആ സമയത്താണ് ഗാന്ധി കുടുംബത്തിന്റെ ചരിത്രവും ചർച്ചയാവുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യവാദിയായിരുന്നു ഫിറോസ് ഗാന്ധിയിൽ നിന്ന് തുടങ്ങുന്നതാണ്, അഭിനവ ഗാന്ധിമാരുടെ ചരിത്രം.
ഇന്നും രണ്ടേരണ്ട് ഗാന്ധിമാരെയാണ് കോൺഗ്രസ് ഇരുട്ടത്ത് നിർത്തിയിരിക്കുന്നത്. അതിൽ ഒന്നാണ് ഫിറോസ് ഗാന്ധി. അങ്ങേയറ്റം പുരോഗമന ചിന്താഗതിക്കാരനും, അഴിമതിവിരുന്ധനും കറകളഞ്ഞ മനുഷ്യസ്നേഹിയുമായിരുന്നു ഫിറോസ്. പക്ഷേ ഭാര്യ ഇന്ദിരാഗാന്ധിയുമായി അദ്ദേഹം അവസാനകാലത്ത് നല്ല സുഖത്തിൽ അല്ലായിരുന്നു. അതുകൊണ്ടുതന്നെയായിരിക്കണം, അദ്ദേഹം കോൺഗ്രസ് ചരിത്രത്തിൽനിന്ന് തമസ്‌ക്കരിക്കപ്പെട്ടത്. എന്നാൽ മകൻ സഞ്ജയ ഗാന്ധി ഫിറോസിന്റെ നേർ വിപരീതമായിരുന്നു. അഭിപ്രായസ്വതന്ത്ര്യത്തിനും ജനാധിത്യത്തിനുവേണ്ടി നിലകൊണ്ട പിതാവിന്റെ പുത്രൻ, ഇന്ത്യകണ്ട എക്കാലത്തെയും വലിയ ഫാസിസ്റ്റായി. ഇന്ന് നാണക്കേടുകൊണ്ട് കോൺഗ്രസിന് സഞ്ജയിന്റെ പേര് അനുസ്മരിക്കാൻ കഴിയുന്നില്ല. ചരിത്രം രണ്ട്് തീർത്തും വ്യത്യസ്തമായ കാരണങ്ങൾകൊണ്ട്, രണ്ട് ഗാന്ധിമാർക്ക് ചവറ്റുകുട്ട നൽകിയിരിക്കുന്നു.
ഒരു വിപ്ലവകാരി ജനിക്കുന്നു
സപ്തംബർ എട്ടിന് ഫിറോസ് ഗാന്ധിയുടെ ചരമവാർഷികമാണ്. പക്ഷേ അത് അധിക ആരും അറിയാറില്ലെന്ന് മാത്രം. ഇന്ദിരാഗാന്ധിയുടെ ഭർത്താവുദ്യോഗത്തിന്റെ പേരിൽ മാത്രം അറിയപ്പെടേണ്ട വ്യക്തിയല്ല ഫിറോസ്. കൗമാരക്കാലത്ത് പഠനം പാതിവഴിയിൽ ഇട്ടെറിഞ്ഞ് സ്വാതന്ത്ര്യസമര തീച്ചൂളയിലേക്ക് എടുത്തുചാടിയ വിപ്ലവകാരി, രാഷ്ട്രത്തെ അഴിമതിമുക്തമായ ഒരു മാതൃകാ സ്റ്റേറ്റ് ആയി നിറുത്താൻ കണ്ണിലെണ്ണയൊഴിച്ച് കാവൽനിന്ന മികവുറ്റ പാർലമെന്റേറിയൻ, കരുത്തനായ പത്രപ്രവർത്തകൻ, മാധ്യമസ്വാതന്ത്ര്യത്തിന്റെ മുൻനിരപ്പോരാളി... വിശേഷണങ്ങൾ ഏറെയുള്ള വ്യക്തിത്വമാണ് അദ്ദേഹം.
1912 സെപ്റ്റംബർ 12-ന് പാഴ്സി ദമ്പതികളായ ഫറേദൂൻ ജഹാംഗീർ ഗാന്ധിയുടെയും രതിമായിയുടെയും മകനായി ബോംബെയിൽ ജനിച്ച ഫിറോസിന് ഏഴുവയസ്സുള്ളപ്പോഴാണ് പിതാവ് മരണമടയുന്നത്. തുടർന്ന് അലഹബാദിൽ സർജനായി സേവനം അനുഷ്ഠിച്ചുവന്നിരുന്ന മാതൃസഹോദരിയുടെ അടുത്തേക്ക് മാതാവിനൊപ്പം പോകുകയായിരുന്നു. വിദ്യാമന്ദിർ സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം എവിങ്ങ് ക്രിസ്ത്യൻ കോളേജിൽ ബിരുദപഠനത്തിനിടെയാണ് ഫിറോസ് ഗാന്ധി ആദ്യമായി ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെടുന്നത്. അതും, നെഹ്റുവിന്റെ പത്നി കമലാ നെഹ്‌റു മുഖാന്തിരം.
1930 ലാണ് സംഭവം. മഹാത്മാഗാന്ധിയുടെ സ്വാതന്ത്ര്യസമരപ്പോരാട്ടങ്ങളുമായി ഐക്യപ്പെട്ടുകൊണ്ട് കമലാ നെഹ്‌റു 'വാനരസേന' രൂപീകരിക്കുന്നത്. പഠിച്ചുകൊണ്ടിരുന്ന കോളേജിന് പുറത്ത് നടന്ന ഒരു പ്രകടനത്തിനിടെ കുഴഞ്ഞു വീണ കമലാ നെഹ്‌റുവിനെ പരിചരിക്കാൻ പ്രകടനം കണ്ടുനിന്ന ഫിറോസ് മുന്നോട്ടുവരികയായിരുന്നു. അതുകണ്ട് ആകെ പ്രചോദിതമായ ഫിറോസ്, അടുത്തദിവസം പഠിത്തം ഉപേക്ഷിച്ച് വാനരസേനയിൽ അംഗത്വമെടുക്കുന്നു. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടുന്ന ഫിറോസ്, ഗാന്ധിജിയോടുള്ള ആരാധന മൂത്ത് തന്റെ പേരിന്റെ ഗന്ധിയുടെ സപെല്ലിങ്ങ് മാറ്റി ഗാന്ധിയുടേതിന് സമാനമായി മാറ്റുന്നു.
പലതവണ പൊലീസ് പിടിയിയായപ്പോൾ, സർക്കാർഡോക്ടർ ആയി സേവനം അനുഷ്ടിച്ചിരുന്ന മാതൃസഹോദരി മാപ്പ് എഴുതിക്കൊടുത്ത് വിടുവിക്കുകയും പതിവായിരുന്നു. സഹികെട്ട ഫിറോസിന്റെ മാതാവ് ഒരിക്കൽ മഹാത്മാ ഗാന്ധിയെ സമീപിച്ച് പരാതിപ്പെട്ട സംഭവം അദ്ദേഹത്തിന്റെ മറ്റൊരു ജീവചരിത്രകാരൻ ശശി ഭൂഷൺ തന്റെ ഫിറോസ് ഗാന്ധി- എ പൊളിറ്റിക്കൽ ബയോഗ്രഫി എന്ന കൃതിയിൽ വിവരിക്കുന്നുണ്ട്:
തന്റെ മകനോട് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഉപദേശിക്കാൻ അവർ ഗാന്ധിയോട് അഭ്യർത്ഥിച്ചു. പരാതിയൊക്കെ ക്ഷമാപൂർവ്വം കേട്ട ഗാന്ധിജി ഇങ്ങനെ പ്രതിവചിച്ചു: 'താങ്കളുടെ മകൻ ഒരു വിപ്ലവകാരിയാണ്. ഇമ്മാതിരി ഏഴു വിപ്ലവകാരികളെ എനിക്ക് കിട്ടുകയാണെകിൽ ഇന്ത്യയെ ഏഴുദിവസം കൊണ്ട് സ്വതന്ത്രമാക്കാം.'
ഇന്ദിര ജീവിതത്തിലേക്ക് കടന്നുവരുന്നു
ഫിറോസിന് കഷ്ടി പതിനെട്ട് വയസ്സ് പ്രായമുള്ളപ്പോൾ ബ്രിട്ടിഷുകാർ തടവിലാക്കുകയും തുടർന്ന് 19 മാസം ജയിലിലടക്കുകയും ചെയ്തു. പ്രക്ഷോഭസമരങ്ങളിൽ പങ്കെടുത്തതിനെ തുടർന്ന് 1932-ലും 1933-ലും വീണ്ടും ജയിൽവാസം.
ജയിൽ മോചിതനായ ശേഷം അദ്ദേഹം ജവഹർലാൽ നെഹ്‌റുവിന്റെ അടുത്ത അനുയായിയായി മാറുന്നു. ആയിടെയാണ് അദ്ദേഹം ഇന്ദിരയെ പരിചയപ്പെടുന്നത്. അന്ന് ഇന്ദിര തീരെ ചെറുപ്പം. 1933 ലാണ് അദ്ദേഹം ആദ്യമായി ഇന്ദിരയോട് പ്രണയാഭ്യർത്ഥന നടത്തുന്നത്. അന്ന് ഫിറോസിന് വെറും ഇരുപത്തി ഒന്ന് വയസ്സും, ഇന്ദിരക്ക് പതിനാറ് വയസ്സും മാത്രം. ഇക്കാര്യം ഇന്ദിരയോടും അമ്മ കമലയോടും ഫിറോസ് പ്രൊപ്പോസ് ചെയതു. ഇന്ദിരയും, അമ്മ കമലയും അതിനെ നിർദാക്ഷിണ്യം നിരസിക്കുകയും ചെയ്തു. പിൽക്കാലത്ത് രണ്ടുപേരും പഠനത്തിനായി ലണ്ടനിലേക്ക് പോകുകയും അവിടെവെച്ച് (193540) കൂടുതൽ അടുക്കുകയുമായിരുന്നു. 1936 ൽ കമലാ നെഹ്‌റു മരിച്ചു. അതിനുശേഷമാണ് ആ പ്രണയം ദൃഡമാകുന്നത്. 1942 -ൽ ഹിന്ദു മാര്യേജ് ആക്റ്റ് പ്രകാരം ഇരുവരും വിവാഹിതരായി.
ജവഹർലാൽ നെഹ്‌റു ഈ വിവാഹത്തിന് പാടെ എതിരായിരുന്നു. മതരഹിതനായ നെഹ്റുവിന് ഫിറോസ് പാഴ്സി മതക്കാരനാണ് പ്രശ്നമായിരുന്നില്ല. പക്ഷേ ഈ പ്രണയം ആത്മാർഥമാണോ അതോ പ്രായത്തിന്റെ ചോരത്തിളപ്പ് മാത്രമാണോ എന്ന് അദ്ദേഹം സംശയിച്ചു. തീരുമാനത്തിൽ നിന്നും മകളെ പിന്തിരിപ്പിക്കാൻ വേണ്ടി നെഹ്‌റു മഹാത്മാഗാന്ധിയെ സമീപിച്ചു.പക്ഷേ ഇന്ദിരയുടെ മനസ്സമാറ്റാൻ കഴിഞ്ഞില്ല. അങ്ങനെ ക്വിറ്റ് ഇന്ത്യാ സമരം ജ്വലിച്ചുനിൽക്കുന്ന കാലത്ത്, ആ രാഷ്ട്രീയ പ്രണയജോടികളും വിവാഹിതരായി.
്എന്നാൽ വിവാഹം കഴിഞ്ഞ് ആറുമാസം തികയും മുമ്പ്, ക്വിറ്റ് ഇന്ത്യാ സമരകാലത്ത് നവദമ്പതികൾ അറസ്റ്റിലാകുന്നു. ഫിറോസ് ഗാന്ധിയെ നൈനി സെൻട്രൽ ജയിലിൽ ഒരു വർഷത്തേക്ക് അകത്തിടുന്നു. ജയിലിൽ നിന്നിറങ്ങിയ ശേഷം അഞ്ചു വർഷക്കാലം അവർ ഒന്നിച്ചു കഴിഞ്ഞു. താൻ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച സമയം എന്നാണ് ഈ കാലത്തെ ഫിറോസ് ഗാന്ധി വിലയിരുത്തിയത് എന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. അക്കാലത്താണ് ഇവർക്ക് രണ്ടുവർഷത്തെ ഇടവേളയിൽ രണ്ട് ആൺകുഞ്ഞുങ്ങൾ ജനിക്കുന്നത്. രാജീവും സഞ്ജയും.
അഴിമതിക്കെതിരെ നിരന്തര പോരാട്ടം
തന്റെ അമ്മായി അച്്ഛൻ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിൽ എത്തിയിട്ടും അധികാര രാഷ്ട്രീയത്തിൽനിന്ന് എന്നും മാറി നടന്ന വ്യക്തിയായിരുന്നു ഫിറോസ് ഗാന്ധി.
സ്വാതന്ത്ര്യാനന്തരം ഫിറോസ് ഗാന്ധി നാഷണൽ ഹെറാൾഡ് പത്രത്തിന്റെ മാനേജിങ് ഡയറക്ടറായി നിയമിക്കപ്പെടുന്നു. നെഹ്‌റു നേരിട്ട് സ്ഥാപിച്ച പത്രമായിരുന്നു നാഷണൽ ഹെറാൾഡ്. ( ഇതിന്റെ പേരിലാണ് പിന്നീട് സോണിയയെയും രാഹുലിനെയും കോടതി കയറ്റിയ നാഷണൽ ഹെറാൾഡ് കേസ് ഉണ്ടാവുന്നത്) 1950-52 വർഷത്തിൽ ഫിറോസ് ഗാന്ധി ആദ്യത്തെ പ്രൊവിൻഷ്യൽ പാർലന്മെന്റിൽ അംഗമായി. 1952 -ൽ നടന്ന ആദ്യ പൊതുതിരഞ്ഞെടുപ്പിൽ അദ്ദേഹം റായ്ബറേലിയിൽ നിന്നും നിഷ്പ്രയാസം ജയിച്ചുകേറി. ( ഇപ്പോൾ സോണിയാഗാന്ധിയുടെ മണ്ഡലം. യുപി നിയമസഭാ തെരഞ്ഞെടുപ്പിൽ ഇവിടെയും എട്ട് നിലയിലാണ് കോൺഗ്രസ് പൊട്ടിയത്. അടുത്ത തവണ ജയിക്കണമെങ്കിൽ സോണിയയും കേരളത്തിലേക്ക് വരണമെന്ന് ചുരുക്കം)
പാർട്ടിയുടെയോ നെഹ്റുവിന്റെ നിഴലിൽ ഒതുങ്ങില്ലെന്ന് ബോധ്യപ്പെടുത്തുന്ന ഇടപെടലുകൾ ആയിരുന്നു പാർലമെന്റ് അംഗം എന്ന രീതിയിൽ ഫിറോസ് ഗാന്ധി കാഴ്ച വെച്ചത്. നെഹ്റു കാബിനറ്റിനെ പലപ്പോഴും അദ്ദേഹം മുൾമുനയിൽ നിർത്തി. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഴിമതിക്കേസ് കുത്തിപ്പൊക്കുന്നത് ഫിറോസ് ഗാന്ധിയാണ്. 1955 ൽ അദ്ദേഹം, റാം കിഷൻ ഡാൽമിയ എന്ന ബാങ്കിങ്ങ് ഇൻഷുറൻസ് മേഖലകളിലെ പ്രമുഖൻ, ബെനറ്റ് കോൾമാൻ കമ്പനിയെ ഏറ്റെടുക്കാൻ നടത്തിയ ഇടപാടുകളിലെ അഴിമതിയെപ്പറ്റി ഫിറോസ് ഗാന്ധി പുറത്തുകൊണ്ടുവന്നതാണ്. ഒടുക്കം ഡാൽമിയയെ ജയിലിൽ അടക്കാൻ അത് വഴിവെച്ചു.
1958-ൽ എൽഐസി അഴിമതി വെളിച്ചത്തുകൊണ്ടുവന്നതിനെ തുടർന്ന് ധനമന്ത്രി ആയിരുന്ന ടി.ടി. കൃഷ്ണമാചാരിക്ക് രാജി വെക്കേണ്ടി വന്നു. അന്നത്തെ ധനകാര്യ സെക്രട്ടറിയെ പുറത്താക്കുകയും അഴിമതി നടത്തിയ ആളെ ജയിലിൽ അടക്കുകയും ചെയ്തു. ഭരണ-പ്രതിപക്ഷ ബെഞ്ചുകളിൽ ഒരുപോലെ ആദരം ആർജ്ജിച്ച പാർലമെന്റെറിയൻ ആയിരുന്നു ഫിറോസ് ഗാന്ധി.
ഇന്ത്യയിലെ പല ദേശസാൽക്കരണദൗത്യങ്ങളുടെയും അമരത്ത് ഫിറോസ് ഗാന്ധിയായിരുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ അഥവാ എൽഐസി ആവും. ടാറ്റ എൻജിനീയറിങ്ങ് ആൻഡ് ലോക്കോമോട്ടിവ് കമ്പനിയെ ദേശസാൽക്കരിക്കാൻ ഫിറോസ് ഗാന്ധിക്ക് പ്ലാനുണ്ടായിരുന്നു. ടാറ്റ കമ്പനിയായ ടെൽകോയെയും ദേശസാൽക്കരിക്കാനുള്ള നീക്കം നടത്തിയെങ്കിലും ടാറ്റയുടെ പ്രതാപത്തിന് മുന്നിൽ അത് വിജയം കണ്ടില്ല. 1956-ൽ അദ്ദേഹം അവതരിപ്പിച്ച സ്വകാര്യ ബിൽ ആണ് പാർലിമെന്റിറി പ്രൊസീഡിങ്ങ്സ് ആക്റ്റ് എന്ന പേരിൽ നിയമാക്കപ്പെട്ടത്. ഇന്ത്യൻ പത്രസ്വാതന്ത്ര്യ ചരിത്രത്തിൽ നിർണ്ണായകമായ ഒന്നാണത്. പാർലമെന്റിലെ ഡിബേറ്റുകൾ റിപ്പോർട്ട് ചെയ്താൽ ആ പത്രപ്രവർത്തകനെ ജയിലിൽ അടക്കാമെന്നതായിരുന്നു ആ ബില്ലിന് മുൻപുള്ള വ്യവസ്ഥ.
ഇന്ദിരയെ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു
പാർലമെന്റിൽ അക്ഷരാർത്ഥത്തിൽ ഒരു വിമത ശബ്ദമായിരുന്നു ഫിറോസ് ഗാന്ധി. നെഹ്‌റു ഭരിച്ചിരുന്നപ്പോൾ പോലും, ഫിറോസ് ഗാന്ധി പാർലമെന്റിലെ അനൗദ്യോഗികപ്രതിപക്ഷ നേതൃശബ്ദമായിരുന്നു. പാർലമെന്റിൽ നിരവധി വിഷയങ്ങളിൽ തീപ്പൊരി പ്രസംഗങ്ങൾ നടത്തിയ വ്യക്തിയാണ് അദ്ദേഹം. 1959 ലാണ് കേരളത്തിൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള കേരള മന്ത്രിസഭ നെഹറു ഇന്ദിരയെ സമ്മർദത്തെത്തുടർന്ന് പിരിച്ചുവിടുന്നത്.
അക്കാലത്ത് പാർലമെന്ററി കാര്യങ്ങൾ റിപ്പോർട്ടുചെയ്തിരുന്ന ഇന്ദർ മൽഹോത്ര ബിബിസിയോട് പറഞ്ഞത്. 1959 ൽ ഇന്ദിര ഭരണഘടനാ വിരുദ്ധമായ രീതിയിൽ കേരളത്തിലെ മന്ത്രിസഭയെ താഴെയിറക്കിയപ്പോൾ, അത് ഡൽഹിയിൽ ഭാര്യയും ഭർത്താവും തമ്മിലുള്ള പോരായി മാറിയിരുന്നു എന്നാണ്. ആ തീരുമാനം പുറത്തുവിട്ട അന്ന് രാത്രി ഇന്ദിരയെ നേരിൽ ചെന്നുകണ്ട ഫിറോസ് ഗാന്ധി പറഞ്ഞത്, ഇനി മേലാൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് താൻ കാലുകുത്തില്ല എന്നായിരുന്നു. അത് അദ്ദേഹം അക്ഷരം പ്രതി പാലിച്ചു. അതിനുശേഷം ഫിറോസ് ഗാന്ധി ഒരേയൊരു വട്ടം മാത്രമാണ് തീൻ മൂർത്തി ഭവനിലേക്ക് വന്നത്. അത് അദ്ദേഹത്തിന്റെ മരണശേഷം, മൃതദേഹം അവിടെ പൊതുദർശനത്തിനു വെച്ച ശേഷം മാത്രമാണ്.
'ഫിറോസ് ദ ഫൊർഗോട്ടൺ ഗാന്ധി' എന്ന ജീവചരിത്ര പുസ്തകത്തിൽ ബെർട്ടിൽ ഫാൾക്ക് എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്, '1955 -ൽ ഇന്ദിര ആദ്യമായി ഇന്ദിരാ ഗാന്ധി ആദ്യമായി കോൺഗ്രസിന്റെ സെൻട്രൽ ഇലക്ഷൻ കമ്മിറ്റി അംഗമായ അതേ വർഷമാണ് ഫിറോസ് ഗാന്ധി ആദ്യമായി കോൺഗ്രസ് പാർട്ടിക്കുള്ളിൽ അഴിമതി ആരോപണവുമായി രംഗത്തുവരുന്നത്. ഫിറോസിന്റെ ആ ഒരു നടപടി അവർക്കിടയിലെ ബന്ധത്തിൽ ഉലച്ചിലുണ്ടാക്കി. കോൺഗ്രസിൽ ഒരു കലാപകാരിയുടെ ഇമേജായി പതുക്കെ ഫിറോസിന്...' ഫാൾക്ക് പറയുന്നത്, ഇന്ദിരയിലെ സ്വേച്ഛാധിപത്യപ്രവണതയെ ഫിറോസ് ഗാന്ധി തിരിച്ചറിഞ്ഞതാണ് അവർക്കിടയിൽ അകൽച്ചയുണ്ടാക്കിയത് എന്നായിരുന്നു.
അക്കാലത്ത്, ഒരു പ്രാതലിനിടെ, ജവഹർലാൽ നെഹ്‌റുവും, ഇന്ദിരയും കേൾക്കെതന്നെ ഫിറോസ് തന്റെ അഭിപ്രായം പാസ്സാക്കി, 'നീ ചെയ്യുന്നത് ഒട്ടും ശരിയല്ല ഇന്ദിരാ, നീ സ്വന്തം ജനങ്ങളെയാണ് ഈ ഭീഷണിപ്പെടുത്തുന്നത്. സത്യത്തിൽ നീ ഒരു ഫാസിസ്റ്റാണ്. ഫാസിസ്റ്റ്.'- ഒരുപക്ഷേ, ഇന്ദിരയെ ആദ്യമായി ഫാസിസ്റ്റ് എന്ന് വിളിച്ചത് സ്വന്തം ഭർത്താവായ ഫിറോസ് തന്നെയായിരിക്കും. ആ വിളി ഇന്ദിരയെ ചൊടിപ്പിച്ചു. അവർ പ്രാതൽ മേശ വിട്ട്, കുപിതയായി ഇറങ്ങിപ്പോയി.
മനസ്സു തകർന്ന് മരണം
ഇന്ദിരാകുടുംബവുമായി അവസാനകാലത്ത് തീർത്തും അകൽച്ചയിൽ ആയിരുന്നു ഫിറോസ്്. മരണത്തിന് ഏറെനാൾ മുൻപ് തന്നെ അവരുടെ ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ വീണിരുന്നു. ഇന്ദിരയുടെ അധികാരഭ്രമം കൊണ്ടാണെന്നും ഫിറോസിന്റെ 'വഴിവിട്ട' ചില ബന്ധങ്ങൾ കൊണ്ടാണെന്നും അതേക്കുറിച്ച് വ്യത്യസ്തമായ ആഖ്യാനങ്ങൾ ആണുള്ളത്.
1958 ൽ ഒരു ഹൃദയാഘാതത്തോടെ ഫിറോസ് ഗാന്ധി കിടപ്പിലാകുന്നു. ആ സമയത്ത് ഭൂട്ടാനിലെ ഒരു ഔദ്യോഗിക സന്ദർശനത്തിലായിരുന്ന ഇന്ദിര സന്ദർശനം വെട്ടിച്ചുരുക്കി തിരിച്ച് ഫിറോസിനെ പരിചരിക്കാൻ വേണ്ടി കശ്മീരിലെത്തി. 1960 സെപ്റ്റംബർ 8 -ന് ഡൽഹിയിലെ വില്ലിങ്ടൻ ആശുപത്രിയിൽ വെച്ച്, രണ്ടാമതൊരു ഹൃദയാഘാതത്തെത്തുടർന്ന് ഫിറോസ് ഗാന്ധി മരണപ്പെട്ടു. അലഹബാദിലെ പാഴ്സി ശ്മശാനത്തിൽ ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടുപോയ ആ 'ഗാന്ധി' ഇന്നും അന്ത്യവിശ്രമം കൊള്ളുന്നു. ഫിറോസ് ഗാന്ധിക്ക് അന്ത്യയാത്രാമൊഴി നല്കാൻ തടിച്ചുകൂടിയ വൻ ജനാവലിയെക്കണ്ട് നെഹ്റു ഇപ്രകാരം മൊഴിഞ്ഞത്രേ: 'ഫിറോസ് ഇത്രയേറെ ജനപ്രിയനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു!'
ജനാധിപത്യവും മാധ്യമസ്വാതന്ത്ര്യവും അതിന്റെ പാരമ്യതയിൽ ഉയർത്തിപ്പിടിച്ച അദ്ദേഹത്തോട് കാട്ടിയ ക്രൂരഫലിതമെന്നോണം ജീവിതപങ്കാളിയും മകനും അടിയന്തിരാവസ്ഥക്കാലത്ത് അവ രണ്ടിന്റെയും ഏറ്റവും വലിയ ധ്വംസകരായതിനും ചരിത്രം സാക്ഷ്യം വഹിച്ചു. ഫിറോസ് എന്തായിരുന്ന അതിന്റെ നേർ വിപരീതമായിരുന്നു ഇളയമകൻ സഞ്ജയ ്ഗാന്ധി.
ഒരു ലക്ഷണമൊത്ത ഫാസിസ്റ്റ് പിറക്കുന്നു
പിതാവ് ഫിറോസിന്റെ ജനാധിപത്യമൂല്യങ്ങൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത മകൻ ആയിരുന്നു സ്ഞ്ജയ് ഗാന്ധി. ഇന്ത്യയിലെ ലക്ഷണമൊത്ത ആദ്യ ഫാസിസ്റ്റ്.ഒരുകാലത്ത് അമ്മ ഇന്ദിരാഗാന്ധിയുടെ മറവിൽ രാജ്യത്തെ നിയന്ത്രിച്ചിരുന്ന, കടുത്ത ജനാധിപത്യവിരുദ്ധനും മുസ്ലിംവിരുദ്ധനുമായ സഞ്ജയ് ഗാന്ധിക്കുമുന്നിൽ മോദിയും അമിത്ഷായും ഒന്നും ഒന്നുമല്ലെന്നാണ് അക്കാലത്തെ അനുഭവങ്ങളിലൂടെ കടന്നുപോയ മാധ്യമ പ്രവർത്തകൻ നീലം സിങിനെപ്പോലുള്ളവർ ചൂണ്ടിക്കാട്ടുന്നത്. സഞ്ജയ് ഗാന്ധി ജീവിച്ചിരുന്നെങ്കിൽ ഇന്ത്യയിൽ ബിജെപി അടക്കമുള്ള ഹിന്ദുത്വ ശക്തികൾക്ക് ഒരു സ്ഥാനവും കിട്ടില്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. കാരണം മോദിയെയും അമിത്ഷായെക്കാളും നന്നായി മതം കൊണ്ട് കളിക്കാനും, കാശിറക്കി ആളെ പിടിക്കാനും, ഭീതിവിതച്ച് നിശബ്ദരാക്കാനും, പൊലീസിനെയും പട്ടാളത്തെയുമൊക്കെ ഉപയാഗിക്കാനും ഇദ്ദേഹത്തിന് അറിയാമായിരുന്നു.
സഞ്ജയിനെ ഇന്ന് കോൺഗ്രസുകാർ പോലും സ്മരിക്കുന്നില്ല. മൂന്നാലു വർഷം മുമ്പുവരെ ഡൽഹിയിലെ ചില സുഹൃത്തുക്കൾ സഞ്ജയ് ഗാന്ധി അനുസ്മരണം നടത്തിയിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ല. ഭാര്യ മേനകാ ഗാന്ധിയും മകൻ വരുൺഗാന്ധിയും ഇപ്പോൾ ബിജെപിയിലാണ്. ഒരുപക്ഷേ ജന്മദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും കിട്ടാത്ത നെഹ്റു കുടുംബത്തിലെ ഏക വ്യക്തിയായിരിക്കും ഇദ്ദേഹം.
പിൽക്കാലത്ത് പിടിവാശിയുടെയും ധാർഷ്ട്യത്തിന്റെയും പേരിൽ അറിയപ്പെട്ടിരുന്ന സഞ്ജയ് ചെറുപ്പത്തിൽ സൗമ്യനും ശാന്തശീലനും ആയിരുന്നെന്നാണ് ഇന്ദിരയുടെ ജീവചരിത്രം എഴുതിയവർ പറയുന്നത്. യൗവനത്തിൽ ബിസിനസിലായിരുന്നു കമ്പം. പിന്നെ രാഷ്ട്രീത്തിലെത്തി. സ്വന്തം അമ്മയെ നിയന്ത്രിച്ച് ഇന്ത്യയുടെ സർവാധികാരിയായി.
അധികാരം വ്യക്തികളെ എങ്ങനെ ദുഷിപ്പിക്കും എന്നതിന് കൃത്യമായ തെളിവാണ് സഞ്ജയ് ഗാന്ധിയുടെ ജീവിതം. ജോസഫ് സ്റ്റാലിന്റെ ആരാധകൻ കൂടിയായ സഞ്ജയ് .ക്രമേണ അധികാരത്തിന്റെ സമസ്ത മേഖലകളിലും പിടിമുറുക്കി. ഒരുവേള ഇന്ദിരാഗാന്ധിപോലും സഞ്ജയിന്റെ കൈയിലെ കളിപ്പാവയായി. ജനാധിപത്യത്തോടും അദ്ദേഹത്തിനുള്ള സമീപനം പുച്ഛമായിരുന്നു. ഒരു കൂട്ടം ആളുകൾ തീരുമാനം എടുക്കാൻ വൈകിച്ച് രാഷ്ട്രത്തെ നശിപ്പിക്കയായിരുന്നെന്നാണ് സഞ്ജയ്ഗാന്ധിയുടെ പക്ഷം. ശക്തമായ ഒരു നേതൃത്വം. അത് അനുസരിക്കുന്ന ജനം. അദ്ദേഹം ആ രീതിയിലുള്ള രാഷ്ട്രമാണ് വിഭാവനം ചെയ്തത്. ഇന്ദിരയുടെ നാവടക്കൂ പണിയെടുക്കൂ സിദ്ധാന്തം എവിടെ നിന്നാണ് വന്നതെന്ന് വ്യക്തം.
ഹിറ്റ്‌ലർക്ക് സമാനമായി വംശവെറിയും അദ്ദേഹം പുലർത്തിയിരുന്നു. മുസ്ലീങ്ങൾ പെറ്റുകൂട്ടി രാജ്യത്തിന് ഭീഷണിയാവുന്നവർ ആണെന്നാണ് സഞ്ജയ് വിശ്വസിച്ചിരുന്നത്. മുസ്ലീങ്ങളുടെ നിർബന്ധിത വന്ധീകരണത്തിലും തുർക്കുമാൻഗേറ്റിലെ ചേരി പൊളിക്കലും ഒക്കെ കലാശിച്ചത് ഈ ചിന്താധാരയാണ്. നോക്കണം, സാർവദേശീയ മാനവികതക്ക് വേണ്ടി വാദിച്ച നെഹ്‌റുവിന്റെ കൊച്ചുമകനാണ് ഇതെന്ന് ഓർക്കണം. അതായത് ഫാസിസം എന്നത് വ്യക്തികളിലൂടെയും കടന്നുവരാം എന്ന് വ്യക്തം
മുസ്ലീങ്ങൾക്ക് നിർബന്ധിത വന്ധ്യംകരണം
അടിയന്തരാവസ്ഥയുടെ ആദ്യ ആഴ്ചകൾ പിന്നിടുമ്പോഴേക്കും തന്നെ സഞ്ജയ് ഗാന്ധി, ഇന്ദിരയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവാകുന്നു.സഞ്ജയിന്റെയും കൂട്ടരുടെയും കുടിലബുദ്ധിയിൽ ഉദിച്ച പലതും അന്നത്തെ ഇന്ത്യൻ ഗവണ്മെന്റിന്റെ നയങ്ങളായി രൂപാന്തരപ്പെട്ടു. അങ്ങനെ നടപ്പിലാക്കപ്പെട്ട ഒരു പദ്ധതിയായിരുന്നു വന്ധ്യംകരണത്തിലൂടെയുള്ള കുടുംബാസൂത്രണം. വന്ധ്യംകരിക്കുന്നവർക്ക് ആദ്യം ആനുകൂല്യങ്ങൾ നൽകി ആകർഷിക്കാൻ ശ്രമിച്ചു. അതിന് വഴങ്ങാത്ത പലരെയും നിർബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി. നിർബന്ധിതമായ ഓപ്പറേഷനുകളുടെ പേരും പറഞ്ഞ് പൊലീസ് പാവങ്ങളുടെ ഗ്രാമങ്ങൾ കയറിയിറങ്ങി അക്രമങ്ങൾ പലതും പ്രവർത്തിച്ചു. രണ്ടാഴ്ച കൊണ്ട് ചില സംസ്ഥാനങ്ങളിൽ നടന്നത് ആറു ലക്ഷത്തോളം വന്ധ്യംകരണങ്ങളാണ്. 1975-77 കാലയളവിൽ 1.1 കോടി സ്ത്രീപുരുഷന്മാർ നിർബന്ധിതമായി വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കപ്പെട്ടു. ഇക്കാര്യത്തിൽ സഞ്ജയിന് വേണ്ട സഹായങ്ങൾ ചെയ്ത, സഞ്ജയിനെ മനുഷ്യത്വവിരുദ്ധമായ പല പ്രവൃത്തികൾക്കും നിർബന്ധിച്ച റുക്‌സാന സുൽത്താന എന്ന സ്നേഹിതയും അക്കാലത്ത് കുപ്രസിദ്ധിയാർജ്ജിച്ചു. ഈ നിർബന്ധിത വന്ധ്യംകരണത്തിന്റെ ഇരകൾ എറെയും മുസ്ലീങ്ങൾ ആയിരുന്നു.
സഞ്ജയ് ഗാന്ധിക്ക് ചീത്തപ്പേര് സമ്മാനിച്ച മറ്റൊരു ഓപ്പറേഷനായിരുന്നു ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റിനടുത്തുള്ള ചേരികൾ ഒഴിപ്പിക്കാൻ നടത്തിയ പൊലീസ് ഓപ്പറേഷൻ. അതൊരു മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. ഒരൊറ്റ രാത്രികൊണ്ട് ആ ചേരി ഒഴിപ്പിച്ചെടുക്കാൻ അവിടെ നടത്തിയ പൊലീസ് ആക്ഷനെ പ്രദേശവാസികൾ എതിർത്തു. അവരിൽ പലരെയും പൊലീസ് വെടിവെച്ചു കൊന്നു. പ്രസ്സിന് സെൻസർഷിപ്പ് ഉണ്ടായിരുന്നതുകൊണ്ട് വിവരം അന്താരാഷ്ട്ര മാധ്യമശ്രദ്ധയിൽ എത്തിയില്ല.
അടിയന്തരാവസ്ഥ കഴിയുന്നത്ര നീട്ടിക്കൊണ്ടു പോകാൻ സഞ്ജയ് ഗാന്ധി അമ്മ ഇന്ദിരക്കുമേൽ പരമാവധി സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സ്വന്തം മകനെപ്പോലും ഞെട്ടിച്ചുകൊണ്ട് 1977 -ൽ ഇന്ദിരാഗാന്ധി വീണ്ടും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജോൺ ഗ്രിഗ്ഗ് അടക്കമുള്ള പല വിദേശ രാഷ്ട്രീയ നിരീക്ഷകരിൽ നിന്നും തന്റെ സ്വേച്ഛാധിപത്യ ത്വരയെപ്പറ്റി ഉയർന്നുവന്ന വിമർശനങ്ങളാണ്, ഇന്ത്യയെ വീണ്ടും ജനാധിപത്യത്തിന്റെ വഴിയേ നടത്താൻ ഇന്ദിരയെ പ്രേരിപ്പിച്ചത്. ഇന്ദിര തന്റെ രാഷ്ട്രീയജീവിതത്തിൽ എടുത്ത ഏറ്റവും ധീരമായ തീരുമാനമായിരുന്നു അത്.
തെരഞ്ഞെടുപ്പിൽ ഇന്ദിരയും, മകൻ സഞ്ജയും, കോൺഗ്രസ് പാർട്ടിയും നിലംപരിശായി. സഞ്ജയ് ഗാന്ധിക്കുനേരെ വധശ്രമമുണ്ടായി. 1977 മാർച്ചിൽ അഞ്ചുതവണ അദ്ദേഹത്തിനുനേരെ വെടിയുതിർക്കപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഭരണത്തിലേറിയ ജനതാ പാർട്ടി സർക്കാർ സഞ്ജയ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്തി. സഞ്ജയ് ഗാന്ധിയെ ജയിലിലടച്ചു. സഞ്ജയ് ഗാന്ധിയെ ജയിലിലടക്കാൻ കാരണമായ കുറ്റങ്ങളിൽ ഒന്ന് കിസ്സ കുർസി കാ സിനിമയുടെ പ്രിന്റുകൾ കത്തിച്ചു എന്നതും പെടും.
ഡിന്നർ പാർട്ടിയിൽ ഇന്ദിരയുടെ കരണത്തടിച്ചു
പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കരണത്തടച്ചുവെന്നതാണ് സഞ്ജയനെ കുറിച്ച് ഉയർന്ന ഏറ്റവും വലിയ അപവാദം. പുലിസ്റ്റർ ജേതാവും പ്രശസ്ത മാധ്യമപ്രവർത്തകനുമായ ലൂയിസ് സിമൻസാണ് അടിയന്തരാവസ്ഥക്കാലത്ത് തന്നെ ഞെട്ടിച്ച ഈ സംഭവത്തെ കുറിച്ച് വെളിപ്പെടുത്തിയത്. വാഷിങ്ങ്ടൺ പോസ്റ്റിന്റെ ഡൽഹി കറസ്‌പോണ്ടന്റ് ആയിരുന്നു ലൂയിസ് സിമൻസ്. അന്ന് സഞ്ജയ് ഗാന്ധിയിലെ നിഷേധി എത്രത്തോളം പുറത്തുവന്നിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ലൂയിസിന്റെ വെളിപ്പെടുത്തൽ. സഞ്ജയ് ഗാന്ധി അന്ന് പ്രധാനമന്ത്രിയായിരുന്ന അമ്മ ഇന്ദിരാ ഗാന്ധിയെ ഒരു സ്വകാര്യഡിന്നർ പാർട്ടിയിൽ വച്ച് ആറുപ്രാവശ്യം അടിച്ചുവെന്നതാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. അന്ന് സർവാധിപതിയായി വിലസിയ സഞ്ജയ് ഗാന്ധിയെ ഭയന്ന ഇന്ത്യൻ മാധ്യമങ്ങൾ ആരും ഈ വാർത്ത പ്രസിദ്ധീകരിക്കാൻ തയ്യാറായില്ലെന്നും ലൂയിസ് തുറന്നു പറയുന്നു.
അതേസമയം സഞ്ജയ് ഗാന്ധി ഇന്ദിരാഗാന്ധിയെ നിയന്ത്രിക്കുകയായിരുന്ന വാദം തെറ്റാണെന്നാണ് ടി.ജെ.എസ് ജോർജിനെപ്പോലുള്ള പ്രമുഖ മാധ്യമപ്രവർത്തകർ പറയുന്നത്. ഇന്ദിരാഗാന്ധിയുടെ അഴിമതികൾക്കുള്ള ഒരു മറമാത്രമായിരുന്നു സ്ഞ്ജയ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഇന്ദിരാഗാന്ധിയുടെ ഓൾട്ടർ ഈഗോ ആയിരുന്നു സഞ്ജയ്. ഇന്ദിരക്ക് നേരിട്ട് ചെയ്യാൻ കഴിയാത്തതൊക്കെ അവർ സഞ്ജയിനെ കൊണ്ട് ചെയ്യിച്ചു. ടി.ജെ.എസ് ജോർജിന്റെ ഒരു ലേഖനത്തിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെയാണ്.
'ഇന്ദിരാഗാന്ധി അറിയപ്പെട്ടിരുന്നത് 'ദ ഓൺലി മാൻ ഇൻ ദ കാബിനറ്റ്' എന്നായിരുന്നു. മന്ത്രിസഭയിൽ പൗരുഷമുള്ള ഏക അംഗം. സ്വന്തമായി വ്യക്തിത്വമുള്ളവരെ പരിഹാസ്യരാക്കുകയും (മൊറാർജിദേശായി, സഞ്ജീവ റെഡ്ഡി, നിജലിംഗപ്പ) തന്റെ ചൊൽപ്പടിക്കു നിൽക്കുന്ന ശിങ്കിടികളുടെ കൈയിൽ ഭരണം ഒതുക്കുകയും ചെയ്തതിനു പിന്നിലുള്ള ചേതോവികാരങ്ങൾ രാഷ്ട്രീയമായും മനഃശാസ്ത്രപരമായും വിലയിരുത്തേണ്ടതാണ്. സംശയാതീതമായ വസ്തുത, ഇന്ദിരാഗാന്ധി സ്ഥാപിച്ച തത്ത്വം ഇന്നും കോൺഗ്രസ് സംസ്‌കാരമായി തുടരുന്നു എന്നതാണ്. രാജ്യരക്ഷപോലും രാജഭക്തിക്കു താഴെ എന്നു പാഠം. അഴിമതിയുടെ കാര്യത്തിലും ഇന്ദിരാഗാന്ധി തുടങ്ങിവച്ച പുതിയ യുഗം നിസ്സങ്കോചം പുഷ്പിച്ചു നിൽക്കുന്നു. വിഖ്യാതമായ ഒരു പ്രസ്താവന പുതുയുഗത്തിന് ഔദ്യോഗിക പരിവേഷം നൽകി. സാർവലൗകികമായ പ്രതിഭാസമാണ് അഴിമതി എന്നായിരുന്നു ഇന്ദിരാഗാന്ധിയുടെ പ്രയോഗം. ഈ സമീപനം നമ്മുടെ രാജ്യത്തെ രാഷ്ട്രീയ-സാമ്പത്തിക-സാമൂഹ്യ മൂല്യങ്ങളെ തകിടം മറിച്ചു. സംഗതിയുടെ ഗൗരവം മനസ്സിലാക്കാൻ ബി.ജി. ദേശ്മുഖിന്റെ സാക്ഷിപത്രം മതി. ഇന്ത്യ കണ്ട ഏറ്റവും പ്രഗല്ഭരായ ഉദ്യോഗസ്ഥന്മാരിലൊരാളായ ദേശ്മുഖിന്റെ 'എ കാബിനറ്റ് സെക്രട്ടറി ലുക്‌സ് ബാക്ക്' എന്ന പുസ്തകം (2004) പശ്ചാത്തല വിവരങ്ങളുടെ ബാഹുല്യം കൊണ്ട് അത്യുത്തമമാണ്.
ബി.കെ. നെഹ്‌റുവിന്റെ ആത്മകഥയിൽനിന്ന് ഒരു ഭാഗം ദേശ്മുഖ് ഇവിടെ ഉദ്ധരിക്കുന്നു: 'സഞ്ജയ്ഗാന്ധിയുടെ ശവസംസ്‌കാരത്തിന് പിറ്റേദിവസം ഞാൻ രാജീവിനോടു ചോദിച്ചു, പാർട്ടിക്കുവേണ്ടി സഞ്ജയ് ശേഖരിച്ച പണമൊക്കെ സുരക്ഷിതമാണോ എന്ന്. കോൺഗ്രസ് ഓഫീസിലെ അലമാരിയിൽനിന്നു കിട്ടിയത് ഇരുപതുലക്ഷം മാത്രമാണെന്ന് രാജീവ്പറഞ്ഞു. സഞ്ജയ് എത്ര ശേഖരിച്ചുവെന്ന് ഞാൻ അന്വേഷിച്ചു. കൈകൾകൊണ്ട് തലതാങ്ങിപ്പിടിച്ച് രാജീവ് പറഞ്ഞു, കോടികൾ, എണ്ണമില്ലാത്ത കോടികൾ '. അങ്ങനെ ഭരണത്തിന്റെ തലപ്പത്തുനിന്ന് അഴിമതി സ്ഥാപനവത്കരിക്കപ്പെട്ടു. - ടി ജെ എസ് ജോർജ് വ്യക്തമാക്കുന്നു.
പാർട്ടിയെ പൂർണ്ണമായും കൈപ്പടിയിൽ ഒതുക്കി
ഇത്രയൊക്കെ ചെയ്തിട്ടും കോൺഗ്രസ് പാർട്ടിയിൽ സഞ്ജയ്ഗാന്ധിക്ക് ആരാധകർ ഏറെയായിരുന്നു. അടിയന്തരാവസ്ഥക്ക് ശേഷമുള്ള തിരിച്ചടിക്കുശേഷം 80ൽ ഇന്ദിര തിരിച്ചുവന്നപ്പോളും പാർട്ടി പ്രവർത്തകരുടെ ഹീറോ സഞ്്ജയ്ഗാന്ധി ആയിരുന്നു. 1880ൽ 425 അംഗ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 309 സീറ്റുമായി കോൺഗ്രസ് അധികാരം തിരിച്ചുപിടിച്ചു. മുഖ്യമന്ത്രി ആരാകും എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് ഹൈക്കമാൻഡാണ്. പക്ഷെ ഉത്തർപ്രദേശിലെ യുവതുർക്കികൾ ഇതിനിടെ ഒരു അണിയറ നീക്കം നടത്തി. ജനതാ ഭരണകാലത്ത് ജയിലിലായ ഇന്ദിരാഗാന്ധിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് 1978-ൽ കളിത്തോക്കുമായി ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ദേവേന്ദ്ര പാണ്ഡെയുടെ നേതൃത്വത്തിലായിരുന്നു ആ നീക്കം. എംഎൽഎമാരുടെ യോഗം വിളിച്ചുചേർത്ത് പ്രമേയവും പാസാക്കി. സഞ്ജയ് ഗാന്ധിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കുന്നുവെന്നതായിരുന്നു പ്രമേയം. പ്രമേയത്തിന്റെ അവസാന വരിയായി ഒന്നു കൂടി ചേർത്തിരുന്നു. 'മുഖ്യമന്ത്രിയായി സഞ്ജയ് ഗാന്ധിയുടെ സേവനം ലഭ്യമാകുന്നില്ലെങ്കിൽ പകരം മറ്റൊരാളെ ഇന്ദിരാഗാന്ധി നിയമിക്കണം'.
മുൻ യുപി മുഖ്യമന്ത്രി കമലാപതി ത്രിപാഠിയുടെ മകൻ ലോക്പതി ത്രിപാഠി അവതരിപ്പിച്ച പ്രമേയത്തിൽ ഈ വാചകം ചേർക്കുന്നതിൽ പോലും എതിർപ്പുണ്ടായി. സഞ്ജയ് ഗാന്ധി മാത്രം, അല്ലാതെ മറ്റൊരാളെക്കുറിച്ച് ആലോചിക്കാൻ പോലും തയ്യാറല്ല എന്ന മാനസികാവസ്ഥയിലായിരുന്നു ഉത്തർപ്രദേശിലെ സഞ്ജയ് സ്തുതിപാഠകർ. പക്ഷെ പ്രമേയവുമായി ഡൽഹിക്ക് പോയ നേതാക്കളെ ഇന്ദിരാഗാന്ധി ഓടിച്ചുവിട്ടു.
അടിയന്തരാവസ്ഥ നൽകിയ പാഠങ്ങളായിരിക്കും സഞ്ജയന്റെ ഉപജാപക സംഘത്തെ പിന്തിരിപ്പിക്കാൻ ഇന്ദിരാഗാന്ധിയെ പ്രേരിപ്പിച്ചത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മാത്രമായി ചുരുങ്ങിക്കാണാൻ സഞ്ജയ്ഗാന്ധിയും സ്വയം തയ്യാറായില്ല. എന്നാൽ ഇത് സഞ്ജയ് ആരാധകരെ വല്ലാതെ തളർത്തിക്കളഞ്ഞു. അന്ന് അമേഠി നിയമസഭാ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സഞ്ജയ് സിങ് തനിക്ക് കിട്ടിയ മന്ത്രിസ്ഥാനം ഏറ്റെടുക്കാൻ തയ്യാറായില്ല. അത്രയ്ക്കായിരുന്നു സഞ്ജയ് വികാരം. 1980 ജനുവരിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ഇന്ദിരാ ഗാന്ധി അധികം താമസിയാതെ 1977-ലെ ജനതാ തരംഗത്തിൽ മുളച്ച ഒൻപത് സർക്കാരുകളെ ഒറ്റയടിക്ക് പിരിച്ചുവിട്ടിരുന്നു. അതിൽ ഒന്നായിരുന്നു ഉത്തർപ്രദേശ്. അവിടെയടക്കം കോൺഗ്രസിന് മികച്ച ജയം ഉറപ്പാക്കുന്നതിൽ, അടിയന്തരാവസ്ഥക്കാലത്ത് വെറുക്കപ്പെട്ട സഞ്ജയ് ഗാന്ധിയുടെ മികവ് ചെറുതായിരുന്നില്ല. അന്ന് ഉത്തർപ്രദേശിലേക്ക് സഞ്ജയ് ഗാന്ധി കണ്ടെത്തിയ മുഖ്യമന്ത്രി വി.പി സിങ് ആയിരുന്നു. തമിഴ്‌നാട് ഒഴികെ ബാക്കി എട്ടിടത്തും അധികാരം നേടിയ കോൺഗ്രസിന്റെ പുതിയ മുഖ്യമന്ത്രിമാരെല്ലാം സഞ്ജയ് സംഘത്തിൽപ്പെട്ടവരോ അവരുടെ പിന്തുണ ഉള്ളവരോ ആയിരുന്നു.
അധികാരത്തിന്റെയും ജനസമ്മിതിയുടെയും അധികബലത്തിൽ ഗാന്ധി കുടുംബക്കാരനെ ഉത്തർപ്രദേശ് കോൺഗ്രസ് ചെന്ന് വിളിച്ചിട്ടും വന്നില്ല. അഥവാ വിട്ടുകൊടുക്കാൻ ഇന്ദിരാഗാന്ധി സമ്മതിച്ചില്ല. എന്നാൽ 1980 ജൂൺ 13ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വീട്ടിൽ നിന്ന് വലിയ ഒരു ഘോഷയാത്ര കോൺഗ്രസ് ആസ്ഥാനത്തേക്ക് പോയി. അന്നാണ് എല്ലാം പുറകിൽ നിന്ന് നിയന്ത്രിച്ചിരുന്ന സഞ്ജയ് ഗാന്ധി കോൺഗ്രസിൽ ആദ്യമായി ഒരു പദവി ഏറ്റെടുത്തത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം.
അങ്ങനെ പഴയ പ്രതാപം തിരിച്ചുപടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് അപ്രതീക്ഷിതമായി സഞ്ജയ്ഗാന്ധിയെ തേടി മരണം എത്തുന്നത്.1980 ജൂൺ 23-ന് ഡൽഹി ഫ്ളയിങ് ക്ലബ്ബിൽ നിന്ന് പിറ്റ്‌സ് എസ് ടു എ എന്ന ടു സീറ്റർ വിമാനത്തിൽ തന്റെ ഫ്ളയിങ് ഇൻസ്ട്രക്ടർക്കൊപ്പം കയറി പറന്നുയർന്ന്, ആകാശത്ത് അഭ്യാസപ്രകടനങ്ങൾ നടത്തുന്നതിനിടെ തീന്മൂർത്തി ഭവന് സമീപം തകർന്നുവീണ് കാലപുരി പൂകിയില്ലായിരുന്നു എങ്കിൽ, ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു ശക്തിദുർഗ്ഗമായി നിലകൊള്ളുമായിരുന്നു.
വാൽക്കഷ്ണം: ഇതിൽനിന്നും ഒരുകാര്യം വ്യക്തമാണ്. ഗാന്ധി കുടുംബത്തോടുള്ള വിധേയത്വം കോൺഗ്രസിന്റെ ദൗർബല്യമാണ്. രാജീവ് ഗാന്ധിയും,സോണിയയും, രാഹുലും, പ്രിയങ്കയും, റോബർട്ട് വധേരയുമായി അത് മുന്നോട്ടുപോവും. ഏറ്റവും ഒടുവിലായി പ്രിയങ്കഗാന്ധിയുടെ ഭർത്താവായ മൊറാദബാദിലെ പിച്ചളക്കച്ചവടക്കാരാൻ റോബട്ട് വധേര സജീവരാഷ്ട്രീയത്തിൽ ഇറങ്ങിയിരിക്കയാണ്. ഇന് വധേരയായിരക്കും കോൺഗ്രസിലെ കാര്യങ്ങൾ തീരുമാനിക്കുക. ശരിക്കും ഒരു കുടുംബാധിപത്യം.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ